സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും കേരളത്തെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് കുമ്പളയില്‍ പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്തത് ഏതു ”മാനസികാവസ്ഥയില്‍” ആണെങ്കിലും പാര്‍ട്ടിക്കോ ഇടതുമുന്നണിക്കോ പിണറായിപ്പോലീസിനോ ഒരുതരത്തിലും പ്രതിരോധിക്കാനാവാത്തവണ്ണം രൂക്ഷമാവുകയാണ് കറുപ്പു കാണുമ്പോഴുള്ള ഏമാന്റെ കലിയും ഏനക്കേടും അതിന്റെ പേരില്‍ നാട്ടുകാര്‍ അനുഭവിക്കേണ്ടിവരുന്ന കൊടുംയാതനകളും.
ഇന്ധനസെസും സാമൂഹികക്ഷേമ പെന്‍ഷന്റെ പേരിലുള്ള മദ്യസെസും അടക്കം നികുതിക്കൊള്ളയുടെ അത്യുഗ്ര ഗുണനതന്ത്രങ്ങളില് ജനങ്ങളെ വരിഞ്ഞുമുറുക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉയര്‍ത്തിയ പ്രതിഷേധ സമരങ്ങളെ പുച്ഛിച്ചുതള്ളുകയും, ജീവിതം ദുസ്സഹമാക്കുകയും സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി താറുമാറാക്കുകയും ചെയ്യുന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും ആരോപണങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ”തുടര്‍ഭരണത്തിനായുള്ള ജനവിധിയുടെ” ഹുങ്ക് പറഞ്ഞ് ഞെളിയുകയും ചെയ്യുന്ന രാജ്യത്തെ വിപ്ലവപാര്‍ട്ടിയുടെ സമഗ്രാധിപതിയായ ഏക മുഖ്യമന്ത്രിക്ക് പക്ഷേ സാധാരണക്കാര്‍ക്കിടയിലേക്ക് ഒന്ന് എഴുന്നള്ളണമെങ്കില്‍ അവഞ്ചേഴ്സ് അര്‍ബന്‍ കമാന്‍ഡോ വ്യൂഹമോ സ്ട്രൈക്കേഴ്സ് ഫോഴ്സോ ഉള്‍പ്പെടെ ചുരുങ്ങിയത് ആയിരം പൊലീസുകാരുടെ സുരക്ഷാവലയം ഒരുക്കേണ്ട അവസ്ഥയാണ്. കേരളത്തിലെ ഒരു ജനകീയ നേതാവിന് പൊതുജനത്തെ ഇത്രത്തോളം ഭയപ്പെടേണ്ട സാഹചര്യമുണ്ടോ? ജനങ്ങള്‍ക്ക് തിരിച്ചും?
സെഡ് പ്ലസ് വിഭാഗത്തിനുള്ള സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തേണ്ടത്. പൈലറ്റ് വാഹനങ്ങളും എസ്കോര്‍ട്ട് വാഹനവും കമാന്‍ഡോകളുടെ സ്ട്രൈക്കര്‍ ഫോഴ്സുമൊക്കെയായി ഏഴു വാഹനങ്ങളും നാല്പതോളം പൊലീസുകാരും ഉള്‍പ്പെടെയുള്ളതാണ് സാധാരണ സുരക്ഷാ ബന്തോവസ്ത്. ഇപ്പോള്‍ ക്രമസമാധാനച്ചുമതലയുള്ള എഎസ്പി, സ്പെഷല്‍ ബ്രാഞ്ചിലെ ക്രമസമാധാന ചുമതലയുള്ള രണ്ടു ഡിവൈഎസ്പിമാരും അവരുടെ പൊലീസ് സംഘവും, പതിനഞ്ചംഗ സ്ട്രൈക്കര്‍ ഫോഴ്സ് കമാന്‍ഡോകള്‍, പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയും സംഘവും കണ്ട്രോള് റൂം വാഹനം, ആംബുലന്‍സ്, ഫയര്‍ എന്ജിന് എന്നിവയെല്ലാം ചേര്‍ന്ന് നാല്പതോളം വാഹനങ്ങളുടെ വ്യൂഹം വേണം മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍. റൂട്ട് ക്ലിയറന്‍സിന്റെ പേരില്‍ മണിക്കൂറുകള്‍ക്കു മുന്‍പേ, വി.വി.ഐ.പി കടന്നുപോകേണ്ട റോഡിലും അനുബന്ധ റോഡുകളിലും 50 മീറ്റര്‍ ഇടവിട്ട് സുരക്ഷാ പൊലീസിനെ വിന്യസിക്കണം. റോഡിലെ ഗതാഗതവും പാര്‍ക്കിങ്ങും പൂര്‍ണമായി തടയുകയും വേണം.
പ്രധാനമന്ത്രി മോദിയുടെ കാറിനും കറുപ്പുനിറമാകയാല്, കേരള സ്റ്റേറ്റ് 1 ബോര്‍ഡ് വയ്ക്കാന്‍ മിന്നുന്ന കറുപ്പ് നിറമുള്ള ടൊയോട്ട ഇനോവ ക്രിസ്റ്റയോ കിയാ കാര്‍ണിവലോ വേണമെന്നു നിശ്ചയിച്ചു. എങ്കിലും, തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കളക്കടത്തും ഡോളറിന്റെ റിവേഴ്സ് ഹവാലയും മറ്റും നടത്തിയെന്ന എന്‍ഐഎ കേസില്‍ പ്രധാനപ്പെട്ട ഒരു കണ്ണിയും പ്രതിയുമായ സ്വപ്ന സുരേഷ് കുറച്ചുകാലം ജയിലില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി, കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ ചതിയെക്കുറിച്ചും ”ഓണറബിള്‍ ചീഫ് മിനിസ്റ്ററും മാഡം കമലയും മകള്‍ വീണയും” ഉള്‍പ്പെട്ട ചില രഹസ്യ ഇടപാടുകളെക്കുറിച്ചും പ്രത്യേക അന്വേഷണ കോടതിയില്‍ നല്കിയ 164 രഹസ്യമൊഴിയുടെ ചില തുമ്പുകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി തുടങ്ങിയ നാളുകള്‍ തൊട്ട്, മുഖ്യമന്ത്രിയുടെ വഴിയില്‍ പ്രതിഷേധസൂചകമായ കരിങ്കൊടി മാത്രമല്ല, പരിസരത്ത് ഒരാളും കറുത്ത വസ്ത്രമോ കറുത്ത മാസ്ക്കോ കറുത്ത കുടയോ വടിയോ ബാഗോ ഒന്നുമായി പ്രത്യക്ഷപ്പെടരുതെന്ന കല്പന സ്പെഷല്‍ ബ്രാഞ്ചും ലോക്കല്‍ പൊലീസുമൊക്കെ അക്ഷരശഃ നടപ്പാക്കിവരികയായിരുന്നു.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ”രാജ്യദ്രോഹകേസില്‍ പ്രതിയായ ഒരു സ്ത്രീയുടെ ജല്പനങ്ങള്” എന്നു പറഞ്ഞു തള്ളിയ ഭരണമുന്നണി, ഇതേ കേസില്‍ പ്രധാന പ്രതിയായിരുന്നിട്ടും എം. ശിവശങ്കറിന് ഐഎഎസ് തസ്തികയില്‍ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ വേണ്ട സൗകര്യമൊരുക്കി. ഒടുവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് രണ്ടാഴ്ചയ്ക്കകം, വടക്കാഞ്ചേരി ലൈഫ് മിഷന് കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത് ഒരു മയവുമില്ലാതെ ശിവശങ്കറിന്റെ വിശദമായ മൊഴിയെടുത്തുകൊണ്ടിരിക്കയാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിലൂടെ ഈ അന്വേഷണം ക്ലിഫ് ഹൗസില്‍ ചെന്നെത്തുമെന്ന സൂചനകളും അന്തരീക്ഷത്തിലുണ്ട്. ഇതിനിടെ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ കുടുംബത്തിന്റെ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് ഇടപാട്, 2018-ലെ ഷുഹൈബ് വധക്കേസിനു പിന്നില്‍ എടയന്നൂരിലെ സിപിഎം നേതാക്കളാണെന്ന ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തല്‍, ലഹരിമരുന്ന് കള്ളക്കടത്തു മാഫിയയുമായി പാര്‍ട്ടി സഖാക്കള്‍ക്കുള്ള ബന്ധം, ചില ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി മൂര്‍ഛിക്കുന്നുവെന്ന വിലയിരുത്തലുകള്‍ക്ക് ആക്കം കൂട്ടുന്ന സംഭവവികാസങ്ങളും കൊഴുക്കുന്നു. ഈ പശ്ചാത്തലത്തില്‍, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നികുതിവര്‍ധനയ്ക്കെതിരേ പ്രതിപക്ഷം തെരുവിലിറങ്ങുമ്പോഴുള്ള രാഷ്ട്രീയ കോലാഹലം എന്താകും!
ഭീതി, ഇരുള്, പ്രതിഷേധം, ദുഃഖം, സംഘര്‍ഷഭരിതമായ ചുറ്റുപാടില്‍ മുഖം മറയ്ക്കാനുള്ള കവചം തുടങ്ങി നിരവധി സൂചകങ്ങളും പ്രയോഗവിധിയുമുണ്ട് കറുപ്പിന്. രാജ്യത്തെ ഭരണഘടനാ പദവിയിലുള്ളവര്‍ക്കു നല്കുന്നതില് വച്ച് ഏറ്റം കനത്ത സുരക്ഷാവലയത്തില്‍ വലിയൊരു വാഹനവ്യൂഹത്തില്‍ കേരള സ്റ്റേറ്റ് 1 കാര്‍ ചീറിപ്പായുമ്പോള്‍, പ്രതിഷേധ സ്വരമുയര്‍ത്തി ഒരു കരിങ്കൊടി വീശികാണിക്കാന് ചാടിവീഴുന്ന യൂത്ത് കോണ്‍ഗ്രസുകാരനെയോ കെഎസ്യുവിലെ വനിതാ നേതാവിനെയോ ചാവേര്‍ എന്നല്ലേ വിളിക്കേണ്ടത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നു.
തലമുറകളായി അക്രമസമര പരമ്പരകളിലൂടെ നാട്ടില്‍ കൊടിയ നാശനഷ്ടങ്ങള്‍ക്കും കലാപത്തിനും ക്രമസമാധാനപ്രശ്നങ്ങള്‍ക്കും എന്നും വഴിതെളിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനം അധികാരത്തിലിരിക്കുമ്പോള്‍, ഒരു കരിങ്കൊടി വീശുന്നതുപോലും വധശ്രമവും രാജ്യദ്രോഹവുമായി മാറുന്നു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട് എന്ന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനകള്‍ വച്ച്, ചില ജനപ്രതിനിധികളെ പോലും ഉറക്കത്തില്‍ നിന്ന് കരുതല്‍തടങ്കലിന് പിടിച്ചുകൊണ്ടുപോകുന്നു. പനി കലശലായ കുഞ്ഞിന് മരുന്നുവാങ്ങാന്‍ ഔഷധശാലയ്ക്കു മുമ്പിലെത്തിയ ആളെ മുഖ്യമന്ത്രിയുടെ റൂട്ടില്‍ വണ്ടി പാര്‍ക്കു ചെയ്തതിന്റെ പേരില്‍ പൊലീസ് വിരട്ടുന്നു, മരുന്നു നല്കിയ കട പൂട്ടിക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. കറുത്തവസ്ത്രമണിഞ്ഞ് മെട്രോ റെയില്‍ സ്റ്റേഷനിലേക്കു പോയ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരെ കസ്റ്റഡിയിലെടുക്കുന്നു. മരണവീടിനടുത്ത് ദുഃഖസൂചകമായി വച്ച കറുത്ത കൊടി പോലും പൊലീസ് അഴിച്ചുമാറ്റിക്കുന്നു.
പിണറായി ഇടയ്ക്ക് പറയുംപോലെ ഇത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. ശരിക്കും ഒരുതരം മനോവിഭ്രാന്തി. കറുപ്പു കാണുമ്പോള്‍ വിറളിപിടിക്കുന്ന അസുഖം. റോഡിലെ കരിങ്കൊടി കാണാതിരിക്കാന്‍ ഹെലികോപ്റ്ററില്‍ പറക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ പേടിയാണ്. ജനാധിപത്യ സംസ്കാരത്തെ മോദി ഇല്ലാതാക്കുന്നുവെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക്, ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള, അഭിപ്രായഭിന്നത പ്രകടിപ്പിക്കാനുള്ള പ്രാഥമിക അവകാശം പോലും അനുവദിക്കാനുള്ള സഹിഷ്ണുത ഇല്ലെന്നുവരുന്നത് എത്ര പരിതാപകരമാണ്! പൊലീസാണ് ആരും പറയാതെ ഇതെല്ലാം ചെയ്യുന്നത് എന്നാണ് വാദമെങ്കില്‍, ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഭരണത്തില്‍ സാരമായ എന്തോ കുഴപ്പമുണ്ടെന്നല്ലേ അതിന് അര്‍ഥം? കളമശേരിയിലും തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തും പൊലീസ് യുവജനങ്ങളെ തല്ലിചതച്ചതിന് എന്തു ന്യായം പറയാന്‍ കഴിയും?
വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ് കരുതല്‍ തടങ്കലെന്നും, അതീവ ഗുരുതരമായ ക്രമസമാധാനപ്രശ്നം മുന്‍നിര്‍ത്തി സമൂഹത്തിന്റെ സുരക്ഷയ്ക്കായാകണം അതു നടപ്പാക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിആര്‍പിസി 151എ പ്രകാരം മജിസ്ട്രേറ്റിന്റെ ഉത്തരവോ വാറന്റോ കൂടാതെ ഒരാളെ തടഞ്ഞുവയ്ക്കാന്‍ തക്കതായ കാരണമില്ലെങ്കില്‍ ഭരണഘടനയുടെ 21, 22 അനുഛേദങ്ങളുടെ ലംഘനമാകുമത്. കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ട് എന്നു പറഞ്ഞ് ആരെയെങ്കിലും കസ്റ്റഡിയിലെടുത്താല്‍ അന്യായ തടവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും. കരിങ്കൊടി കാണിച്ചതിന് ഒരാളെ കസ്റ്റഡിയിലെടുക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം കേരള ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെയും ജസ്റ്റിസ് മുരളി പുരുഷോത്തമന്റെയും ഡിവിഷന് ബെഞ്ച് തള്ളിയതിന്റെ സാഹചര്യം അന്വേഷിക്കേണ്ടതുണ്ട്.
ഭീകരാക്രമണ-മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനു രൂപീകരിച്ച അവഞ്ചേഴ്സ് അര്‍ബന്‍ കമാന്‍ഡോ വ്യൂഹത്തെ മുഖ്യമന്ത്രി അടക്കമുള്ള വി.വി.ഐപി സുരക്ഷയ്ക്ക് നിയോഗിക്കുന്നതൊക്കെ കൊള്ളാം. എന്നാല്‍ സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാകരുത് വി.വി.ഐ.പി യാത്രകള്‍. കറുത്ത സ്നീക്കേഴ്സും ലെതര്‍ ജാക്കറ്റും സ്കീമാസ്ക്കും ഹെല്‍മെറ്റും ഹൂഡിയും ഗോഗിളും സ്റ്റീല്ടോ ബൂട്ടുകളും പാഡിങ്ങും ബാക്ക്പാക്കും മറ്റുമണിഞ്ഞ് ചില ലോകസമ്മേളനങ്ങള്‍ അലങ്കോലമാക്കാനും രാഷ്ട്രീയ-സാമ്പത്തിക നയങ്ങള്‍ക്കെതിരെ അക്രമാസക്തമായ രീതിയില്‍ പ്രതികരിക്കാനും രംഗത്തിറങ്ങുന്ന ബ്ലാക്ക് ബ്ലോക്ക് അരാജകവാദികളുടെ ഭീഷണി ഇവിടെ ഇല്ലാത്ത സ്ഥിതിക്ക്, മുഖ്യമന്ത്രിക്ക് കരിങ്കൊടിപ്പേടി മാറ്റാന്‍ ‘പ്രത്യേക ചികിത്സ’ മാത്രം മതിയാകും.
സാമ്പത്തികപ്രതിസന്ധിക്കിടയില്‍ ഖജനാവ് മുടിപ്പിക്കുന്ന സുരക്ഷാച്ചെലവുകള്‍ ഒഴിവാക്കാം. ജനങ്ങളെ കൂടുതല്‍ വലയ്ക്കാതെയുമിരിക്കാം. പ്രതിപക്ഷം കുറെക്കൂടെ ക്രിയാത്മകമായി, അഹിംസയുടെ, അക്രമരഹിതമായ സമരമുറകളുടെ പുതിയ രൂപങ്ങള്‍ ആവിഷ്കരിക്കാനും ശ്രമിക്കണം.
ഇ.ഡിയോ എന്‍.ഐ.എയോ സി.ബി.ഐയോ സ്വപ്ന സുരേഷോ എന്തൊക്കെ പറഞ്ഞാലും, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, ട്വിറ്റര്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്നിലൂടെ മുഖ്യമന്ത്രിയുടെ പ്രതിഛായ വീണ്ടെടുക്കാന്‍, യുപിയിലെ യോഗി ആദിത്യനാഥിന്റെ റഫറന്‍സോടെ വന്ന പിആര്‍ ഏജന്‍സി, മുംബൈയിലെ കോണ്‍സെപ്റ്റ് കമ്യൂണിക്കേഷന്‍സിന് ഏതാനും കോടികള്‍ കൂടി ഏതെങ്കിലും കമ്മിഷന് വകയില്‍ വകയിരുത്തിയാല്‍ മതിയല്ലോ!