ജനാധിപത്യത്തിന്റെ മാതാവ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഴ്ത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെന്തെന്ന് ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്ന മാരത്തോണ്‍ ‘സര്‍വേ’ ആണ് ബിജെപി ഭരണകൂടത്തിന്റെ ആദായനികുതി വകുപ്പ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ (ബിബിസി) ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസ് സമുച്ചയങ്ങളില്‍ നടത്തിയത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറെ പെരുമയും പാരമ്പര്യവുമുള്ള, ആഗോളതലത്തില്‍ ഏറ്റം ബൃഹത്തായ റേഡിയോ, ടെലിവിഷന്‍, നവമാധ്യമ ശൃംഖലയായ ബിബിസിയുടെ യുകെയ്ക്കു വെളിയിലുള്ള ഏറ്റവും വലിയ വേള്‍ഡ് സര്‍വീസ് ബ്യൂറോയാണ് ഡല്‍ഹി കസ്തൂര്‍ബാ ഗാന്ധി മാര്ഗിലേത്. ഇംഗ്ലീഷിനു പുറമെ ഹിന്ദി, ഉര്‍ദു, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രക്ഷേപണം നടത്തുന്ന ബിബിസിയുടെ പ്രധാന ദക്ഷിണേഷ്യന്‍ കേന്ദ്രമായ ഇവിടെ 340 ജീവനക്കാരുണ്ട്.
ഹരിയാന ഗുഡ്ഗാവിലെ ബിബിസി ഗ്ലോബല്‍ ന്യൂസ് ഇന്ത്യ, മുംബൈയിലെ ബിബിസി സ്റ്റുഡിയോസ് ഇന്ത്യ എന്നിവ ഉള്‍പ്പെടെ വിപുലമായ ബിസിനസ് സംരംഭങ്ങളുള്ള രാജ്യാന്തര മാധ്യമപ്രസ്ഥാനത്തിന്റെ ന്യൂസ്റൂമില്‍ പൊലീസിന്റെ അകമ്പടിയോടെ നികുതി വകുപ്പുകാര്‍ രാപ്പകല്‍ തുടര്‍ച്ചയായി കയറി നിരങ്ങുന്നത്, മോദിയെ തൊട്ടുകളിച്ചാല്‍ ഏതു കൊലകൊമ്പനായാലും വച്ചുപൊറുപ്പിക്കില്ല എന്ന അന്ത്യശാസനത്തിന്റെ ധ്വനിയും പ്രതീതിയും ഉണര്‍ത്തിക്കൊണ്ടാണ്.
മൂന്നാഴ്ച മുന്‍പ്, ജനുവരി 17ന്, ബിബിസി 2 ചാനല്‍ യുകെയില്‍ മാത്രമായി ബിബിസി ഐപ്ലെയര്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദ് മോദി ക്വസ്റ്റിന്’ എന്ന ഡോക്യുമെന്ററിയുടെ ആദ്യഭാഗം ഇന്ത്യയില്‍ നിരോധിക്കുകയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അതിന്റെ ലിങ്കുകളുടെ വീഡിയോയും ട്വീറ്റും 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചട്ടങ്ങളിലെ എമര്‍ജന്‍സി അധികാരം ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാന്‍ യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും തുരങ്കംവയ്ക്കുന്നതും ക്രമസമാധാനത്തിനു ഭീഷണി ഉയര്‍ത്തുന്നതും സുഹൃദ്രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഉലയ്ക്കാന്‍ ഇടയാക്കുന്നതുമാണ് ആ ഡോക്യുമെന്ററി എന്നാണ് മന്ത്രാലയത്തിന്റെ ഒരു ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തത്. നിരോധന ഉത്തരവ് ഇന്നേവരെ ആരും കണ്ടിട്ടില്ല. ആ വിജ്ഞാപനം ഹാജരാക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരസ്കരിക്കപ്പെട്ട ഒരു ദുഷിച്ച ആഖ്യാനത്തിന്റെ പുനരവതരണം, ഇന്ത്യാവിരുദ്ധ അപവാദപ്രചരണം, കൊളോണിയല്‍ ചിന്താഗതിയുടെ പ്രകടനം, വസ്തുനിഷ്ഠമല്ലാത്ത പ്രൊപ്പഗാന്‍ഡ എന്നു വിലയിരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ആ ഡോക്യുമെന്ററിയെ അപലപിച്ചത്. 2002-ലെ ഗുജറാത്ത് കലാപം വംശഹത്യയുടെ എല്ലാ ലക്ഷണവുമുള്ള ആസൂത്രിത അക്രമപരമ്പരയായിരുന്നെന്നും ഗോധ്രയില്‍ സാബര്‍മതി എക്സ്പ്രസിലെ ഒരു ബോഗിക്കുനേരെയുണ്ടായ തീവയ്പില്‍ അയോധ്യയില്‍ നിന്നു തിരിച്ചെത്തിയ തീര്‍ഥാടകരും കര്‍സേവകരുമായ 59 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അരങ്ങേറിയ കൂട്ടക്കൊലകളില്‍ അക്രമികള്‍ക്കു സംരക്ഷണം നല്കുന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി സ്വീകരിച്ചതെന്നുമുള്ള ബ്രിട്ടീഷ് വിദേശകാര്യ ഓഫിസിന്റെ റിപ്പോര്‍ട്ടും അന്നത്തെ വിദേശകാര്യമന്ത്രി ജാക്ക് സ്ട്രോയുടെ സ്ഥിരീകരണവും ഡോക്യുമെന്ററിയിലുണ്ട്. ഔദ്യോഗിക രേഖകള്‍ പ്രകാരം, വര്‍ഗീയ കലാപത്തില്‍ 1,044 പേര് കൊല്ലപ്പെട്ടു. ഇതില്‍ 790 പേര് മുസ്ലിങ്ങളാണ്.
ഏറ്റവും ഉയര്‍ന്ന എഡിറ്റോറിയല്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കൂലങ്കഷമായി ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയാറാക്കിയിട്ടുള്ളതെന്നാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്കു മറുപടിയായി ബിബിസി പറഞ്ഞത്. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ മോദി ഉള്‍പ്പെടെയുള്ള ബിജെപി, വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് നേതാക്കളെ ക്ഷണിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ ഭാഗികമായി റദ്ദാക്കിയ ഇന്ത്യയിലെ ഐടി റൂള്‍സിലെ എമര്‍ജന്‍സി വ്യവസ്ഥകള്‍ വച്ചുകൊണ്ട് ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് യുട്യൂബിലും ട്വിറ്ററിലും ബ്ലോക്ക് ചെയ്തിട്ടും ഫെയ്സ്ബുക്ക്, ടെലിഗ്രാം, വിമിയോ, റെഡിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നിരോധിത ഡോക്യുമെന്ററിയുടെ തകൃതിയായ വ്യാജക്കടത്തില് കണ്ടത്. അതേസമയം, പകര്‍പ്പവകാശ ലംഘനം തടയുന്നതിന് ബിബിസി നേരിട്ട് ഇടപെട്ട് യുട്യൂബ്, ഫെയ്സ്ബുക്ക്, ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്നിവയെക്കൊണ്ട് ഡോക്യുമെന്ററി പിന്‍വലിപ്പിച്ചു.
ബിജെപി ഭരണകൂടം നിരോധനത്തിലൂടെ അനാവശ്യമായി വിവാദം കുത്തിപ്പൊക്കിയതുകൊണ്ടാണ് ഇന്ത്യയില്‍ ബിബിസി ഡോക്യുമെന്ററി ഇത്ര വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതെന്ന് കരുതുന്നവരുണ്ട്. യുകെയില്‍ ആദ്യഭാഗം റിലീസ് ചെയ്തപ്പോള്‍ അതിന്റെ വ്യാജപകര്പ്പില് ഇന്ത്യയില്‍ വളരെ കുറച്ചുപേരാണ് തുടക്കത്തില്‍ താല്പര്യം കാണിച്ചതെന്നും, എന്നാല്‍ അതു നിരോധിക്കുന്നതു സംബന്ധിച്ച ട്വീറ്റ് ഐബി മന്ത്രാലയത്തില്‍ നിന്നു വന്നതിനെ തുടര്‍ന്ന് ”ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിന്റെ” ഡോക്യുമെന്ററി പകര്‍പ്പെടുക്കല്‍ വ്യാപകമായതെന്നും ഗൂഗിള്‍ ട്രെന്‍ഡ്സ് സാക്ഷ്യപ്പെടുത്തുന്നു. മോദിയുടെ ‘സ്ട്രയ്സാന്ഡ് ഇഫക്റ്റ്’ എന്ന് നിരീക്ഷകര്‍ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നു. കലിഫോര്‍ണിയ മാലിബു തീരത്തെ തന്റെ ആഡംബര ബംഗ്ലാവിന്റെ ഏരിയല്‍ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ കോടതി വ്യവഹാരത്തിനു പോയ ഗായിക ബാര്‍ബറ സ്ട്രയ്സാന്ഡിന് വിധി അനുകൂലമായില്ലെന്നു മാത്രമല്ല, അതുവരെ ആരും അറിയാതിരുന്ന ആ സ്വപ്നസൗധം കാണാന്‍ ഒരുമാസം 4.20 ലക്ഷം സന്ദര്‍ശകര്‍ മാലിബുവിലേക്കു പ്രവഹിക്കുകയായിരുന്നു. മറച്ചുവയ്ക്കാനോ നീക്കം ചെയ്യാനോ സെന്‍സര്‍ ചെയ്യാനോ ശ്രമിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു എന്നാണ് ‘സ്ട്രയ്സാന്ഡ് ഇഫക്ടിന്റെ’ പൊരുള്‍!
ഡല്‍ഹിയില്‍ മോദി അധികാരമേറ്റതിനെ തുടര്‍ന്ന് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷസമൂഹം നേരിട്ട സംഘര്‍ങ്ങളുടെ ആഴം വെളിവാക്കുന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ജനുവരി 24ന് റിലീസ് ചെയ്തു. അത് ഇന്നേവരെ ഇന്ത്യ നിരോധിച്ചിട്ടില്ല. എന്നാല്‍ നിരോധിക്കപ്പെട്ട ആദ്യ ഭാഗം ഇന്ത്യയില്‍ പല ഭാഗത്തും യൂണിവേഴ്സിറ്റികളിലും മറ്റും പ്രദര്‍ശിപ്പിക്കാന്‍ ചില സംഘടനകള്‍ രംഗത്തുവന്നത് സംഘര്‍ഷത്തിനിടയാക്കി. ഡല്‍ഹിയില്‍ മൂന്നു യൂണിവേഴ്സിറ്റികളില്‍ ഇതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റുചെയ്തു. ഇന്ത്യയിലും യുകെയിലും പാര്‍ലമെന്റിലും പുറത്തും രാഷ്ട്രീയ വിവാദം ആളിപ്പടരുകയായിരുന്നു. ഡോക്യുമെന്ററിയില്‍ കാണുന്ന മോദിയുടെ ചിത്രീകരണത്തോട് താന്‍ യോജിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ പറഞ്ഞത്.
മോദിയെയും ഭാരതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ പേരില്‍ ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഡല്‍ഹിയിലെ ഹിന്ദു സേനാ പ്രസിഡന്റിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരുടെ ബെഞ്ച് തള്ളിയത് കഴിഞ്ഞയാഴ്ചയാണ്. ഒരു ഡോക്യുമെന്ററി കൊണ്ട് രാജ്യത്തിന് എന്ത് ആപത്തുണ്ടാകാനാണ് എന്നാണ് കോടതി ചോദിച്ചത്. സമ്പൂര്‍ണ സെന്‍സര്‍ഷിപ് ആവശ്യം അസംബന്ധമാണെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെ ബിബിസി ഓഫിസുകളിലെ റെയ്ഡിനു തലേന്ന് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തില്‍, ഇന്ത്യയുടെ അഭിമാനകരമായ പത്രസ്വാതന്ത്ര്യ പാരമ്പര്യവും ജനാധിപത്യവും അപകടത്തിലാണെന്ന് എഴുതിയിരുന്നു. ”മോദി 2014-ല്‍ അധികാരത്തിലേറിയതിനുശേഷം സര്‍ക്കാരിന് ഹിതകരമല്ലാത്തത് എന്തെങ്കിലും റിപ്പോര്‍ട്ടു ചെയ്യാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് തൊഴിലും ജീവനും പണയപ്പെടുത്തേണ്ടിവരുന്ന സ്ഥിതിവിശേഷമുണ്ടായി.” അതിരുകളില്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍ എന്ന രാജ്യാന്തര സംഘടന തയ്യാറാക്കിയ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്. മോദിയുടെ ഭരണത്തില്‍ ഈ പട്ടികയില്‍ ഇന്ത്യ 10 പോയിന്റ് ഇടിഞ്ഞു. ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യയിലെ സ്വാതന്ത്ര്യം ഭാഗികം മാത്രം.
ദൈനിക് ഭാസ്കര്‍ എന്ന ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പ്രചാരമുള്ള ഹിന്ദി ദിനപത്രവും ഇതേ ഗ്രൂപ്പിലെ ഭാരത് സമാചാര്‍ ഹിന്ദി ടെലിവിഷന്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട 32 ഓഫിസുകളിലും വീടുകളിലും 2021 ജൂലൈയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്, കൊവിഡ് കാലത്ത് യുപിയിലെ നദികളില്‍ അജ്ഞാത ജഡങ്ങള്‍ ഒഴുകിനടന്നതിനെക്കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ്. 2021 സെപ്റ്റംബറില്‍ ന്യൂസ് ലോന്‍ഡ്രി, ന്യൂസ്ക്ലിക്ക് എന്നിവയുടെ ഡല്‍ഹി ഓഫിസുകളില്‍ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗൗതം അദാനിയുടെ എഎംജി മീഡിയ നെറ്റ് വര്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ കൈയടക്കുന്നതിനു മുമ്പുവരെ രാജ്യത്തെ സ്വതന്ത്ര ടെലിവിഷന്‍ ചാനലുകളില്‍ പ്രമുഖ സ്ഥാനം വഹിച്ച എന്‍ഡിടിവിയുടെ സ്ഥാപകന്‍ പ്രണോയ് റോയിയുടെയും ഭാര്യ രാധികയുടെയും വീട്ടിലും ഓഫിസുകളിലും സിബിഐ എത്രയോ വട്ടം റെയ്ഡ് നടത്തി!
2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പൊലീസ് നടത്തിയ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അക്കൊല്ലംതന്നെ അവര്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഓക്സ്ഫാം ഇന്ത്യ, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്, പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന് എന്നിവയ്ക്കെതിരെ ആദായനികുതി വകുപ്പ് റെയ്ഡിനിറങ്ങുകയുണ്ടായി.
ബിബിസി ഓഫിസുകളില്‍ നടത്തുന്ന ”സര്‍വേ” എന്തിന്റെ പേരിലാണെന്ന് മോദി ഗവണ്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സര്‍ക്കാരിനുവേണ്ടി പ്രതിരോധം തീര്‍ക്കുന്ന ദേശീയ മാധ്യമങ്ങള്‍, ബിബിസി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുക മാത്രമല്ല, വന്‍തോതില്‍ നികുതി വെട്ടിപ്പു നടത്തിയെന്നും ആരോപിക്കുന്നുണ്ട്. ബിബിസിയുടെ സബ്സിഡിയറി കമ്പനികള്‍ ഇന്റര്‍നാഷണല്‍ ടാക്സേഷന്‍, ട്രാന്‍സ്ഫര്‍ പ്രൈസിങ് ചട്ടങ്ങള്‍ ലംഘിച്ചുവത്രേ! ഒരു പ്രമുഖ ഹിന്ദി ടിവി ചാനല്‍ കണ്ടെത്തിയത് ബിബിസിക്ക് ചൈനീസ് ഗവണ്മെന്റുമായി ബന്ധമുള്ള ചില കമ്പനികളുമായി രഹസ്യ ഇടപാടുകളുണ്ടെന്നാണ്! ലോകത്തിലെ ഏറ്റവും വലിയ ”ഭ്രഷ്ട്, ബക് വാസ്” (അഴിമതി, അസംബന്ധ) കോര്പറേഷന് എന്നാണ് ബിജെപിയുടെ ദേശീയ വക്താവ് ബിബിസിയെ വിശേഷിപ്പിച്ചത്.
ഇന്ത്യ ജി-20 അധ്യക്ഷ പദം അലങ്കരിക്കുന്ന വേളയില്‍ ബിബിസിയെ ഇങ്ങനെ വേട്ടയാടുന്നത് മോദിയുടെ പ്രതിഛായയെ ബാധിക്കുമെന്ന ആശങ്ക സ്വാഭാവികമാണ്. എന്നാല്‍ ചൈനയും റഷ്യയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്പില്, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനും മറ്റു പാശ്ചാത്യ നേതാക്കള്‍ക്കും തന്നെ ഇപ്പോള്‍ ഒരുതരത്തിലും തള്ളിപ്പറയാനാവില്ല എന്ന ഉത്തമബോധ്യം മോദിക്കുണ്ട്.