ക്രൈസ്തവ കുടുംബങ്ങളില്‍ നിത്യപ്രാര്ഥനയ്ക്കുശേഷം ഉറങ്ങാന്‍ പോകും മുമ്പ് പാടുന്നൊരു പാട്ടുണ്ട്. നമ്മുടെ സന്ന്യസ്ത ഭവനങ്ങളിലും പ്രാര്‍ഥനാ പരിശീലന സംഗമങ്ങളിലും ഓരോ ദിനത്തിന്റെയും സമാപനം കുറിക്കുന്നത് ഈ പാട്ട് പാടിക്കൊണ്ടായിരിക്കും. പറഞ്ഞുവരുന്നത് ഈ ഗാനത്തെക്കുറിച്ചാണ്.
1965ല്‍ ഇറങ്ങിയ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ എസ്. ജാനകിയുടെ ആലാപനത്തില്‍ മനോഹരമായി ഈ ഗാനത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നു. സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ ഗാനം അതിപ്രശസ്തമായിത്തീര്‍ന്നു. സംവിധായകന് ശശികുമാറും തിരക്കഥാകൃത്ത് പി.ജെ ആന്റണിയുമാണ് ഈ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തത്. വര്‍ഗീസ് മാളിയേക്കല്‍ എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്കിയ ഗാനമാണിത്.
ഈ സിനിമയിലെ മറ്റു ഗാനങ്ങള്‍ എഴുതിയത് വയലാര്‍ രാമവര്മയും സംഗീതം നല്‍കിയത് ബാബുരാജുമായിരുന്നു. സിനിമയുടെ ടൈറ്റിലില്‍ പ്രാര്‍ഥനാ ഗാനം എന്ന പേരില്‍ വര്‍ഗീസ് മാളിയേക്കല്‍ ജോബ് ആന്‍ഡ് ജേര്‍ജ് എന്നിവരുടെ പേരുമുണ്ടായിരുന്നു. എങ്കിലും സിനിമാ ലോകത്തെ ഭൂരിപക്ഷവും സംഗീതാസ്വാദകരില്‍ പലരും ഈ ഗാനത്തിന്റെ സ്രഷ്ടാക്കളായി വയലാര്‍-ബാബുരാജ് ടീമിനെയാണ് കണ്ടിരുന്നത്. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട നടത്തിയ ബാബുരാജ് സംഗീതസദ്യയില്‍ സംഘാടകരുടെ പിഴവ് മൂലം ഈ ഗാനം വയലാര്‍-ബാബുരാജ് ടീമിന്റേതെന്ന പേരില്‍ പാടുകയുണ്ടായി. പിന്നീട് ഇതേ പരിപാടിയുടെ കസെറ്റുകള്‍ വില്‍പ്പനയ്ക്കായി പുറത്തിറക്കിയെങ്കിലും ഇതേ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടു. ഈ കസെറ്റ് ജോബ് മാസ്റ്ററുടെ കൈയിലുമെത്തി. തങ്ങളുടെ സൃഷ്ടിയായ ഈ ഗാനം വേറൊരാളുടെ പേരില്‍ പ്രചരിക്കപ്പെടുന്നതില്‍ ജോബ് മാസ്റ്ററിന് അതിയായ വിഷമമുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയ ഈ ഗാനം തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയത് ജോബ് മാസ്റ്ററുമായി അടുത്ത സ്നേഹബന്ധം സൂക്ഷിച്ചിരുന്ന സംഗീത ഗവേഷകനും പത്രപ്രവര്‍ത്തകനുമായ രവി മേനോനാണ്. ആ സംഭവം രവി മേനോന് ഇങ്ങനെ എഴുതുന്നു:
”ജോബ് മാസ്റ്ററെ കാണാന്‍ കളമശേരിയിലുള്ള വീട്ടില്‍ ഞാന്‍ പോയിരുന്നു. നിഷ്കളങ്കമായ ആ പതിവു കുസൃതിച്ചിരിക്കു പകരം നേര്‍ത്തൊരു ഗൗരവം മാഷിന്റെ മുഖത്ത്. ആ ഭാവത്തില്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ അദ്ദേഹത്തെ. അടുത്തു ചെന്നപ്പോള്‍ സ്നേപൂര്‍വം കൈപിടിച്ച് തൊട്ടടുത്തിരുത്തി മാഷ് പറഞ്ഞു: ‘ഇതെങ്ങനെ പറയണം എന്നെനിക്ക് അറിയില്ല. പറയാമോ എന്നും അറിയില്ല. നമ്മുടെ സ്വന്തം കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാല്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലല്ലോ…’ ചുരുങ്ങിയ വാക്കുകളിലുള്ള ആ ആമുഖം കേട്ട് ഒന്നും പിടികിട്ടാതെ മിഴിച്ചിരുന്നു ഞാന്‍.
”നമ്മളൊക്കെ ആദരിക്കുന്ന മഹാനായ സംഗീത സംവിധായകനാണ് ബാബുരാജ്. എത്രയോ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച അനശ്വര പ്രതിഭ. മറ്റാരോ സൃഷ്ടിച്ച ഗാനത്തിന്റെ പിന്തുണ വേണ്ടല്ലോ ആ വലിയ കലാകാരന്റെ മഹത്വം അളക്കാന്‍. ഇതറിഞ്ഞാല്‍ ഏറ്റവുമധികം വേദനിക്കുക അദ്ദേഹത്തിന്റെ മനസായിരിക്കും,” ജോബ് മാഷ് പറഞ്ഞു. സംഘാടകരുടെ നോട്ടപ്പിശകു കൊണ്ട് സംഭവിച്ചതെങ്കിലും തെറ്റ് തെറ്റുതന്നെ. അതവര് തിരുത്തിയേ പറ്റൂ. പിറ്റേന്നത്തെ പത്രത്തില്‍ മാക്ടക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി ഒരു റിപ്പോര്‍ട്ട് എഴുതുകയായിരുന്നു എന്റെ മുന്നിലുള്ള ഏക പോംവഴി. ആ വാര്‍ത്തകൊണ്ട് ഏതായാലും ഗുണമുണ്ടായി. അടുത്ത ദിവസം തന്നെ മാക്ടയുടെ ഭാരവാഹികള്‍ മാഷിനെ വിളിച്ച് പറ്റിയ തെറ്റിനു ക്ഷമ ചോദിച്ചു. ഇനിയിറങ്ങുന്ന ഓഡിയോ ആല്‍ബങ്ങളില്‍ നിന്ന് ആ പാട്ട് എടുത്തുമാറ്റാമെന്ന് ഉറപ്പു നല്കി. നെഞ്ചില്‍ നിന്ന് ഒരു ഭാരം ഇറക്കിവച്ചപോലെ തോന്നിയിരിക്കണം ജോബ് മാഷിന്. നന്ദി പറയാന്‍ ഫോണ്‍ ചെയ്ത മാഷിന്റെ വികാരഭരിതമായ ശബ്ദത്തില്‍ നിന്ന് ആ മനസ് വായിച്ചെടുക്കാമായിരുന്നു എനിക്ക്.
നഷ്ടപ്പെട്ടുവെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ ഒരച്ഛന്റെ ആഹ്ളാദമുണ്ടായിരുന്നു ആ വാക്കുകളില്‍.”
അങ്ങനെ സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടിയ അപ്പനെപ്പോലെ ജോബ് മാസ്റ്റര്‍ ചിരിച്ചു. ഇന്നും കുടുംബങ്ങളില്‍ ഉറങ്ങാന്‍ പോകുംമുമ്പ് പാടുന്ന ഈ ഗാനത്തിന് ഇങ്ങനെയും ഒരു ചരിത്രമുണ്ട്.
ഈ ഗാനത്തിന്റെ യഥാര്‍ത്ഥ ചരിത്രം
ആരാധനക്രമം ലത്തീന്‍ ഭാഷയില്‍ നിന്നു മലയാളത്തിലേക്കു മാറിയ നാളുകളില്‍ എഴുതി സംഗീതം നല്കിയ ഗാനങ്ങള്‍ കുറവായിരുന്നു. സിനിമാ ഗാനങ്ങളുടെ ഈണത്തിലേക്ക് (എ.മ. – എന്ന മട്ട്) വരികള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു പതിവ്. സിനിമാ ഗാനങ്ങളുടെ ഈണങ്ങള്‍ ഒഴിവാക്കുവാനും ആരാധനക്രമത്തിന് അനുയോജ്യമായ ഗാനങ്ങള്‍ തയ്യാറാക്കുവാനും 1962ല്‍ വരാപ്പുഴ അതിരൂപതയുടെ മതബോധന കേന്ദ്രം മുന്‍കൈ എടുത്ത് ‘സ്വര്ഗസന്ദേശം’ എന്ന സമാഹാരം പുറത്തിറക്കി. ഈ പാട്ടുകള്‍ ഗ്രാമഫോണ്‍ റെക്കോര്‍ഡ് ആയി പ്രകാശനം ചെയ്യുകയുണ്ടായി. വര്‍ഗീസ് മാളിയേക്കല്‍ എഴുതിയ 12 ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഒന്‍പതു ഗാനങ്ങള്‍ക്ക് ജോബ് ആന്‍ഡ് ജോര്‍ജും മൂന്നു ഗാനങ്ങള്‍ക്ക് ജെറി അമല്‍ദേവും സംഗീതം നല്കി. ഇതിലെ ഒരു ഗാനമാണ് ‘ഞാനുറങ്ങാന്‍ പോകും മുന്‍പായ്’ എന്നു തുടങ്ങുന്ന ഗാനം.
ജോബ് മാസ്റ്ററുടെ മകന് അജയ് ജോസഫ് തന്റെ അജയ് ജോസഫ് ഡിജിറ്റല്‍ മീഡിയയിലൂടെ ഈ ഗാനം, ഗായിക ഗായത്രിയുടെ ആലാപനത്തില്‍ പ്രകാശനം ചെയ്തിട്ടുണ്ട്.