ഇപ്പോള്‍, തുര്‍ക്കി ഭൂകമ്പ ദുരിതാശ്വാസത്തിന് പത്തുകോടി രൂപ ബജറ്റില്‍ വകകൊള്ളിച്ച് പിണറായി സര്‍ക്കാര്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെയും ഇസ്ലാമിക ലോകത്തിന്റെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമാകുന്നു. ജി20 പ്രസിഡന്സിയില്ലെങ്കിലും മോദിയുടെ ‘വസുധൈവ കുടുംബകം’ ശ്ലോകം പിണറായിക്കും ഹൃദയത്തിലേറ്റാന്‍ സവിശേഷ സെസ് ഒന്നും വേണ്ടല്ലോ!
ഇന്ധന സെസ് ഉള്‍പ്പെടെ സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച നികുതികളില്‍ ഒരു ചില്ലിക്കാശുപോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നു. അധിക വിഭവസമാഹരണത്തിന് കേരളത്തിലെ ഒരു ധനമന്ത്രിയും ഇന്നേവരെ എത്തിനോക്കാത്ത നികുതി പരിഷ്കാരങ്ങളുടെ നിധിനിക്ഷേപം കണ്ടെത്തിയ തഞ്ചക്കാരന്റെ ദുരയും നിഗളവുമാണ്, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കനത്ത പ്രതിസന്ധിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന നികുതിനിര്ദേശങ്ങള്ക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്ന ജനങ്ങളെ വെല്ലുവിളിക്കുന്ന മന്ത്രിയുടെ വാക്കുകളില്‍ നിറയുന്നത്. ജനദ്രോഹ ബജറ്റിനെതിരെ നിയമസഭാ കവാടത്തില്‍ നിരാഹാരസത്യഗ്രഹം അനുഷ്ഠിക്കുന്ന ജനപ്രതിനിധികളെയും സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നയിക്കുന്നവരെയും മാധ്യമങ്ങളെയും പരിഹസിക്കുകയും പഴിക്കുകയും ചെയ്യുന്ന ഇടതുമുന്നണിയുടെ സര്‍വശക്തനായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് തറപ്പിച്ചുപറയുന്നു, സര്‍ക്കാരിനെതിരേ ജനവികാരമില്ലെന്ന്. എന്നിട്ടും, നികുതിക്കൊള്ളയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നിടത്തെങ്ങാനും കരിങ്കൊടി കാണിക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലിലാക്കാന്‍ പൊലീസ് സേന നിതാന്ത ജാഗ്രതയിലാണ്.
സംസ്ഥാനത്ത് 57 ലക്ഷം പേര്‍ക്ക് 1,600 രൂപ നിരക്കില്‍ സാമൂഹികക്ഷേമ പെന്ഷന് നല്‍കുന്നത് മുടങ്ങാതിരിക്കാന്‍ സാമൂഹികസുരക്ഷാ സീഡ് ഫണ്ടിലേക്ക് 750 കോടി രൂപയുടെ അധിക വിഭവസമാഹരണം പ്രതീക്ഷിച്ചുകൊണ്ടാണ് പെട്രോളിനും ഡീസലിനും രണ്ടു രൂപ അധിക സെസ് ചുമത്തുന്നതെന്ന് ധനമന്ത്രി പറയുന്നു. കൂട്ടുന്നത് രണ്ടു രൂപയാണെങ്കിലും അതിന്റെ പത്തിരട്ടി പ്രത്യാഘാതം ശരാശരി മലയാളി കുടുംബത്തിനുമേലുണ്ടാകും. ഇന്ധനവിലക്കയറ്റത്തില്‍ ചരക്കുനീക്കത്തിന്റെ ചെലവു കൂടുമെന്നതിനാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗസാധനങ്ങള്‍ ഉള്‍പ്പെടെ സകലവസ്തുക്കള്‍ക്കും വിലകൂടും. ടെക്സ്റ്റൈല്‍സ്, ബേക്കറി, റസ്റ്ററന്റ് തുടങ്ങി കേരളത്തിലെ സേവന മേഖലയിലെ 65 ശതമാനവും ഗതാഗതവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്.
ഡീസലിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില ഇനി കേരളത്തിലാകും; പെട്രോളിന് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കും.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍കത്ത എന്നീ മെട്രോ നഗരങ്ങളിലേതിനെക്കാള്‍ ഉയര്‍ന്ന വിലയാണ് കേരളത്തില്‍ ഡീസലിനും പെട്രോളിനും. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ഡീസല്‍ വില കേരളത്തിലേതിനെക്കാള്‍ കൂടുതലാണ് – ലിറ്ററിന് യഥാക്രമം 98.27, 97.82 രൂപ. കേരളത്തില്‍ രണ്ടു രൂപ സെസ് കൂട്ടുമ്പോള്‍ 98.52 രൂപയാകും ഡീസല്‍ വില. പുതിയ സെസ് കൂട്ടുമ്പോള്‍ പെട്രോള്‍ വില 109.71 രൂപയാകും, ദക്ഷിണേന്ത്യയിലെ ഉയര്‍ന്ന വില. വെറുതെയല്ല, കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന നമ്മുടെ കെഎസ്ആര്‍ടിസി ബസുകള്‍ അവിടെ നിന്ന് ഇന്ധനം നിറയ്ക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. കേരള അതിര്‍ത്തിയിലുള്ളവര്‍ക്ക് കോയമ്പത്തൂര്‍, സേലം, ഗുണ്ടല്‍പേട്ട്, കമ്പം, കളിയിക്കാവിള, ട്രിച്ചി, മധുര, ഈറോഡ്, കന്യാകുമാരി, മാഹി, മൈസൂര്‍, മാംഗളൂര്, ബാംഗളൂര്‍, എന്നിവിടങ്ങളില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ലിറ്ററിന് ആറു രൂപ മുതല്‍ 10 രൂപ വരെ ലാഭിക്കാം.
പെട്രോളിന് കേരളത്തില്‍ 30.08% വില്പന നികുതിയും ഒരു രൂപ അഡീഷണല്‍ സെയില്‍സ് ടാക്സും ലിറ്ററിന് ഒരു രൂപ കിഫ്ബി സെസും നിലവിലുണ്ട്. ഡീസലിന് 22.76% വില്പന നികുതിയും അനുബന്ധ തീരുവകളും വരും.
കര്‍ണാടകയില്‍ വില്പന നികുതി പെട്രോളിന് 25.92%, ഡീസലിന് 14.34%. മറ്റ് അധിക നികുതിയൊന്നുമില്ല. തമിഴ്നാട്ടില്‍ പെട്രോളിന് 13%, ഡീസലിന് 11%. അധികമായി പെട്രോളിന് 11.52 രൂപയും ഡീസലിന് 9.62 രൂപയും നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രം വിലകൂട്ടിയാലും ജനങ്ങളെ അത്രകണ്ട് ബാധിക്കാത്ത നികുതി ഘടനയാണിത്. കേരളത്തില്‍ നികുതി ശതമാനകണക്കില്‍ (ആഡ് വലോരെം) ആകയാല്‍ കേന്ദ്രം വിലകൂട്ടുമ്പോള്‍ സംസ്ഥാനത്തെ വില്പന നികുതി വിഹിതം ആനുപാതികമായി ഉയരും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്സൈസ് നികുതിയിനത്തില്‍ കുറച്ചപ്പോള്‍ മറ്റു പല സംസ്ഥാനങ്ങളും നികുതി വെട്ടിക്കുറച്ചുവെങ്കിലും കേരളം ഒന്നും കുറച്ചില്ല. സംസ്ഥാനത്ത് ഒരു ദിവസം ഏതാണ്ട് 63 ലക്ഷം ലിറ്റര്‍ ഡീസലും 51 ലക്ഷം ലിറ്റര്‍ പെട്രോളും വില്‍ക്കുന്നുണ്ട്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടുന്നതിന് രണ്ടാം വര്‍ഷവും രണ്ടായിരം കോടി രൂപ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിരിക്കുന്നു. ഇന്ധനവിലവര്‍ധനയിലൂടെ വലിയ തോതില്‍ വിലക്കയറ്റത്തിനു വഴിതെളിക്കുമ്പോള്‍, ഭക്ഷ്യപൊതുവിതരണ വകുപ്പിന് സപ്ലൈകോ വഴി സബ്സിഡി ഇനത്തില്‍ 13 സാധനങ്ങള്‍ ലഭ്യമാക്കുന്നതാണ് വിപണിയിലെ ഇടപെടല്‍. അധികവിഭവസമാഹരണത്തിനായി ജനങ്ങളുടെമേല്‍ 2,955 കോടി രൂപയുടെ ആഘാതമേല്പിച്ചുകൊണ്ടാണ് രണ്ടായിരം കോടിയുടെ ഈ കരുതല്‍! പാവപ്പെട്ടവരുടെമേല്‍ നികുതിവര്‍ധനയുടെ കഠിനഭാരം അടിച്ചേല്‍പ്പിക്കുമ്പോഴും ക്ഷേമപെന്‍ഷനുകളില്‍ നൂറു രൂപ പോലും വര്ധിപ്പിക്കുന്നില്ലതാനും.
മദ്യത്തിന് ഏര്‍പ്പെടുത്തുന്ന സാമൂഹികസുരക്ഷാ സെസില്‍ നിന്ന് 400 കോടി അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍നിര്‍മിത വിദേശമദ്യം കുപ്പിക്ക് 20 രൂപ മുതല്‍ 40 രൂപവരെയാണ് പുതിയ സെസ്. ബജറ്റ് നികുതിവര്ധനയ്ക്കു മുമ്പുതന്നെ, ഇക്കഴിഞ്ഞ ഡിസംബറില്‍ പിണറായി മന്ത്രിസഭ അടിയന്തരമായി മദ്യത്തിന്റെ വില്പന നികുതി നാലു ശതമാനം കൂട്ടി. 10 രൂപ മുതല്‍ 20 രൂപ വരെയാണ് വിലവര്‍ധിച്ചത്. വൈനും ബിയറിനും രണ്ടു ശതമാനം നികുതി കൂട്ടി. 750 എംഎല് കുപ്പി 400 രൂപയ്ക്കുമേല്‍ അടിസ്ഥാനവിലയുള്ളതിന് 251 ശതമാനവും, 400 രൂപയ്ക്കു താഴെ വിലയുള്ളതിന് 241 ശതമാനവുമാണ് സംസ്ഥാനത്തെ നികുതി. 2021-22 വര്‍ഷം സംസ്ഥാന ബെവറിജസ് കോര്പറേഷന് 14,576 കോടി രൂപയുടെ മദ്യം വിറ്റു. അബ്കാരികള്‍ക്ക് സംസ്ഥാനത്തെ ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ ടേണ്‍ഓവര്‍ ടാക്സില്‍ അഞ്ചു ശതമാനവും വെയര്‍ഹൗസ് കമ്മിഷനില്‍ ഒരു ശതമാനവും ഇളവ് ഇടതുസര്‍ക്കാര്‍ അനുവദിച്ചു. 1963 മുതല്‍ നിലവിലുള്ള ടേണോവര്‍ ടാക്സാണ് ഇളവു ചെയ്തത്. വിലവര്‍ധനയിലൂടെ മദ്യത്തിന്റെ ഉപഭോഗം നിരുത്സാഹപ്പെടുത്താമെന്ന വ്യാമോഹമൊന്നും സര്‍ക്കാരിനില്ല. എന്നാല്‍ കൂടുതല്‍ അപകടകാരിയായ ലഹരിമരുന്നിലേക്ക് ഒരു വിഭാഗത്തെ അതു കൊണ്ടുചെന്നെത്തിക്കാനിടയുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
ഭൂമിയുടെ ന്യായവില ഒറ്റയടിക്ക് 20% വര്‍ധിപ്പിച്ചിരിക്കുന്നു. വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളില്‍ ന്യായവില 30% വരെ കൂടും. സ്റ്റാംപ് ഡ്യൂട്ടി നിരക്കുകളും രജിസ്ട്രേഷന് ഫീസും നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ഭൂമിയുടെ വിലയാണ് ന്യായവില. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് ഇപ്പോള്‍ 20% വിലവര്‍ധന നിര്‍ദേശിച്ചിരിക്കുന്നത്. ഭൂമിയിടപാടിന് ന്യായവിലയുടെ എട്ടു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടു ശതമാനം രജിസ്ട്രേഷന് ഫീസുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഒരു ലക്ഷം രൂപ ന്യായവിലയുള്ള ഭൂമി ഇടപാടിന് 8,000 രൂപ സ്റ്റാംപ് ഡ്യൂട്ടി. രണ്ടു ശതമാനം രജിസ്ട്രേഷന് ഫീസ് ഇനത്തില്‍ 2,000 രൂപ ഉള്‍പ്പെടെ 10,000 രൂപയായിരുന്നു ഒരു ലക്ഷം രൂപയുടെ ഇടപാട് നടക്കുമ്പോള്‍ ചെലവ്. ന്യായവിലയില്‍ 20% വര്‍ധന വരുന്നതോടെ ഭൂമിവില ഒരു ലക്ഷമെന്നത് 1.20 ലക്ഷം രൂപയാകും. 1,600 രൂപ വര്‍ധിച്ച് സ്റ്റാംപ് ഡ്യൂട്ടി 9,600 രൂപയാകും. രജിസ്ട്രേഷന് ഫീസ് 2400 രൂപയും. ഒരു ലക്ഷം രൂപയുടെ ഇടപാടു നടത്താന്‍ 12,000 രൂപ ചെലവ്. ഭൂമിയുടെ ന്യായവില കഴിഞ്ഞ ബജറ്റില്‍ 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഫ്ളാറ്റുകളുടെ മുദ്രപത്ര വില ഏഴു ശതമാനമായി. ഒന്നില്‍ കൂടുതല്‍ വീടുള്ളവര്‍ അധിക നികുതി നല്‍കണം. പ്രവാസിയായാലും ഇല്ലെങ്കിലും അടച്ചിട്ട വീടുകള്‍ക്ക് പ്രത്യേക നികുതി ഈടാക്കും. വസ്തുനികുതി, ആപ്ലിക്കേഷന്‍ ഫീ, സ്ക്രൂട്ടിനി ഫീ, പെര്‍മിറ്റ് ഫീ എന്നിങ്ങനെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട സകല ഇനത്തിനും ചെലവേറും. വാഹനങ്ങള്‍ക്ക് ഒറ്റത്തവണ സെസില്‍ രണ്ടു ശതമാനം വര്‍ധന. ജുഡീഷ്യല്‍ കോടതി ഫീയും നികുതിവര്‍ധനയില്‍ ഉള്‍പ്പെടുന്നു.
ബജറ്റ് സമ്മേളനം നടക്കുമ്പോഴാണ്, നിയമസഭ അറിയാതെ വാട്ടര്‍ ചാര്‍ജ് ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിച്ചുകൊണ്ട് ജല അതോറിറ്റി ഉത്തരവിറങ്ങുന്നത്. വിവിധ സ്ലാബുകളിലായി മാസം 50 മുതല്‍ 500 രൂപ വരെ വെള്ളക്കരം കൂടും. നാലംഗ കുടുംബത്തിന്റെ ശരാശരി ഉപയോഗം മാസം 20,000 ലിറ്റര്‍ കണക്കാക്കിയാല്‍ 200 രൂപയുടെ അധികബാധ്യതയാകും വരിക. ഒരു കുടുംബത്തിന് ദിവസം 100 ലിറ്റര്‍ മതിയാകില്ലേ എന്നാണ് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ ചോദിച്ചത്! വാണിജ്യ, വ്യവസായ യൂണിറ്റുകള്‍ക്ക് വൈദ്യുതി ചാര്‍ജ് വീണ്ടും അഞ്ചു ശതമാനം ഉയര്‍ത്തിയിട്ടുണ്ട്.
അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമായി യഥേഷ്ടം വായ്പയെടുത്തുവന്ന കിഫ്ബി കടമെടുപ്പും സാമൂഹികക്ഷേമ പെന്ഷന് നല്‍കുന്നതിന് പ്രത്യേക കമ്പനിയുടെ പേരിലെടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമാണെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ കടമെടുത്ത് ചെലവുചെയ്യുന്നതിന് പരിമിതിയുണ്ടായി. അഞ്ചുവര്‍ഷമായി ലഭിച്ചുവന്ന ജിഎസ്ടി നഷ്ടപരിഹാരവും നിലയ്ക്കുകയാണ്. കേന്ദ്രം സംസ്ഥാന വികസനത്തിന്റെ കുതികാല് വെട്ടുന്നു എന്നാണ് ധനമന്ത്രിയുടെ പരിദേവനം. എന്നാല്‍ അനിയന്ത്രിതമായ ധൂര്‍ത്തും രാഷ്ട്രീയ നിയമനങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെ അനവസരത്തിലുള്ള ശമ്പളപരിഷ്കരണവും സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി യഥാസമയം പിരിക്കുന്നതില്‍ കാട്ടുന്ന അനാസ്ഥയുമെല്ലാം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയപ്പോഴും എല്ലാം ഭദ്രമാണെന്ന് ഇത്രയുംനാള്‍ വീമ്പിളക്കിയവരാണ് ഇപ്പോള്‍ നികുതിവര്‍ധന വലിയ ഭാരമൊന്നുമല്ലെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്.
അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ 70,000 കോടി രൂപ പിരിച്ചെടുക്കാനുള്ളതില് വീഴ്ച വരുത്തിയെന്നാണ് യുഡിഎഫ് ധവളപത്രത്തില്‍ പറഞ്ഞിരുന്നത്. സംയോജിത ചരക്ക്-സേവന നികുതി (ഐജിഎസ്ടി) റിട്ടേണുകള്‍ ഘടനാപരമായി പരിഷ്കരിക്കാത്തതിനാല് സംസ്ഥാനത്തിന് പ്രതിവര്‍ഷം നഷ്ടം 5,000 കോടി രൂപയാണ്. ഇങ്ങനെ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തിന് ശരാശരി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ ധനമന്ത്രി മറന്നുപോയതാണോ?
പിണറായിയുടെ സ്വപ്നപദ്ധതിയായ കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ഇക്കുറി ബജറ്റില്‍ ഒന്നും പറയുന്നില്ല. പകരം, വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസായ ഇടനാഴിക്കുള്ള 60,000 കോടി രൂപയുടെ പൊതു-സ്വകാര്യമേഖല പങ്കാളിത്ത പദ്ധതിയെക്കുറിച്ചാണ് പുതിയ വായ്ത്താരി. അദാനി പോര്‍ട്സിന്റെ ഭാവി എന്തായാലും, ആഗോള ചരക്കുനീക്കത്തിന്റെ 30-40 ശതമാനം കൈകാര്യം ചെയ്യുന്ന മേഖലയില്‍, ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ഹബായി വിഴിഞ്ഞത്തെ പിണറായി സര്‍ക്കാര്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു. കിഫ്ബി പദ്ധതി വിഹിതത്തെക്കുറിച്ച് മറ്റൊരിടത്തും പറയുന്നില്ലെങ്കിലും വിഴിഞ്ഞം ഇടനാഴിയിലെ റിങ് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയുടെ 1000 കോടി വകയിരുത്തുന്നുമുണ്ട്.
കേരളത്തിലെ ഇടതുഭരണകൂടത്തിന്റെ രാജ്യാന്തര പ്രതിഛായയുടെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍, യുക്രെയ്നിലെ റഷ്യന്‍ സൈനിക ഇടപെടല്‍ മുന്‍കൂട്ടി കണ്ടതുപോലെ ലോകസമാധാന കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടാനായി രണ്ടു കോടി നീക്കിവച്ചത് യുഎന്‍ ജനറല്‍ അസംബ്ലിയുടെയും നൊബേല്‍ സമാധാന സമിതിയുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോള്‍, തുര്‍ക്കി ഭൂകമ്പ ദുരിതാശ്വാസത്തിന് പത്തുകോടി രൂപ ബജറ്റില്‍ വകകൊള്ളിച്ച് പിണറായി സര്‍ക്കാര്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെയും ഇസ്ലാമിക ലോകത്തിന്റെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമാകുന്നു. ജി20 പ്രസിഡന്സിയില്ലെങ്കിലും മോദിയുടെ ‘വസുധൈവ കുടുംബകം’ ശ്ലോകം പിണറായിക്കും ഹൃദയത്തിലേറ്റാന്‍ സവിശേഷ സെസ് ഒന്നും വേണ്ടല്ലോ!