ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി റോജര്‍ മിഷേല്‍ സംവിധാനം ചെയ്ത കോമഡി സിനിമയാണ് ദി ഡ്യൂക്ക്. വെനീസ് ഫിലിം ഫെസ്റ്റിവലിലാണ് സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കോമഡിക്കു പ്രാധാന്യം നല്കുന്ന ചിത്രങ്ങള്‍ക്ക് വമ്പന്‍ മേളകളില്‍ വലിയ പ്രാധാന്യം നല്‍കാറില്ല എന്ന വസ്തുത ദി ഡ്യൂക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്തി എന്നതിന് തെളിവാണ്. വെറും തമാശയല്ല ദി ഡ്യൂക്കെന്നും സിനിമ കാണുമ്പോള്‍ ബോധ്യപ്പെടും. 1961-ല്‍ ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ നിന്ന് പ്രശസ്ത ചിത്രകാരന് ഫ്രാന്‍സിസ്കോ ഡി ഗോയയുടെ വെല്ലിംഗ്ടണ്‍ ഡ്യൂക്കിന്റെ ഛായാചിത്രം കവര്‍ച്ച നടത്തിയ സംഭവമാണ് റിച്ചാര്‍ഡ് ബീന്‍, ക്ലൈവ് കോള്മാന് എന്നിവരുടെ തിരക്കഥയ്ക്ക് ആധാരം. 2022 ഫെബ്രുവരി 25-ന് യുകെയിലെ സിനിമാശാലകളില്‍ സിനിമ റിലീസ് ചെയ്യും മുമ്പ് സംവിധായകന് റോജര്‍ മിഷേല്‍ മരിച്ചു എന്നതാണ് ട്രാജഡി.
ഭീകരനായ കടല്‍കൊള്ളക്കാരന്‍ ബ്ലാക്ക് ബിയര്‍ഡ്, സീരിയല്‍ കില്ലര്‍മാരായ ജാക്ക് ദി റിപ്പര്‍, പീറ്റര്‍ സ്കുലിഫെ, ഹരോള്‍ഡ് ഷിപ്മാന്, മേരി ആന്‍ കോട്ടണ്‍, ഗുണ്ടാ നേതാവ് റൊണാള് ക്രേ, ഗ്രേറ്റ് ട്രെയിന്‍ റോബറിക്കു പിന്നിലെ ബുദ്ധികേന്ദ്രമായ ബ്രൂസ് റെയ്നോള്‍ഡ്സ് തുടങ്ങി നിരവധി കുപ്രസിദ്ധരായ കുറ്റവാളികളെ സംഭാവന ചെയ്ത രാജ്യമാണ് ബ്രിട്ടന്. പല കുറ്റവാളികളും പിടിക്കപ്പെടാതെ അജ്ഞാതരായി തുടരുന്നു. കുറ്റവാളികള്‍ പിന്നീട് പ്രശസ്തരും ആരാധനാപാത്രങ്ങളുമാകുന്ന പതിവും അവിടെയുണ്ട്. സ്കോട്ലന്ഡ് യാര്‍ഡ് പോലുള്ള ബുദ്ധിരാക്ഷസന്മാരായ കുറ്റാന്വേഷകരുടെ കേന്ദ്രവും ഇവിടെതന്നെ. അത്തരമൊരു മേഖലയിലാണ് അതീവ സുരക്ഷാക്രമീകരണങ്ങളുള്ള ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ നിന്ന് പ്രശസ്തവും വിലപിടിച്ചതുമായ ഒരു ചിത്രം മോഷ്ടിക്കപ്പെടുന്നത്. പൊലീസുകാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കുറ്റവാളിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. സിനിമയില്‍ ജിം ബ്രോഡ്ബെന്റാണ് കെംപ്ടണ്‍ കാനന്‍ ബണ്ടന് എന്ന ഈ മോഷ്ടാവിനെ അവതരിപ്പിക്കുന്നത്. ഇയാളുടെ കോടതി വിചാരണയോടെയാണ് ചിത്രം ആരംഭിക്കുന്നത്.
കെംപ്ടണ്‍ ബണ്ടന് 60കളിലെത്തിയ ഒരു സാധാരണക്കാരനാണ്. കുടുംബം പുലര്‍ത്താനായി അയാള്‍ ഡ്രൈവര്‍ ജോലി ചെയ്യുകയും ഭാര്യ ഡൊറോത്തി (ഹെലന് മിറന്) മറ്റു വീടുകളില്‍ പണിയെടുക്കുകയും ചെയ്യുന്നു. മൂത്ത മകന് കെന്നി (ജാക്ക് ബന്ദേര), കെന്നിയുടെ ധിക്കാരിയായ കാമുകി പമ്മി (ഷാര്‍ലറ്റ് സ്പെന്‍സര്‍), ഇളയമകന് ജാക്കി (ഫിയോണ് വൈറ്റ്ഹെഡ്) തുടങ്ങിയവരും സജീവ സാന്നിധ്യമാണ്. ബ്രിട്ടനില്‍ ടിവി ഉപയോഗിക്കുന്നതിന് അക്കാലത്ത് ലൈസന്‍സ് വേണമായിരുന്നു. ലൈസന്‍സില്ലാതെ ടിവി കണ്ടു എന്ന കുറ്റത്തിന് കെംപ്ടണ്‍ ബണ്ടനെ പൊലീസ് പിടിക്കുകയും 13 ദിവസം ജയിലിലടക്കുകയും ചെയ്തു. വയോജനങ്ങള്‍ക്ക് ടിവി ലൈസന്‍സ് ഒഴിവാക്കണമെന്ന ഒരു പ്രചാരണ പരിപാടി അയാള്‍ അതോടെ ആരംഭിക്കുകയാണ്. ലൈസന്‍സ് എടുക്കാനുള്ള സാമ്പത്തികശേഷി കെംപ്ടണ്‍ ബണ്ടന് ഉണ്ടെങ്കിലും എല്ലാവര്ക്കും അതിന് സാധിക്കാത്തതിനാലാണ് താനും എടുക്കാത്തതെന്ന് ബണ്ടന് പറയുന്നു. എന്നാല്‍ അധികൃതര്‍ കനിയുന്നില്ല.
യാത്രക്കാരോട് അമിതമായി സംസാരിക്കുകയും ഒന്നാം ലോകമഹായുദ്ധ വിമുക്തഭടനും ദരിദ്രനുമായ വികലാംഗന് സൗജന്യ സവാരി നല്‍കുകയും ചെയ്തതിനാല്‍ കെംപ്ടനെ ടാക്സി ഡ്രൈവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അമേരിക്കന്‍ കോടീശ്വരനായ ചാള്‍സ് ബിയറര്‍ റൈറ്റ്സ്മാന് വലിയ വില കൊടുത്ത് ഫ്രാന്‍സിസ്കോ ഗോയയുടെ വെല്ലിംഗ്ടണ്‍ ഡ്യൂക്കിന്റെ ഛായാചിത്രം വാങ്ങുന്നത് ഈ അവസരത്തിലാണ്. ചിത്രം അമേരിക്കയിലേക്കു കൊണ്ടുപോകാന്‍ ചാള്‍സ് തീരുമാനിച്ചപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തില്‍ നിന്ന് ആ ചിത്രം വാങ്ങി നാഷണല്‍ ഗാലറിയില്‍ സൂക്ഷിക്കുന്നു. ഇന്‍ഫ്രാറെഡ് സെന്‍സറുകളുടെയും അലാറങ്ങളുടെയും വിപുലമായ ഇലക്ട്രോണിക് സുരക്ഷാ സംവിധാനം ഗാലറിയിലുണ്ടായിരുന്നു. താന്‍ ഈ ചിത്രം ഒരു പ്രത്യേക കാര്യത്തിനായി മോഷ്ടിക്കാന്‍ തീരുമാനിച്ചതായി കോടതി വിചാരണവേളയില്‍ ബണ്ടന് വ്യക്തമാക്കുന്നു. അതിനായി ഗാലറിയിലെ ഗാര്‍ഡുകളുമായി ചങ്ങാത്തം കൂടി സുരക്ഷാസംവിധാനങ്ങളെ കുറിച്ച് മനസിലാക്കി. രാവിലെ ഗാലറി അടിച്ചുവാരി വൃത്തിയാക്കുന്നതിനായി കുറച്ചു സമയം സുരക്ഷാ സംവിധാനങ്ങള്‍ ഓഫ് ചെയ്യാറുണ്ടെന്നറിഞ്ഞ അയാള്‍ ആ സമയം ഒരു ടോയ്ലറ്റിന്റെ ജനല്‍ ഇളക്കിമാറ്റി അതുവഴി അകത്തുകയറി ചിത്രം മോഷ്ടിച്ചു – ഇതാണ് കോടതിയിലെ അയാളുടെ കുറ്റസമ്മതം.
മോഷ്ടിച്ച ചിത്രം തന്റെ വീട്ടിലെ ചുമരില്‍ വിദഗ്ധമായി ഉണ്ടാക്കിയ ഒളിയിടത്തില്‍ ഭദ്രമായി വയ്ക്കുകയും ചെയ്തു. മകന് ജാക്കിയാണ് അതിനുള്ള സഹായം ചെയ്തത്. ടിവി ലൈസന്‍സിന് പണം നല്കുന്നതില് നിന്ന് പ്രായമായവരെ ഒഴിവാക്കിയാല്‍ പെയിന്റിംഗ് തിരികെ നല്‍കാമെന്ന് സര്‍ക്കാരിന് ഊമക്കത്തുകളെഴുതുകയാണ് കെംപ്ടണ്‍. എന്നാല്‍ സര്‍ക്കാരിന് ഒരു മയവുമില്ല, നയത്തില്‍ മാറ്റവുമില്ല. അതിനിടെ മകന് കെന്നിയും അവന്റെ കാമുകി പമ്മിയും വീട്ടില്‍ വരുമ്പോള്‍ ഒളിച്ചുവച്ച പെയിന്റിംഗ് പമ്മി കണ്ടുപിടിക്കുന്നു. പമ്മി കെംപ്ടനെ ഭീഷണിപ്പെടുത്തുന്നു. തനിക്ക് പണം തന്നില്ലെങ്കില്‍ സംഭവം പുറത്തുപറയുമെന്ന് അവള് ഭാവി അമ്മായിയപ്പനെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണ്. 1965ല്‍, മോഷണം നടന്ന് നാലു വര്‍ഷത്തിനു ശേഷം, ബണ്ടന് ബര്‍മിങ്ഹാം ന്യൂ സ്ട്രീറ്റ് റെയില്‍വേ സ്റ്റേഷനിലെ ലെഫ്റ്റ് ലഗേജ് ഓഫീസ് വഴി സ്വമേധയാ പെയിന്റിംഗ് തിരികെ നല്‍കുകയും ആറാഴ്ചയ്ക്കു ശേഷം പൊലീസിനു കീഴടങ്ങുകയും ചെയ്തു.
കോടതിയില്‍ അയാളെ സഹായിക്കാന്‍ സന്നദ്ധനായി വിദഗ്ധനായ അഭിഭാഷകന് ജെറമി ഹച്ചിന്‍സണ്‍ എത്തുന്നു. ചിത്രം ശാശ്വതമായി കൈവശം വയ്ക്കാനോ അതു വില്‍ക്കാനോ കെംപ്ടന് പദ്ധതിയുണ്ടായിരുന്നില്ലെന്ന് വക്കീല്‍ വാദിച്ചു. അതുകൊണ്ടാണ് ചിത്രം തിരികെ നല്‍കിയത്. വൃദ്ധര്‍ക്ക് ടിവി സൗജന്യമായി ഉപയോഗിക്കാന്‍ കഴിയണമെന്ന തന്റെ പ്രചരണത്തിന് പണം കണ്ടെത്താന്‍ താല്‍ക്കാലികമായി ഗാലറിയില്‍ നിന്ന് ചിത്രം കടംവാങ്ങുകയായിരുന്നുവെന്ന വിചിത്രമായ വാദവും കെംപ്ടണ്‍ കോടതിയില്‍ ഉന്നയിച്ചു. കോടതി മുറിയിലെ അദ്ദേഹത്തിന്റെ വാദങ്ങളും നിലപാടുകളും മാധ്യമങ്ങളെയും പ്രോസിക്യൂട്ടര്‍മാരെയും ജഡ്ജിയെയും പോലും ആകര്‍ഷിക്കുന്നു. താന്‍ പറയുന്നതിലെ യുക്തിയെ കുറിച്ചു ചിന്തിക്കാന്‍ കെംപ്ടണ്‍ പറയുന്നത് അവര്‍ക്കു ബോധ്യപ്പെടുന്നു. കാണാതായ ചിത്രം മോഷ്ടിച്ചയാള്‍ നിരുപാധികം തിരികെ നല്കുമ്പോള്, ആ കുറ്റത്തിന് അയാളെ ശിക്ഷിക്കാനുള്ള വകുപ്പൊന്നും അന്ന് നിയമത്തില്‍ ഉണ്ടായിരുന്നുമില്ല.
വിചാരണയുടെ അവസാനഘട്ടത്തില്‍ ചിത്രം മോഷ്ടിച്ച കുറ്റത്തില്‍ നിന്ന് ജഡ്ജി കെംപ്ടനെ മോചിപ്പിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ ഫ്രെയിം തിരികെനല്‍കാത്തതിനാല്‍ ചെറിയ ശിക്ഷ വിധിക്കുകയും ചെയ്യുന്നു. 1976-ല്‍ യഥാര്‍ത്ഥ കെംപ്ടണ്‍ ബണ്ടന് അന്തരിച്ചു – തന്റെ സിനിമ റിലീസ് ചെയ്യുന്നതു കാണാന്‍ സംവിധായകനായ റോജര്‍ മിഷേലിനു കഴിയാഞ്ഞതു പോലെ
ഇംഗ്ലണ്ടിലെ 75 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും ടിവി സൗജന്യമാക്കുന്ന നിയമം തന്റെ വിചിത്രമായ പദ്ധതി വഴി നടപ്പാകുന്നതു കാണാന്‍ യഥാര്‍ത്ഥ കെംപ്ടണ്‍ ബണ്ടണും ജീവിച്ചിരുന്നില്ല.
ചിത്രം ഗാലറിക്ക് മടക്കി നല്കി നാലു വര്‍ഷത്തിനു ശേഷം ബണ്ടന്റെ മകന് ജാക്കി, താനാണ് ചിത്രം മോഷ്ടിച്ചതെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. 2012-ല്‍, ഒരു വിവരാവകാശ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് നാഷണല്‍ ആര്‍ക്കൈവ്സ് പബ്ലിക് പ്രോസിക്യൂഷന് ഡയറക്ടറില്‍ നിന്ന് ഒരു രഹസ്യഫയല്‍ പുറത്തിറക്കി. നാഷണല്‍ ഗാലറി പുറത്തുവിട്ട രേഖകള്‍ പ്രകാരം, കെംപ്ടണല്ല മോഷണം നടത്തിയിരിക്കുന്നതെന്നും മറ്റൊരാള്‍ മോഷണം നടത്തി പെയിന്റിംഗ് കൈമാറുകയായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടു. ബണ്ടന്റെ മകന് കുറ്റസമ്മതം നടത്തിയതായും വെളിപ്പെടുത്തിയിരുന്നു. പക്ഷേ അയാളെ ശിക്ഷിക്കാനാവാശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടാണെന്നും കുറ്റസമ്മതം പ്രോസിക്യൂട്ട് ചെയ്യാന്‍ പര്യാപ്തമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയതിനാലും പൊലീസ് തുടര്‍നടപടികള്‍ കൈക്കൊള്ളാതെ കേസ് എഴുതിതള്ളുകയായിരുന്നു. 2000-ല്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബ്രിട്ടനില്‍ ടിവി ലൈസന്‍സുകള്‍ സൗജന്യമാക്കിയെന്ന കുറിപ്പോടെ സിനിമ അവസാനിക്കുന്നു.
ഡോണ്‍ ക്വിക്സോട്ടെന്നും റോബിന് ഹുഡെന്നും മറ്റും ചിത്രത്തില്‍ കെംപ്ടനെ വിശേഷിപ്പിക്കുന്നുണ്ട്. അശരണരായ വൃദ്ധര്‍ക്കായി അയാള്‍ നടത്തിയ പോരാട്ടമായിരുന്നു വലിയൊരു മോഷണത്തില്‍ കലാശിച്ചതെന്നാണ് വ്യാഖ്യാനം. എന്നാല്‍ അന്നത്തെ നിയമങ്ങള്‍ വച്ച് അയാളെ ശിക്ഷിക്കാനും കഴിഞ്ഞില്ല. ഈ സംഭവത്തോടെ ഗാലറികളില്‍ മോഷണം നടന്നാല്‍ പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നിയമഭേദഗതികള്‍ സര്‍ക്കാര്‍ വരുത്തി. കുറ്റകൃത്യം മഹത്തായ ലക്ഷ്യത്തോടെയാണ് ചെയ്യുന്നതെങ്കില്‍ അത് ന്യായീകരിക്കപ്പെടും എന്നു വിശ്വസിക്കുന്ന ഇംഗ്ലീഷുകാര്‍ക്ക് ഈ സിനിമ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു. ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ നിന്ന് ഒരു കലാസൃഷ്ടി വിജയകരമായി മോഷ്ടിച്ച ചരിത്രത്തിലെ ഒരേയൊരു കള്ളനായി കെംപ്ടണ്‍ ബണ്ടന് ഇപ്പോഴും രേഖകളിലുണ്ട്; യഥാര്‍ത്ഥത്തില്‍ നടന്നതെന്തെന്ന് ഇപ്പോഴും വ്യക്തമല്ലതാനും.
കെംപ്ടണായി ജിം ബ്രോഡ്ബെന്റ് ഉജ്വലമായി പുനരവതരിച്ചു. അയാളുടെ നിസഹായയായ ഭാര്യയുടെ വേഷത്തില്‍ ഹെലന് മിറനും മികച്ച അഭിനയം കാഴ്ചവച്ചു. അവരുടെ വീട്ടില്‍ നിങ്ങളും (പ്രേക്ഷകന്) ഉണ്ടെന്ന തോന്നലുണ്ടാക്കാന്‍ സംവിധായകനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിലെ ബ്രിട്ടനെ പുനസൃഷ്ടിച്ചുവെന്നത് സിനിമയുടെ സാങ്കേതിക മേന്മ വര്‍ദ്ധിപ്പിക്കുന്നു.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കെംപ്ടന് ബണ്ടന്റെ ചെറുമകന് ക്രിസ്റ്റഫര്‍ ബണ്ടന് തന്റെ മുത്തച്ഛന്റെ മോഷണത്തെക്കുറിച്ചുള്ള മുമ്പ് അറിയാത്ത വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത് മാധ്യമങ്ങള്‍ക്ക് സദ്യയായിരുന്നു. 1975ല്‍ കെംപടണ് മരിക്കുമ്പോള്‍ മാധ്യമങ്ങളൊന്നും തിരിഞ്ഞുനോക്കിയിരുന്നില്ല. കെംപ്ടണ്‍ ബണ്ടണ് എന്ന പേരില്‍ റിച്ചാര്‍ഡ് വോയ്സിന്റെ ഒരു പുസ്തകവും ലൂക്ക് ബേറ്റ്മാന്റെ സംഗീത ആല്‍ബവും അടുത്തിടെ പുറത്തിറങ്ങുകയുണ്ടായി.