കോട്ടപ്പുറം: തീരദേശത്തിന്റെ സുവിശേഷ പ്രഘോഷകനും അദ്ഭുത പ്രവര്‍ത്തകനുമായ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയെ ദൈവദാസനായി പ്രഖ്യാപിച്ചു. ദൈവദാസനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തോടെ ഫാ. തിയോഫിലസ് പാണ്ടിപ്പിളളിയുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ ഔപചാരികമായി ആരംഭിച്ചു. ഡിസംബര്‍ 26ന് വൈകീട്ട് 3 ന് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടപ്പുറം രൂപതയിലെ വടക്കന്‍ പറവൂര്‍ മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളിയില്‍ നൂറു കണക്കിന് സന്ന്യസ്തരേയും ആയിരക്കണക്കിന് വിശ്വാസികളേയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ച് അര്‍പ്പിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ നാമകരണ നടപടികളുടെ നൈയാമിക പ്രാദേശിക സഭാധികാരിയായ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യ കാര്‍മികത്വം വഹിച്ചു. ദൈവദാസന് എന്ന പ്രഖ്യാപനത്തോടെ നീണ്ട ഒരു കാനോനിക പ്രക്രിയ ഔപചാരികമായി സമാരംഭിച്ചിരിക്കുകയാണെന്ന് ബിഷപ് ജോസഫ് കാരിക്കശേരി പറഞ്ഞു. ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി വിശുദ്ധനാകുക എന്നത് സഭയുടെയും വിശ്വാസികളുടേയും വലിയ ആഗ്രഹമാണ്. അതിനു വേണ്ടിയുള്ള പ്രാര്‍ഥനകളില്‍ മുഴുകാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
ആര്‍ച്ച്ബിഷപ്പ് എമിരിത്തുസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന്റെ ലത്തീനിലുള്ള ബൂള വായിച്ച് ദൈവദാസ പദവി പ്രഖ്യാപനം നടത്തി. കോട്ടപ്പുറം രൂപത ചാന്‍സലര്‍ റവ. ഡോ. ബെന്നി വാഴക്കുട്ടത്തില്‍ ബൂളയുടെ മലയാള പരിഭാഷ വായിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദൈവദാസന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചന പ്രഘോഷണം നടത്തി.
ദിവ്യബലിക്കു ശേഷം മടപ്ലാതുരുത്ത് സിമിത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ദൈവദാസന്റെ കബറിടത്തില്‍ അര്‍പ്പിച്ച പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും നേതൃത്വം നല്കി. മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസ് കോട്ടപ്പുറം സ്വാഗതവും കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍ നന്ദിയും അര്‍പ്പിച്ചു.
കോട്ടപ്പുറം രൂപതയിലെയും വരാപ്പുഴ അതിരൂപതയിലെയും വിവിധ സന്ന്യാസ സമൂഹങ്ങളിലെയും നിരവധി വൈദികര്‍ സഹകാര്‍മികരായി. പ്രൗഢഗംഭീരമായിരുന്ന തിരുകര്‍മ്മങ്ങളില്‍ നിരവധി സന്ന്യസ്തരും വരാപ്പുഴ, കോട്ടപ്പുറം രൂപതകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.
Trending
- UNHCR ന്റെ നടപടിയെ സുപ്രീം കോടതി അപലപിച്ചു
- ഹിജാബ് ധരിപ്പിക്കണമെന്ന സമ്മർദ്ദം: സ്കൂൾ അടച്ചിടേണ്ട ഗതികേടിൽ
- ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു
- ഫാ.ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
- ഫാത്തിമ സൂര്യാത്ഭുതം; 108 വർഷം തികയുന്നു
- സെന്റ് പീറ്റേഴ്സ് ബസ്സിലിക്ക ആശുദ്ധമാക്കാൻ ശ്രമം
- ജനതാ ദൾ പിളർന്നു: എൻ ഡി എ യിലേക്ക് എന്നു സൂചന
- കാട്ടാന ആക്രമണത്തിൽ രണ്ട് മരണം