ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം
മതം പക്ഷം പിടിക്കാനും, പക്ഷപാതപരമായ തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാനും, രാഷ്ട്രീയ സ്ഥാപനത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാര്‍ദത്തെയും ബഹുസ്വരതയെയും ബാധിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കുകയും മതത്തെ രാഷ്ട്രീയമായ ഒരു മുതലാളിത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭീകരത. ഇവിടെ രാഷ്ട്രീയം മതേതരമല്ലാത്തതുകൊണ്ടാണ് എല്ലാ മതനേതാക്കളും ആ രാഷ്ട്രീയത്തിന്റെ നേതാവിനെ തങ്ങളുടെ സുഹൃത്താക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും അയാളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ക്കു പോലും വിശുദ്ധവ്യാഖ്യാനം നല്കുവാന് ശ്രമിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് മോദിയെ കണ്ടു കഴിഞ്ഞപ്പോള്‍ പാണക്കാട് തങ്ങള്‍ക്കും ആന്‍ഡ്രൂസ് താഴത്ത് മെത്രാനും ഒരേ സ്വരവും ഒരേ ഗാനവും ഉണ്ടായത്.
രാഷ്ട്രീയവും സഭയും തമ്മിലുള്ള ബന്ധം വളരെ സൂക്ഷ്മമായ ഒരു വിഷയമാണ്. പരസ്പരം ഇടപെട്ടാലും നിസ്സംഗമായാലും വിപരീതമായ അനന്തരഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളാണവ. എങ്കിലും രാഷ്ട്രീയത്തെ അവഗണിക്കാന്‍ സഭയ്ക്ക് പറ്റില്ല. കാരണം അതിന് ക്രൈസ്തവരുടെ തിരഞ്ഞെടുപ്പുകളെയും പ്രതിബദ്ധതകളെയും സ്വാധീനിക്കാന്‍ മാത്രമല്ല, ക്രമേണ വെല്ലുവിളിക്കാനും സാധിക്കും. സഭയെ സംബന്ധിച്ച് സാമൂഹിക-രാഷ്ട്രീയ അവസ്ഥകള്‍ ഒരു ബാഹ്യപ്രശ്നമല്ല, അതിന്റെ സ്വത്വത്തെയും ഉത്തരവാദിത്തങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും സജീവവുമായ ധ്രുവീകരണത്തിന്റെയും വര്‍ഗീയതയുടെയും പശ്ചാത്തലത്തില്‍ ക്രൈസ്തവ സമൂഹങ്ങളെയും അവരുടെ നേതാക്കളെയും സുവിശേഷാത്മകമായ ഒരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുക എന്നത് സഭയുടെ ധര്‍മ്മമാണ്. ഈ അവസരത്തിലാണ് നമ്മള് സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ ഓര്‍മ്മിക്കേണ്ടത്.
രാഷ്ട്രീയമായ ഏത് ഇടപെടലിലും പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും അവയിലെ ചിന്തനകള്‍ നമ്മെ പ്രകാശിപ്പിക്കുകയും നയിക്കുകയും വേണം. കാരണം, കക്ഷിരാഷ്ട്രീയത്തിന്റെ കെണിയിലോ തീവ്ര വലതുപക്ഷത്തിന്റെ മതാത്മകതയിലോ സഭ അകപ്പെടരുത്. സഭയുടെ രാഷ്ട്രീയ പ്രബോധനങ്ങള്‍ രണ്ട് പ്രധാന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: ഒന്ന്, മൂല്യാധിഷ്ഠിത രാഷ്ട്രീയം; രണ്ട്, രാഷ്ട്രീയ സ്വാധീനമില്ലാത്ത മതത്തിന്റെ സ്വയംഭരണം.
രാഷ്ട്രത്തോടുള്ള പൗരന്മാരുടെ പ്രതിബദ്ധതയാണ് രാഷ്ട്രീയം. അതില്‍ മൂല്യമാണ് ഏറ്റവും പ്രഥമവും പ്രധാനവും. എന്താണ് രാഷ്ട്രീയ മൂല്യം? നിയമത്തിലും നീതിയിലും സ്ഥാപിതമായ ഒരു സാമൂഹികാവസ്ഥയാണത്. അങ്ങനെയാകുമ്പോള്‍ പൊതുനന്മ രാഷ്ട്രീയ മൂല്യങ്ങളുടെ അടിത്തറയും അടിസ്ഥാനവുമാകും. പൊതുനന്മ ഒരു ധാര്മ്മികനന്മയാണ്. അതില്‍ അടങ്ങിയിരിക്കുന്നത് ഒഴിവാക്കാനാവാത്ത കടമയുടെയും ഉത്തരവാദിത്തത്തിന്റെയും തത്വമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ധാര്‍മികതയുടെ അടിത്തറ ഒരിക്കലും മതമാകരുത്, മനുഷ്യത്വമാകണം. ഇവിടെയാണ് രാഷ്ട്രീയത്തിലുള്ള സഭയുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം. മനുഷ്യത്വത്തില്‍ വിദഗ്ദ്ധവും ആര്‍ദ്രവുമാണ് സഭ. ആ നിലയ്ക്ക് മാനവികതയുടെ നന്മയിലും വിധിയിലുമുള്ള രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വ്യക്തമായ ഉറപ്പു നല്കാന് സഭയ്ക്ക് സാധിക്കും.
മതതീവ്രവാദത്തിലേക്കും ഫാസിസത്തിലേക്കും വഴുതിമാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കത്തോലിക്കാ സഭയുടെ പ്രതിബദ്ധത സുവിശേഷത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ട് മനുഷ്യത്വത്തിന്റെ പാതയെ ചൂണ്ടിക്കാണിക്കുക എന്നതാണ്. അതൊരു പൊളിറ്റിക്കല്‍ ചാരിറ്റി ആണ്. പീയൂസ് പതിനൊന്നാമന്‍ പാപ്പ പറഞ്ഞതുപോലെ രാഷ്ട്രീയ മേഖലയിലും ചാരിറ്റി വേണം. അത് ഏറ്റവും വിശാലമായ ഉപവിയുടെ മേഖലയാണ്. അപരവിദ്വേഷവും ക്രൂരമായ മുതലാളിത്തവും നുണകളുടെ സത്യവത്കരണവും ധ്രുവീകരണ ലക്ഷ്യത്തോടു കൂടിയുള്ള പ്രചരണങ്ങളും നമ്മുടെയിടയില്‍ നിന്നും ധാര്‍മികതയും പൊതുനന്മയും ഇല്ലാതാക്കുന്നുണ്ട്.
ഈ സന്ദര്‍ഭത്തില്‍, ഓരോ ക്രൈസ്തവനും തന്റെ ജീവിതാന്തസ്സിന്റെ പരിസരത്തില്‍ നിന്നുകൊണ്ട് രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുക എന്നത് മാനവികതയ്ക്ക് നല്കാന് സാധിക്കുന്ന ഏറ്റവും വലിയ ചാരിറ്റിയാണ്. ഈ പൊളിറ്റിക്കല്‍ ചാരിറ്റിക്ക് ഏത് രാഷ്ട്രീയത്തിന്റെയും സ്ഥാപനപരമായ മധ്യസ്ഥതയ്ക്ക് അകത്തു നിന്നുകൊണ്ട് സഹജരെ നേരിട്ട് കണ്ടുമുട്ടുന്ന ഉപവിയേക്കാള് ശക്തവും മൂര്‍ച്ചയുള്ളതുമായ നന്മകളിലേക്ക് വികസിക്കുവാന്‍ സാധിക്കും. ഒരു നുള്ള് പുളിമാവ് എല്ലാം മാവിനെയും പുളിപ്പിക്കുന്നതുപോലെ മനുഷ്യത്വമാകുന്ന രാഷ്ട്രീയ ഉപവിക്ക് ഒരു രാജ്യത്തെതന്നെ രക്ഷിക്കാന്‍ സാധിക്കും. ഇങ്ങനെയുള്ള രാഷ്ട്രീയ ഇടപെടലുകളെയും പ്രതിബദ്ധതകളെയും പ്രത്യേക വിളിയായും വിശുദ്ധീകരണത്തിന്റെയും സുവിശേഷവല്‍ക്കരണത്തിന്റെയും പാതയായും സാധാരണ വിശ്വാസികളില്‍ അവതരിപ്പിക്കുന്നതിനു പകരം ഫാസിസത്തിന്റെ വക്താക്കളോട് രാജിയാകുകയും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നില്ല എന്ന രീതിയിലുള്ള കപട പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നത് രാഷ്ട്രീയ ഭീരുത്വം ആണെന്ന തിരിച്ചറിവ് നമ്മുടെ സഭാധികാരികള്‍ക്കും ഉണ്ടാകണം.
രാഷ്ട്രീയത്തില്‍ മതത്തിന് സ്ഥാനമില്ല എന്നത് വെറുമൊരു സ്ലോഗന് മാത്രമല്ല. അതൊരു രാഷ്ട്രീയമൂല്യവും പ്രതിബദ്ധതയുമാണ്. പക്ഷേ ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യേകത അത് മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും രാഷ്ട്രീയത്തില്‍ നിന്ന് മതത്തിന്റെ സ്വയംഭരണം കൈവശപ്പെടുത്തുകയും ചെയ്തു എന്നതാണ്. രാഷ്ട്രീയവും മതവും വ്യത്യസ്ത മേഖലകളാണ്. രാഷ്ട്രീയത്തിലൂടെ മതത്തിന്റെ കഴിവുകളെയോ മതത്തിലൂടെ രാഷ്ട്രീയത്തിന്റെ നന്മകളെയോ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് വെറുതെയാണ്. അതുകൊണ്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ഗൗദിയും എത് സ്പെസ് പഠിപ്പിക്കുന്നത്; സഭ ഏതെങ്കിലും രാഷ്ട്രീയ ചിന്തകളുമായിട്ടോ കക്ഷികളുമായിട്ടോ ഒരുതരത്തിലുള്ള ആശയക്കുഴപ്പത്തിലോ ബന്ധത്തിലോ ഏര്‍പ്പെടുന്നില്ല. രാഷ്ട്രീയവും മതവും അവരുടേതായ മേഖലകളില്‍ പരസ്പരം സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമാണ്.
മതത്തിന് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതുപോലെ രാഷ്ട്രീയം മതത്തിന്റെ മേഖലയെ ആക്രമിക്കാനും പാടില്ല. മതം പക്ഷം പിടിക്കാനും, പക്ഷപാതപരമായ തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാനും, രാഷ്ട്രീയ സ്ഥാപനത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാര്‍ദത്തെയും ബഹുസ്വരതയെയും ബാധിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കുകയും മതത്തെ രാഷ്ട്രീയമായ ഒരു മുതലാളിത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭീകരത.
ഇവിടെ രാഷ്ട്രീയം മതേതരമല്ലാത്തതുകൊണ്ടാണ് എല്ലാ മതനേതാക്കളും ആ രാഷ്ട്രീയത്തിന്റെ നേതാവിനെ തങ്ങളുടെ സുഹൃത്താക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും അയാളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ക്കു പോലും വിശുദ്ധവ്യാഖ്യാനം നല്കുവാന് ശ്രമിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് മോദിയെ കണ്ടു കഴിഞ്ഞപ്പോള്‍ പാണക്കാട് തങ്ങള്‍ക്കും ആന്‍ഡ്രൂസ് താഴത്ത് മെത്രാനും ഒരേ സ്വരവും ഒരേ ഗാനവും ഉണ്ടായത്.
രാഷ്ട്രീയത്തിലെ സെക്കുലറിസം മതപരമായ മേഖലകളില്‍ നിന്നുള്ള സ്വയംഭരണമാണ്. അത് ധാര്‍മിക മേഖലകളില്‍ നിന്നുള്ള സ്വയംഭരണമാണെന്നു കരുതരുത്. മതനിരപേക്ഷമായ സെക്കുലറിസം ക്രൈസ്തവ നാഗരികതയുടെ പൈതൃകമാണ്. രാഷ്ട്രീയത്തെ മതവല്‍ക്കരിക്കുകയോ മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയോ എന്നത് സഭയുടെ ധാര്‍മിക സങ്കല്പങ്ങളിലോ സുവിശേഷ സങ്കല്‍പ്പങ്ങളിലോ ഇല്ല. പക്ഷേ രാഷ്ട്രീയത്തില്‍ നിന്നും ധാര്‍മികത നഷ്ടപ്പെടുമ്പോള്‍ അതിലൊരു പ്രവാചക ശബ്ദത്തോടെ ഇടപെടുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. അത് സഭയുടെ പൊളിറ്റിക്കല്‍ ചാരിറ്റി ആണ്. അതിനാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെ മണ്ഡലത്തിലും ച്യുതികള്‍ സംഭവിക്കുമ്പോള്‍ സഭയുടെ ഇടപെടലുകള്‍ നിസ്സംഗവും നിശബ്ദവും ആകരുത്.
മാത്രമല്ല, രാഷ്ട്രീയത്തിന്റെ മതേതര സ്വഭാവത്തിനും സ്വയംഭരണത്തിനും വിരുദ്ധമായ പക്ഷപാതപരമായ പ്രഖ്യാപനങ്ങളിലേക്കും തീരുമാനങ്ങളിലേക്കും ഒരു സ്ഥാപനമെന്ന നിലയില്‍ സഭയെ വലിച്ചിഴച്ച് ചൂഷണം ചെയ്യാന്‍ അനുവദിക്കാതിരിക്കുക എന്നത് സഭാധികാരികള്‍ പുലര്‍ത്തേണ്ട ജാഗ്രതയാണ്. കാരണം, തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. മനുഷ്യത്വത്തിനും ധാര്‍മികതയ്ക്കും വില നല്കാത്തവര് സഭയെ സംരക്ഷിക്കാം എന്നു പറഞ്ഞുകൊണ്ട് അരമനകളിലേക്ക് കടന്നുവരാന്‍ സാധ്യതയുണ്ട്. ഓര്‍ക്കുക, പൊളിറ്റിക്കല്‍ ചാരിറ്റി ഒരു മിഥ്യയല്ല. ഗൗദിയും എത് സ്പെസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു: ‘രാഷ്ട്രീയ സമൂഹവും സഭയും വ്യത്യസ്ത തലങ്ങളിലാണെങ്കിലും, ഒരേ മനുഷ്യരാശിയുടെ വ്യക്തിപരവും സാമൂഹികവുമായ വിളിയുടെ സേവനത്തിലാണ്; അവര്‍ക്കിടയില്‍ ആരോഗ്യകരമായ സഹകരണം വളര്ത്തിയെടുക്കുന്നതിനനുസരിച്ച് അവര്‍ ഈ സേവനം കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കും.’

