ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി കൊണ്ടുവന്ന നിയമം കോടതികളിൽ തിരിച്ചടി നേരിടുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഈ നിയമപ്രകാരം പൂർണ്ണമായ വിചാരണ നടന്ന അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെവിട്ടു.
മതിയായ തെളിവുകളുടെ അഭാവം, പരാതിക്കാരുടെ കൂറുമാറ്റം, പ്രലോഭനങ്ങളോ നിർബന്ധമോ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടത് എന്നിവയാണ് കോടതികൾ ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങൾ.
ദി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കോടതി രേഖകൾ പ്രകാരം, 2018-ൽ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ 62 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിൽ 51 കേസുകളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, കേവലം അഞ്ചെണ്ണം മാത്രമാണ് ഇതുവരെ വിചാരണ പൂർത്തിയാക്കിയത്. ഈ അഞ്ചിലും പ്രതികൾ കുറ്റവിമുക്തരായി. ഏഴ് കേസുകൾ വിചാരണയുടെ മധ്യത്തിൽ വെച്ച് തന്നെ തള്ളിപ്പോയി.
കോടതി നിരീക്ഷണങ്ങൾ
പല കേസുകളിലും മൂന്നാം കക്ഷികളാണ് പരാതി നൽകിയിരിക്കുന്നത്. ഇവർ ആരോപിക്കുന്ന പ്രലോഭനങ്ങളോ പണമോ നൽകിയതിന് തെളിവ് ഹാജരാക്കാൻ പോലീസിന് സാധിക്കുന്നില്ല.
മതം മാറിയെന്ന് ആരോപിക്കപ്പെട്ട പല ദമ്പതികളും തങ്ങൾ പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും നിർബന്ധപൂർവ്വമായ മതപരിവർത്തനം നടന്നിട്ടില്ലെന്നും കോടതിയിൽ മൊഴി നൽകി.എഫ്ഐആറിൽ ഉന്നയിച്ച കാര്യങ്ങൾ വിചാരണ വേളയിൽ പരാതിക്കാർ തന്നെ നിഷേധിക്കുന്ന സാഹചര്യമുണ്ടായി.
പ്രധാന കേസുകൾ
അമാൻ സിദ്ദിഖി കേസ്: വിവാഹത്തിന് ശേഷം ഭാര്യ മതം മാറില്ലെന്ന് സത്യവാങ്മൂലം നൽകിയിട്ടും അമാൻ എന്ന യുവാവിന് ആറുമാസം ജയിലിൽ കഴിയേണ്ടി വന്നു. തങ്ങളുടെ മകൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് മാതാപിതാക്കൾ അറിയിച്ചിട്ടും പോലീസ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു. ഒടുവിൽ സുപ്രീം കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
പാസ്റ്റർ നരേന്ദ്ര സിംഗ് ബിഷ്ട്: ക്രിസ്ത്യൻ മതത്തിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘടന നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ എങ്ങനെയാണ് പ്രലോഭനം നടത്തിയതെന്ന് തെളിയിക്കാൻ പോലീസിന് സാധിക്കാത്തതിനെ തുടർന്ന് ഇയാളെ കോടതി വെറുതെവിട്ടു.
2022-ലെ ഭേദഗതിക്ക് ശേഷം നിയമം കൂടുതൽ കർശനമാക്കിയിട്ടും ശിക്ഷാ നിരക്ക് പൂജ്യമായി തുടരുന്നത് ശ്രദ്ധേയമാണ്. പുതിയ ഭേദഗതി പ്രകാരം തടവുശിക്ഷ പത്ത് വർഷം വരെയാക്കി ഉയർത്തിയിട്ടുണ്ട്. നിലവിൽ വിചാരണ നേരിടുന്ന ഭൂരിഭാഗം കേസുകളിലും പ്രതികൾ ജാമ്യത്തിലാണ്.
അന്വേഷണത്തിലെ വീഴ്ചകളും നടപടിക്രമങ്ങളിലെ പിഴവുകളും കോടതികൾ പലപ്പോഴും ഉത്തരവുകളിൽ പരാമർശിച്ചിട്ടുണ്ട്.രാഷ്ട്രീയ പ്രേരിതമായ പരാതികളും മൂന്നാം കക്ഷികളുടെ അനാവശ്യ ഇടപെടലുകളുമാണ് പല കേസുകളും പരാജയപ്പെടാൻ കാരണമെന്ന വിമർശനം ഇതോടെ ശക്തമാകുകയാണ്.

