കന്ധമാൽ: ക്രൈസ്തവർക്കെതിരെ നടന്ന കപ്പാപിതിനും കൂട്ടക്കൊലയ്ക്കും വേദിയായ ഒഡീഷയിലെ കന്ധമാലിൽ വീണ്ടും പൗരോഹിത്യ വസന്തം. കന്ധമാൽ ജില്ലയിലെ ഗോദാപൂരിലെ സെന്റ് ജോസഫ്സ് ഇടവകയിൽ ജനുവരി 28നു നടന്ന തിരുക്കർമ്മങ്ങളുടെ മദ്ധ്യേ 4 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു . ഫാ. സുഗ്രിബ് ബാലിയാർസിംഗ്, ഫാ. ജോർജ് ബദ്സെത്ത്, ഫാ. സരാജ് നായക്, ഫാ. മദൻ ബാലിയാർസിംഗ് എന്നിവരാണ് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ മൂവായിരത്തോളം കത്തോലിക്ക വിശ്വാസികളെ സാക്ഷിയാക്കി വൈദിക നിയോഗത്തിലേക്ക് ഉയർത്തപ്പെട്ടത്.
വർഷങ്ങൾക്കുമുമ്പ് കന്ധമാലിൽ കൊടിയ ക്രൈസ്തവ പീഡനം അരങ്ങേറിയ സമയത്തു വളർന്നു വന്നവരാണ് ഇപ്പോൾ തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ കലാപത്തെ തുടർന്നു കുടുംബവും ക്രൈസ്തവ സമൂഹങ്ങളും കഷ്ടപ്പെടുന്നതിന് സാക്ഷികളായവരാണ് ഇവർ. വീടുകൾ ഉപേക്ഷിച്ച് വനങ്ങളിൽ ഒളിക്കാൻ ഇവർ നിർബന്ധിതരായിരിന്നു. ജീവിതത്തിൽ വെറുപ്പും ക്ഷമയും കണ്ടതാണ് ഒരു വൈദികനാകാനുള്ള തീരുമാനത്തിൽ എത്താൻ സഹായിച്ചതെന്ന് ഫാ. സുഗ്രിബ് ബാലിയാർസിങ് പറഞ്ഞു. കട്ടക്ക്-ഭുവനേശ്വറിന്റെ പുതിയ സഹായ മെത്രാനും കന്ധമാൽ സ്വദേശിയുമായ ബിഷപ്പ് രബീന്ദ്ര റാണസിങ് തിരുപ്പട്ട ശുശ്രൂഷകളിൽ മുഖ്യകാർമ്മികനായി.
കഠിനമോ അപകടകരമോ ആണെങ്കിൽ പോലും മറ്റുള്ളവരെ സേവിക്കാനാണ് ദൈവം ഇവരെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വചനസന്ദേശത്തിൽ പറഞ്ഞു. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്.
ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു. ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്.

