ബെത്ലഹേം: ഓരോ വർഷവും ദശലക്ഷകണക്കിന് ആളുകൾ സന്ദർശിക്കുന്ന യേശുവിന്റെ ജനന സ്ഥലം സ്ഥിതി ചെയ്യുന്ന ബെത്ലഹേമിലെ തിരുപിറവി ദേവാലയത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കർത്താവിന്റെ മനുഷ്യാവതാരം നടന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട ഗ്രോട്ടോയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ഫ്രാൻസിസ്കൻ വൈദികരുടെ നേതൃത്വത്തിലുള്ള കസ്റ്റഡി ഓഫ് ദി ഹോളി ലാൻഡും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും സംയുക്തമായി തീരുമാനമെടുക്കുകയായിരിന്നു.
ഭാവി തലമുറകൾക്കായി വിശുദ്ധ സ്ഥലം സംരക്ഷിക്കുന്നതിനുള്ള നടപടിയെന്നോണമാണ് തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കി. പുനരുദ്ധാരണ പദ്ധതിയിലൂടെ ആത്മീയവും ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിനും, ക്രിസ്തീയ വിശ്വാസത്തിന് ദൃശ്യമായ രൂപം സ്വീകരിച്ചതും നൂറ്റാണ്ടുകളായി എല്ലാ രാജ്യങ്ങളിലെയും വിശ്വാസികൾ തീർത്ഥാടനത്തിനായി ഒത്തുകൂടിയതുമായ സ്ഥലത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനുമുള്ള നടപടിയായാണ് കാണുന്നതെന്ന് സ്റ്റഡി ഓഫ് ദി ഹോളി ലാൻഡ് പ്രസ്താവനയിൽ കുറിച്ചു.
അർമേനിയൻ ഓർത്തഡോക്സ് അപ്പസ്തോലിക് പാത്രിയാർക്കേറ്റിന്റെ സഹകരണത്തോടെ പ്രസിഡൻഷ്യൽ ഉത്തരവ് അനുസരിച്ചു നിരവധി മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ടാണ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുക. 2024-ൽ തിരുപിറവി ദേവാലയത്തിൽ പുനരുദ്ധാരണ പ്രവർത്തികൾ നടത്താൻ അധികൃതർ അനുമതി നൽകിയിരിന്നു. സുവിശേഷ പൈതൃകം സംരക്ഷിച്ചുക്കൊണ്ട് ക്രിസ്തുവിന്റെ ജനനസ്ഥലത്തെ ഭക്തിപൂർവ്വം സന്ദർശിക്കുവാൻ സഹായകരമാകുന്ന വിധത്തിലായിരിക്കും പുനരുദ്ധാരണ പ്രവർത്തികൾ നടക്കുക. ഇറ്റാലിയൻ കമ്പനിയ്ക്കാണ് പുനരുദ്ധാരണ പ്രവർത്തികളുടെ പൂർണ്ണ ചുമതല.

