കണ്ണൂർ: കണ്ണൂർ കയ്റോസിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളുടെ പരിരക്ഷയ്ക്കായി നടപ്പിലാക്കുന്ന Kairos Elderly Care Scheme (KECS) ന്റെയും പോഷകാഹാര കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കയ്റോസ് ട്രെയിനിങ് ഹാളിൽ വച്ച് നടന്നു. കണ്ണൂർ രൂപത ബിഷപ്പ് അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിന്റെ അദ്ധ്യക്ഷത വഹിച്ചു.
സമൂഹം വളരുന്നത് കൂട്ടായ്മയിലൂടെയും പരസ്പരം ചേർന്ന് നിൽക്കലിലൂടെയും ആണെന്നും പ്രയാസപ്പെടുന്നവർക്കിടയിൽ അന്യോന്യം സഹായിക്കാനും പങ്കു വയ്ക്കാനുമുള്ള മനസ് വരുമ്പോഴാണ് സമൂഹത്തിനു വികസിക്കുവാൻ സാധ്യമാകുന്നതെന്നും പിതാവ് അദ്ധ്യക്ഷഭക്ഷണത്തിൽ പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര പ്രോഗ്രാം ഉദ്ഘാടനവും പ്രശസ്ത സിനിമ സംവിധായകൻ ശ്രീ ലാൽ ജോസ് KECS പദ്ധതിയുടെ ഉദ്ഘാടനവും, കണ്ണൂർ രൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡെന്നിസ് കുറുപ്പശ്ശേരി പിതാവ് പോഷകാഹാര കിറ്റ് വിതരണോദ്ഘാടനവും നിർവ്വഹിച്ചു.
കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് മാത്യു, സാമൂഹ്യ പ്രവർത്തക ഡോ. മേരി ഉമ്മൻ, കണ്ണൂർ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ ഷിബു ഫെർണാണ്ടസ്, കയ്റോസ് ജനറൽ കോർഡിനേറ്റർ ശ്രീ കെ വി ചന്ദ്രൻ, എച്ച് ആർ മാനേജർ പി ജെ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കയ്റോസ് സ്റ്റാഫ് അംഗങ്ങൾ ഇന്റേൺഷിപ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. കയ്റോസിന്റെ വിവിധ പ്രവർത്തന മേഖലകളിലുള്ള നാനാ ജാതി മതസ്ഥരായ ആളുകളും കണ്ണൂർ രൂപതയുടെ വിവിധ സംഘടന പ്രതിനിധികളും അടക്കം 300 ഓളം ആളുകൾ പങ്കെടുത്തു.

