കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ പിതാവിൻ്റെ പുതിയ സെക്രട്ടറിയായി തൃശ്ശൂർ അതിരൂപതാംഗമായ ഫാ. സനൽ മാളിയേക്കൽ നിയമിതനായി. തൃശ്ശൂർ പുത്തൻപള്ളി ഇടവകാംഗമായ അദ്ദേഹം നിലവിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡീനായും, മതബോധന വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു. റോമിലെ റെജീന അപ്പസ്തോലോരും (Regina Apostolorum) ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ (Dogmatic Theology) ഫാ. സനൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷമായി മേജർ ആർച്ചുബിഷപ്പിൻ്റെ സെക്രട്ടറിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഫാ. മാത്യു തുരുത്തിപ്പള്ളി സ്ഥലം മാറുന്ന ഒഴിവിലേക്കാണ് ഈ പുതിയ നിയമനം. ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെയും, തുടർന്ന് ആർച്ചുബിഷപ്പ് റാഫേൽ തട്ടിലിൻ്റെയും സെക്രട്ടറിയായി സഭയുടെ കേന്ദ്ര കാര്യാലയത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു വരികയെയാണ് പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ അസോസിയേറ്റ് ഡയറക്ടറായുള്ള ഫാ. മാത്യു തുരുത്തിപ്പള്ളി നിയമിതനായിരിക്കുന്നത്.

