എറണാകുളം: സെന്റ് തെരേസാസ് കോളേജിൽ ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ 168-ാം ജന്മദിനാഘോഷവും തെരേസ ലിമ പുരസ്കാരസമർപ്പണവും നടത്തി. കച്ചേരിപ്പടി സെന്റ് ആന്റണിസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ റവ. സി. മാജി സി എസ് എസ് ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ സി എസ് എസ് ടി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. സി. ജോസ് ലിനെറ്റ് അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ്. റവ. അംബ്രോസ് പുത്തൻവീട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന് നേതൃത്വം നൽകിയ ദൈവദാസി മദർ തെരേസ ഓഫ് ലിമയുടെ ജീവിതം മാതൃകയാക്കി മുന്നോട്ട് പോകണമെന്ന് വിദ്യാർത്ഥികളോട് ബിഷപ്പ് പറഞ്ഞു .മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മദർ തെരേസയുടെ ജീവിതം ഡോ സുനിത കൃഷ്ണന്റെ ജീവിതത്തോട് ഉപമിച്ച അദ്ദേഹം രണ്ട് പേരും ഒരുപാട് പെൺകുട്ടികളുടെ അമ്മയാണെന്ന് വിശേഷിപ്പിച്ചു.
150 വർഷങ്ങൾക്ക് മുൻപ് തന്നെ സ്ത്രീകളുടെ ഉന്നമനത്തിനായും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ അവർക്ക് ശക്തി പകർന്ന ചെയ്ത ദൈവദാസി മദർ തെരേസ ഓഫ് ലിമ അന്നത്തെ കാലത്തെ ജെൻ സിയാണെന്ന് അദ്ദേഹം പറഞ്ഞു. ആ പുണ്യ മാതാവിനെ പോലെ സ്ത്രീകളുടെ രക്ഷകയായി മാറിയ ഡോ. സുനിത കൃഷ്ണൻ ജീവൻ പോലും ബലി അർപ്പിച്ചാണ് ഇന്ന് സേവനം ചെയ്യുന്നതെന്നും അദ്ദാഹം കൂട്ടിച്ചേർത്തു. തന്റെ മലയിലെ പ്രസംഗം എന്ന കവിതയിലെ യേശുദേവനെ കുറിച്ചുളള കവിത അദ്ദേഹം ചൊല്ലി. സെന്റ് തെരേസാസ് കോൺവെന്റ് സുപ്പീരിയർ റവ. സി ശില്പ സി എസ് എസ് ടി ഈ വർഷത്തെ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി .
സാമൂഹിക പ്രവർത്തകയും ‘പ്രജ്വല’യുടെ സഹ സ്ഥാപകയുമായ സുനിത കൃഷ്ണനാണ് ഈ വർഷത്തെ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പുരസ്കാരത്തിന് അർഹയായത്.പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. നീലിമ സി എസ് എസ് ടി പുരസ്കാരസമർപ്പണം നിർവഹിച്ചു.ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പുരസ്കാര സ്വീകരണത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ 35 വർഷമായി സെക്സ് ട്രാഫിക്കിന്റെ കെെയ്യിൽ പെട്ട് പോയ 35000 സ്ത്രീകളെ രക്ഷിക്കാൻ സാധിച്ചു എന്ന് പറഞ്ഞു.
ഇന്ന് സെക്സ് ട്രാഫിക്ക് 150 കോടി ഡോളർ വരുന്ന വലിയ ഇൻഡസ്ട്രിയായി വളർന്നിരിക്കുന്നുവെന്നും, മൂന്ന് വയസ്സ് മാത്രം പ്രായമുളള കുഞ്ഞുങ്ങളെ വരെ താൻ ഇവരുടെ കൈയ്യിൽ നിന്നും രക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. 2013 ലാണ് സെന്റ് തെരേസാസിന്റെ വേദിയിൽ ഇതിന് മുൻപ് വന്നതെന്നും താൻ നിർമ്മിച്ച എന്റെ എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രം വിജയമാകാൻ സെന്റ് തെരേസാസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സഹായിച്ചുവെന്നും പറഞ്ഞു.
സമൂഹത്തോട് തനിക്ക് പറയാനുളളത് ഇനിയും നിശബ്ദരാകാതെ ലൈംഗികാതിക്രമണം കാണുന്ന എല്ലായിടത്തും നിങ്ങൾ ശക്തമായി ശബ്ദമുയർത്തണം, നിങ്ങളുടെ ഓരോ നിശബ്ദതയും ക്രിമിനുകൾക്ക് വീണ്ടും ക്രൈം ചെയ്യാനുളള കോൺഫിഡൻസാണ് നൽകുന്നതെന്നും പറഞ്ഞു. CSST സഭാസ്ഥാപനങ്ങളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്കുള്ള സമ്മാനദാനം നടത്തി. സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പാൾ ഡോ. അനു ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ശേഷം വിവിധ വിഭാഗങ്ങളിലായി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.


