ലൂയീസ് തണ്ണിക്കോട്
നവ മാധ്യമങ്ങളില്‍ കഴിഞ്ഞവാരം പ്രചാരം നേടിയ വീഡിയോയാണ് ഒരു ദേശീയ നേതാവിന്റെ പാത്രം കഴുകല്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം സ്വയം കഴുകി വെച്ചത്. സഖാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ നിറഞ്ഞാടി. ‘തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഷോ ‘ ആണെന്ന് പ്രതികൂലികളും, സഖാവ് മുന്‍പേ തന്നെ സ്വയം പാത്രം കഴുകുന്നുണ്ടെന്ന് അനുകൂലികളും വാദിച്ചു. വീട്ടിലും പാര്‍ട്ടി പരിപാടികളിലും തന്റെ ഭര്‍ത്താവ് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകാറുണ്ട് എന്ന് സഖാവിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തി.
വിവാദത്തിന്റെ വഴിയില്‍ നിന്നും മാറി, പാത്രം കഴുകലിന്റെ മനഃശാസ്ത്രം പരിശോധിച്ചാല്‍ അതില്‍ കുടുംബാടിമത്വത്തിന്റെ നിഴലുകള്‍ തെളിയുന്നത് കാണാം. പാത്രം കഴുകല്‍ ഒരു താഴ്ന്ന ജോലിയായും കരുതുന്നവരുമുണ്ട്. അപ്പോഴും ദിനംപ്രതിയുള്ള പാത്രം കഴുകല്‍ നമ്മുടെ വീട്ടിനകത്ത് സ്ത്രീകളുടെ മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതുമല്ല.
ഭൂരിപക്ഷം പുരുഷന്മാരും താന്‍ കഴിച്ച ഭക്ഷണ പാത്രം കഴുകുന്നില്ല എന്നുമാത്രമല്ല, മറ്റുള്ളവര്‍ കഴിച്ച ഭക്ഷണ പാത്രങ്ങള്‍ കഴുകലാണ് സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ഇക്കാലത്തെ ഏറ്റവും വലിയ ദുരിതം എന്ന് തിരിച്ചറിയുന്നുമില്ല. അതിന്റെ തെളിവാണ് 10 പേരില്‍ കൂടുതല്‍ കൂടുന്ന കൂട്ടായ്മയില്‍ ഭക്ഷണത്തിനായി ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ ഡിസ്പോസിബിള്‍ പാത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന്റെ മുഖ്യകാരണം. ഭക്ഷണം പാകം ചെയ്യുക, വിളമ്പുക എളുപ്പമാണ്. പക്ഷേ പാത്രങ്ങള്‍ കഴുകുക ഓരോ സ്ത്രീകള്‍ക്കും ഒരു ദുരിത പര്‍വ്വം തന്നെയാണ്. മാറിനിന്ന് കാണുന്ന പുരുഷന്മാര്ക്ക് ഏത് അളവിലാണ് ‘പാത്രം കഴുകല്‍ ‘ മനസ്സിലാകുന്നത് എന്നതാണ് പ്രശ്നത്തിന്റെ കാതല്‍.
ഈ സാഹചര്യത്തില്‍ നാം ഓരോരുത്തരും നമ്മിലേക്ക് നോക്കേണ്ട, നമ്മുടെ അഹത്തിലേക്ക് നോക്കേണ്ട ഒരുപാടു കാര്യങ്ങള്‍ പാത്രം കഴുകലിലുണ്ട്. പുറത്ത് സ്ത്രീപുരുഷ സമത്വം പറയുന്ന നമ്മുടെ ജീവിതത്തിന്റെ സൂക്ഷ്മമായ അടരുകളില്‍, വീടകത്ത് നാം എടുക്കുന്ന നിലപാടിന്റെ സത്യസന്ധത പ്രധാനം തന്നെയാണ്.
ഒരു പുരുഷന് ഭാര്യയെ അടുക്കള പണിയില്‍ സഹായിക്കുന്നു എന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ അത് നാണക്കേടാണെന്ന ചിന്ത പൊതുസമൂഹത്തിലുണ്ട്. അപ്പോള്‍ പാത്രം കഴുകല്‍ ആകുമ്പോഴോ…..?
എങ്കില്‍, അടുക്കള ആരുടേതാകുന്നു എന്ന ചോദ്യത്തിന് മൂര്‍ച്ചയേറുന്നു. ആരുടേതാണ് നിങ്ങളുടെ അടുക്കള എന്ന ചോദ്യത്തിന്, തൃപ്തരായി ഭക്ഷണം കഴിഞ്ഞ്, പാത്രം കഴുകാതെ എണീറ്റ് പോകുന്ന ഒരുപാട് പേര് നമ്മുടെ വീട്ടകങ്ങളില്‍ ഉണ്ട് എന്നതാണ് ഒരു മറുപടി. എന്നാല്‍ അടുക്കള എന്റേത് കൂടിയാണ് എന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന പുരുഷന്മാരും കുടുംബാംഗങ്ങളും കുറെശ്ശേ കൂടി വരുന്നുമുണ്ട്. പാചകം ചെയ്യാനറിയാത്തവര്‍ തേങ്ങ ചിരകാനും, പച്ചക്കറി നുറുക്കാനും, അടിച്ചു വാരാനും സഹായികളാവുന്നുമുണ്ട്. അപ്പോഴും പാത്രം കഴുകുക എന്നത് സ്ത്രീയുടെ കര്‍മ്മമാണ് എന്ന് ആരോ തീരുമാനിച്ചത് പോലെ.
നമ്മുടെ വീട്ടകങ്ങളില്‍ വളര്‍ന്നുവരുന്ന മക്കള്‍ക്ക് അടുക്കളയിലെ പരസ്പര സഹകരണം സ്ത്രീപുരുഷ സമത്വചിന്തയ്ക്ക് ഏറെ മൂല്യമേറിയതാണ് എന്ന ചിന്ത മറക്കരുത്.
നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ അവരവര്‍ കഴിച്ച പാത്രം അവരവര്‍ തന്നെ കഴുകി വയ്ക്കണം. അത് നിഷ്ടയാകണം, ശീലമാകണം. ഡൈനിങ് മേശയില്‍ നിന്ന് ഭക്ഷണം കഴിച്ച് എഴുന്നേറ്റു പോകുന്നത് ആഢ്യത്തത്തിന്റെ, അധികാര മേല്‍ക്കോയ്മയുടെ അടയാളം ആണെന്ന ചിന്തയുടെ കാലം മാറണം. എന്നുവെച്ചാല്‍ ഭാര്യയോ വീട്ടുകാരോ ഒരിക്കലും ഭക്ഷണം വിളമ്പി കൊടുക്കേണ്ട, പാത്രം കഴുകേണ്ട എന്നതല്ല സാരം.
കുടുംബബന്ധങ്ങളിലെ പാരസ്പര്യത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളും ബാധ്യതകളും പരസ്പരം പങ്കുവെച്ചു പോകണം. പുരുഷന് പ്രവേശിക്കാന്‍ പാടില്ലാത്ത ഇടമല്ല അടുക്കള, സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വത്തിന്റെ നിലവറയുമല്ലത്.
കാര്‍ഷിക ഗോത്ര വര്‍ഗ്ഗ ജീവിതത്തില്‍ നിന്ന് പരിഷ്കൃത ജീവിത ശൈലിയിലേക്ക് ചുവടുവെച്ചപ്പോള്‍ സ്ത്രീകള്‍ ഏറ്റെടുത്ത രണ്ട് ജോലികളാണ് ഗൃഹപരിപാലനവും പാചകവും. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ പുരുഷനെപ്പോലെ വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുന്ന സ്ത്രീകള്‍ക്ക് ഗൃഹപാചകത്തിന്റെ അമിത ഉത്തരവാദിത്വം അധിക ബാധ്യതയായി തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ട്. അടുക്കളയില്‍ നിന്നും പൂമുഖത്ത് എത്തണമെങ്കില്‍ അടുക്കളപ്പണി തീര്ന്നിട്ടു മതിയെന്നാണ് ദാമ്പത്യ ജീവിതത്തിലേക്ക് കാലൂന്നുന്ന ഭൂരിപക്ഷം പെണ്‍കുട്ടികളോടും മുതിര്‍ന്നവര്‍ പറഞ്ഞിരുന്നത്. ജിയോ ബേബിയുടെ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ‘ എന്ന ചലച്ചിത്രത്തില്‍ നായികയ്ക്ക് വിവാഹജീവിതം വേണ്ടെന്ന് വയ്ക്കേണ്ടി വന്നത്, അടുക്കളയില്‍ കഴുതയെ പോലെ പണിയെടുക്കേണ്ടി വന്നതിനാലാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് -ലെ നായിക നമ്മുടെ വീട്ടകങ്ങളില്‍ എത്രത്തോളം മാറി, പരിവര്‍ത്തനപ്പെട്ടിട്ടുണ്ട് എന്നത് ഈ കാലഘട്ടത്തില്‍ നാം വിലയിരുത്തേണ്ടിയിരിക്കുന്നു. മാധവിക്കുട്ടിയുടെ (കമലാസുരയ്യ) ‘നെയ്പായസം ‘ ചെറുകഥയിലെ വീട്ടമ്മ ഇന്നും നമ്മുടെ മേല്‍ക്കൂരയ്ക്ക് താഴെ വിയര്‍ത്തൊട്ടി പുഞ്ചിരിക്കുന്നുണ്ട്.
അത്തരം വീട്ടമ്മമാരുടെ ചിതയില്‍ നിന്ന് സഹനത്തിന്റെ പുക ഉയരുന്നുമുണ്ട്.
സത്യത്തില്‍ ആരാണ് ആണിനോട് പാത്രം കഴുകരുതെന്ന് പറഞ്ഞത്? പെണ്ണാണോ എന്ന് ചോദിച്ചാല്‍ അതിനും സാധ്യതയുണ്ട്. പണ്ട് ആഹാരം ഒക്കെ സുലഭമല്ലാതിരുന്ന കാലത്ത്, അധ്വാനിക്കുന്ന പുരുഷന് ആഹാരം വേണ്ടത്ര വിളമ്പുകയും, ഭര്‍ത്താവ് കഴിച്ച പാത്രത്തിലെ ബാക്കിയും കഞ്ഞി വെള്ളവും കൂട്ടിച്ചേര്‍ത്ത് സ്ത്രീ കഴിച്ചിരുന്ന കാലത്തെ രീതിയായിരിക്കാം ഈ പാത്രംകഴുകല്‍….! മാത്രവുമല്ല പാചകം ചെയ്ത കഞ്ഞിക്കലത്തിന്റെ വലിപ്പമറിയുന്ന ഭര്‍ത്താവ്, തന്റെ വയറുനിറക്കാതെ പാത്രത്തില്‍ ബാക്കി വെച്ച് ഭാര്യയെ പങ്കുവെച്ച് ഊട്ടിയിരുന്ന കാലവും കൂടി ആയിരുന്നല്ലോ അത് ! അച്ഛന്റെ /പിതാവിന്റെ ബാക്കി ഭക്ഷണത്തിനായി അന്ന് മക്കള്‍ തല്ല് കൂടിയിരുന്ന ഒരു കാലവും കൂടി ആയിരുന്നു. ഈയൊരു കാലഘട്ട പശ്ചാത്തലത്തില്‍, അങ്ങിനെ ഈ പാത്രം കഴുകല്‍ തുടര്‍ന്നതാവാം.
പാത്രം കഴുകലിന്റെ ചരിത്രവും സാധ്യതയും എന്തൊക്കെയായാലും, ഈ നിര്‍മ്മിത ബുദ്ധിയുടെ (എഐ) കാലത്ത് പാത്രം കഴുകലും പാചകവും നടക്കുന്ന, നമ്മുടെ വീടുകളിലെ ഹൃദയഭാഗമായ അടുക്കളക്ക് ആരൊക്കൊയോ താഴിട്ട് തുടങ്ങിയിട്ടുണ്ട് എന്നു നാം മനസ്സിലാക്കണം.
ഒരു ഉദാഹരണത്തിന് ഓണം – ക്രിസ്മസ് നാളുകളില്‍ വിഭവ സമൃദ്ധമായ സദ്യ ഹോട്ടലുകളും കാറ്ററിംഗ് സര്‍വീസുകാരും ഒരുക്കുന്നത് ഇതിന്റെ ഒരു വശം മാത്രം. പണ്ട് കാലത്ത് ഓണം / പെരുന്നാള്‍ കാലഘട്ടം അടുക്കളയ്ക്ക് ഉത്സവമായിരുന്നു . പലഹാരങ്ങളുടെയും വിഭവങ്ങളുടെയും പാചക മണം ഹൃദ്യമായിരുന്നു. ഇന്ന് കാലം മാറി കഥ മാറി. അടുക്കളയ്ക്ക് പകരം ഭക്ഷണം ഓര്‍ഡറുകളില്‍ കുടുങ്ങി. എന്നാല്‍ പൂട്ടലിന്റെ തീവ്രത കൂട്ടുന്നത് മറ്റൊന്നാണ്, നിത്യേന എന്നോണം നമ്മുടെ പരിസരങ്ങളിലൂടെ പറയുന്ന സുമാറ്റോയും . സ്വിഗ്ഗിയും ……. എല്ലാം നമ്മുടെ അടുക്കളക്ക് താഴുമായിട്ടാണ് പായുന്നതെന്ന് നമ്മള് തിരിച്ചറിയണം. ഈ പശ്ചാത്തലത്തിലാണ് സാഹിത്യകാരി സാറാ ജോസഫ് പറയുന്നത് ‘നമുക്ക്, നമ്മുടെ അടുക്കള തിരിച്ചുപിടിക്കണം’.
ഓര്‍ക്കണം, മലയാളിയുടെ ഭക്ഷ്യ സംസ്കാരത്തില്‍ ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നത് റസ്റ്റോറന്റ് സംസ്കാരമാണ്, ഒപ്പം ഫാസ്റ്റ് ഫുഡിന്റെ വേഗതയും. ഇത്തരം മാറ്റങ്ങള്‍ക്ക് വേഗത കൂടാന്‍ തീര്‍ച്ചയായും അടുക്കളയിലെ സ്ത്രീകളുടെ പാത്രം കഴുകലും, വീട്ടുവാതുക്കലെത്തുന്ന പാര്‍സല്‍ സര്‍വ്വിസുകളും കൂടുതല്‍ സഹായകമാകുന്നുണ്ട് എന്നതില്‍ ലേശം പോലും സംശയിക്കേണ്ട !
സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ- യുഎന്‍ വുമണ്‍ – പറയുന്നത് പുരുഷന്മാര് പുറത്തുപോയി ജോലി ചെയ്യുന്നതിനേക്കാള്‍ മൂന്നുമടങ്ങ് അധിക ജോലി പ്രതിഫലമില്ലാതെ സ്ത്രീകള്‍ വീടിനുള്ളില്‍ ദിവസവും ചെയ്തു തീര്‍ക്കുന്നുണ്ടെന്നാണ്. ജോലിയുള്ള സ്ത്രീയും ഇല്ലാത്ത സ്ത്രീയുമെന്ന വ്യത്യാസമില്ലാതെ അടുക്കള ജോലികളുടെ ഭാരവും തലയില്‍ പേറിയാണ് മിക്ക സ്ത്രീകളും നടക്കുന്നത്. അടുക്കളയിലെ പങ്കാളിത്തം പല പുരുഷന്മാര്ക്കും അംഗീകരിക്കാന്‍ മടിയാണ്. ഇത് എന്റെ കടമയാണ് എന്ന് പറഞ്ഞ് ജോലികള്‍ മുഴുവന്‍ സ്വയം ഏറ്റെടുക്കുന്ന സ്ത്രീകളും, ജോലികള്‍ മറ്റുള്ളവരാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ത്രീകളും ഉണ്ടെന്നതാണ് സത്യം.
പറഞ്ഞവസാനിപ്പിക്കുന്നത്, കുടുംബത്തിന്റെ ഹൃദയമായ അടുക്കളയില്‍ തുല്യതയുടെയും പങ്കുവെപ്പിന്റെയും സംസ്കാരം ഇനിയും വളര്‍ന്നു വരേണ്ടിയിരിക്കുന്നു.
മാറ്റങ്ങള്‍ എല്ലായിടത്തും നടപ്പാക്കാവുന്നതേയുള്ളൂ. ഒരിക്കലും സ്ത്രീയുടേത് മാത്രമല്ല ഒരു വീട്ടിലെ അടുക്കള. കുട്ടികളുടെയും പുരുഷന്മാരുടെയും കൂടിയാണ്. ഭക്ഷണം പാചകം ചെയ്യുക എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ല, പാത്രം കഴുകലും. ഭക്ഷണം കഴിക്കുന്നത് വീട്ടിലുള്ള എല്ലാവരും ആണെങ്കില്‍, അത് പാചകം ചെയ്യാനും പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനുമുള്ള ഉത്തരവാദിത്വവും ഒന്നിച്ച് ഏറ്റെടുക്കേണ്ടതുണ്ട്. പരസ്പരം സ്നേഹിക്കാനും സംസാരിക്കാനും ഒക്കെയുള്ള ഇടങ്ങള്‍ അടുക്കളയില്‍ ഉണ്ട്, അത് ഉണ്ടാക്കണം. അതൊക്കെ കണ്ടെത്തുമ്പോഴാണ് അടുക്കള ആണിന്റെയോ പെണ്ണിന്റെയോ ആകാതെ, കുടുംബത്തിന്റേതാകുന്നത്. അവിടെ പാത്രം കഴുകലിലും, കുടുംബത്തിലെ മറ്റു ഇതര ജോലികളിലും ഒരുമയുടെ സന്തോഷത്തിന്റെ നിലാവെളിച്ചം പരക്കും. അപ്പോള്‍ മാത്രമാണ്, കുടുംബം എന്ന വാക്കിന് ആഴവും കെട്ടുറപ്പും കൂടി വരുന്നത്.
മറുമൊഴി:- സംശയിക്കേണ്ട ……. ‘കെറീത്ത് അരുവിക്ക് സമീപം ഒളിച്ചു താമസിച്ചിരുന്ന ഏലിയാ പ്രവാചകന്, രാവിലെയും വൈകിട്ടും ഭക്ഷണമായി അപ്പവും മാംസവും സാക്ഷാല്‍ തമ്പുരാന് എത്തിച്ചത്, ഒരു കാക്ക മുഖാന്തിരം …..
1രാജ:17/6
സത്യത്തില്‍, ഈ കാക്ക തന്നെയല്ലേ ആദ്യത്തെ പാഴ്സല്‍ സര്‍വീസ്….!
ഇന്ന് നമ്മുടെ ഇടയിലൂടെ തലങ്ങും വിലങ്ങും പായുന്ന ‘സൊമാറ്റോ -സ്വിഗ്ഗി ‘ – കളുടെ ആരംഭകന്…..!

