കോഴഞ്ചേരി • ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് കർദിനാൾ ജോർജ് കൂവക്കാടിനു ലഭിച്ച കർദിനാൾ പദവിയെന്ന് ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. മധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും കോഴഞ്ചേരി പേരങ്ങാട് മഹാകുടുംബയോഗത്തിന്റെയും നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മതസൗഹാർദ സമ്മേളനവും കർദിനാൾ ജോർജ് കൂവക്കാടിനു നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർദിനാൾ മാർ ജോർജ് കൂവക്കാട് ഇനിയും അത്യുന്നത പദവികളിലേക്ക് എത്തട്ടെയെന്ന പ്രാർഥനയാണ് തനിക്കും ശ്രീനാരയണീയ സമൂഹത്തിനുമുള്ളതെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. മത സൗഹാർദമാണ് വത്തിക്കാൻ എപ്പോഴും കാംക്ഷിക്കുന്നത്. മനുഷ്യത്വം പിന്തുടരാനാണ് ശ്രീനാരായണഗുരു അടക്കമുള്ള ആധ്യാത്മിക ആചാര്യന്മാർ പഠിപ്പിക്കുന്നത്.
ദുർബലരായവർ വേദനിക്കുമ്പോൾ മതം നോക്കാതെ അവരെ സഹായിക്കണമെന്ന് യോഗത്തിൽ മുഖ്യസന്ദേശം നൽകിയ സെയ്ദ് മുനാവൂർ അലി ഷിഹാബ് തങ്ങൾ പറഞ്ഞു.
ലോകത്ത് പലയിടത്തും ദുരിതമുണ്ടായപ്പോൾ അവർക്ക് അഭയം നൽകിയത് വത്തിക്കാനാണന്നും അദ്ദേഹം പറഞ്ഞു. ഡോ. യുയാക്കിം കൂറിലോസ് സഫഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിഷപ്പ് ജോഷ്വ നിക്കോദിമോസ്, ബിഷപ്പ് കുര്യാക്കോസ് ഈവാനിയോസ്, ബിഷപ്പ് കുര്യാക്കോസ് ഗ്രീഗോറിയോസ്, ബിഷപ്പ് മാത്യൂസ് സെറാഫിം, ജോസ് ജോർജ്, ജോബ് മൈക്കിൾ എംഎൽഎ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി. ജെ.കുര്യൻ, മാലേത്ത് സരളാദേവി, സംഘാടക സമിതി ചെയർ മാൻ വിക്ടർ ടി. തോമസ്, ജനറൽ കൺവീനർ ഫാ.കെ.എ.ചെറിയാൻ, സെക്രട്ടറി സി.ടി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

