കോഗി: മധ്യ നൈജീരിയയിലെ കോഗി സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ചുറ്റുമുള്ള ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപത്തിയേഴ് ക്രിസ്ത്യാനികളെ സായുധധാരികൾ മോചിപ്പിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ദേവാലയത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവർക്കാണ് മോചനം ലഭിച്ചത്. ഡിസംബർ 14 ന് കബ്ബ ബുനു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഐയെറ്റോറോ-കിരി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന്റെ ഭാഗമായി ഫുലാനി ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ഘട്ടംഘട്ടമായി മോചനം സാധ്യമായിരിന്നു.
ജനുവരി 21ന് ആറ് പേരടങ്ങുന്ന സംഘത്തെ വിട്ടയച്ചതോടെ ഡിസംബറിൽ തട്ടിക്കൊണ്ടുപോയി തടവിലുള്ള എല്ലാവരും മോചിതരായി. തീവ്രവാദികളുടെ തടങ്കലിൽ കഴിയുന്നതിനിടെ രണ്ട് പേർ മരിച്ചിരിന്നു. ഒരാളെ അനാരോഗ്യം കാരണം വിട്ടയച്ചെങ്കിലും പിന്നീട് ആശുപത്രിയിൽവച്ച് മരിച്ചു. മോചിതരായവരിൽ ചിലർ ആളുകളെ മോട്ടോർ സൈക്കിളുകളിൽ വലിച്ചിഴച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും ചിലരെ ബുനു-കബ്ബ ഉൾവനത്തിലേക്ക് നഗ്നപാദനായി കൊണ്ടുപോയെന്നും ഇരകൾ വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയവരിൽ രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളും ഉൾപ്പെട്ടിരിന്നു.
അതേസമയം ഇരുന്നൂറോളം ക്രൈസ്തവ വിശ്വാസികൾ ഇപ്പോഴും തടങ്കലിൽ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 18-ന്, കടുന സംസ്ഥാനത്തെ കജുരു എൽജിഎയിലെ കുർമിൻ വാലിയിലെ വിവിധ ദേവാലയങ്ങളിൽ ആരാധനയ്ക്കെത്തിയ 177 പേരെ തോക്കുധാരികൾ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരിന്നു. 11 പേർ പിന്നീട് രക്ഷപ്പെട്ടെങ്കിലും ഏകദേശം 166 പേരെ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. ഇവരുടെ മോചനത്തിനായി വിവിധ മനുഷ്യാവകാശ സംഘടനകളും സമ്മർദ്ധം ചെലുത്തുന്നുണ്ട്.

