ജെയിംസ് അഗസ്റ്റിന്
നൂറ്റി മുപ്പത്തി ഏഴാം സങ്കീര്‍ത്തനത്തിലെ വരികളെടുത്തു സൃഷ്ടിച്ച ‘ബൈ ദി റിവേഴ്സ് ഓഫ് ദി ബാബിലോണ്‍’ എന്നൊരു ഗാനം ലോകം മുഴുവന്‍ അലയടിച്ചു. ഇസ്രായേല്‍ ജനതയുടെ ദുഖവും ജെറുസലേമിനെക്കുറിച്ചുള്ള ഓര്‍മകളും പ്രതിപാദിക്കുന്ന ഗാനമാണിത്.
‘ബാബിലോണ്‍ നദിയുടെ തീരത്ത് ഇരുന്നു സീയോണിനെയോര്ത്തു ഞങ്ങള്‍ കരഞ്ഞു’ എന്നു മലയാളീകരിക്കാവുന്ന ഗാനം ബോണി എം.എന്ന ജര്‍മന്‍ സംഗീതസംഘമാണ് നിര്‍മ്മിച്ചത്.
1978-ല്‍ പ്രകാശനം ചെയ്ത ‘നൈറ്റ് ഫ്ളൈറ്റ് ടു വീനസ്’ എന്ന എല്‍.പി.റെക്കോര്‍ഡില്‍ നിന്നാണ് ഈ ഗാനം ലോകം ആദ്യമായി കേള്‍ക്കുന്നത്.1970കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യന്‍ സംഗീത വൃന്ദമായിരുന്നു ബോണി എം. ലോകത്തിലെ എല്ലാ സംഗീതപ്രേമികള്ക്കുമെന്നപോലെ മലയാളികള്‍ക്കും പ്രിയപ്പെട്ട സംഗീതസംഘമാണ് ബോണി എം.
1970-90 കാലയളവില്‍ കേരളത്തില്‍ ഏറ്റവുമധികം പ്രചാരം ലഭിച്ച വെസ്റ്റേണ്‍ ബാന്‍ഡായിരുന്നു അത്. കേരളത്തില്‍ ഏറ്റവുമധികം വില്പന നടന്നിട്ടുള്ള വെസ്റ്റേണ്‍ മ്യൂസിക് കസ്സറ്റുകള് ബോണി എം.ന്റേതായിരിക്കും. സാധാരണക്കാരായ മലയാളിയെ പാശ്ചാത്യസംഗീതത്തിന്റെ ഇഷ്ടക്കാരാക്കിയതില് ബോണി എം. വഹിച്ച പങ്കു ചെറുതല്ല.1974-ല്‍ വെസ്റ്റ് ജര്‍മനിയിലാണ് ബോണി എം. എന്ന സംഘത്തിന് തുടക്കം കുറിച്ചത്. ഗായകനും നിര്‍മാതാവുമായിരുന്ന ഫ്രാങ്ക് ഫാരിയന് തുടങ്ങിയ സംഘത്തില്‍ കരീബീയന്‍ ദ്വീപുകളില്‍ നിന്നുള്ള ലിസ് മിച്ചല്‍, മാര്‍സിയ ബാരറ്റ്, മെയ്സീ വില്യംസ്, ബോബി ഫാരല്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
സംഗീതം കേള്‍ക്കാന്‍ മാത്രമല്ല കാണാനും കൂടിയുള്ളതാണെന്നു വെളിപ്പെടുത്തിയ സംഘമാണ് ബോണി എം. നൃത്തം ചെയ്തു പാടിക്കൊണ്ട് ആസ്വാദകരെ മുഴുവന്‍ ബാന്‍ഡിനോടൊപ്പം ചുവടു വയ്പ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. നമ്മുടെ ചവിട്ടുനാടകസംഘം അണിയുന്നത് പോലെയുള്ള തിളക്കവും തൊങ്ങലുകളും ഉള്ള വസ്ത്രങ്ങളും സ്റ്റേജില്‍ വര്‍ണവിസ്മയമൊരുക്കുന്ന വെളിച്ച സംവിധാനവും കാഴ്ചയുടെ പുതിയ അനുഭവം പകര്‍ന്നു. ഗായകരുടെ ഹെയര്‍സ്റ്റൈല്‍ പോലും കൗതുകം പകര്‍ന്നു.
ഈയടുത്തു കേരളത്തിലെ ഒരു ആശുപത്രിയില്‍ രണ്ടു ആരോഗ്യപ്രവര്‍ത്തകരായ ജാനകിയും നവീനും ചേര്‍ന്ന് നൃത്തച്ചുവടുകള്‍ വച്ച ഒരു റീല്‍ തരംഗമായി. ബോണി എം.ന്റെ ‘റാ റാ റാസ്പുട്ടിന് ലവര് ഓഫ് ദി റഷ്യന്‍ ക്വീന്‍’ എന്ന ഗാനമാണ് റീലിനു വേണ്ടി അവര്‍ തെരഞ്ഞെടുത്തത്. നിക്കോളാസ് രണ്ടാമന് ചക്രവര്‍ത്തിയുടെ കാലത്തു റഷ്യയില്‍ ജീവിച്ചിരുന്ന ഗ്രിഗറി റാസ്പുട്ടിന്റെ ജീവിതമാണ് ഈ ഗാനത്തിലൂടെ ബോണി എം. അവതരിപ്പിച്ചത്. റഷ്യന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ ഒരാളായാണ് ഗ്രിഗറി റാസ്പുട്ടിന് അറിയപ്പെടുന്നത്. ഈ പാട്ടിലെ വരികള്‍ അന്നത്തെ സോവിയറ്റ് യൂണിയനെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് 1978-ല്‍ റഷ്യയില്‍ ഈ പാട്ടു പാടാന്‍ ബോണി എം. നെ അനുവദിക്കാതിരുന്നത് സംഗീതലോകത്ത് വിവാദമായിരുന്നു.
‘ബ്രൗണ്‍ ഗേള്‍ ഇന്‍ ദി റിങ്’, മാ ബേക്കര്‍, സണ്ണി സണ്ണി , ഹുറേ ഹുറേ, ബഹാമ മാമ, ഡാഡി കൂള്‍, ഹാപ്പി സോങ് എന്നീ ഗാനങ്ങളും ബോണി എം. എന്ന സംഘത്തിന്റെ പ്രശസ്ത ഗാനങ്ങളില്‍ ചിലതാണ്.1981-ല്‍ ബോണി എം. ഒരു ക്രിസ്മസ് ആല്‍ബം നിര്‍മിച്ചു. ‘മേരീസ് ബോയ് ചൈല്‍ഡ്’ എന്ന ഗാനം 1956-ല്‍ ജെസ്റ്റര്‍ ഹെയര്സ്റ്റെന് എന്ന അമേരിക്കന്‍ സംഗീതജ്ഞന് എഴുതി സംഗീതം നല്കിയ ഗാനമാണ്. അതേ വര്‍ഷം തന്നെ ഹാരി ബെലഫോന്റെ എന്ന ഗായകന് തന്റെ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ ഈ ഗാനം ചേര്‍ത്തു.
എന്നാല്‍ ലോകം മുഴുവന്‍ ഈ പാട്ട് പ്രചരിച്ചത് ബോണി എം.തങ്ങളുടെ ക്രിസ്മസ് ആല്‍ബത്തില്‍ ചേര്‍ത്തതോടെയാണ്. പ്രശസ്തമായ മറ്റു ക്രിസ്മസ് ഗാനങ്ങളും അതിമനോഹരമായി ഓര്ക്കസ്ട്രേഷന് ചെയ്തു റെക്കോര്‍ഡ് ചെയ്ത ഈ ക്രിസ്മസ് ആല്‍ബം ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമാഹാരങ്ങളില്‍ ഒന്നാണ്. ‘മേരിസ് ബോയ് ചൈല്‍ഡ്’ 1978-ല്‍ ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു.ഇന്നും പാശ്ചാത്യ സംഗീത പ്രേമികളുടെ ഇടയില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ബോണി എം, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയമായ സംഗീത വൃന്ദങ്ങളില്‍ ഒന്നായിരുന്നു.
യൂറോപ്പ്, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍, ദക്ഷിണേഷ്യ, സോവിയറ്റ് യൂണിയന് തുടങ്ങിയ ഭൂവിഭാഗങ്ങളിലെല്ലാം ബോണി എം ഒരു തരംഗമായി.1974-ല്‍ ഫ്രാങ്ക് ഫാരിയന് നിര്‍മ്മിച്ച ‘ബേബി ഡു യു വാന ബംബ്’ എന്ന ഗാനത്തോടെയാണ് ബോണി എം എന്ന സംഗീത വൃന്ദം രൂപം കൊള്ളുന്നത്. ഫാരിയന് ആയിടക്ക് കണ്ട ഡിറ്റക്റ്റീവ് പരമ്പരയിലെ പ്രധാന കഥാപാത്രത്തിന്റെ പേരായ ബോണി എന്നതിനോടൊപ്പം എം എന്ന അക്ഷരം കൂടി ചേര്‍ത്താണ് ഈ പുതിയ സംഗീത വൃന്ദത്തിന് അദ്ദേഹം നാമകരണം ചെയ്തത്.ഒരു ബുക്കിംങ് ഏജന്‍സി വഴിയാണ് മോഡലും ഗായികയുമായ മെയ്സി വില്യംസിനെ ഫാരിയന് കണ്ടെത്തിയത്. മെയ്സി വില്യംസാണ് കരീബിയന്‍ ദ്വീപായ അറൂബയില്‍ നിന്നുള്ള നര്‍ത്തകനായ ബോബിഫാരലിനെ ഫാരിയന് പരിചയപ്പെടുത്തിയത്.
ഒരു നര്‍ത്തകനെ കൂടി തന്റെ സംഗീത വൃന്ദത്തിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്ന ഫാരിയന് ഫാരലിനെ ബോണി എം-ല്‍ ചേര്‍ത്തു.തുടര്‍ന്ന് ജമൈക്കന്‍ ഗായികയായ മാര്‍സിയ ബാരറ്റും ബോണി എം-ല്‍ എത്തി. ലെസ് ഹാംപ്ഷെയര്‍ സംഗീത വൃന്ദത്തില്‍ നിന്നും ലിസ്മിഷേല്‍ കൂടി വന്നതോടെ ബോണി എം-ന്റെ സംഗീത നിര പൂര്‍ണ്ണമായി.
1976-ല്‍ ബോണി എം-ന്റെ ആദ്യത്തെ എല്‍.പി. റിക്കോര്‍ഡ്, ‘ടേക് ദി ഹീറ്റ് ഓഫ് മീ’ പുറത്തിറങ്ങി. ബോബി ഫാരലിന്റെ യും ലിസ്മിഷേലിന്റെയും ശബ്ദത്തിനൊപ്പം ഫാരിയന്റെ ഘന ഗംഭീരമായ ശബ്ദവും ഈ ആല്‍ബത്തിന് ജീവനേകി.പക്ഷേ വാണിജ്യപരമായി വേണ്ടത്ര പ്രതികരണം ഈ ആല്‍ബത്തിന് ലഭിച്ചില്ല. അതേ സമയം ബോണി എം സംഗീത വൃന്ദം തങ്ങളുടെ സംഗീത പരിപാടികള്‍ കഴിയുന്നത്ര വേദികളില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഡിസ്കോകളിലും, ക്ലബ്ബുകളിലും, കാര്‍ണ്ണിവെല്ലുകളിലുമെല്ലാം ബോണി എം ഈ കാലഘട്ടത്തില്‍ തുടര്‍ച്ചയായി പരിപാടി അവതരിപ്പിച്ചു വന്നു.’മ്യൂസിക് ലാദന്’ എന്ന തല്‍സമയ ടി.വി. സംഗീത പരിപാടിയുടെ നിര്‍മ്മാതാവായ മിഷേല്‍ മൈക് ലേക്ബോസ്ക് ബോണി എം-നെ അവരുടെ തല്‍സമയ പരിപാടിയില്‍ സംഗീതം അവതരിപ്പിക്കുന്നതിനായി ക്ഷണിച്ചു.
1976 സെപ്റ്റംബര്‍ 18ന് ബോണി എം മ്യൂസിക് ലാദനില്‍ തല്‍സമയ സംഗീത പരിപാടീ അവതരിപ്പിച്ചതോടെ ബോണി എം-ന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നു.തൊട്ടടുത്ത ആഴ്ചയില്‍ ‘ഡാഡി കൂള്‍’ എന്ന ബോണി എം ഗാനം ജര്‍മ്മന്‍ സംഗീത ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തി.1977-ല്‍ ബോണി എം തങ്ങളുടെ രണ്ടാമത്തെ സംഗീത ആല്‍ബമായ ‘ലൗ ഫോര്‍ സെയില്‍’പുറത്തിറക്കി. ഈ ആല്‍ബത്തില്‍ ‘മാ ബേക്കര്‍, ‘ബെല്‍ഫാസ്റ്റ്’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ‘ദി ബ്ലാക്ക് ബ്യൂട്ടിഫുള്‍ സര്‍ക്കസ്’ എന്നപേരില്‍ സംഗീത പര്യടനവും ബോണി എം ഈ സമയത്ത് ആരംഭിച്ചു.
1978-ലാണ് ബോണി എം-ന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ‘റിവേഴ്സ് ഓഫ് ബാബിലോണ്‍’ പുറത്തിറങ്ങിയത് . ആ വര്‍ഷത്തിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായും ഗ്രേറ്റ് ബ്രിട്ടനിലെ മ്യൂസിക് ചാര്‍ട്ടില്‍ ഒന്നാമത്തേതായും ഈ ഗാനം മാറി.സംഘത്തിന്റെ സ്ഥാപകന്‍ ഫ്രാങ്ക് ഫാരിയന് 2024 ജനുവരി 23 നും പ്രധാനഗായകന്‍ ബോബി ഫാരല്‍ 2010 ഡിസംബര്‍ 30 നും ലോകത്തോടു വിട പറഞ്ഞു.
2026 ബോണി.എം സ്ഥാപിതമായതിന്റെ സുവര്‍ണജൂബിലി വര്‍ഷമാണ്. ഈവര്‍ഷം ജൂബിലിയുടെ ഭാഗമായി ബോണി എം. ന്റെ പാട്ടുകള്‍ അടങ്ങിയ അഞ്ചു സെറ്റ് എല്‍.പി. റെക്കോര്‍ഡുകള്‍ വിപണിയില്‍ എത്തുകയാണ്.ലോകം മുഴുവനുമുള്ള സംഗീതപ്രേമികള്‍ ഇന്നും ബോണി.എം.ന്റെ പാട്ടുകള്‍ക്ക് ചുവടു വയ്ക്കുകയാണ്,അന്‍പതാം വര്‍ഷത്തിലും.—

