സുവിശേഷ പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ വന്ന മാതൃക കനോഷ്യന്‍ സന്ന്യാസിനിയായ ധന്യയായ മദര്‍ ഫെര്‍ണാണ്ട റീവ (1920 – 1956) ദിവംഗതയായതിന്റെ 70-ാം വാര്‍ഷികമാണിത്. എളിയ ജീവിതമാതൃകയിലൂടെ യും തീക്ഷ്ണമായ പ്രേഷിതപ്രവര്ത്തനത്തിലൂടെയും സ്ത്രീനവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും സഹനജീവിതത്തിലൂടെയും തിരുസഭയ്ക്ക് മഹനീയ മാതൃക നല്കിയ മദര്‍ റീവ എപ്പോഴും സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ നിറഞ്ഞുനിന്നിരുന്നു.
ആനന്ദത്തിന്റെ പ്രേഷിത എന്നറിയപ്പെടുന്ന മദര്‍ നിഷ്കളങ്കമായ ദൈവസ്നേഹത്തിന്റെ സ്വര്‍ഗ്ഗീയ സൗരഭ്യം പരത്തിയിരുന്നു. പുണ്യചരിതയായ മദറിന്റെ ഏറെ ധന്യമായ വിശ്വാസജീവിതം സന്ന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും വലിയ മാതൃകയാണ്. സര്വശക്തന് ഏറെ പ്രീതികരമായ പാവനമായ എളിയ ജീവിതം നയിച്ച മദര്‍ ഫെര്‍ണാണ്ട റീവ ഇറ്റലിയിലെ മോണ്‍സാ എന്ന പ്രദേശത്ത് 1920 ഏപ്രില്‍ 17-ന് ജനിച്ചു.

ക്രൈസ്തവ വിശ്വാസചൈതന്യത്തില്‍ ആഴപ്പെട്ട ജീവിതം നയിച്ചിരുന്നമാതൃകാകത്തോലിക്കരായ ഗെയ്റ്റാനോ റീവ – ജൊവാന്ന ബംബീനാ ദമ്പതികളാണ് മദറിന്റെ മാതാപിതാക്കള്‍. അവരുടെ 4 മക്കളില്‍ ഇളയവളായ ഫെര്‍ണാണ്ടയ്ക്ക് 1920 ഏപ്രില്‍ 21-ന് അംബ്രോസിയന്‍ പള്ളിയില്‍ വച്ച് ജ്ഞാനസ്നാനം നല്കി.ഫ്രാന്‍സിയോ, എര്മീനിയ, ജൂസെപ്പെ എന്നിവയായിരുന്നു ഫെര്‍ണാണ്ടയുടെ മൂത്ത സഹോദരങ്ങള്‍. അവള്‍ക്ക് മൂന്നു മാസം മാത്രം പ്രായമുള്ളപ്പോള്‍ ആ കുടുംബത്തിന്റെ ഏക ആശ്രയവും താങ്ങും തണലുമായിരുന്ന പിതാവ് ഗെയ്റ്റാനോ ആക്സ്മികമായി രോഗബാധിതനായി, 1920 ജൂലൈ 16-ന് മരണമടഞ്ഞത് ആ ഭവനത്തെ വലിയ ദുഃഖത്തിലാഴ്ത്തി.
തുടര്‍ന്ന് 1921-ലെ ക്രിസ്തുമസ് ദിനത്തില്‍ അവളുടെ സഹോദരി 9 വയസ്സുള്ള എര്മീനിയ മരണപ്പെട്ടതും ആ കുടുംബത്തെ തീരാദുഃഖത്തിലാക്കി. അതിതീവ്രമായ ദുഃഖത്താലും വേദനയാലും തകര്‍ന്നുപോയ ഈ അവസ്ഥകളെ ഫെര്‍ണാണ്ടയുടെ അമ്മ അടിയുറച്ച വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും പ്രത്യാശയുടെയും സഹായത്താല്‍ അതിജീവിച്ചു. അനുദിന ബലിയര്‍പ്പണവും ജപമാല പ്രാര്‍ഥനയും മറ്റും അവര്‍ക്ക് ശക്തി പകര്‍ന്നു.
അമ്മയുടെ മാതൃകാപരമായ വിശ്വാസജീവിതവും ഭക്തിതീക്ഷ്ണതയും ഫെര്‍ണാണ്ടയെ ചെറുപ്രായംമുതല്‍ ആഴമായ വിശ്വാസജീവിതത്തിലും ദൈവസ്നേഹത്തിലും വളര്‍ത്തി. അടിയുറച്ച വിശ്വാസം, ജീവിതവിശുദ്ധി, ഉപവിപ്രവര്‍ത്തനങ്ങള്‍, എളിമ, വിനയം, ദാരിദ്രരൂപി – തുടങ്ങിയ പുണ്യങ്ങള്‍ അവള് ചെറുപ്പകാലംമുതല്‍ കാത്തുപാലിച്ചു പോന്നിരുന്നു. ഇടവകയായ അംബ്രോസിയന്‍ ദേവാലയത്തിലെ വിശ്വാസപരിശീലനവും മോണ്‍സിലെ സെന്റ് മാര്‍ട്ടിനോയില്‍ പെണ്‍കുട്ടികള്‍ക്കായി കനോഷ്യന്‍ സന്ന്യാസിനികള്‍ നടത്തിയിരുന്ന വിശ്വാസപരിശീലന ക്ലാസ്സുകളും ഫെര്‍ണാണ്ടയെ ദൈവവിളിയിലേക്ക് നയിച്ചു.
ഫെര്‍ണാണ്ടയെ കുറിച്ചുള്ള ആ കാലത്തെ സഹപ്രവര്‍ത്തകരുടെ സാക്ഷ്യ ഇപ്രകാരമാണ്: ‘അവള് എപ്പോഴും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ശിഷ്യയാകാനാണ് ശ്രമിച്ചിരുന്നത്. സ്കൂളിലായാലും വിശ്വാസപരിശീലന ക്ലാസ്സിലായാലും മറ്റേതു ജോലിയിലായാലും അവള് അങ്ങനെ തന്നെയായിരുന്നു.’ സഹോദരന് ഫ്രാന്‍സിയോ ഇപ്രകാരമാണ് സാക്ഷ്യപ്പെടുത്തിയത്: ‘പ്രശാന്തതയും ഊര്‍ജ്ജസ്വലതയും ഒരുപോലെ വിളങ്ങിയിരുന്ന തന്റെ സഹോദരിയില്‍ എപ്പോഴും സന്തോഷം പ്രകാശിച്ചിരുന്നു.

ആഴമേറിയ ദൈവസ്നേഹമാണ് അതിനവളെ പ്രാപ്തയാക്കിയത്. ‘അനുദിന പ്രാര്‍ഥന, അടുത്തടുത്തുള്ള കുമ്പസാരം, ആഴമായ ധ്യാനം തുടങ്ങിയ ഭക്തകാര്യങ്ങള് ഫെര്‍ണാണ്ടയെ ദൈവികതീക്ഷ്ണതയിലും സ്വര്‍ഗ്ഗീയ ആനന്ദത്തിലും വളര്‍ത്തി. വിമര്ക്കാത്തയിലെ കനോഷ്യന്‍ സന്ന്യാസിനികളുടെ ആധ്യാത്മിക ഭവനവും മിഷന് പ്രചരണത്തിന് പോകാനുള്ള സിസ്റ്റേഴ്സിന്റെ പരിശീലനകേന്ദ്രവും അവള് പലപ്പോഴും സന്ദര്‍ശിച്ചിരുന്നു.1938-ല്‍ മോണ്സായില് വച്ച് നടന്ന ഒരു മിഷണറി പ്രേഷിത ശുശൂഷ അവളെ തന്റെ ദൈവവിളിയുംജീവിതനിയോഗവും തിരിച്ചറിയുവാന്‍ വഴിയൊരുക്കി. ദൈവത്തിന് പ്രിയപ്പെട്ട പ്രേഷിതയാകാന് ആഴമായി ആഗ്രഹിച്ച് അവള് ജീവിച്ചു.
ദൈവമഹത്വത്തിനായി ഒരു സമര്പ്പിതയാകുവാന് ഏറെ ആഗ്രഹിച്ച ഫെര്‍ണാണ്ട റീവ 1939മാര്‍ച്ച് 19-ന് കനോഷ്യന്‍ സന്ന്യാസിനി സഭയുടെ വിമര്ക്കാത്തായിലുള്ള നോവിഷ്യേറ്റില്‍ പ്രവേശിച്ച് തന്റെ സമര്‍പ്പിത ജീവിതം ആരംഭിച്ചു. കനോസ്സായിലെ വിശുദ്ധ മാഗ്ദലീന്‍ (1774 – 1835) 1808ല്‍ ഇറ്റലിയില്‍ ആരംഭിച്ച കനോഷ്യന്‍ സന്ന്യാസിനി സഭയുടെ കാരിസം ക്രൂശിതനായ യേശുവിന്റെ ചൈതന്യമായിരുന്നു.
വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹിക സേവനം എന്നീ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ വിനയത്തില്‍ സ്നേഹം, സ്നേഹത്തില്‍ വിനയം എന്ന ദര്‍ശനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വിശുദ്ധ മാഗ്ദലീന്‍ പ്രവര്‍ത്തിച്ചത്. 1939 ഒക്ടോബര്‍ 15-ന് ഫെര്‍ണാണ്ട ക്രിസ്തുവിന്റെ പ്രേഷിതയായി മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് അയയ്ക്കപ്പെടുന്നതിന്റെ പ്രതീകമായി ക്രൂശിതരൂപം സ്വീകരിച്ചു.
മിലാനിലെ കത്തിഡ്രലില്‍ വച്ച് നടന്ന, ഔദ്യോഗികമായി ക്രൂശിതരൂപം സ്വീകരിക്കുന്ന ശുശ്രൂഷ അവളുടെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക സംഭവമായിരുന്നു. തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ ക്രൂശിതനായ ക്രിസ്തുവായിരുന്നു അവളുടെ മാതൃകയും സന്തത സഹചാരിയും.തുടര്‍ന്ന് ക്രിസ്തുവിന് സാക്ഷ്യം നല്കാന് ഇന്ത്യയിലേക്ക് പോകുവാന്‍ തീക്ഷ്ണതയോടെ ആഗ്രഹിച്ച ഫെര്‍ണാണ്ട, നൊവിഷ്യേറ്റില്‍ പ്രവേശിച്ചിട്ട് 7 മാസം മാത്രമായതിനെ തുടര്‍ന്ന് 1939 ഒക്ടോബര്‍ 18-ന് വെനീസില്‍നിന്നും ഇന്ത്യയിലേക്ക് കപ്പല്‍ കയറി, കനോഷ്യന്‍ പ്രേഷിത ചൈതന്യത്തോടെ ഒക്ടോബര്‍ 30-ന് മുംബൈയില്‍ എത്തിച്ചേര്‍ന്നു. 1939 നവംബര്‍ ഒന്നിന് കര്‍ണ്ണാടകയിലെ ബെല്‍ഗാമിലെ സെന്റ് ജോസഫ് നോവിഷ്യേറ്റിലെത്തി സന്ന്യാസ പരിശീലനംതുടര്ന്നു.
മിഷന് ചൈതന്യത്തോടെ ഭാരതത്തില്‍ എത്തിയ അവള് സന്ന്യാസപരിശീലനം പൂര്‍ത്തിയാക്കി 1941 ഡിസംബര്‍ 24-ന് പ്രഥമവ്രതവാഗ്ദാനം നടത്തി. മാതൃക മരിയ ഭക്തകൂടിയായ അവള് ദിവ്യരക്ഷകനോടു ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ‘എന്റെ ഈശോയെ, നിന്നോടു നന്ദി പറയുവാന്‍ ഈ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചാലും മതിയാവുകയില്ല. അതുകൊണ്ട് എനിക്ക്പകരമായി സ്വര്‍ഗ്ഗീയ രാജ്ഞിയായ പരിശുദ്ധ അമ്മ അതുചെയ്യുവാന്‍ അങ്ങ് അനുവദിച്ചാലും’. കനോഷ്യന്‍ സഭയുടെ യഥാര്‍ത്ഥ സ്ഥാപക പരിശുദ്ധ കന്യകാമറിയം തന്നെയാണെന്ന് സഭാ സ്ഥാപകയായ വിശുദ്ധ മാഗ്ദലിന് സന്ന്യാസിനികളോട് പലപ്പോഴും പറയുമായിരുന്നു.
പരിശുദ്ധ അമ്മ സ്വന്തം മകളായി തന്നെ സ്വീകരിക്കണമെന്ന് ഫെര്‍ണാണ്ട അനുദിനം പ്രാര്‍ഥിക്കുമായിരുന്നു. 1947 ജൂണ്‍ 5-നാണ് അവള് നിത്യവ്രതവാഗ്ദാനം നടത്തിയത്. ഈ കാലഘട്ടത്തിനിടയ്ക്ക് നിന്നുപോയ പഠനം തുടരുവാന്‍ അവള്‍ക്ക് സാധിച്ചു. 1943-ല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റും 1947-ല്‍ ആര്‍ട്സില്‍ ബിരുദവും 1948-ല്‍ ബി.എഡ്ഡും മദര്‍ ഫെര്‍ണാണ്ട വിജയകരമായി കരസ്ഥമാക്കി. ഉന്നത പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ മദര്‍ ഭാരതത്തിലെ കനോഷ്യന്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുവാന്‍ നിയമിതയായി.
വിദ്യാഭ്യാസത്തിലൂടെ സാധാരണക്കാരായ ജനങ്ങളെ നവോത്ഥാനത്തിലേക്കും ഈശ്വരചൈതന്യത്തിലേക്കും നയിക്കാന്‍ സാധിക്കും എന്നു ഉറച്ചുവിശ്വസിച്ച മദര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്.മദര്‍ ഫെര്‍ണാണ്ട ഇപ്രകാരം എഴുതി: ‘നിങ്ങള്‍ കഷ്ടപ്പെട്ടുതന്നെ പഠിക്കുക. പക്ഷേ ഒന്നു ശ്രദ്ധിക്കുക, നിങ്ങള്‍ അതിന്റെ ഫലം നോക്കരുത്. അതുപോലെ ലൗകികമായ ബഹുമതികളുടെ അല്ലെങ്കില്‍ വ്യര്‍ത്ഥമായ കീര്ത്തികളുടെ പിറകേ പോകരുത്.അവയെല്ലാം വെറും ചപ്പുചവറുകളാണ്. നിങ്ങള്‍ പഠിച്ച് നേടേണ്ടത് ദൈവത്തിനുവേണ്ടിയാകണം. ഒപ്പംതന്നെ ആ ദൈവത്തിനുവേണ്ടി നിങ്ങള്‍ നല്ല അധ്യാപകരുമാവണം.’
മുംബൈയിലെ മഹിം ടൗണിലെ കനോഷ്യന്‍ സ്കൂളിലെ അധ്യാപികയായും തുടര്‍ന്ന് പ്രിന്‍സിപ്പലായും മഠത്തിലെ വൈസ് സുപ്പീരിയറായും മദര്‍ സേവനമര്‍പ്പിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി മദറിനെ സഭാധികാരികള്‍ ആലപ്പുഴയിലെ കനോഷ്യന്‍ സമൂഹത്തില്‍ നിയോഗിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ക്രൈസ്തവ സ്നേഹത്തിനും സേവനത്തിനും വലിയ സാക്ഷ്യം നല്കിയ മദര്‍ ഫെര്‍ണാണ്ട 1953 സെപ്റ്റംബറില്‍ ആലപ്പുഴയില്‍ വന്നുചേര്‍ന്നു.
1889-ല്‍ കൊച്ചി രൂപതാ മെത്രാനായിരുന്ന ഡോം ജോണ്ഗോമസ് ഫെരെയിരായുടെ ആവശ്യപ്രകാരം കൊച്ചിയില്‍ എത്തിയ കനോഷ്യന്‍ സന്ന്യാസിനിമാരില്‍ നാലുപേര്‍ ആലപ്പുഴയില്‍ എത്തി 1892-ല്‍ മഠം ആരംഭിച്ചു. കൊച്ചി രൂപത പുനഃസ്ഥാപിതമായതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന കര്‍മ്മലീത്താ സന്ന്യാസിനികള്‍ എറണാകുളത്തേക്ക് പ്രവര്‍ത്തനം മാറ്റിയതിന തുടര്‍ന്നാണ് കനോഷ്യന്‍ സഹോദരിമാര്‍ ആലപ്പുഴയില്‍ എത്തിയത്.
കര്‍മ്മലീത്തരുടെ മഠമാണ് കനോഷ്യന്‍ മഠമായി മാറിയത്. പെണ്‍കുട്ടികളെ വിദ്യാഭ്യസത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ഉന്നതമായ ലക്ഷ്യത്തോടെ ആലപ്പുഴയിലെ ആദ്യ വനിതാ കോളജ് സ്ഥാപിക്കുന്നതിനും അതിന്റെപ്രവര്ത്തനങ്ങള് മുന്നോട്ടു കൊണ്ടുപോകുന്നതിനുമായാണ് കനോഷ്യന്‍ സഭാധികാരികള്‍ മദറിനെ ആലപ്പുഴയില്‍ നിയോഗിച്ചത്. മദര്‍ തന്നെ ഏല്‍പ്പിച്ച ഭാരിച്ച ഉത്തരാവാദിത്വങ്ങള്‍ മാതൃകാപരമായാണ് ചെയ്തു തീര്‍ത്തത്. പിന്നാക്കാവസ്ഥയിലുള്ള ആലപ്പുഴയെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഏറെ പ്രാധാന്യമുള്ളതായിരുന്നു.
1953 ഏപ്രില്‍ 18-ന് കാനോഷ്യന്‍ സഭയുടെ അന്നത്തെ മദര്‍ജനറലായിരുന്ന മദര്‍ അന്റോണിയറ്റ മണ്സോണിയുടെയും ആലപ്പുഴ രൂപതയുടെ അന്നത്തെ മെത്രാന് ഡോ. മൈക്കിള്‍ ആറാട്ടുകുളത്തിന്റെയും സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ രാജാപ്രമുഖന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ആലപ്പുഴ സെന്റ് ജോസഫ് കോളജിന്റെ തറക്കല്ലിട്ടു. ഉന്നത വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികളെ നവോത്ഥാനത്തില്‍ ഉയര്‍ത്തി കൊണ്ടുവരിക എന്ന വലിയ ലക്ഷ്യത്തോടെയാണ് കനോഷ്യന്‍ സഭ 1954-ല്‍ ആലപ്പുഴ യില്‍ സെന്റ് ജോസഫ് കോളജ് സ്ഥാപിച്ചത്. കോളജിന്റെ ഔദ്യോഗിക ഉദ്ഘാടനം 1954 ഡിസംബറില്‍ തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന ഡോ. എ. രാമസ്വാമി മുതലിയാര്‍ നിര്‍വഹിച്ചു..
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രാധാന്യമുള്ള കലാലയമായ ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി നിയമിതയായ മദര്‍ ഫെര്‍ണാണ്ട ഈ കോളജിന്റെ ആരംഭഘട്ടത്തിന്റെ വളര്‍ച്ചയ്ക്കായി വലിയ കഠിനാധ്വാനമാണ് ചെയ്തത്. ഈ കോളജിലെ അധ്യാപനം വിദ്യാഭ്യാസ വിഷയങ്ങളില്‍ മാത്രം ഒതുങ്ങി പോകരുത് എന്ന് ആഗ്രഹിച്ച മദര്‍ ഇവിടത്തെ വിദ്യാര്‍ഥിനികളെ വിദ്യാഭ്യാസത്തിനൊപ്പം ആധ്യാത്മിക വഴിയിലും ഉപവിയുടെയും സാമൂഹിക സേവനത്തിന്റെയും പാതയില്‍ നയിക്കുവാനും പരിശ്രമിച്ചിരുന്നു.
മദറിന്റെ പ്രേഷിതദൗത്യത്തിലും മാര്‍ഗദര്‍ശനത്തിലും ഈ വിദ്യാര്‍ഥികള്‍ക്ക് പാവപ്പെട്ട ജനവിഭാഗത്തിന്റെ ഇടയില്‍ ഇറങ്ങി ചെല്ലാനും അവരോടു സ്നേഹത്തോടും കരുണയോടുംകൂടി ഇടപഴകുവാനും തങ്ങളെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാനും ഉത്തരവാദിത്വബോധമുണ്ടാകുവാനും സാമൂഹികപ്രശ്നങ്ങളില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനുമുള്ള വലിയ പ്രചോദനം ലഭിച്ചു. ഈ ഉന്നത ലക്ഷ്യത്തോടെയാണ് മദര്‍, സമാജ് സോഷ്യല്‍സര്‍വീസ് എന്ന സംഘടന ആരംഭിച്ചത്. മദര്‍ എല്ലാവരോടും സ്നേഹത്തോടെയും എളിമയോടുമാണ് സംസാരിച്ചിരുന്നതും ഇടപെട്ടിരുന്നതും. മദറിനെ ഈ കാലഘട്ടത്ത് ആരോഗ്യവും ക്ഷീണവും ഏറെ മോശമായി ബാധിച്ചിരുന്നുവെങ്കിലും വിദ്യാഭ്യാസരംഗത്തെ ഉന്നത ഉത്തരവാദിത്വങ്ങള്‍ കഠിനാധ്വനത്തോടെ മാതൃകപരമായി നിര്‍വഹിച്ചിരുന്നു.
ഗുരുതരമായ കാന്‍സര്‍ രോഗം ബാധിച്ച മദര്‍ അസഹ്യവും തീവ്രവുമായ വലിയ വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും ആഴമായ പ്രാര്‍ഥനയുടെ ശക്തിയാല്സന്തോഷത്തോടെ സഹിച്ചുകൊണ്ട് തന്റെ ഉത്തരവാദിത്വങ്ങളില്‍ മുഴുകിയിരുന്നു. ഈ തീവ്രവേദനകള്ക്കിടയിലും മദര്‍ സഹപ്രവര്‍ത്തകരോടും മറ്റും ഏറെ സ്നേഹത്തോടും ആനന്ദത്തോടും കൂടി പെരുമാറിയിരുന്നു.അതീവ ഗുരുരതരമായ രോഗബാധിയായ മദര്‍ ചികിത്സാര്‍ത്ഥം ഇടയ്ക്കിടെ മുംബൈയില്‍ പോയി തിരിച്ച് വന്ന് വിദ്യാഭ്യസ പ്രവര്ത്തനങ്ങള്തുടര്ന്നിരുന്നു. രോഗാവസ്ഥ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ അവസരത്തില്‍ മദറിനെ സന്ദര്‍ശിക്കുവാന്‍ മുംബൈ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ വലേറിയിന് ഗ്രേഷ്യസ് വന്നപ്പോള്‍ മദര്‍ ഇപ്രകാരം പറഞ്ഞു: ‘എല്ലാം ഞാന്‍ പറഞ്ഞുകഴിഞ്ഞു. എല്ലാം ഞാന്‍ ചെയ്തുകഴിഞ്ഞു. എന്റെ യാത്രയ്ക്കായി ഇതാ ഞാന്‍ തയ്യാറായിരിക്കുന്നു’. ഇതുകേട്ട് കര്‍ദിനാള്‍ ഗ്രേഷ്യസ് ഇപ്രകാരം പറഞ്ഞു: ‘മദര്‍ ഫെര്‍ണാണ്ട, നീ ഒത്തിരി ജോലി ചെയ്തു. നിന്റെ യാത്ര ഇവിടെ പൂര്‍ണമാകുന്നു. നീ ഇപ്പോള്‍ സ്വര്ഗസമ്മാനത്തിനര്ഹയാണ്. ഇപ്പോള്‍ പൂര്‍ണമായും ദൈവത്തില്‍ അലിഞ്ഞു ചേരുക’.
മാതൃക കനോഷ്യന്‍ പ്രേഷിതയായിരുന്ന മദര്‍ ഫെര്‍ണാണ്ട റീവ 36-ാം വയസില്‍, മുംബൈയിലെ സെന്റ് എലിസബത്ത് നേഴ്സിംഗ് ഹോമില്‍ വച്ച്, 1956 ജനുവരി 22-ന് ദിവംഗതയായി സ്വര്‍ഗ്ഗീയ പിതാവിന്റെ തിരുസന്നിധിയിലേക്ക് യാത്രയായി. തന്റെ എളിയ ജീവിത സാക്ഷ്യത്തിലൂടെ മദര്‍ വിശുദ്ധിയുടെയും ദൈവസ്നേഹത്തിന്റെയും സഹനത്തിന്റെയും ഉന്നതമാതൃക വിശ്വാസിസമൂഹത്തിന് കാട്ടിത്തന്നു.
മുംബൈയില്‍ വച്ച് ദിവംഗതയായി അവിടെത്തന്നെ സംസ്കരിച്ച പുണ്യചരിതയായ മദര്‍ ഫെര്‍ണാണ്ട റീവയുടെ നാമകരണ നടപടികള്‍ തിരുസഭയില്‍ നിന്ന് ഔദ്യോഗികമായി ആരംഭിച്ചു. മദറിന്റെ ജീവിതവിശുദ്ധി അടുത്തറിഞ്ഞിരുന്ന ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാന് ഡോ. മൈക്കിള്‍ ആറാട്ടുകുളത്തിന്റെ ആഹ്വാനപ്രകാരം 1994 ആഗസ്റ്റ 13-ന് മുംബൈയുടെ അന്നത്തെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ സൈമണ്‍ പിമെന്റാ ദൈവദാസിയായി പ്രഖ്യാപിച്ചു.
തുടര്‍ന്ന് 2012 ജൂണ്‍ 28-ന് ബെനഡിക്ട് 16-ാമന്‍ പാപ്പാ മദറിനെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. ‘ഭാരതത്തിലെ കനോഷ്യന്‍ സന്ന്യാസിനികളുടെയിടയില് പരിമളമേകിയ ഒരു പനിനീര്‍പുഷ്പമാണ് മദര്‍ ഫെര്‍ണാണ്ട’എന്നാണ് മദറിന്റെ മരണസമയത്ത് അടുത്തുണ്ടായിരുന്ന കനോഷ്യന്‍ സിസ്റ്ററായ മദര്‍ കരോളിന റൊങ്കാളി പറഞ്ഞത്. മദര്‍ ഫെര്‍ണാണ്ടയുടെ ഭൗതീകാവശിഷ്ടം മുംബൈയില്‍ നിന്ന് 2015 ഒക്ടോബര്‍ 14-ന് മദറിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്ന ആലപ്പുഴയില്‍ കൊണ്ടുവന്ന് കനോഷ്യന്‍ സഭയുടെ സെന്റ് ജോസഫ് കോണ്‍വെന്റ് ചാപ്പലില്‍ ആലപ്പുഴയുടെ അന്നത്തെ മെത്രാന് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പുനഃസംസ്കരിച്ചു.
‘ആനന്ദത്തിന്റെ പ്രേഷിത’ എന്ന പുസ്തകത്തിന്റെ ആമുഖ സന്ദേശത്തില്‍ ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഇപ്രകാരമാണ് എഴുതിയത്: ‘ആനന്ദത്തിന്റെ പ്രേഷിത. ജീവിതത്തെ ആത്മീയാനന്ദത്തിന്റെ ചാലകമാക്കി തീര്‍ത്ത, കൊടിയ വേദനകളെ സൗമ്യമായ പുഞ്ചിരിയോടെ സ്വീകരിച്ച ധന്യയായ മദര്‍ ഫെര്‍ണാണ്ട റീവയെ മറ്റെന്താണ് നാം വിശേഷിപ്പിക്കുക. വേദന ഭീകരമായ സുനാമിത്തിരകള്‍ പോലെ ആഞ്ഞടിക്കുമ്പോഴും പ്രശാന്തമായ മനസോടെ, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മീയനിര്‍വൃതിയോടെ പുഞ്ചിരിക്കുവാന്‍ സാധിക്കുക. ആത്മീയതയോടെ ഉന്നതശൃംഗത്തില് നില്ക്കുന്ന ഒരു വ്യക്തിക്ക് മാത്രം സാധ്യമായ ഒന്നാണ്.’
ഇന്ത്യന്‍ കനോഷ്യന്‍ സമൂഹത്തിന്റെയും ആലപ്പുഴ രൂപതയുടെയും പുണ്യചരിതയായ ധന്യ മദര്‍ ഫെര്‍ണാണ്ട റീവ എത്രയും വേഗം വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ സര്‍വശക്തനായ ദൈവത്തോട് നമുക്ക് പ്രാര്‍ഥിക്കാം.———————-

