വര്‍ഗീയതയോടുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വര്‍ഗീയതയോട് ഏറ്റുമുട്ടി വീണാലും അത് വീരോചിത മരണമാകുമെന്നും പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളിയോടു ചേര്‍ന്നുകൊണ്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പുതിയൊരു പോര്‍മുഖം തുറന്നിരിക്കയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളരാഷ് ട്രീയത്തില്‍ വിശാല ഹിന്ദു ഐക്യത്തിന്റെ ബാനറില്‍ പിണറായിയുടെ മൂന്നാം ഊഴത്തിന് കളമൊരുക്കുന്നതായി കരുതപ്പെടുന്ന വെള്ളാപ്പള്ളി മികച്ച ഫോമില്‍ നിറഞ്ഞാടുകയാണ്. സാമ്പത്തിക സംവരണ വിഷയത്തില്‍ എന്‍.എസ്.എസുമായി നിലനിന്നിരുന്ന ഇടര്ച്ചയൊക്കെ പഴങ്കഥയായിരിക്കെ, സംസ്ഥാനത്തെ പ്രബല ഹൈന്ദവ സമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.എന്‍.ഡി.പി. യോഗം കൗണ്‍സില്‍ അടിയന്തരമായി പ്രമേയം പാസാക്കുകയും പെരുന്നയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അതിനെ സ്വാഗതം ചെയ്യുകയും, ഐക്യ ചര്‍ച്ചകള്‍ക്കായി വെള്ളാപ്പള്ളി നടേശന്റെ പുത്രന് തുഷാര്‍ വെള്ളാപ്പള്ളിയെ പെരുന്നയിലേക്ക് ക്ഷണിക്കുകയും ചെയ്തിരിക്കയാണ്.
എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ സഖ്യകക്ഷിയായ ഭാരത് ധര്‍മ്മ ജന സേന (ബിഡിജെസ്) പ്രസിഡന്റ് കൂടിയാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംസ്ഥാനത്തെ എസ്ഐടിക്കു പുറമെ കേന്ദ്രത്തിന്റെ ഇഡിയും വലക്കണ്ണികള്‍ മുറുക്കികൊണ്ടിരിക്കെ, തത്കാലം സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടെയും വിശാല ഹിന്ദു സഖ്യം ഇടതുമുന്നണിക്ക് തുണയാകുമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ നേട്ടം കൊയ്യുക ബിജെപിയാകും
.’നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന പഴയ മുദ്രാവാക്യം പരിഷ്കരിച്ച് വെള്ളാപ്പള്ളി ‘നായാടി മുതല്‍ നസ്രാണി വരെ’ എന്ന് വിശാലമായ ഒരു കൂട്ടായ്മയുടെ വാതായനം തുറന്നിട്ടുണ്ട്. ഈ നിര്‍വചനത്തില്‍ ഒബിസി, പിന്നാക്ക വിഭാഗങ്ങളിലെ ലത്തീന്‍കാര്‍ക്ക് എന്തെങ്കിലും സ്കോപ്പുണ്ടോ?——————-

