കോഴിക്കോട്: അസംപ്ഷൻ സിസ്റ്റേഴ്സിന്റെ പുതിയ ശുശ്രൂഷാ സംരംഭമായ ‘സ്നേഹഭവൻ’ ഡോ. വർഗീസ് ചക്കാലയ്ക്കൽ മെത്രാപ്പൊലീത്ത വെഞ്ചരിച്ചു. മലാപ്പറമ്പ് ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ മാറി ഗോൾഫ് ലിങ്ക് റോഡിലാണ് നവീനമായ ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. സഭയിലെ പ്രായമായവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും പ്രാർത്ഥനാ നിർഭരമായ വിശ്രമജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹഭവനം നിർമ്മിച്ചിരിക്കുന്നത്.
വെഞ്ചരിപ്പിന് ശേഷം മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ദിവ്യബലിയും വചനസന്ദേശവും നടന്നു. വിശ്വാസം ദൈവത്തിന്റെ വലിയൊരു ദാനമാണെന്നും അത് മാമോദിസയിലൂടെയാണ് ദൈവം നമുക്ക് വെളിപ്പെടുത്തി തരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “വിശ്വാസം നാം ആഘോഷിക്കുകയും പങ്കുവെക്കുകയും ജീവിക്കുകയും വേണം. അത് കേവലം ആശയമല്ല, മറിച്ച് കാഴ്ചയും കേൾവിയും സ്പർശനവും ഓർമ്മയുമാണ്,”- അദ്ദേഹം പറഞ്ഞു.

രൂപതാ ചാൻസലർ ഫാദർ ഗ്രേഷ്യസ് ടോണി, സെക്രട്ടറി ഫാദർ റെനി ഇമ്മാനുവൽ, ക്രിസ്തുരാജ് ഇടവക വികാരി ഫാദർ സോണി തോമസ് SJ, പാക്സ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാദർ സൈമൺ പീറ്റർ, ഫാദർ ടിജോ SSP, ഫാദർ ജോൺ മണിപാടം SJ, ഫാദർ ജോസ് ജേക്കബ് SJ എന്നിവർ ദിവ്യബലിയിൽ സഹകാർമ്മികരായിരുന്നു.
തുടർന്ന് പ്രൊവിൻഷ്യൽ സിസ്റ്റർ ഷേർളി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഫാദർ സോണി തോമസ് SJ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വിനീത സജീവ്, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് കൊച്ചുമുറിയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
സ്നേഹഭവന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എഞ്ചിനീയർ രത്നേഷിനെയും അദ്ദേഹത്തിന്റെ ടീമിനെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ അൽഫി സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.




