വത്തിക്കാൻ : വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, കഴിഞ്ഞ ഞായറാഴ്ച്ച രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 160 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തു. അക്രമികൾ വൻതോതിൽ എത്തി, ആരാധനാലയങ്ങൾ വളയുകയും, പ്രവേശന വഴികൾ തടസ്സപ്പെടുത്തി, വിശ്വാസികളെ ബലപ്രയോഗത്തിലൂടെയാണ് തട്ടിക്കൊണ്ടുപോയത്. വർഷങ്ങളായി സായുധ അക്രമം, കൂട്ട തട്ടിക്കൊണ്ടുപോകൽ, സിവിലിയന്മാർക്കും മത സമൂഹങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയ്ക്ക് വേദിയായ വടക്കൻ-മധ്യ നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശങ്ങളിലൊന്നായ കടുന സംസ്ഥാനത്താണ് ആക്രമണം നടന്നത്.
മുസ്ലീം ഭൂരിപക്ഷ വടക്കൻ പ്രദേശത്തിനും ക്രിസ്ത്യൻ ഭൂരിപക്ഷ തെക്കൻ പ്രദേശത്തിനും ഇടയിലുള്ള ഒരു പ്രദേശമാണ് കടുന. നവംബർ 17 ന് രാത്രിയിൽ സെന്റ് സ്റ്റീഫൻസ് പള്ളിയിലെ ഇടവക വികാരി ഫാദർ ബോബ്ബോ പാസ്ക്കലിനെ തട്ടിക്കൊണ്ടുപോയതും ഈ പ്രവിശ്യയിൽ നിന്നുമാണ്. അദ്ദേഹത്തെ ഏകദേശം രണ്ടു മാസങ്ങൾക്കു ശേഷമാണ് വിട്ടയച്ചത്. തദവസരത്തിൽ, ഫാദർ ബോബ്ബോയുടെ സഹോദരനെ അക്രമകാരികൾ കൊലപ്പെടുത്തിയിരുന്നു.
ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ തട്ടിക്കൊണ്ടുപോകലുകളും ആക്രമണങ്ങളും ഏറെ വർധിക്കുന്ന നൈജീരിയയിൽ, 2025 ൽ മാത്രം 3490 വിശ്വാസികളെയാണ് കൊലചെയ്തിട്ടുളത്. ഇത് ആഗോളതലത്തിൽ ആകെയുള്ളതിന്റെ ഏകദേശം 70 ശതമാനമാണ്. കഴിഞ്ഞ നവംബറിൽ നൈജർ സംസ്ഥാനത്തെ ഒരു കത്തോലിക്കാ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിനു ശേഷം 300-ലധികം വിദ്യാർത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു.
