കൊച്ചി : ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ലാറ്റിൻ കത്തോലിക്കാ സമൂഹത്തിൽ നിന്നുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ- പ്രതിപക്ഷ കൗൺസിലർമാരെയും മേയറെയും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
പങ്കെടുത്ത കൗൺസിലർമാരെല്ലാവരും നഗര വികസനത്തിൽ അവരവരുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. കൊച്ചി മേയറായിരുന്ന പ്രഫ മാത്യു പൈലി പ്രസിഡന്റ് ആയി 1992 ൽ രൂപീകരിച്ച സർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റിയുടെ ആദ്യ അംഗം മുൻ എം പി ഡോ ഹെന്റി ഓസ്റ്റിൻ ആയിരുന്നു.
ലത്തീൻ സമൂഹത്തിലെ അക്കാലത്തെ വ്യവസായ പ്രമുഖനായിരുന്ന ശ്രീ ജോർജ് കണിയാംപുറമായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്ന് മുതൽ വ്യത്യസ്ത പദവികളിൽ നേട്ടങ്ങൾ കൈവരിച്ച സമുദായാംഗങ്ങളെ ആദരിക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ച് മാതൃകയാകുവാൻ സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റിക്ക് സാധിച്ചിട്ടുണ്ട് . സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലത്തീൻ സമുദായാംഗങ്ങൾ തമ്മിൽ പരിചയപ്പെടാനും പൊതു താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും, സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായും , അർഹമായ നീതി നിഷേധിക്കപ്പെടുന്ന പിന്നോക്കക്കാർക്ക് നീതി ലഭ്യമാക്കുവാനും സംഘടനയുടെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
ഈ അടുത്ത കാലങ്ങളിലായി ക്രൈസ്തവ സന്യാസിനികൾക്കു നേരെയും ക്രിസ്തുമസ് കാലയളവിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരെയും നടന്നിട്ടുള്ള അക്രമ സംഭവങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കു സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി നേതൃത്വം നൽകുകയുണ്ടായി. പ്രസിഡന്റ് ഡോ. വി. എം. വിക്ടർ ജോർജ് അധ്യക്ഷത വഹിച്ച സ്വീകരണ ചടങ്ങിൽ ആത്മീയ ഉപദേഷ്ടാവ്റവ. ഫാ. ജോൺസൺ ഡി’കുന്ഹ അനുഗ്രഹ പ്രാർത്ഥന അർപ്പിച്ചു .
സെക്രട്ടറി അഡ്വ വി എ ജെറോം സ്വാഗതവും ശ്രീ ടി ജെ വിനോദ് എം എൽ എ പുതുവർഷ സന്ദേശവും നൽകി. ഡോ സെബാസ്റ്റ്യൻ പോൾ, ഡോ ചാൾസ് ഡയസ്, ശ്രീ ഡൊമിനിക് പ്രസന്റേഷൻ, ശ്രീ ജോസഫ് ജൂഡ്, ശ്രീ ഷൈജു കേളന്തറ, അഡ്വ സ്റ്റെർവിൻ, ശ്രീ പി എം ബെഞ്ചമിൻ, ശ്രീ ജോസ് വള്ളുവശ്ശേരി, ഫാ മാർട്ടിൻ തൈപ്പറമ്പിൽ, ഫാ സ്റ്റീഫൻ തോമസ്, അഡ്വ ജോർജ് മെർലോ പള്ളത്ത്, അഡ്വ ജസ്റ്റിൻ കരിപ്പാട്ട് എന്നിവർ അനുമോദന സന്ദേശങ്ങൾ നൽകിയ യോഗത്തിൽ ശ്രീ ഡേവിഡ് പറമ്പിത്തറ കൃതജ്ഞത അർപ്പിച്ചു. സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റി

