കൊച്ചി: മനുഷ്യ ജീവന് പകരം വയ്ക്കാൻ ശാസ്ത്രജ്ഞന്മാർക്ക് ഇന്നുവരെ ഒരു മാർഗ്ഗവും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലെന്നും ,മനുഷ്യസമ്പത്തുള്ള സമൂഹങ്ങളും, രാഷ്ട്രങ്ങൾക്കും മാത്രമേ പുരോഗതി കൈവരിക്കുവാൻ സാധിച്ചിട്ടുള്ളൂവെന്നും ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു . ദൈവത്തിന്റെ ദാനമായ മനുഷ്യ ജീവന്റെ വില അമൂല്യമാണ്. വരാപ്പുഴ അതിരൂപതയിലെ നാലും അതിൽ കൂടുതൽ മക്കൾ ഉള്ള വലിയ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. അന്നേ ദിനം ലവീത്ത മിനിസ്ട്രി നൽകിവരുന്ന വലിയ കുടുംബങ്ങൾക്കുള്ള സ്നേഹസമ്മാനവും അദ്ദേഹം നൽകി. ലവീത്ത മിനിസ്ട്രി സ്പിരിച്വൽ ഡയറക്ടർ ഫാ. റോബർട്ട് ചവറാനിക്കൽ VC ഏവർക്കും ആശംസകൾ നേർന്നു. അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. അലക്സ് കുരിശുപറമ്പിൽ കെസിബിസി പ്രോലൈഫ് പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ എന്നിവർ സംസാരിച്ചു. സ്നേഹ വിരുന്നോടെ സംഗമം സമാപിച്ചു.

