ഇമോ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നൈജീരിയയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇമോ സംസ്ഥാനത്തുള്ള ഒഗ്ബാകുവിൽ ക്രിസ്തുമസ് തലേന്ന് വൈകുന്നേരം ഫാ. റെയ്മണ്ട് ഞോക്കു എന്ന വൈദികനാണ് വെടിയേറ്റത്.
ഒവേരി അതിരൂപതാംഗമാണ്. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് വൈദികനെ ആക്രമിച്ചതെന്ന് കരുതപ്പെടുന്നു. ഇഗ്ബാകുവിൽ (Igbaku) വിശുദ്ധ കെവിന്റെ നാമധേയത്തിലുള്ള ഇടവകയുടെ സഹ വികാരിയായ ഫാ. ഞോക്കു, വൈകുന്നേരം എട്ടുമണിയോടെ ഇടവകയിലേക്ക് തിരികെയെത്തുന്ന വേളയില്‍ വാഹനത്തിലെത്തിയ അക്രമിസംഘം വൈദികനു നേരെ നിറയൊഴിക്കുകയായിരുന്നു.
ഫാ. ഞോക്കു യാത്ര ചെയ്തിരുന്ന കാറിൽ നിരവധി വെടിയുണ്ടകൾ പതിച്ചിരുന്നു. പ്രദേശത്ത് മുൻപും പല തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും നടത്തിയ സായുധ അക്രമിസംഘമാണ് സംഭവത്തിന് പിന്നിലെന്നു ഫീദെസ് ഏജൻസി വെളിപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ വൈദികനെ ഇടവകയിൽനിന്നുള്ള ആളുകൾ ഉടനെ ആശുപത്രിയിലെത്തിക്കുകയും അടിയന്തിരചികിത്സ ലഭ്യമാക്കുകയും ചെയ്തു.
വൈദികന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും, മാരകമായ ആക്രമണത്തിൽനിന്ന് അദ്ദേഹം രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറയുകയാണെന്നും അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ലൂസിയൂസ് ഇവേജുരു ഉഗോർജി പറഞ്ഞു.

