ഹിസ്റ്റോറിയ / ജെന്സന്. സി. ജോസ്

തിരുപ്പിറവിയുടെ പുരാതനമായ ദൃശ്യത്തിന്റെ പുനരാവിഷ്കാരം
ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നുള്ളതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ഒരു വിപുലമായ കലാ പാരമ്പര്യമാണ് ‘പ്രെസെപെ നെപ്പോളറ്റാനോ’ എന്നറിയപ്പെടുന്ന ‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗങ്ങള്‍. നേപ്പിള്‍സിന്റെ മധ്യഭാഗത്തുള്ള ചെറിയ തെരുവില്‍ കരകൗശല വിദഗ്ധര്‍ തങ്ങള്‍ കൈകൊണ്ട് നിര്‍മ്മിച്ച ‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗങ്ങളുടെ ആചാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു പാരമ്പര്യമാണിത്. തെക്കന്‍ ഇറ്റാലിയന്‍ നഗരത്തിലെ ചരിത്രപ്രസിദ്ധമായ സാന്‍ ഗ്രിഗോറിയോ അര്‍മേനോ തെരുവിനെ ക്രിസ്മസ് തെരുവായി വിശേഷിപ്പിക്കപ്പെടുന്നു.
‘ഇടയന്മാരുടെ തെരുവ്’ എന്നറിയപ്പെടുന്ന സാന്‍ ഗ്രിഗോറിയോ അര്‍മേനോ, പഴയ പട്ടണത്തിലെ രണ്ട് പ്രധാന റോഡുകളായ ട്രിബ്യൂണാലിയുടെ തെരുവിനെയും സാന്‍ ബിയാജിയോ ഡീ ലിബ്രായുടെ തെരുവിനെയും ലംബമായി ബന്ധിപ്പിക്കുന്ന ചരിത്ര കേന്ദ്രത്തിലെ ഒരു നീണ്ട വഴിയാണ്. ഇവിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരകൗശലശാലകള്‍ നിലകൊള്ളുന്നത്. ഈ തെരുവുകളിലൂടെ നടക്കുമ്പോള്‍, തിരുസ്വരൂപങ്ങള്‍ കാണുമ്പോള്‍, കുട്ടിക്കാലത്ത് പുല്ക്കൂടുകള് സന്ദര്‍ശിക്കാന്‍ മാതാപിതാക്കളുടെ കൈപിടിച്ച് നടന്ന കാര്യം ആരും ഓര്‍ത്തുപോകും.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പണിപ്പുരയില്‍
ഈ പാരമ്പര്യം പുതുതലമുറകളിലേക്ക് പകരാനുള്ള കരകൗശല വിദഗ്ധരുടെ ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ.
‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 17-ാം നൂറ്റാണ്ടിലെ ബര്‍ബണ്‍ ആധിപത്യത്തോടെയാണ്. സിസിലിയുടെ സമീപത്തുള്ള രണ്ടു പ്രദേശങ്ങള്‍ തമ്മിലുള്ള ഒരു മത്സരമായിട്ടായിരുന്നു തുടക്കം. മത്സരം എന്തെന്നല്ലേ? ആരാണ് ഏറ്റവും മനോഹരവും അതുല്യവുമായ തിരുപ്പിറവി രംഗം സൃഷ്ടിക്കുന്നത് എന്നതായിരുന്നു മത്സരം. ഇപ്പോഴത്തെ പുല്‍ക്കൂട് മത്സരങ്ങളുടെ മുന്‍ഗാമി എന്നു പറയാം. നിയോപൊളിറ്റന്‍ തിരുപ്പിറവി രംഗങ്ങള്‍ 1700-കളിലെ നേപ്പിള്‍സിലെ ജീവിത ശൈലിയെയും വസ്ത്രധാരണത്തെയും പ്രതിഫലിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
അക്കാലങ്ങളില്‍ പ്രഭുക്കന്മാരാണ് പാരമ്പര്യ തിരുപ്പിറവി രംഗങ്ങള്‍ ജനപ്രിയമാക്കിയത്. അവരുടെ വീടുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി അക്കാലത്തെ പ്രശസ്തരായ കലാകാരന്മാരെ അവര്‍ നിയോഗിക്കുമായിരുന്നു. സാവധാനത്തിലത് ക്രിസ്മസ് സമയത്ത് മാത്രമല്ല എക്കാലത്തും നിലനിന്നുപോന്നു.
നഗരത്തിന്റെ പരമ്പരാഗതമായ തിരുപ്പിറവിയുടെ കലയുമായും, ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും പ്രശസ്ത കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളേയും തിരുക്കുടുംബത്തോടൊപ്പം പ്രദര്‍ശിപ്പിക്കുന്ന രീതിയും പ്രചാരത്തിലായി. ക്രിസ്മസ് തിരുപ്പിറവി പാരമ്പര്യം 300 വര്‍ഷങ്ങള്‍ക്കു മുമ്പല്ല, 13-ാം നൂറ്റാണ്ടിലാണ് തുടങ്ങിയതെന്ന് വാദിക്കുന്നവരുമുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് ജീവനുള്ള മനുഷ്യരേയും മൃഗങ്ങളേയും ഉപയോഗിച്ച് തിരുപ്പിറവിയുടെ ആദ്യപതിപ്പ് സൃഷ്ടിച്ചിരുന്ന സമയം മുതല്‍ നേപ്പിള്‍സിലും ഈ പാരമ്പര്യത്തിനു തുടക്കമിട്ടത്രേ.
എന്നാല്‍ പതിനേഴാം നൂറ്റാണ്ടോടെയാണ് ഇത് പ്രശസ്തമായതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യേശുവിന്റെ ജനനത്തോടനുബന്ധിച്ചുളള ഓര്‍മപുതുക്കലായി, മതപരമായ വിശേഷമായി തുടങ്ങിയ പുല്‍ക്കൂട് നിര്‍മാണം പിന്നീട് പ്രഭുക്കളുടെ അഭിമാനപ്രശ്നമായും മാറി. ഏറ്റവും ഭംഗിയുള്ളതും പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പുല്ക്കൂടുകള് നിര്‍മിക്കാനായിരുന്നു ദൂരദേശത്തു നിന്നു പോലും കരകൗശലവിദഗ്ദര്‍ നേപ്പിള്സിലെത്തിയത്. അക്കാലത്തെ എല്ലാ മികച്ച കലാകാരന്മാരും കരകൗശല വിദഗ്ധരും എക്കാലത്തെയും ഏറ്റവും മനോഹരമായ തിരുപ്പിറവി രംഗം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇതില്‍ പങ്കാളികളായി. അക്കാലത്തെ ബറോക്ക് ശൈലിയുടെ സ്വാധീനത്താല്‍ നേപ്പിള്‍സ് കൂടുതല്‍ കലാപരമായ പ്രദേശമായി മാറി.

പല തെരുവുകളും ഈ കലാകാരന്മാരുടെ പ്രദര്‍ശന സ്ഥലങ്ങളായി മാറി. അങ്ങനെ സാന്‍ ഗ്രിഗോറിയോ അര്മേനോയുടെ തെരുവ് ഇടയന്മാരുടെ തെരുവായി മാറി.
പുല്‍ക്കൂട് നിര്‍മാണത്തിലെ മറ്റൊരു സവിശേഷ വശം, അത് ദൈനംദിന ജീവിതത്തെ തിരുപ്പിറവി രംഗത്തേക്ക് കൊണ്ടുവരുന്നു എന്നതാണ്. മറിയം, ജോസഫ്, ഉണ്ണിയേശു, ഇടയന്മാര്, പൂജരാജാക്കന്മാര്, ആടുകള്‍, ഒട്ടകങ്ങള്‍ എന്നിവരുടെ രൂപങ്ങള്‍ക്കപ്പുറം, സാധാരണക്കാരുടെ ദൈനംദിന ജീവിതം നയിക്കുന്ന പ്രതിമകളും അവിടെ കാണാം. കൈകൊണ്ട് വാര്‍ത്തെടുത്ത ടെറാക്കോട്ട കൊണ്ടാണ് ഈ രൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
തുടര്‍ന്ന് തുണികൊണ്ടുള്ള വസ്ത്രങ്ങള്‍ ഘടിപ്പിക്കുന്നതിന് മുമ്പ് കണ്ണുകളും മുഖങ്ങളും വരയ്ക്കുന്നു. തിരുപ്പിറവി രംഗത്തെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രത്യേകമായ ഒരു നിര്‍മിതിയാണ്. രംഗത്തിന്റെ ഒരു വശത്ത് ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ യേശുവിന്റെ ജനനം ചിത്രീകരിക്കുമ്പോള്‍ തന്നെ അതിനു സമീപത്തായി ഒരു മത്സ്യവില്പ്പനക്കാരനേയോ കര്‍ഷകനേയോ യാചകനേയോ, ബേക്കര്മാരേയോ, സംഗീതജ്ഞരേയോ, ചിത്രീകരിക്കും. നേപ്പിള്‍സില്‍ യാചകനെ ഒരു ഭാഗ്യചിഹ്നമായി കണക്കാക്കുന്നുണ്ട്.

സംഗീതജ്ഞന്മാര് തിരുപ്പിറവി ദൃശ്യത്തില്‍
പ്രതീകാത്മക കഥാപാത്രങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ദൈവികതയെ സ്വപ്നം കാണുന്ന മനുഷ്യരാശിയെ പ്രതിനിധീകരിക്കുന്ന ഉറങ്ങുന്ന ഇടയനാണ് ബെനിനോ, വീഞ്ഞിനെയും ആഘോഷത്തെയും പ്രതിനിധീകരിക്കുന്നു സിച്ചി ബാക്കോ. മറ്റൊരു വ്യതിരിക്തമായ കലാസൃഷ്ടി ‘പുള്സിനെല്ല’യാണ്, ഇത് ഇറ്റാലിയന്‍ കോമഡി നാടകവേദിയിലെ മുഖംമൂടി ധരിച്ച ഒരു കഥാപാത്രവും നേപ്പിള്‍സിന്റെ സാര്‍വത്രിക പ്രതീകവുമാണ്. ‘പുള്സിനെല്ല’ സന്തോഷത്തിന്റെയും ഉന്മേഷത്തിന്റെയും അടയാളമാണ്. പ്രശസ്ത ഫുട്ബോള്‍ കളിക്കാര്‍ (ഡീഗോ മറഡോണയെ പോലുള്ളവര്‍) അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍, വിവിധ മേഖലകളിലെ വ്യക്തികള്‍ എന്നിവരേയും ബൈബിള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം കാണുന്നതും സാധാരണമാണ്.
പുല്‍ക്കൂടുകളുടെ സമീപത്ത് ഒരു ജലധാരയോ വെള്ളച്ചാട്ടമോ കാണാം. അതൊരു പ്രതീകമാണ്. വെള്ളം ഉണ്ടായിരിക്കണം, കാരണം വെള്ളം അശുദ്ധതയെ പവിത്രീകരിക്കുന്നതിന് സഹായിക്കുന്നതാണല്ലോ.

