അബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം രൂപത മെത്രാൻ
എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
യോഹന്നാൻ 3 : 16
ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ വേണം എന്ന ദൈവത്തിന്റെ വലിയ ആഗ്രഹമാണ് ക്രിസ്തുമസ്.
ലോകചരിത്രത്തെ രണ്ടായി പകുത്ത രക്ഷകന്റെ ജനന തിരുനാളാണ് ക്രിസ്തുമസ്. ക്രിസ്തുവിന് മുമ്പും ക്രിസ്തുവിന് ശേഷവും എന്ന കാലഗണനപോലെ, നമ്മുടെ ജീവിതങ്ങളും ക്രിസ്തുവിനെ ആധാരമാക്കി അടയാളപ്പെടുത്തപ്പെടണം. അവന്റെ വചനങ്ങളോടും ജീവിതശൈലിയോടും എത്രത്തോളം ചേർന്ന് നിൽക്കുന്നു എന്നതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം.
ക്രിസ്തുമസ് ക്രിസ്തുവിലേക്കുള്ള ഒരു വിശുദ്ധയാത്രയാണ്. നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ജ്ഞാനികൾ പുൽക്കൂട്ടിലെ ഉണ്ണിയേശുവിനെ തേടി നടത്തിയ യാത്രയും, ദൈവദൂതന്റെ സന്ദേശം കേട്ട് ആട്ടിടയന്മാർ ബേത്ലഹേമിലേക്കു നടത്തിയ യാത്രയും ഇതിന് സാക്ഷ്യങ്ങളാണ്. ഇന്ന് നമ്മുടെ കുടുംബങ്ങളും വ്യക്തികളും ത്യാഗബോധത്തോടെയും ഒരുക്കത്തോടെയും ക്രിസ്തുവിലേക്കും അവൻ പകരുന്ന കൂട്ടായ്മയുടെ സന്തോഷത്തിലേക്കും നീങ്ങേണ്ടതുണ്ട്. ക്രിസ്തുമസ് ദിനങ്ങളിൽ വീടുകളിലേക്കുള്ള മടങ്ങിവരവ് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അനുഭവമായി മാറണം.
ക്രിസ്തുമസ് ജീവാദരവിലേക്കുള്ള യാത്രയാണ്. ഓരോ ജീവനും ജീവിതവും വിലമതിക്കപ്പെടേണ്ടതാണ്.
ഓരോ ജീവനും ദൈവത്തിന്റെ അമൂല്യദാനമാണ്; ആരുടെയും അസ്തിത്വം നിഷേധിക്കപ്പെടരുത്. ക്രിസ്തുവിന്റെ ജനനത്തോടൊപ്പം നിഷ്കളങ്ക കുഞ്ഞുങ്ങളുടെ രക്തസാക്ഷ്യം നമ്മെ ഓർമിപ്പിക്കുന്നത്, ജീവിതത്തെ സംരക്ഷിക്കാനും ആദരിക്കാനും ഉള്ള ഉത്തരവാദിത്വമാണ്. കുടുംബത്തിലും സമൂഹത്തിലും ഒരാൾ മറ്റൊരാൾക്ക് ജീവിക്കാനുള്ള പ്രത്യാശയും സുരക്ഷയും ആയിത്തീരുക എന്നതാണ് ക്രിസ്തുമസിന്റെ സന്ദേശം.
ക്രിസ്തുവിനാൽ നിറഞ്ഞ ജീവിതം സ്വാഭാവികമായി കരുണയുടെ യാത്രയായി മാറും. പരിശുദ്ധ മറിയത്തിന്റെ സാന്നിധ്യം എലിസബത്തിനും അവളുടെ ഗർഭശിശുവിനും ആനന്ദം പകർന്നതുപോലെ, നമ്മുടെ സാന്നിധ്യവും മറ്റുള്ളവർക്ക് ആശ്വാസവും സന്തോഷവും നൽകണം. അസ്വസ്ഥതയല്ല, സമാധാനമാണ്; നിരാശയല്ല, പ്രത്യാശയാണ് നമ്മുടെ ജീവിതം പകരേണ്ടത്.
അവസാനമായി, ക്രിസ്തുമസ് അപരനിലേക്കുള്ള തുറവിയുടെ തിരുനാളാണ്. സത്രത്തിൽ ഇടം നിഷേധിക്കപ്പെട്ട യേശുവിന്റെ ജനനം നമ്മെ ഓർമിപ്പിക്കുന്നത്, വാതിലുകൾ അടയ്ക്കുന്ന സംസ്കാരമല്ല, പുൽക്കൂടിന്റെ തുറന്ന മനസ്സാണ് ക്രിസ്തീയതയുടെ അടയാളം എന്നതാണ്. മുൻവിധികളില്ലാതെ, വ്യത്യാസങ്ങൾ മറികടന്ന്, എല്ലാവരെയും സ്വീകരിക്കുന്ന ഹൃദയങ്ങളായി മാറാൻ ക്രിസ്തുമസ് നമ്മെ വിളിക്കുന്നു.
ഈ ക്രിസ്തുമസ് നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ക്രിസ്തുസാന്നിധ്യം തിരിച്ചറിയാനും, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ജീവസാക്ഷികളായി മാറാനും നമുക്കെല്ലാവർക്കും ദൈവം കൃപ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും എല്ലാവിധ അനുഗ്രഹങ്ങൾ നേരുന്നു.

