പുരാണം / ജെയിംസ് അഗസ്റ്റിൻ
പുല്‍ക്കൂട്ടില്‍ ഉണ്ണീശോയ്ക്ക് കൂട്ടുണ്ടായിരുന്നത് ആടുകളും പശുക്കളും കഴുതയുമാണ്. ആട്ടിടയന്മാര്ക്കൊപ്പം ചെമ്മരിയാടുകളും മൂന്നു ജ്ഞാനികള്‍ക്കൊപ്പം ഒട്ടകങ്ങളും എത്തി. പുല്‍ക്കൂട് ഒരുക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ ജീവികളുടെ കുഞ്ഞുരൂപങ്ങള്‍ നിരത്താറുണ്ട്. ചില വിദേശരാജ്യങ്ങളിലെ പുല്ക്കൂടുകളില് കോഴികള്‍, താറാവുകള്‍, കുറുക്കന്മാര്, കരടികള്‍ തുടങ്ങിയ ജീവികളെയും ഉള്‍പ്പെടുത്തും. ഈശോയുടെ ജനനം ആഘോഷിക്കാന്‍ ജന്തുജാലങ്ങളും പുല്‍ക്കൂട്ടില്‍ എത്തി എന്നത് സത്യമാണ്. പ്രപഞ്ചമാകെ പ്രകാശവും പ്രതീക്ഷയും പ്രോജ്വലിച്ച പ്രശാന്തമായ പാതിരാവില്‍ പാരില്‍ പാട്ടു പാടാത്തവരായി ആരുമുണ്ടാകില്ല. സകല ജീവജാലങ്ങളും ഗ്ലോറിയ പാടിയിട്ടുണ്ടാകും.
അങ്ങനെ ഒരു സങ്കല്‍പ്പത്തില്‍ നിന്നാണ് അമേരിക്കന്‍ സംഗീതജ്ഞനും വന്യജീവി ഫോട്ടോഗ്രാഫറുമായ റോബര്‍ട്ട് ഡബ്ല്യൂ.ബാള്ഡ്വിന് ഒരു സംഗീതസമാഹാരം ഒരുക്കുന്നത്. ലോകപ്രശസ്തമായ പതിമൂന്നു ക്രിസ്മസ് ഗാനങ്ങള്‍ അദ്ദേഹം വ്യതിരിക്തമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ലോകത്തിലെ വിവിധ വനങ്ങളില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത ജീവികളുടെ ശബ്ദങ്ങള്‍ ഓരോ പാട്ടുകളിലും പശ്ചാത്തലസംഗീതമായി ചേര്‍ത്താണ് റോബര്‍ട്ട് ഈ ആല്‍ബം തയ്യാറാക്കിയത്.

റോബര്‍ട്ട് ഡബ്ല്യൂ.ബാള്ഡ്വിന്
‘എ നാച്ചുറല്‍ ക്രിസ്മസ്’ എന്നാണ് ആല്‍ബത്തിന്റെ പേര്.
തവളകളുടെ ‘വിശുദ്ധരാത്രി’: ‘ഓ ഹോളി നൈറ്റ്’ എന്ന വിഖ്യാത ഗാനത്തിന് നാലു തരം തവളകളുടെ ശബ്ദമാണ് റോബര്‍ട്ട് പശ്ചാത്തലത്തില്‍ ഉപയോഗിച്ചത്. ഇണയെ ആകര്‍ഷിക്കാനായി കോറസിനു സാമ്യമായ ശബ്ദം പുറപ്പെടുവിക്കുന്ന ഒരിനം തവളവര്‍ഗം വടക്കേ അമേരിക്കയിലുണ്ട്. കോറസ് ഫ്രോഗ്സ് എന്നാണ് ഈ വര്‍ഗ്ഗത്തിന്റെ പേര്. കോറസ് ഫ്രോഗ്സിന്റെ ശബ്ദം ഈ ഗാനത്തിന് അകമ്പടിയായി ചേര്‍ത്തിട്ടുണ്ട്. കൂടെ നമ്മള് ചൊറിത്തവളയെന്നും വിഷത്തവളയെന്നും വിളിക്കുന്ന ടോഡ് എന്ന ജീവിയുടെയും സ്വരം കേള്‍ക്കാം. ഒരു കിലോയുടെ അടുത്ത ഭാരം വയ്ക്കുന്ന ബുള്്ഫ്രോഗ്, മുഴുവന്‍ സമയവും മരത്തില്‍ കഴിയുന്ന ഗ്രേ ട്രീ ഫ്രോഗ്സ് എന്നിവയുടെ ശബ്ദവും ഈ ഗാനത്തില്‍ ചേര്‍ത്തിട്ടുണ്ട്.
മൂങ്ങകളുടെ ശാന്തരാത്രി : ‘സൈലന്റ് നൈറ്റ് ഹോളി നൈറ്റ്’ എന്ന അതിപ്രശസ്ത ഗാനത്തിന് അകമ്പടിയായി മൂങ്ങകളുടെ ശബ്ദം കേള്‍ക്കാം. തുടങ്ങുന്നത് തന്നെ മഞ്ഞുരുകുന്ന നേര്‍ത്ത ശബ്ദത്തോടെയാണ്. അതോടോപ്പം വലിയ ഇനമായ ബാര്‍ഡ് മൂങ്ങ, കൊമ്പന് മൂങ്ങ എന്നിവയുടെ സ്വരവും സമന്വയിപ്പിച്ചിരിക്കുന്നു.
സമ്മോദമായ് പാടും കിളികള്‍ : ‘ജോയ് ടു ദി വേള്‍ഡ്’ എന്ന ഗാനത്തിന് വിവിധ പക്ഷികളുടെ ഇമ്പമാര്‍ന്ന ശബ്ദവിന്യാസം ചേര്‍ത്തിരിക്കുന്നു. റോബിന് എന്ന കുരുവി, മൈന വര്‍ഗ്ഗത്തില്‍പ്പെട്ട ഈസ്റ്റേണ്‍ ഓറിയോള്‍, നീലക്കുരുവി, കാര്‍ഡിനല്‍ ഫിഞ്ച്, മനോഹര ശബ്ദത്തിനുടമയായ വുഡ് ത്രഷ് എന്നിവയോടൊപ്പം കാക്കയുടെ സ്വരവും കേള്‍ക്കാം.
അരയന്നങ്ങളുടെ പാട്ട്: 1865-ല്‍ വില്യം ചാറ്റര്‍ട്ടന്‍ എഴുതിയ ‘വാട്ട് എ ചൈല്‍ഡ് ഈസ് ദിസ്’ എന്ന പ്രശസ്തമായ ഗാനത്തിന് അകമ്പടിയായി ഈ ആല്‍ബത്തില്‍ റോബര്‍ട്ട് സ്വീകരിച്ചത് അരയന്നങ്ങളുടെ സ്വരമാണ്. ടാന്ധ്രാ സ്വാന് എന്ന അരയന്നത്തിന്റെ സ്വരത്തോടൊപ്പം കാനേഡിയന്‍ വാത്തകളുടെയും ശബ്ദം നമുക്ക് കേള്‍ക്കാം.
ചെന്നായ്ക്കളുടെ പാട്ട്; സാന്റാക്ലോസിനെ വര്‍ണ്ണിക്കുന്ന ‘ഹൂ ബിലീവ് ഇന്‍ സാന്റാ’ എന്ന ഗാനത്തിനു വന്യസംഗീതം പകരുന്നത് ചെന്നായ്ക്കളുടെ സ്വരമാണ്. അതോടൊപ്പം കാട്ടുതാറാവുകളായ ‘ലൂണ്‍’ എന്ന പക്ഷിയുടെയും സ്വരം കേള്‍ക്കാം.
ചീവീടുകള്‍, ടര്‍ക്കിക്കോഴി, മാന്‍ വര്‍ഗത്തില്‍പ്പെട്ട എല്‍ക്, കടല്‍ക്കാക്ക എന്നിവയുടെയെല്ലാം ശബ്ദം റോബര്‍ട്ട് ഈ ആല്‍ബത്തിനായി ചേര്‍ത്തിട്ടുണ്ട്. തിരമാലകളുടെയും കാറ്റിന്റെയും കുതിരക്കുളമ്പടികളുടെയും വെള്ളച്ചാട്ടങ്ങളുടെയും സ്വരങ്ങളും മനോഹരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒരു ക്യാമറയും ശബ്ദലേഖനസാമഗ്രികളുമായി കാടുകളില്‍ താമസിച്ചു ശേഖരിച്ച സ്വരവിന്യാസങ്ങളെ തിരുപ്പിറവിപ്പാട്ടുകളുമായി സമന്വയിപ്പിച്ച റോബര്‍ട്ട് പത്തോളം ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടിട്ടുണ്ട്.
എല്ലാം പ്രകൃതിയുടെ സംഗീതത്തിനു പ്രാധാന്യം നല്കുന്നവയുമാണ്. എല്ലാ ശബ്ദങ്ങളും പ്രകൃതിയുടേതായതു കൊണ്ടായിരിക്കാം ഒരു ആല്‍ബത്തില്‍പ്പോലും റോബര്‍ട്ടിന്റെ ചിത്രം ചേര്‍ത്തിട്ടില്ല. എല്ലാത്തിലും താറാവിന്റെയും മൂങ്ങകളുടെയും കടലിന്റെയും ചിത്രങ്ങള്‍ മാത്രമേ കാണാനാകൂ. ‘ദി മ്യൂസിക് ഓഫ് മാന്‍’ എന്ന പുസ്തകത്തില്‍ ലോകപ്രശസ്ത സംഗീതജ്ഞന് യഹൂദി മെനൂഹിന് എഴുതിയിരിക്കുന്നത് ‘മനുഷ്യന് ആദ്യം കേട്ട സംഗീതം മരച്ചില്ലകളില്‍ കാറ്റു വന്നു തട്ടിയപ്പോള്‍ ഉയര്‍ന്ന ശബ്ദമായിരിക്കാം.
ഒറ്റയ്ക്ക് നില്ക്കുന്ന മരത്തില്‍ നിന്നും കേള്‍ക്കുന്ന ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായിരിക്കാം കൂട്ടമായി നില്ക്കുന്ന മരങ്ങള്‍ പുറപ്പെടുവിച്ച സംഗീതം.’
അതേ പ്രകൃതി തന്നെയാണ് റോബര്ട്ടിനെക്കൊണ്ടും ജീവജാലങ്ങളിലൂടെ തിരുപ്പിറവി ഗീതങ്ങള്‍ ഒരുക്കാന്‍ പ്രേരിപ്പിച്ചതും.

