എഡിറ്റോറിയൽ /ജെക്കോബി
ക്രിസ്തുമതം സ്വീകരിച്ചവര്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉത്തര്‍പ്രദേശിലെ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ ദലിത് ക്രൈസ്തവരെ കൂടുതല്‍ അരക്ഷിതാവസ്ഥയിലാക്കുന്നു.
ക്രിസ്തുമതത്തില്‍ ജാതിവിവേചനമില്ലാത്തതിനാല്, ക്രിസ്ത്യാനിയാകുമ്പോള്‍ ജാതി ഇല്ലാതാകുന്നുവെന്നും, പട്ടികജാതിക്കാര്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടതിനുശേഷവും പഴയ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ തുടര്‍ന്നും കൈപ്പറ്റുന്നത് ഭരണഘടനയോടുള്ള വഞ്ചനയും സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധവുമാണെന്നാണ് ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരിയുടെ സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറയുന്നത്.
സംസ്ഥാനവ്യാപകമായി പരിശോധന നടത്തി, പട്ടികജാതി ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈവശപ്പെടുത്തിയിട്ടുള്ള ക്രൈസ്തവര്‍ക്കെതിരെ നാലു മാസത്തിനകം കര്‍ശന നടപടിയെടുത്ത് ജില്ലാ മജിസ്ട്രേട്ടുമാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും, ഇക്കാര്യത്തില്‍ നിയമവ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ചീഫ് സെക്രട്ടറിയും ജാഗ്രത കാട്ടണമെന്നുമാണ് കോടതി നിര്‍ദേശം.
1950ലെ ഭരണഘടന (പട്ടികജാതികള്‍) ഉത്തരവിന്റെ മൂന്നാം ഖണ്ഡിക പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതക്കാരല്ലാത്ത ഒരു വ്യക്തിയെയും പട്ടികജാതിയായി പരിഗണിക്കാനാവില്ല. തൊട്ടുകൂടായ്മയുടെ ഫലമായുണ്ടാകുന്ന സാമൂഹിക അവശതകള്‍ പരിഹരിക്കുന്നതിന് ഹിന്ദുക്കളെ മാത്രം പട്ടികജാതിയായി അംഗീകരിക്കാനാണ് 1950ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറില്‍ ആദ്യം വ്യവസ്ഥ ചെയ്തത്.

സിഖ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിതരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി 1956ല്‍ ഭേദഗതി കൊണ്ടുവന്നു. 1956-ല്‍ ബാബാസാഹേബ് അംബേദ്കര്‍ ബോംബെ പ്രവിശ്യയിലെ മൂന്നു ലക്ഷം ദലിതരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ചരിത്രപശ്ചാത്തലത്തില്‍ 1990ലാണ് ബുദ്ധമതക്കാരായ ദലിതരെയും ഉള്‍പ്പെടുത്തി രാഷ്ട്രപതിയുടെ ഉത്തരവ് ഭേദഗതി ചെയ്തത്. മുസ് ലിമോ ക്രിസ്ത്യാനിയോ പാഴ്സിയോ ജൂതനോ അല്ലാത്ത ആരെയും ‘ഹിന്ദു’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തിലെ സെക് ഷന് രണ്ട്. ഇന്ത്യയില്‍ ഉദ്ഭവിച്ച, സനാതന ധര്‍മ്മ പാരമ്പര്യത്തിന്റെ ഭാഗമായാണ് ബൗദ്ധ, ജൈന, സിഖ് മതങ്ങളെ ഹൈന്ദവ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തുന്നത്.
അതേസമയം, ജാതിവിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാര്യത്തില്‍ ഇതേ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുള്ള ദലിത് ക്രൈസ്തവരെയും ദലിത് മുസ് ലിംകളെയും പട്ടികജാതി വിഭാഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ഈ രണ്ട് സെമിറ്റിക് മതങ്ങള്‍ക്കും ‘വൈദേശിക’ മുദ്ര ചാര്‍ത്തിയാണ്.
പോണ്ടിച്ചേരിയില്‍ പട്ടികജാതി സംവരണ വ്യവസ്ഥയില്‍ അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക് തസ്തികയില്‍ ജോലിക്കായി വള്ളുവര്‍ സമുദായ സര്‍ട്ടിഫിക്കറ്റിന് അവകാശവാദമുന്നയിച്ച് സി. സെല്‍വറാണി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് 2024ല്‍ സുപ്രീം കോടതിയില്‍ ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് ആര്. മഹാദേവന് എന്നിവരടങ്ങുന്ന ബെഞ്ച് ‘ഭരണഘടനയുടെ മേലുള്ള വഞ്ചനയെക്കുറിച്ച്’ പരാമര്‍ശിച്ചത് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരി എടുത്തുകാട്ടുന്നുണ്ട്.
തന്റെ അമ്മ ക്രിസ്ത്യാനിയാണെങ്കിലും, താനും അച്ഛനും വള്ളുവന് ജാതിയില്‍പ്പെട്ട ഹിന്ദുക്കളായിരുന്നുവെന്നും, ക്രിസ്തുമതം സ്വീകരിച്ച് കുറച്ചുകാലത്തിനു ശേഷം തങ്ങള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയെന്നുമാണ് സെല്‍വറാണി ബോധിപ്പിച്ചത്. എന്നാല്‍ 1872ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമപ്രകാരം മാതാപിതാക്കളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെയും സെല്‍വറാണിയുടെ ജ്ഞാനസ്നാനത്തിന്റെയും രേഖകളും അവര്‍ പള്ളിയില്‍ പോയിരുന്നതിന്റെ തെളിവും മറ്റും സര്‍ക്കാര്‍ സ്പെഷല്‍ സെക്രട്ടറി ഹാജരാക്കി. ഹിന്ദുമതത്തിലേക്കു തിരിച്ചുപോയതിന് തെളിവൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാരിക്കു കഴിഞ്ഞില്ല. മതപരിവര്‍ത്തനത്തിനുശേഷം സംവരണം ലഭിക്കുന്നതിനു വേണ്ടി മാത്രം പട്ടികജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നത് ‘ഭരണഘടനയെ വഞ്ചിക്കുന്നതാണ്’ എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ ഹൈന്ദവ മാഡിഗ പട്ടികജാതി വിഭാഗത്തില്‍ നിന്ന് മതം മാറി ക്രൈസ്തവ സഭാ പാസ്റ്ററായി ശുശ്രൂഷ ചെയ്ത ചിന്തഡാ ആനന്ദിന്, ജാതിയുടെ പേരില്‍ ഹിന്ദു റെഡ്ഡിമാരില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടുന്നു എന്ന പരാതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരമുള്ള സംരക്ഷണത്തിന് അവകാശമില്ലെന്ന് 2025 ഏപ്രില്‍ 30ന് അമരാവതിയിലെ ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിച്ചതും ജസ്റ്റിസ് ഗിരി ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തതിനാല്‍ പട്ടികജാതി സംരക്ഷണത്തിന് പാസ്റ്റര്‍ ആനന്ദ് അര്ഹനല്ലാതായി എന്നാണ് ആന്ധ്ര കോടതിയുടെ ഉത്തരവിന്റെ സാരം. 10 വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയും തന്റെ കുട്ടികള്‍ക്ക് ജാഡ്സണ്‍, മഹിമ പോള്‍ എന്ന് പേരിടുകയും ചെയ്ത ആനന്ദ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നാള് മുതല്‍ പട്ടികജാതിക്കാരനല്ല.
ചരിത്രപരമായി ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നേരിടുന്ന സമൂഹങ്ങളെ സംരക്ഷിക്കുക എന്നതാണ് എസ് സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ ഉദ്ദേശ്യം. ക്രിസ്തുമതത്തില്‍ ജാതി വിവേചനം അംഗീകരിക്കപ്പെട്ടിട്ടില്ല. നേരത്തെ പട്ടികജാതി സമുദായ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടെങ്കിലും മതപരിവര്‍ത്തനത്തിലൂടെ പട്ടികജാതി പദവി അസാധുവാകുന്നു എന്നാണ് വ്യാഖ്യാനം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-എ (ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295-എ (മതവികാരങ്ങള്‍ വ്രണപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം തനിക്കെതിരെ 2023ല്‍ ചുമത്തപ്പെട്ട ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ജിതേന്ദ്ര സഹാനി എന്ന ‘ക്രിസ്റ്റ്യന്‍ പാസ്റ്റര്‍’ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരി, കേസിന്റെ വ്യാപ്തി വിപുലീകരിച്ചുകൊണ്ട് സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെയെല്ലാം ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് അവര്‍ ആരുംതന്നെ പട്ടികജാതി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നത്.
സ്വന്തം ഭൂമിയില്‍ ‘യേശുക്രിസ്തുവിന്റെ വചനങ്ങള്‍ പ്രസംഗിക്കാന്‍’ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി തേടുക മാത്രമാണ് താന്‍ ചെയ്തതെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നുമാണ് സഹാനി വാദിച്ചത്. വള്ളപ്പണിക്കാരും മീന്‍പിടുത്തക്കാരുമായ കെവാട് പിന്നാക്ക ജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്ത് പാസ്റ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവന്ന സഹാനി പിന്നാക്ക വിഭാഗങ്ങളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കാനായി പൊതുസ്ഥലത്ത് കൂടാരം കെട്ടി പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ഹിന്ദു ദേവതകളെക്കുറിച്ച് അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തുവെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
ക്രൈസ്തവ പുരോഹിതനായി പ്രവര്‍ത്തിക്കുമ്പോഴും താന്‍ ഹിന്ദുവാണെന്നാണ് സഹാനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടത്. മതം മാറിയിട്ടും സഹാനി നിയമവിരുദ്ധമായി പട്ടികജാതി ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെയോ വ്യാജരേഖ ചമച്ചതിന്റെയോ തെളിവുകള്‍ കണ്ടെത്തിയാല്‍ മൂന്ന് മാസത്തിനകം കര്‍ശന നടപടി സ്വീകരിക്കാനും മഹാരാജ്ഗഞ്ച് ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു.
ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായി വര്‍ഗീയ ധ്രുവീകരണത്തിനായി ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ കടുത്ത വിവേചനത്തിന്റെ ബുള്‍ഡോസര്‍ നയം പിന്തുടരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന നിയമം 2024 ജൂലൈയിലെ ഭേദഗതിയിലൂടെ കൂടുതല്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന്, പരമാവധി ശിക്ഷ പത്തു വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തം തടവാക്കുകയും പിഴ ശിക്ഷ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിരിക്കെ ക്രൈസ്തവ പീഡനത്തിന്റെ വ്യാപ്തി വര്‍ധിച്ചിരിക്കയാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പുതിയ നിര്‍ദേശങ്ങള്‍ ഏറ്റവും ദുര്‍ബലരായ ദലിത് ക്രൈസ്തവരുടെ സൈ്വരം കെടുത്തും.
ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്ന് നാലു വര്‍ഷത്തിനകം 1,682 പേരെ അറസ്റ്റ് ചെയ്തതായും 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ 2024 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിലായി സംസ്ഥാനത്ത് 640 ആരാധനാലയങ്ങള്‍ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങളും തടസ്സങ്ങളും നേരിട്ടതായി ആഗോളതലത്തില്‍ മതപീഡനം നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സ് യുകെ 2024 ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തു. 2024 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം, നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റത്തിന് 34 പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു.
ഹിന്ദു ചട്ടക്കൂടിലൂടെ മാത്രം വീക്ഷിക്കപ്പെടുന്ന ജാതിയെക്കുറിച്ചുള്ള ഇടുങ്ങിയ സാമുദായിക വീക്ഷണം വളരെ വികലമാണ്. മതത്തില്‍ നിന്ന് സ്വതന്ത്രമായി ജാതിയെ കാണേണ്ടതുണ്ട്. വ്യക്തികള്‍ക്ക് വ്യത്യസ്ത വിശ്വാസങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സമൂഹമാണ് ഭരണഘടനാ സ്ഥാപകര്‍ വിഭാവനം ചെയ്തത്. എന്നാല്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് മതം മാറിയവര്‍ ക്രിസ്ത്യാനികളായി തിരിച്ചറിയപ്പെടാതിരിക്കാന്‍ ഭരണകൂടം ഇപ്പോള്‍ അവരെ ബന്ദികളാക്കാന്‍ ശ്രമിക്കുന്നു. സ്വത്വം, ആചാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ രാജ്യത്ത് ദലിത് ക്രൈസ്തവര്‍ ഒന്നിലധികം ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വന്തം ഇടം കണ്ടെത്താനുള്ള പോരാട്ടം തുടരുകയാണ്. പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന ഭയം കാരണം പലയിടങ്ങളിലും അവര്‍ സ്വകാര്യമായി വിശ്വാസം ആചരിക്കുകയും ഹിന്ദു പേരുകള്‍ നിലനിര്‍ത്തുകയും ക്രിസ്ത്യന്‍ സമൂഹങ്ങളുമായുള്ള ഔപചാരിക ബന്ധം ഒഴിവാക്കുകയും ചെയ്യുന്നതായി കാണാം.
പട്ടികജാതി സ്റ്റാറ്റസിനായി ദലിത് ക്രൈസ്തവരും മുസ് ലിംകളും ദേശീയതലത്തില്‍, രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുമ്പാകെ 20 വര്‍ഷത്തിലേറെയായി നിയമപോരാട്ടം തുടരുകയാണ്. 1950ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിനെ ചോദ്യം ചെയ്ത് വിവിധ ദലിത് ക്രിസ്ത്യന്‍, ദലിത് മുസ് ലിം ഫോറങ്ങളും ഗ്രൂപ്പുകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ ക്രിസ്തുമതത്തിലും ഇസ് ലാമിലും ജാതി ശ്രേണി നിലനില്‍ക്കുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 1985-ല്‍ സുപ്രീം കോടതിയില്‍ ആര്‍ട്ടിക്കിള്‍ 14, 15, 25 എന്നിവയുടെ അടിസ്ഥാനത്തില്‍ മൂന്നാം ഖണ്ഡിക ചോദ്യം ചെയ്യപ്പെട്ടു. ആ ഓര്‍ഡര്‍ മതേതര വിരുദ്ധമാണ് – ഏതു മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള അവകാശത്തെ അതു ലംഘിക്കുന്നു. പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ഭയപ്പെടുത്തി പട്ടികജാതിക്കാരെ ക്രൈസ്തവ വിശ്വാസം, അല്ലെങ്കില്‍ ഇസ് ലാം വിശ്വാസം തിരഞ്ഞെടുക്കുന്നതില്‍ നിന്ന് പരോക്ഷമായി വിലക്കുന്നു.
ജാതി വിവേചനവും അയിത്തവും മതപരിവര്‍ത്തനം കൊണ്ട് മാറുന്നില്ലെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്റ്റ്യന്‍സ് വ്യക്തമാക്കുന്നുണ്ട്. 1950-ലെ ഭരണഘടന (പട്ടികജാതികള്‍) ഓര്‍ഡറിലെ മൂന്നാം ഖണ്ഡിക നീക്കം ചെയ്യണം എന്ന ആവശ്യത്തോടുള്ള പ്രതികരണമായി, ക്രിസ്തുമതവും ഇസ് ലാമും വിദേശത്ത് ഉദ്ഭവിച്ചതാണെന്ന് മോദി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിക്കുന്നു.
ദലിത് ക്രൈസ്തവര്‍ക്കും മുസ് ലിംകള്‍ക്കും പട്ടികജാതി സ്റ്റാറ്റസ് വേണമെന്ന ആവശ്യം പഠിക്കാന്‍ 2022 ഒക് ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കമ്മിറ്റിയെ ഈയവസരത്തില്‍ വീണ്ടും ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ അസാധാരണ വിധി ഒരു തരത്തില്‍ സഹായകമാകും. രാജ്യത്തെ ആദ്യത്തെ ദലിത് ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ജഡ്ജി, ദേശീയ മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് അധ്യക്ഷനും, റിട്ട. ഐഎഎസ് ഓഫിസര്‍ ഡോ. രവീന്ദര്‍ കുമാര്‍ ജെയിന്, യുജിസി മെംബര്‍ പ്രഫ. സുഷമാ യാദവ് എന്നവര്‍ അംഗങ്ങളുമായ കമ്മിറ്റി 2024 ഒക് ടോബര്‍ 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായിരുന്നു. കമ്മിറ്റിയുടെ കാലാവധി 2025 ഒക് ടോബര്‍ 10 വരെ നീട്ടി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം 2024 ഒക് ടോബര്‍ 30ന് ഗസറ്റ് വിജ്ഞാപനം ഇറക്കി.
കമ്മിറ്റിക്ക് ആവശ്യമായ സ്റ്റാഫിനെ അനുവദിക്കാത്തതിനാല്‍ ഫീല്‍ഡ് സന്ദര്‍ശനവും മറ്റും നടത്തുന്നതില്‍ കാലതാമസം വന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികളില്‍ തീര്പ്പുകല്പിക്കുന്നതിന് ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പലവട്ടം കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്. ആ റിപ്പോര്‍ട്ട് ഇനിയും വെച്ചുനീട്ടാനുള്ള തന്ത്രങ്ങള്‍ക്ക് കോടതിയും കൂട്ടുനില്‍ക്കുമോ?
പട്ടികജാതി സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ പേരില്‍ സംസ്ഥാന വ്യാപകമായി ദലിത് ക്രൈസ്തവരെ വേട്ടയാടാന്‍ യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസര്‍ സര്‍ക്കാരിന് അലഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ നിന്ന് അപ്രതീക്ഷിതമായ ഉത്തേജനം ലഭിച്ചിരിക്കെ, ബൈബിള്‍ വിതരണം ചെയ്യുന്നതോ വീടുകളില്‍ പ്രാര്‍ഥനായോഗം നടത്തുന്നതോ നിയമവിരുദ്ധമല്ലെന്ന ജസ്റ്റിസ് അബ്ദുള്‍ മോയിന്‍, ജസ്റ്റിസ് ബബിത റാണി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഇക്കഴിഞ്ഞ ദിവസത്തെ ഉത്തരവ് മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ യുപി പൊലീസ് നടത്തിവരുന്ന ക്രൈസ്തവ പീഡന താണ്ഡവത്തിന് തെല്ല് ശമനം വരുത്തിയേക്കും.
സുല്‍ത്താന്‍പുരിലെ നൂര്‍പുര്‍ ഗ്രാമത്തില്‍ കറുത്ത എല്‍ഇഡി സ്ക്രീനും പെന്‍ ഡ്രൈവും ഉപയോഗിച്ച് സുവിശേഷ പ്രഘോഷണം നടത്തിയതിന് രാം കേവല്‍ ഭാരതി എന്നയാളെയും നാലു സ്ത്രീകളെയും അറസ്റ്റു ചെയ്ത കേസിലാണ് പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമവും 2023-ലെ ഭാരതീയ ന്യായ സംഹിതയും പ്രകാരം ഓഗസ്റ്റില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍, തങ്ങളെ മതം മാറ്റുകയോ നിര്‍ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തുവെന്ന് ആരും പറയാന്‍ മുന്നോട്ടുവന്നില്ലെങ്കിലും പൊലീസ് രണ്ടു മാസം കഴിഞ്ഞ് ‘വിചിത്രമായ വസ്തുതകള്‍’ തിരുകിക്കയറ്റിയതിനെയാണ് കോടതി തുറന്നുകാട്ടിയത്.

