ലേഖനം/ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍
2025 നവംബര്‍ 30-ാം തിയ്യതി ആഗോള കത്തോലിക്കാസഭ ആഗമന കാലത്തിലേക്ക് പ്രവേശിക്കുകയാണ്. നമ്മുടെ രക്ഷകനായ കര്‍ത്താവീശോ മിശിഹായുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തിലെ ആഗമനകാലമാണിത് എന്ന പ്രത്യേകത ഈ വര്‍ഷത്തിലെ ആഗമനകാലത്തിനുണ്ട്. നമ്മളെല്ലാവരും പ്രത്യാശയുടെ ഇടങ്ങളായി മാറേണ്ടവരാണെന്ന് ഈ ജൂബിലി വര്‍ഷത്തിലെ ആഗമനകാലം ഓര്‍മ്മിപ്പിക്കുന്നു. ആഗമനകാലത്തിന്റെ കാതല്‍ രണ്ടു കാര്യങ്ങളിലാണ്. ഒന്ന്, യേശുനാഥന്റെ ജനനതിരുനാളിനു വേണ്ടിയുള്ള ഒരുക്കം. രണ്ട്, യേശുവിന്റെ രണ്ടാം വരവിനുവേണ്ടിയുള്ള കാത്തിരിപ്പ്.
യേശുവിന്റെ ജനനം പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു. ആദിമാതാപിതാക്കള്‍ പാപത്തിലേക്കു വീണതോടുകൂടിയാണ് അവര്‍ക്കു പ്രത്യാശ നഷ്ടപ്പെടുന്നത്. പ്രത്യാശ നഷ്ടപ്പെട്ട അവര്‍ ദൈവത്തില്‍ നിന്ന് ഒളിഞ്ഞിരിക്കാനും ശ്രമിച്ചു (ഉല്പത്തി 3 : 8). ദൈവത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്ന അവര്‍ക്ക് അതോടുകൂടി പറുദീസ നഷ്ടമായി. എങ്കിലും ദൈവം അവരെ പൂര്‍ണ്ണമായും കൈവിട്ടില്ല. അവരിലൂടെ രക്ഷാകരകര്മ്മം ദൈവപിതാവ് ആരംഭിച്ചു. പാപംമൂലം ദൈവത്തിന്റെ ഹൃദയത്തിലെ ഇടം മനുഷ്യര്‍ നഷ്ടപ്പെടുത്തിയെങ്കിലും ദൈവം ഒരിക്കലും അവരെ തള്ളിക്കളഞ്ഞില്ല. ഈ ആഗമനകാലം നമ്മെ ഓര്‍മ്മിക്കുന്നത് ദൈവത്തിന്റെ ഹൃദയത്തില്‍ നമുക്ക് ഇടം ഉണ്ട് എന്നാണ്.

പുല്‍ക്കൂട് പ്രത്യാശയുടെ ഇടമാണ്. മറ്റെവിടെയും ഇടം ലഭിക്കാത്തവര്‍ക്കുള്ള ഏക ഇടംകൂടിയാണ് അത്. എനിക്ക് ഒരിടത്തും ഇടമില്ലെന്ന് ഇനി ആരും പറഞ്ഞുകൂടാ. ആരും തന്റെ ഹൃദയത്തില്‍ നിന്ന് ഇറങ്ങിപ്പോകരുത്, അകന്നു പോകരുത് എന്ന് ആഗ്രഹിക്കുന്ന സ്നേഹംനിറഞ്ഞ ഹൃദയമുള്ള ദൈവശിശുവാണിവിടെ പിറന്നത്. സമൂഹത്തില്‍ ഇടം ലഭിക്കാത്ത എല്ലാവരേയും ചേര്‍ത്തു പിടിച്ചു നടത്തുന്നവന്റെ പിറവിയിടമാണിത്.
അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേല്‍ പ്രകാശം ഉദിച്ചു (ഏശയ്യ 9 : 2). ക്രിസ്തു ഇരുട്ടില്‍ പ്രകാശിക്കുന്ന മഹാവെളിച്ചമാണെന്ന് നാം മനസ്സിലാക്കുന്നു. നഷ്ടപ്പെട്ടു പോയവര്‍ക്കും എല്ലാവരാലും മറന്നുപോയവര്‍ക്കും അവിടുന്ന് പ്രത്യാശയാണ്. ക്രിസ്തു പാപത്തിന്റേയും ഭയത്തിന്റേയും നിരാശയുടെയും നിഴലുകള്‍ അകറ്റുന്ന വെളിച്ചമാണ്.
ക്രിസ്തുവില്‍ സ്നാനമേറ്റ നാമോരോരുത്തരും ക്രിസ്തുവാകുന്ന ഈ വെളിച്ചം പങ്കിടണം. ഈ ആഗമനകാലത്ത് മറ്റുള്ളവര്‍ക്ക് വെളിച്ചമായ് ജീവിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. എല്ലാ സൃഷ്ടികളുടെയും നാഥന് ലോകത്തിലേക്ക് വന്നപ്പോള്‍ എല്ലാ വാതിലുകളും അവനു മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു. തന്റേതെന്ന് പറയുവാന്‍ ഒരു സ്ഥലംപോലും അവനില്ലായിരുന്നു.
ഇന്നും സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന, പോകാന്‍ ഇടമില്ലാത്ത, നിരവധി ആളുകള്‍ ഉണ്ട്. അവരിലേക്ക് നാം വെളിച്ചമായി ഇറങ്ങിച്ചെല്ലണം. സത്രം നടത്തിപ്പുകാരന് ചെയ്ത അതേ തെറ്റ് ഇനിയും ആവര്‍ത്തിക്കപ്പെടരുത്. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് നമ്മുടെ ഹൃദയങ്ങളില്‍ ഇടമുണ്ടാകട്ടെ. ആരെയും അവഗണിക്കരുത്. ഇരുട്ടില്‍ ഉപേക്ഷിച്ചുകളയരുത്. ഈ ആഗമനകാലത്ത്, ക്രിസ്തുവിന്റെ വരവിനായി തയ്യാറെടുക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ആ തയ്യാറെടുപ്പിന്റെ പ്രഥമ ഭാഗം മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് അന്ധകാരത്തില്‍ കഴിയുന്നവര്‍ക്ക് നമ്മുടെ ഹൃദയത്തില്‍ ഇടമുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ഈ ആഗമനകാലത്ത് മറ്റുള്ളവര്‍ക്ക് ഇടം നല്കുന്ന സത്രങ്ങളായി നമുക്കു മാറാം.
നമ്മുടെ സമൂഹങ്ങളിലെ നിശബ്ദ അതിരുകളില്‍ ഇപ്പോഴും ഇടം ഇല്ലാത്തവരായ് പലരും നില്ക്കുന്നു. പ്രായാധിക്യം മൂലം ഒറ്റപ്പെട്ടവര്‍, രോഗത്തിന്റെ ചുമടുമായി തളര്ന്നവര്, തൊഴില്‍ നഷ്ടപ്പെട്ട് അലഞ്ഞു തിരിയുന്നവര്‍, ജീവിതയാത്രയില്‍ വഴിമുട്ടി നില്ക്കുന്നവര്, മാനസികമായി തകര്‍ന്നിരിക്കുന്നവര്‍, വിവാഹതടസങ്ങളുമായി മല്ലിടുന്നവര്‍, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ എന്നിങ്ങനെ ആ നിര നീളുന്നു. അവരുടെ വേദനയില്‍ ക്രിസ്തുവിന്റെ ശബ്ദം നമ്മുടെ കാതില്‍ മുഴങ്ങണം. ‘സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണ് ചെയ്തുതന്നത് (മത്തായി 25 : 40).
ലെയോ പതിനാലാം പാപ്പയുടെ പ്രാഥമിക അപ്പസ്തോലിക പ്രബോധനമായ ഡിലേക്സി തേയില് പാവങ്ങളോടുള്ള സ്നേഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്. അതില്‍ പാപ്പ പറയുന്നത് വെറും മാനുഷിക ദയയുടെ കാര്യമല്ല, മറിച്ച് ഒരു വെളിപ്പെടുത്തലാണ്. ‘എളിയവരും ശക്തിയില്ലാത്തവരുമായുള്ള സമ്പര്‍ക്കം കര്‍ത്താവിനെ കണ്ടുമുട്ടുന്നതിനുള്ള ഒരു അടിസ്ഥാന മാര്‍ഗ്ഗമാണ്. ദരിദ്രരില്‍, ദരിദ്രരിലൂടെയാണ് അവിടുന്നു നമ്മോട് സംസാരിക്കുന്നത്, എന്നാണ് പാപ്പ ഓര്‍മ്മിപ്പിക്കുന്നത്.
ക്രിസ്തുമസ് എന്നത് അലങ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും ഒരു കാലമെന്നതിനേക്കാള് നമ്മുടെ ഹൃദയങ്ങളിലും വീടുകളിലും സമൂഹങ്ങളിലും പ്രത്യേകിച്ച് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് ഇടം സൃഷ്ടിക്കാനുള്ള ഒരു വിശുദ്ധ ക്ഷണമാണ്. ഈ ആഗമനകാലം നമുക്ക് എല്ലാവരേയും ചേര്‍ത്തു നിര്‍ത്തി, കൂടെയുള്ളവരുടെ കണ്ണുനീര് തുടച്ചുനീക്കി ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കി തീര്‍ക്കാം.
ഈ സമയം ക്രിസ്മസ് ഭവനം പോലുള്ള നല്ല പദ്ധതികള്‍ നടപ്പാക്കുന്ന എല്ലാ ഇടവക സമൂഹങ്ങളെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഇടമില്ലാതെ അലയുന്നവര്‍ക്കായി ഒരു സ്നേഹത്തിന്റെ വീട് പണിയുന്ന എല്ലാ സുമനസുകളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. അവര്‍ക്ക് ദൈവത്തിന്റെ ഹൃദയത്തില്‍ എന്നും ഇടം ലഭിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ഉണ്ണിയേശുവിനെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ ആത്മീയമായി തയ്യാറെടുക്കുന്നതിനായി, കൂടുതല്‍ ആഴമുള്ള വിശ്വാസയാത്രയിലേക്ക് പ്രവേശിക്കാന്‍ എല്ലാവരേയും വിനയപൂര്‍വ്വം ക്ഷണിക്കുന്നു. ദൈവവചനത്തിന്റെ പ്രകാശത്തില്‍ നാം നടക്കുന്നതിനായി (ജെ 114:105) വിശുദ്ധ ഗ്രന്ഥം നിത്യേന വായിക്കുകയും, അതിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നത് ശ്രവിക്കുകയും ചെയ്യാം.
നമ്മുടെ ആത്മീയ ജീവിതം ശക്തിപ്പെടുത്തുന്നതിനായി ഞായറാഴ്ച കുര്‍ബാനയില്‍ ഭക്തിയോടെ പങ്കുചേരുകയും സാധിക്കുന്ന എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുകയും ചെയ്യാം. ദൈവസന്നിധിയില്‍ ചെലവഴിക്കുമ്പോള്‍ യേശുവിനെ കൂടുതല്‍ ആഴത്തില്‍ നമ്മുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുവാന്‍ നമുക്ക് തയ്യാറാകാം. ഈ ഒരുക്കത്തിന്റെ കാലത്ത് കുമ്പസാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ്. നമ്മുടെ ആത്മാവിനെ ശുദ്ധീകരിച്ച് ദൈവസന്നിധിയില്‍ നിന്ന് നമ്മെ അകറ്റുന്ന തടസ്സങ്ങളെ മാറ്റുകയും, ക്രിസ്തുവിന്റെ സമാധാനത്തിനും ആനന്ദത്തിനും നമ്മുടെ ഹൃദയകവാടം തുറന്നിടുകയും ചെയ്യാം.
രൂപത സമൂഹമെന്ന നിലയില്‍ വിശ്വാസത്തിലും ഐക്യത്തിലും നമുക്ക് ഒരുമിച്ചു നടക്കാം. നമ്മുടെ ഇടവകകളും സ്ഥാപനങ്ങളും കുടുംബങ്ങളും പ്രത്യാശയുടെയും കൂട്ടായ്മയുടെയും അടയാളമായി മാറണം. ക്രിസ്തുവിന്റെ സഭ കെട്ടിപ്പടുക്കുന്നതില്‍ അക്ഷീണം സേവനമനുഷ്ഠിക്കുന്ന നിങ്ങളെയെല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
(കോട്ടപ്പുറം രൂപതാ ദേവാലയങ്ങളില്‍ വായിച്ച ഇടയലേഖനത്തില്‍ നിന്ന്)

