പുരാണം / ജെയിംസ് അഗസ്റ്റിന്
ഭാരതീയജനതയി ൽ ദേശഭക്തിയുടെ തീനാളം ജ്വലിപ്പിച്ച മന്ത്രധ്വനിയായ വന്ദേമാതരം ഒന്നര നൂറ്റാണ്ടു പിന്നിടുന്നു. ഇന്ത്യക്കാരന് വെറുമൊരു ഗാനമല്ലിത്. ഭാരതാംബയോടുള്ള നമ്മുടെ ആത്മബന്ധത്തിന്റെ, സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ,വീരബലിദാനങ്ങളുടെയെല്ലാം മുഴക്കമാണിത്.
ഇന്ത്യൻ ദേശീയതയുടെയും സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെയും സ്വരമായ വന്ദേമാതരം രചിക്കപ്പെട്ടിട്ട് 150 വർഷമായി. ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളിയും സംസ്കൃതവും ചേർത്തു എഴുതിയ കവിത 1875 നവംബർ ഏഴിനാണ് പുറത്തിറങ്ങിയത്. ഈ കവിത ആനന്ദമഠം എന്ന നോവലിൽ പ ഉൾപ്പെടുത്തുകയായിരുന്നു.
വംഗദർശൻ എന്ന മാസികയുടെ എഡിറ്റർ ആയിരുന്നു ബങ്കിം ചന്ദ്ര ചാറ്റർജി.1872-ൽ പ്രസിദ്ധീകരണം ആരംഭിച്ച വംഗദർശന്റെ ആദ്യ എഡിറ്റർ ബങ്കിം ചന്ദ്ര ചാറ്റർജി തന്നെയായിരുന്നു. 1901മുതൽ രവീന്ദ്ര നാഥ ടഗോർ വംഗദർശന്റെ എഡിറ്ററായി പ്രവർത്തിച്ചു.
1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന “ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ” എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷുകാരോടുള്ള നാടിൻറെ സാംസ്കാരിക പ്രതിരോധവും പ്രതിഷേധവും കൂടിയായിരുന്നു ഈ ഗാനരചന. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നോവലിൽ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുന്ന സന്യാസികൾ തങ്ങളുടെ മാതൃരാജ്യത്തിനോടുള്ള ഭക്തിയിൽ ഈ വരികൾ ആലപിക്കുന്നതായാണ് എഴുതപ്പെട്ടിരിക്കുന്നത്.സംഗീതജ്ഞനായ ജദുനാഥ് ഭട്ടാചാര്യയാണ് വന്ദേമാതരത്തിനു ആദ്യമായി ഈണം നൽകി ആലപിച്ചത്. ബങ്കിം ചന്ദ്ര ചാറ്റർജി, രവീന്ദ്രനാഥ് ടഗോർ എന്നിവരുടെ സഹയാത്രികനും സംഗീതാധ്യാപകനുമായിരുന്നു ജദുനാഥ്. സിത്താർ,സുർബെഹർ എന്നീ സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായിരുന്നു ജദുനാഥ്. 1896-ൽ കൊൽക്കൊത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ രവീന്ദ്രനാഥ് ടാഗോർ വന്ദേമാതരം ആലപിച്ചതോടെ രാജ്യമെങ്ങും ഈ ഗാനം പ്രശസ്തമായി.
എല്ലാ ഞായറാഴ്ചയും ബംഗാളിൽ പലസ്ഥലങ്ങളിലും ഒത്തുചേർന്നിരുന്ന സ്വാതന്ത്ര്യസമരപ്പോരാളികൾ പ്രഭാതഭേരിയായി വന്ദേമാതരം ആലപിച്ചു തുടങ്ങി. വന്ദേമാതരം എന്ന വാക്ക് തന്നെ സ്വാതന്ത്ര്യസമരങ്ങൾക്കു ഊർജ്ജം പകരുന്നതായി മാറി.
1906 ആഗസ്റ്റിൽ ബിപിൻ ചന്ദ്രപാൽ എഡിറ്ററായി ബന്ദേമാതരം എന്ന ഇംഗ്ലീഷ് ദിനപത്രം ആരംഭിച്ചു.മൂർച്ചയുള്ള എഡിറ്റോറിയലുകളുമായി പുറത്തിറങ്ങിയ പത്രം ബ്രിട്ടീഷുകാരെ അസ്വസ്ഥമാക്കി. വന്ദേമാതരം എന്നത് രാജ്യം മുഴുവൻ ഒരു ഗാനമായി,മുദ്രാവാക്യമായി മാറുകയായിരുന്നു. നാടിൻറെ ഹൃദയസ്പന്ദനമായി വന്ദേമാതരം മാറുകയായിരുന്നു.
സമരഭടന്മാർക്ക് വെറുമൊരു പാട്ടല്ലായിരുന്നു വന്ദേമാതരം. ഭഗത് സിംഗ് , ലാലാ ലജ്പത് റായ്, അരബിന്ദ് ഘോഷ് എന്നിവരാണ് ഈ ഗാനം ഒരു തീപ്പൊരിയായി നെഞ്ചിലേറ്റിയ പ്രമുഖനേതാക്കൾ.പത്രങ്ങൾ,മാസികകൾ,ലഘുലേഖകൾ,നോട്ടീസുകൾ എന്നിവയിലൂടെ വന്ദേമാതരം രാജ്യമെങ്ങും പ്രചരിക്കപ്പെട്ടു. ഗ്രാമഫോൺ റെക്കോർഡിങ് വഴി ഈണവും കൂടുതൽ ആളുകളിലേക്കെത്തി.
1909-ൽ കർമയോഗി മാസികയിൽ വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു.’മദർ ഐ ബോ ടു ദി’ എന്നു തുടങ്ങുന്ന പരിഭാഷ നിർവഹിച്ചത് അരബിന്ദഘോഷാണ്.
‘അമ്മേ നിന്നെ ഞാൻ വണങ്ങുന്നു’ എന്നു മലയാളത്തിലേക്ക് മൊഴിമാറ്റപെട്ട ഗീതത്തിൽ ഭാരതാംബയെ മക്കൾ ആദരപൂർവം ആരാധിക്കുന്നതാണു പ്രമേയമായി വരുന്നത്.
വന്ദേമാതരം ഗാനത്തിന്റെ ചില വരികളിൽ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന വരികൾ ഉള്ളതായി കോൺഗ്രസ്സിലെ മുസ്ലിം നേതാക്കൾ പരാതി ഉന്നയിച്ചത് അക്കാലത്തു വലിയ വിവാദമായും മാറി. പിന്നീട് ആദ്യത്തെ എട്ടുവരികൾ മാത്രം പാടാമെന്ന ധാരണയോടെ തർക്കം തത്ക്കാലം ഒഴിവാകുകയായിരുന്നു. ഇന്ത്യൻ ദേശീയതയെ വർണിക്കുന്ന ആദ്യവരികൾ മാത്രമാണ് തുടർന്ന് പൊതുപരിപാടികളിൽ പാടിയിരുന്നത്.
മോചനത്തിനുള്ള തീക്ഷ്ണശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും “വന്ദേമാതരം” മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ദേശിയ ഐക്യത്തിന്റെയും പോരാട്ടങ്ങളുടെയും സ്വരമായി വന്ദേമാതരം മാറി. ത്രിവർണ പതാകയിൽ അക്കാലത്തു വന്ദേമാതരം എന്നു എഴുതുന്നതും പതിവായി.
ജന്മഭൂമി പവിത്രമാണെന്നും അമ്മഭൂമിയെ സേവിക്കുകയെന്നത് ജാതിക്കും മതത്തിനും അതീതമായ കടമയാണെന്നും ബോധ്യപ്പെട്ട ഒരു തലമുറയുടെ ആത്മാവിൽ നിന്നുയരുന്ന പോർവിളിയായി വന്ദേമാതരം അലയടിച്ചു.
രഹസ്യയോഗങ്ങളിലും റാലികളിലും ജയിലുകളിൽ പോലും വന്ദേമാതരം പാടിത്തുടങ്ങി.
ഇതിൽ വിറളി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.
വധശിക്ഷ ഏറ്റുവാങ്ങാൻ തലയുയർത്തി നിന്ന ധീരഭടന്മാർ അവസാനവാക്കായി വന്ദേമാതരം ഉരുവിട്ടുകൊണ്ട് വീരമൃത്യു വരിച്ചു. 1905 ഡിസംബെരിൽ ബംഗാളിലെ രംഗ്പുരിയിലെ ഒരു സ്കൂളിൽ വന്ദേമാതരം പാടിയതിനു 200 കുട്ടികൾക്ക് അഞ്ചു രൂപ വീതം പിഴ ശിക്ഷ വിധിച്ചിരുന്നു.
1950 ജനുവരി 24 നു നിയമനിർമാണസഭ ഇന്ത്യയുടെ ദേശീയ ഗീതമായി വന്ദേമാതരത്തെ ഉയർത്തി. ദേശീയഗാനമായ ജനഗാനമാണയോടൊപ്പം ദേശീയഗീതത്തെയും നമ്മൾ ആദരിക്കണമെന്നു ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രത്തോട് ആവശ്യപ്പെട്ടു.1957-ൽ ഇറങ്ങിയ അനന്ദ്നാഥ് എന്ന സിനിമയിൽ ഈ ഗാനം ചേർത്തിട്ടുണ്ട്. ഹേമന്ത് നാഥ് സംഗീതം നൽകിയ സിനിമയിൽ ലത മങ്കേഷ്കറാണ് വന്ദേമാതരം ആലപിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ സുവർണജൂബിലി വർഷമായ 1997-ൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ ഈ ഗാനത്തിനു പുതിയൊരു രൂപം നൽകി അവതരിപ്പിച്ചു. വന്ദേ മാതരത്തിന്റെ ഹിന്ദി പരിഭാഷയും ഇതേ ആൽബത്തിൽ ചേർത്തു.
ഒൻപതു ദേശഭക്തിഗാനങ്ങളുമായി പുറത്തിറങ്ങിയ ഈ ആൽബത്തിലെ ഗാനങ്ങൾ സ്കൂളുകളിൽ നൃത്തരൂപത്തിൽ അവതരിപ്പിക്കാറുണ്ട്.’മാ തുജേ സലാം’ എന്നു തുടങ്ങുന്ന എന്ന ആൽബം യുവതലമുറയെ ഈ ഗാനത്തിലേക്കടുപ്പിച്ചു.
നൂറ്റമ്പതു വർഷം ഒരു രാജ്യത്തിൻറെ ഒരു ജനതയുടെ വികാരങ്ങളെ കെടാതെ സൂക്ഷിച്ച മറ്റൊരു ഗാനമുണ്ടാകുമോ? ഇന്നും ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെയുള്ളിൽ മാതൃഭൂമിയോടുള്ള അചഞ്ചല സ്നേഹം നിറയുകയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരഭടന്മാർക്ക് ഊർജ്ജമായിരുന്ന ഗീതത്തിനു 150 വയസ്സ് പിന്നിടുമ്പോൾ നമുക്ക് എങ്ങനെയാണു ഇതിന്റെ സൃഷ്ടാക്കളെയും ഈ ഗാനമുയർത്തിയ അലയടികളെയും മറക്കാനാവുക? ഒരു ഗാനാലാപനം പോലും പോരാട്ടമാക്കിയൊരു തലമുറയെ നന്ദിയോടെ ഓർക്കാം.വന്ദേമാതരം.

