കവർ സ്റ്റോറി / ബിഷപ് ഡോ. അലക്സ് വടക്കുംതല
കുടുംബം മനുഷ്യജീവിതത്തിന്റെ ആദ്യ പാഠശാലയാണെന്ന് നമ്മള് ആവര്‍ത്തിച്ചു പറയാറുണ്ട്. പക്ഷേ ഇന്നത്തെ കാലത്ത് ഈ പാഠശാലയുടെ അടിത്തറയില്‍ തന്നെ വിള്ളലുകള്‍ വീഴുന്നു. ആപല്‍ക്കരമായി രൂപംകൊള്ളുന്ന ഈ തകര്‍ച്ച, ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രതികരിക്കാനാകാതെ സഹിക്കേണ്ടി വരുന്ന കുട്ടികളെയും, സ്ത്രീകളെയും ആണ്. പല വീടുകളിലെ അകത്തളങ്ങളിലും സ്നേഹബന്ധങ്ങള്‍ക്ക് പകരം സംശയത്തിന്റെ നിറവും, ഭയത്തിന്റെ ആഴവും, സംവാദങ്ങള്‍ക്ക് പകരം നിശ്ശബ്ദതയുടെ ഗാഢതയും നിറഞ്ഞിരിക്കുന്നു. ആഹ്ളാദത്തിന്റെ ശബ്ദം കേള്‍ക്കേണ്ടിടത്ത്, ഭിന്നിച്ച ബന്ധങ്ങളുടെ പ്രതിധ്വനികള്‍ ആണ് മുഴങ്ങുന്നത്.
കുഞ്ഞുങ്ങള്‍ ഏല്ക്കേണ്ടിവരുന്ന ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ തീരാത്ത നൊമ്പരമായി, വിങ്ങലായി ആ പിഞ്ചുമനസ്സുകളില് അവശേഷിക്കുന്നു. ഭര്ത്താക്കന്മാരുടെ മദ്യപാനാസക്തിയും ഗാര്‍ഹികപീഡനവും കുടുംബിനികളുടെ
ജീവിതം ദുരിതപൂര്‍ണമാക്കുന്നു, മക്കളുടെ പഠനത്തെയും സുരക്ഷിതത്വത്തെയും ഭാവിയെയും ബാധിക്കുന്നു. കുടുംബനാഥന്റെ പ്രവാസജീവിതം പല കുടുംബങ്ങളിലും മാനസിക സംഘര്‍ഷങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വിവാഹം നടക്കാതെ,
ജീവിതപങ്കാളിയെ ലഭിക്കാതെ ഏകാന്തതയില്‍ കഴിയേണ്ടിവരുന്നവരില്‍, പ്രത്യേകിച്ച് പുരുഷന്മാരില്, കാണപ്പെടുന്ന ഒറ്റപ്പെടല്‍, വിഷാദരോഗം, മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗം എന്നിവയും പ്രതിസന്ധിക്ക് കാരണമാകുന്നു. സാമ്പത്തിക സുരക്ഷ തകരുമ്പോള്‍, ആത്മീയവും മാനസികവുമായ അടിത്തറകള്‍ അലിഞ്ഞുപോകുമ്പോള്‍ കുടുംബം മുന്നോട്ടു പോകാനാകാതെ തളര്‍ന്നുനില്‍ക്കും.
ഭീഷണമായ ഒരു യാഥാര്‍ത്ഥ്യത്തിന്റെ നടുവില്‍ നില്ക്കുന്ന നാം, കുടുംബങ്ങളുടെ തകര്‍ച്ച നമുക്ക് അപരിചിതമല്ലെന്ന സത്യം അംഗീകരിച്ചേ തീരൂ. തകര്‍ച്ചയുടെ മറവില്‍ മറഞ്ഞിരിക്കുന്ന മനുഷ്യന്റെ മൂല്യവും, സമൂഹം പലപ്പോഴും കാണാതെ പോകുന്ന കരച്ചിലുകളും, തിരുത്താനുള്ള വഴികളും വ്യക്തമാക്കുന്നു ഈ ലേഖനം.

ഭൂമിയിലെ സ്വര്‍ഗമാണ് കുടുംബം. എന്നാല്‍ പലര്‍ക്കും ആ സ്വര്ഗസാന്ത്വനം
അനുഭവിക്കാനാവുന്നില്ല എന്നതാണ് വാസ്തവം. മുറിവും വേദനയും വിങ്ങലുമായാണ്
പലരും കുടുംബങ്ങളില്‍ കഴിയുന്നത്. ആന്തരിക മുറിവുകളും മാനസിക
സംഘര്‍ഷങ്ങളും വിഷാദവുമായി, ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന
പോലെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.
പ്രത്യേകമായി നാല് സാഹചര്യങ്ങള്‍ കുടുംബങ്ങളില്‍ വലിയ പ്രതിസന്ധികളും
പിരിമുറുക്കങ്ങളും മുറിവുകളും ഇന്ന് സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍
ഏല്ക്കേണ്ടിവരുന്ന ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങളാണ് ആദ്യത്തേത്.
അത് തീരാത്ത നൊമ്പരമായി, വിനയായി, വിങ്ങലായി ആ പിഞ്ചുമനസ്സുകളില്
അവശേഷിക്കുന്നു. ഭര്ത്താക്കന്മാരുടെ മദ്യാസക്തിയും അതുമൂലമുള്ള
ഭാര്യാപീഡനവും തത്ഫലമായി അവര്‍ നിസ്സഹായരായി സ്വീകരിക്കേണ്ടിവരുന്ന
സംഘര്‍ഷങ്ങളും, മക്കളുടെ പഠനവും ഭാവിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ
പ്രത്യാഘാതങ്ങളും ആണ് അടുത്തത്.
മൂന്നാമതായി, പ്രവാസജീവിതംകൊണ്ട് കുടുംബങ്ങളിലെ മറ്റ് അംഗങ്ങളിലെ മാനസിക സംഘര്‍ഷങ്ങളും പ്രശ്നങ്ങളും ഒട്ടുമിക്ക ഭവനങ്ങളെയും വിപരീതമായി ബാധിക്കുന്നുണ്ട്. അതോടൊപ്പം, നാലാമതായി, വിചിന്തന വിഷയമായെടുക്കേണ്ടതാണ് വിവാഹം നടക്കാതെ, ജീവിതപങ്കാളിയെ ലഭിക്കാതെ ഏകാന്തതയില്‍ കഴിയേണ്ടിവരുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച്
പുരുഷന്മാരില് കാണപ്പെടുന്ന ഒറ്റപ്പെടല്‍, വിഷാദരോഗം, മദ്യം,
മയക്കുമരുന്ന് ഇവയുടെ ഉപയോഗം എന്നിവയും പല കുടുംബങ്ങളിലെയും
പ്രതിസന്ധികളാണ്.
സഭാസമൂഹങ്ങള്‍, കുടുംബ യൂണിറ്റുകള്‍ എന്നീ സംവിധാനങ്ങള്‍ ഈ വിഷയങ്ങള്‍
ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടതും ക്രിയാത്മകമായ നടപടികള്‍
സ്വീകരിക്കേണ്ടതുമാണ്. രൂപതകളിലെ കുടുംബ പ്രേഷിതത്വ വിഭാഗവും, ഇടവകകളിലെ
അജപാലന സമിതികളുമൊക്കെ മുഖ്യപരിഗണനയിലെടുക്കേണ്ട വിഷയങ്ങളാണിവ.
ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പായുടെ സിനഡനന്തര അപ്പസ്തോലിക
ആഹ്വാനം, ‘സ്നേഹത്തിന്റെ സന്തോഷം’ (ജോയ് ഓഫ് ലവ്) ആരംഭിക്കുന്നതു തന്നെ ഈ
വാക്കുകളോടെയാണ്: ‘കുടുംബങ്ങള്‍ അനുഭവിക്കുന്ന സ്നേഹത്തിന്റെ സന്തോഷം
സഭയുടെയും ആനന്ദമാണ്’.
നൊമ്പരങ്ങളുമായി കുഞ്ഞുങ്ങള്‍

‘Crimes against children surge in Assam, Rajasthan and Kerala’ എന്ന
തലക്കെട്ടില്‍ ദേവാന്‍ഷി ബിഹാനി എഴുതിയ ഒരു ലേഖനം ‘ദ ഹിന്ദു’
ദിനപ്പത്രത്തില്‍ 2025 ഒക്ടോബര്‍ 7-ാം തീയതി അതിന്റെ ഏഴാം പേജില്‍
പ്രസിദ്ധീകരിച്ചിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലും
കുഞ്ഞുങ്ങള്‍ക്കെതിരായി അതിക്രമങ്ങള്‍ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍
വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ്
ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് അവര്‍ വ്യക്തമാക്കുന്നു. കേരളത്തില്‍,
2018 – 2022 കാലയളവില്‍ ശരാശരി 2,800 കുഞ്ഞുങ്ങള്‍ക്കെതിരായ
അതിക്രമങ്ങളുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 2023
ആയപ്പോള്‍, അത് 5,900 ആയിരിക്കുന്നു. അതായത് 106 ശതമാനം വര്‍ധന! ഇതേ
കാലയളവില്‍ അസമില്‍ 100 ശതമാനം കൂടുതല്‍ സംഭവങ്ങള്‍ കുട്ടികള്‍ക്കെതിരെ
നടന്നിരിക്കുന്നു. 2018 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ 5,100
കേസുകള്‍ ഉണ്ടായിരുന്നത്, 2023 ആയപ്പോഴേക്കും 10,000 ആയി വര്‍ധിച്ചു.
രാജസ്ഥാനില്‍ 6,200 സംഭവങ്ങളില്‍ നിന്ന് 10,500 എണ്ണമായി 70
ശതമാനത്തിന്റെ വര്‍ധന. കൂടുതല്‍ കാര്യക്ഷമമായ റിപ്പോര്‍ട്ടിങ് അഥവാ സംഭവ
വികാസങ്ങളുടെ രേഖപ്പെടുത്തലുകള്‍ 2023 ആയപ്പോഴേക്കും ഉണ്ടായിരുന്നു
എന്നുകൂടി അനുമാനിക്കണമെന്നും ലേഖിക അപഗ്രഥിക്കുന്നു.
കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ വര്‍ധന നമ്മുടെ പരിഗണനയില്‍
കൊണ്ടുവരണം.
ICAST-CH (International Child Abuse Screening Tool) ഉപയോഗിച്ചുള്ള
മറ്റൊരു പഠനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം കുട്ടികളും ശാരീരിക, മാനസിക,
ലൈംഗിക അതിക്രമങ്ങളും അവഗണനയും അനുഭവിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
മനോജ് കുമാര്‍ തേരയില്‍, നിളാ മാധവ്, സെബിന്ഡ് കുമാര്‍ എന്നിവര്‍
നടത്തിയ പഠനം ‘Prevalence of Child Abuse in Kerala – An ICAST-CH based
Survey’, National Library of Medicine, 2019 March എന്ന ലേഖനത്തില്‍
കൊടുത്തിട്ടുണ്ട്. 2019-ല്‍ കേരളത്തില്‍ ഒരു പട്ടണത്തില്‍ 6,957 റാന്‍ഡം
സെലക്ഷന് നടത്തിയ കുട്ടികളില്‍ 89.9 ശതമാനം പേരും എന്തെങ്കിലും
വിധത്തിലെ മോശം പെരുമാറ്റങ്ങള്‍ (maltreatment) അനുഭവിച്ചിട്ടുള്ളവരാണ്.
അതില്‍ ലൈംഗിക അതിക്രമങ്ങള്‍ 16.7 ശതമാനം ആണ്. 19.9 ശതമാനം
ആണ്‍കുട്ടികള്‍ക്കാണ് സ്വാഭാവികമായും കൂടുതല്‍ പ്രതിസന്ധികള്‍ ഉളളത്.
കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ ഭീതിദമായ അവസ്ഥ
ഹൃദയഹാരിയായ വിധത്തില്‍ തുറന്നെഴുതിയ ആദ്യപുസ്തകങ്ങളിലൊന്ന്, പിങ്കി
വിരാണിയുടെ ‘ബിറ്റര്‍ ചോക്ലേറ്റ്’ (പെന്ഗ്വിന് ബുക്സ്, 2000) എന്ന
കൃതിയാണ്. എഴുത്തുകാരി തന്നെ പീഡനത്തിന് ഇരയായിരുന്നതിനാല്‍ അവരുടെ
തിക്താനുഭവവും അതോടൊപ്പം മറ്റ് സമാന്തര സംഭവങ്ങളിലെ ഗവേഷണവുമാണ് ഈ
പുസ്തകത്തിന്റെ ആധാരം. ലൈംഗികപീഡനവുമായി ബന്ധപ്പെട്ട വ്യത്യസ്ത
വിഷയങ്ങള്‍ അപഗ്രഥിക്കുന്ന ‘നോട്ടുബുക്കുകള്‍’ ആയി തരംതിരിച്ചിരിക്കുന്ന
രീതിയിലാണ് രചന. വൈശാലി എന്ന മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞു
മുതല്‍ സിദ്ധാര്‍ത്ഥ (12), റസിയ (13), തനുജ (9), ഡിംബിള്‍ (5), അരുണ്‍
(9) തുടങ്ങിയ കുഞ്ഞുങ്ങളുടെ ദുരനുഭവങ്ങള്‍
അതില്‍ വിവരിക്കുന്നു.
സ്വന്തം അമ്മ ഉദ്യോഗസ്ഥയായിരുന്നതിനാല്‍, ആയയുടെ
പരിചരണത്തിലായിരുന്നു പിഞ്ചു വൈശാലി. കുഞ്ഞിനെ കുളിപ്പിച്ച് ബെഡില്‍
കൊണ്ടുവന്നു കിടത്തി, പൗഡറിട്ട് പരിചരിച്ച് കുട്ടിയുടുപ്പ്
ധരിപ്പിക്കാനൊരുങ്ങുമ്പോഴാണ് ആയയ്ക്ക് അവരുടെ അമ്മയുടെ ഫോണ്‍ വരുന്നത്.
അതേ ഭവനത്തില്‍ ജോലിക്കു നിന്നിരുന്ന യുവാവിനെ ഫോണില്‍ സംസാരിക്കുന്ന
ഇടവേളയില്‍ വൈശാലിയെ ശ്രദ്ധിക്കാനേല്പിച്ച നേരത്താണ് ആ പിഞ്ചുകുഞ്ഞ്
അവനില്‍ നിന്നു ലൈംഗിക പീഡനമേല്‍ക്കേണ്ടിവന്നത്. ഇങ്ങനെയുള്ള ദുരന്ത
വിവരണങ്ങളും ശിശുപീഡനങ്ങളുടെ വ്യക്തമായ കണക്കുകളും അഘാതപഠനങ്ങളും,
പതിയിരിക്കുന്ന അപകടങ്ങളും പിങ്കി വ്യാഖ്യാനിക്കുന്നു. പുസ്തകം
മുന്നോട്ടുവയ്ക്കുന്ന സുപ്രധാന സന്ദേശങ്ങള്‍ ഇവയാണ്: കുഞ്ഞുങ്ങള്‍ക്കു
നേരെയുള്ള ലൈംഗിക പീഡനം ഒരു കുടുംബരഹസ്യമായി മറച്ചുവെയ്ക്കാതെ,
നിശ്ശബ്ദതയെ മറികടന്ന്, നീതി നടത്തുകയും ആവശ്യമായ പരിഹാരം, കൗണ്‍സലിംഗ്
തെറാപ്പി ഉള്‍പ്പെടെ, ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതാണ്.
പീഡനങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി, അഥവാ ഇരട്ടവേദന, കുട്ടികള്‍
അങ്ങേയറ്റം വിശ്വസിക്കുന്ന കുടുംബാംഗങ്ങളോ ഏറെ അടുപ്പമുള്ളവരോ ആണ്
ഇപ്രകാരം വലിയ പാതകം ചെയ്തിട്ടുള്ളത് എന്നതാണ്. വലിയ വിശ്വാസവഞ്ചനയാണ്
അവര്‍ നടത്തിയത്. കുഞ്ഞുങ്ങള്‍ സഹിക്കേണ്ടിവരുന്ന ലൈംഗികപീഡനങ്ങളില്‍ 90
ശതമാനവും കുടുംബാംഗങ്ങളില്‍ നിന്നോ ഏറ്റവും അടുപ്പമുള്ള മറ്റു
വ്യക്തികളില്‍ നിന്നോ ആണെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് പഠനങ്ങള്‍ നമ്മെ
ഓര്‍മ്മിപ്പിക്കുന്നത്. (Megha Chaturvedi ‘Child sexual Abuse in India:
Alarming Statistics, lifelong impact: How to heal’, India Today,
Auguts 4, 2023) ഇപ്രകാരമുള്ള പ്രതിസന്ധികള്‍ കുറയ്ക്കാനും
ഇല്ലാതാക്കാനും നിരന്തരമായ ബോധവത്കരണ പരിപാടികള്‍ കുഞ്ഞുങ്ങള്‍ക്കും
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിലും
നല്കേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കും, Good Touch and Bad Touch നെ
പറ്റിയുള്ള അവബോധം പകര്‍ന്നുകൊടുക്കണം. അതോടൊപ്പം പീഡിതര്‍ക്ക് നീതിയും
ചികിത്സയും സാന്ത്വനവും സംരക്ഷണവും ഉറപ്പുവരുത്തേണ്ടിയുമിരിക്കുന്നു.
ആയതിനാല്‍, നിര്‍ബന്ധമായും കുടുംബങ്ങളിലും പ്രാഥമിക വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും മതബോധന ക്ലാസ്സുകളിലുമൊക്കെ പ്രായപരിധിക്കിണങ്ങിയ
അനുയോജ്യമായ അവബോധന പരിപാടികളുടെ ആവശ്യകത ഗൗരവതരമായി നാം
പരിഗണിക്കേണ്ടിയിരിക്കുന്നു. ‘ഒരു നാടുമുഴുവന്‍ കരുതണം, ഒരു കുഞ്ഞിനെ
വളര്‍ത്താന്‍’ (It takes the whole village to bring up a child) എന്നു
പറയുന്നത് നമ്മുടെ കൂട്ടുത്തരവാദിത്വത്തെയും പങ്കാളിത്തത്തെയും
ഓര്‍മ്മിപ്പിക്കുന്നു.
മദ്യാസക്തിയും ഭാര്യാപീഡനവും

എത്രയോ അര്‍ത്ഥപൂര്‍ണ്ണമാണ് പഴയ ആ സിനിമാഗാനത്തിന്റെ വരികള്‍:
‘വീടിനു പൊന്മണി വിളക്കു നീ
തറവാടിനു നിധി നീ കുടുംബിനി
തന്സുഖമെല്ലാം അന്യര്‍ക്കായി
ത്യാഗം ചെയ്യും മനസ്വിനി
കടമകള്‍ ചെയ്വാന് അര്‍പ്പിച്ചൊരു നിന്
കമനീ ജന്മം വിമലം…’
പക്ഷെ ഇന്നിപ്പോള്‍ ചില കുടുംബങ്ങളിലെങ്കിലും കരിന്തിരി കത്തുകയാണ്,
‘പൊന്മണി വിളക്കുകള്‍’ ആയി പ്രകാശിച്ചുനില്ക്കേണ്ട കുടുംബിനികള്‍.
ഭര്ത്താക്കന്മാരുടെ അമിതമായ മദ്യപാനവും തത്ഫലമായ ഭാര്യാപീഡനവും
സാമ്പത്തിക തകര്‍ച്ചയും മാനസിക ആരോഗ്യ പ്രശ്നങ്ങളും അതിന്
കാരണമായിട്ടുണ്ട്. മദ്യാസക്തരായ പുരുഷന്മാരുടെ ഭാര്യമാരില്‍
മാനസികരോഗാവസ്ഥ, വിഷാദം, ഭയം, ഉറക്കക്കുറവ്, ആത്മവിശ്വാസനഷ്ടം, ആത്മഹത്യാ
പ്രവണത, Post Traumatic Stress Disorder (PTS) എന്നിവ കൂടുതലായി
കാണപ്പെടുന്നു. ഇത് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്കും
പ്രതിസന്ധികളിലേക്കും കൊണ്ടുവന്നെത്തിക്കുന്നു.
ഡല്‍ഹി കേന്ദ്രീകരിച്ച് 827 കുടുംബിനികളില്‍ നടത്തിയ പഠനമനുസരിച്ച് 50
ശതമാനത്തിലേറെ പേര് മദ്യപാന ഫലമായി ഭര്ത്താക്കന്മാരുടെ നിരന്തര
പീഡനമനുഭവിക്കുന്നവരാണ്. അതില്‍ 34% പേര്‍ക്കു മാത്രമേ, കുടുംബത്തില്‍
നിന്ന് എന്തെങ്കിലും പിന്തുണ ലഭിച്ചിരുന്നുള്ളൂ. 16.6 ശതമാനം പേര്
മാത്രം അയല്‍വാസികളില്‍ നിന്നുള്ള സഹായം ലഭിച്ചിരുന്നു. കൂടുതല്‍ പേരും
സഹനങ്ങളെല്ലാം ഉള്ളിലൊതുക്കി സ്വയം നൊമ്പരം സഹിച്ചു കഴിയേണ്ട സാഹചര്യമാണ്
ഉണ്ടായിരുന്നത്. (Kamlesh K Sharma and others, Mental Health effects of
domestic violence against Women in Delhi: A Community based Study
Journal of Family Medicine and Primary care, 2019).
‘Wife Battering’ എന്ന പേരില്‍ ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ
വനിതാ കമ്മീഷന് 2010-ല്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അഡ്വ.
സിസ്റ്റര്‍ ലില്ലി ഫ്രാന്‍സിസ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 70
ശതമാനം സ്ത്രീകള്‍ക്കും പീഡനം അനുദിന അനുഭവമായിരുന്നു (പേജ് 48). അതില്‍
69 ശതമാനവും മദ്യപാനം ശീലമാക്കിയ ഭര്ത്താക്കന്മാരില് നിന്നുമായിരുന്നു
(പേജ് 50). മുഷ്ടിചുരുട്ടിയ ഇടിയും തൊഴിയും കൈയില്‍ കിട്ടിയ വസ്തുക്കള്‍
ഉപയോഗിച്ചും, ചിലപ്പോള്‍ മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചും അവരെ
മര്‍ദ്ദിക്കുന്നുവെന്ന് അവര്‍ പങ്കുവെച്ചു (പേജ് 51). അതോടൊപ്പം വൈകൃതമായ
ലൈംഗിക പീഡനങ്ങളും അവര്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്ന് 40% പേര്
അറിയിച്ചു (പേജ് 51).
‘എന്താണ് എന്റെ ഭര്‍ത്താവ് അടുത്ത നിമിഷം ചെയ്യാന്‍ പോകുന്നതെന്ന് ഒരു പിടിയും എനിക്കുണ്ടായിരുന്നില്ല! മരണാനുഭവമായിരുന്നു നിരന്തരം എന്റെ മുന്പില്! ചിലപ്പോള്‍
കട്ടിലില്‍കിടത്തി എന്റെ കൈകള്‍ ബന്ധിച്ച് കെട്ടിയിടും. തുണി വായില്‍
തിരുകികയറ്റും! ആദ്യമായിട്ടാണ് എന്റെ ഈ അനുഭവം ഞാന്‍ ആരെങ്കിലുമായി
പങ്കിടുന്നത്. എന്റെ അമ്മയോടുപോലും ഞാന്‍ ഈ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല!’-
ഒരു കുടുംബിനിയുടെ ഈ കുമ്പസാരം എത്രയോ പേരുടെ, ആരോടും പറയാത്ത
ഉള്നൊമ്പരത്തിന്റെ പ്രതിസ്പന്ദനമാണ്!
ഇപ്രകാരം സഹനങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഫലപ്രദമായ സഹായവും
സമഗ്രമായ സുരക്ഷയും ഉറപ്പുവരുത്തണം. മാതൃവേദി, വനിതാ സംഘടനകള്‍,
സഭയിലെയും സമൂഹത്തിലെയും മറ്റ് സംവിധാനങ്ങള്‍ എന്നിവ ഇതിന്
മുന്‍പന്തിയിലുണ്ടാവണം. അവര്‍ക്ക് ആവശ്യമായ, കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള
മാനസിക സഹായം, സാമ്പത്തികമുള്‍പ്പെടെയുള്ള പിന്‍ബലം, ആധ്യാത്മിക പിന്തുണ
എന്നിവയോടൊപ്പം, ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ നിന്നുള്ള
മുക്തിക്കായുള്ള ചികിത്സയും ഡീ-അഡിക് ഷന് പ്രോഗ്രാമും തുടര്സഹഗമനവും
അനന്തര സഹായങ്ങളും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഇങ്ങനെ
പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും പ്രത്യേകമായ
കരുതലും അവരുടെ വിദ്യാഭ്യാസത്തിലും ഭാവികാര്യങ്ങളിലും നിതാന്ത ശ്രദ്ധയും
പ്രോത്സാഹനവും നല്കേണ്ടിയിരിക്കുന്നു.
പ്രവാസവും കുടുംബപ്രതിസന്ധികളും

‘നല്ല നാളെ’ എന്ന പ്രതീക്ഷയാണ് പലപ്പോഴും പ്രവാസി ജീവിതത്തിന്റെ
പിന്നില്‍. സാമ്പത്തികമുള്‍പ്പെടെ എല്ലാം ഭദ്രമാകും എന്ന പ്രത്യാശയാണ്
കൂട്ടുവിട്ട്, കൂടപ്പിറപ്പുകളില് നിന്നും കുടുംബാംഗങ്ങളില്‍ നിന്നും
പറന്നകന്ന്, അകലെ ചേക്കേറാനുള്ള തീരുമാനമെടുക്കാന്‍ പലരേയും
പ്രേരിപ്പിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലത്തിലെ വേര്‍പിരിയലും
അകല്‍ച്ചയും ജീവിതപങ്കാളികള്‍ക്കും കുട്ടികള്‍ക്കും കടുത്ത മാനസിക
സമ്മര്‍ദ്ദം, ഏകാന്തത, ആശങ്ക, വിഷാദം എന്നിവ ഉയര്‍ന്ന നിലയില്‍
കൊണ്ടുവരുന്നു എന്ന യാഥാര്‍ത്ഥ്യം നാം പരിഗണനയിലെടുക്കണം.
അതോടൊപ്പം, ബന്ധങ്ങളിലെ അകലം, ആശയവിനിമയമില്ലായ്മ, സംശയം, കുട്ടികളിലെ
വളര്‍ച്ചയിലെ വെല്ലുവിളികള്‍ തുടങ്ങിയ കാര്യങ്ങളും കുടുംബസാഹചര്യത്തില്‍
പരിഹാരം കണ്ടുപിടിക്കേണ്ടതാണ്. അനുദിനം ഒരു നിശ്ചിതസമയത്ത്, അകലെ
ആയിരുന്നാലും, സോഷ്യല്‍ മീഡിയയിലൂടെ ആശയവിനിമയം ചെയ്യാനും, ഒരുമിച്ച്
പ്രാര്‍ഥിക്കാനും, ഉല്ലാസത്തിനുമൊക്കെ സമയം കണ്ടെത്തണം. അതോടൊപ്പം
പ്രവാസി ജീവിതം നയിക്കുന്നവര്‍ക്കും പ്രി-ഡിപ്പാര്‍ച്ചര്‍,
റീ-ഇന്റഗ്രേഷന്‍ കൗണ്‍സലിംഗ് വഴി കുടുംബബന്ധം, സാമ്പത്തിക ആസൂത്രണം,
മാനസികാരോഗ്യ ബോധവത്ക്കരണം എന്നിങ്ങനെ കാര്യങ്ങള്‍ ഉറപ്പുവരുത്തണം.
ഈ ആധുനിക കാലഘട്ടത്തില്‍ പ്രവാസികളോടുള്ള സഭയുടെ ദൗത്യത്തെപ്പറ്റി ലെയോ
പാപ്പാ തന്റെ പ്രഥമ ചാക്രിക ലേഖനമായ ‘ഡിലെക്സി തേ’ (ഞാന്‍ നിന്നെ
സ്നേഹിച്ചു) എന്ന പ്രബോധനത്തില്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:
”മാതാവിനെപ്പോലെ സഭ നടന്നു പോകുന്നവരോടൊപ്പം സഞ്ചരിക്കുന്നു. ലോകം
ഭീഷണികളെ കാണുന്നിടത്ത് സഭ മക്കളെ കാണുന്നു; മതിലുകള്‍ പണിയുന്നിടത്ത്
അവള് പാലങ്ങള്‍ പണിയുന്നു. കൂടാതെ, നിരസിക്കപ്പെട്ട ഓരോ പ്രവാസിയിലൂടെ
സമൂഹത്തിന്റെ വാതിലില്‍ മുട്ടുന്നത് ക്രിസ്തുവാണ് എന്നതും അവള്
അറിയുന്നു.” (ഖണ്ഡിക നമ്പര്‍ 75).
ജീവിതപങ്കാളികളില്ലാതെ ഏകാന്തതയിലുള്ളവര്‍

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനാവാതെ, അതിന്റെ സാധ്യതകള്‍ തെളിയാതെ,
ഏകാന്തതയിലും വിഷാദത്തിലും വിങ്ങലിലും കഴിയുന്നവരുടെ എണ്ണം കൂടിവരുന്നു.
നമ്മുടെ കുടുംബങ്ങളില്‍ പ്രത്യേകമായി, പുരുഷന്മാരുടെ സംഖ്യ നാം
ചിന്തിക്കുന്നതിനെക്കാള്‍ വലുതാണ്. അവരുടെ ജീവിതം സാവധാനം സാമൂഹിക
ബന്ധങ്ങള്‍ കുറഞ്ഞ്, അവര്‍ ഉള്‍വലിഞ്ഞ്, ഗൗരവതരമായ ഏകാന്തതയിലേക്കും,
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ആസക്തിയിലും അടിമത്വത്തിലുമായി, മാനസിക
പ്രതിസന്ധികളിലേക്കും കടുത്ത വിഷാദരോഗത്തിലേക്കും (മെന്റല്‍ ഡിപ്രഷന്)
ആത്മഹത്യയിലേക്കുമൊക്കെ വഴുതിവീഴുന്നു. സഭയും സന്നദ്ധസംഘടനകളും സവിശേഷമായ
ശ്രദ്ധചെലുത്തി, അപ്രകാരം അവിവാഹിതരായി കഴിയുന്നവരുടെ കൂടിവരവും
കൂട്ടായ്മയും ക്രിയാത്മകമായ ഇടപെടലുകളും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.
അവരുടെ അഭിരുചിക്കനുസൃതമായ ജീവിതം നന്മയില് പുലരാന്‍ സഹായകമാകുന്ന
സായാഹ്ന ക്ലബുകളും ബോധവത്ക്കരണ ക്ലാസ്സുകളും കലാ-കായിക
പ്രവര്‍ത്തനങ്ങളും, വേണമെങ്കില്‍ മാനസികവും ആത്മീയവുമായ സാന്ത്വന സഹായ
സംവിധാനങ്ങളും ഒരുക്കേണ്ടിയിരിക്കുന്നു. ഓരോ വ്യക്തിയും വിലപ്പെട്ടതാണ്,
ഓരോ ജീവിതവും വിലയുറ്റതാണ് എന്ന പരിഗണന നമ്മിലുണ്ടാവണം.
‘ഞാന്‍ നിന്നെ സ്നേഹിച്ചു’ എന്ന ചാക്രിക ലേഖനത്തില്‍ ലെയോ പാപ്പാ
പറയുന്നു: ”ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളില്‍ നാം നിഷ്കളങ്കരുടെ
വേദനയും, അതിനാല്‍തന്നെ ക്രിസ്തുവിന്റെ സ്വന്തം വേദനയും കാണുന്നു.”
നമ്മുടെ കുടുംബങ്ങളില്‍ വിങ്ങലും വേദനയുമായി കഴിയുന്ന നിഷ്കളങ്കരുടെ
മുഖങ്ങളില്‍ നാം ക്രിസ്തുവിനെ കാണണം (നമ്പര്‍ 9). ”ഹൃദയം
നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന്
സംരക്ഷിക്കുന്നു.” (സങ്കീര്‍ത്തനം 34:18) ദൈവം
തളര്ന്നവര്ക്കൊപ്പമുണ്ട്. എപ്പോഴുമുണ്ട്. ദൈവത്തിന്റെ ആശ്വാസവും
കരുതലും കൊണ്ടുചെല്ലേണ്ടത് എന്നിലൂടെയാണ്, നമ്മിലൂടെയാണ്.
എല്ലാറ്റിന്റെയും അടിസ്ഥാനമായ കുടുംബങ്ങള്‍ നൊമ്പരങ്ങളുടെ കാറ്റിലുലയാന്‍
നാം അനുവദിച്ചു കൂടാ! ഭൂമിയിലെ സ്വര്‍ഗമാക്കി കുടുംബങ്ങളെ കാത്തു സൂക്ഷിക്കാം, നമുക്ക്!

