ലേഖനം / ഡോ. വിൻസെൻ്റ് വാര്യത്ത്
പരിശുദ്ധ കന്യകാമറിയത്തിന്റെ ഏലീശ്വയെ സാര്‍വത്രിക സഭ വാഴ്ത്തപ്പെട്ടവള്‍
എന്നു വിളിച്ച ചരിത്രനിമിഷത്തിന്റെ മഹാകൃപയുടെ അനുഭവം,
ദൈവികാനന്ദത്തിന്റെ സമാഗമ കൂടാരം പോലെയായി മാറിയ വല്ലാര്‍പാടം ദേശീയ
മരിയന്‍ തീര്‍ഥാടന ബസിലിക്കയിലെ പുണ്യമഹോത്സവം – അനുഗ്രഹവര്‍ഷത്തില്‍
നിറഞ്ഞുകവിഞ്ഞ ഹൃദയങ്ങളുടെ സ്നേഹവാഴ്ത്ത്.

മദര്‍ ഏലീശ്വ മരിച്ച ദിവസം പെയ്തൊഴിയാത്ത മഴപെയ്ത്ത് ആയിരുന്നത്രെ!
അന്നുമുതല്‍ ഏലീശ്വാമ്മയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സംഭവങ്ങള്‍ക്കും
സാക്ഷിയായി മഴ എത്തുന്നു എന്നൊരു വിചാരം സിറ്റിസി സിസ്റ്റേഴ്സിനുണ്ട്.
ഓരോ പ്രധാന ദിവസത്തിലും മഴ വരുന്നതിനെ കൗതുകത്തോടു കൂടി അവര്‍
നോക്കികാണുന്നു. ജൂലൈ മാസത്തിലെ തോരാമഴയ്ക്കിടെയാണ് അമ്മ സ്വര്ഗ്ഗക്കുട
തേടി യാത്രയായത്. പിന്നെ അമ്മയെ സംബന്ധിച്ച ഏതു പരിപാടിയിലും മഴ
തുണസഹോദരി പോലെ എത്തും.
നാമകരണ നടപടികള്‍ക്കുവേണ്ടിയുള്ള സുപ്രധാന മീറ്റിംഗ് റോമില്‍ 2015
മാര്‍ച്ച് 25ന് നടക്കുമ്പോഴും തോരാതെ മഴ പെയ്യുകയായിരുന്നു എന്ന് വൈസ്
പോസ്റ്റുലേറ്റര്‍ റവ. ഡോ. സൂസി കിണറ്റിങ്കല്‍ രേഖപ്പെടുത്തുന്നുണ്ട്.
2025 നവംബര്‍ 8നും മഴപെയ്ത്ത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ
പുറത്ത് തുലാമഴ പെയ്തില്ല.
എങ്കിലും അകത്ത് കൃപയുടെ തീരാത്ത തോരാത്ത മഴപെയ്ത്തനുഭവം തിങ്ങിക്കൂടി
നിന്ന എല്ലാവര്ക്കും ഉണ്ടായി.
ദൈവമേ! എന്തൊരു മഴപെയ്ത്ത് ആയിരുന്നു അത്!
ദൈവികാനന്ദത്തിന്റെ ഒരു സമാഗമ കൂടാരം പോലെയായി മാറിയിരുന്നു
വല്ലാര്‍പാടത്തെ താല്‍ക്കാലിക പന്തല്‍. സമയത്തിനും വളരെ നേരത്തെ ഞാന്‍
അവിടെ എത്തി. ആളുകളുടെ ഒഴുക്ക് അപ്പോഴേ തുടങ്ങിയിരുന്നു. മലമുകളില്‍
ഉയര്‍ത്തപ്പെട്ട പട്ടണം പോലെയായി മാറുന്ന അമ്മയ്ക്കു വേണ്ടി നന്ദി
പറയുവാന്‍ വരുന്നവരാണവര്‍.
ഒറിജിന്‍ യൗസേപ്പിതാവിനെ ‘ദ ഹിഡന്‍ സെയിന്റ്’ എന്നു വിളിച്ചു. മദര്‍
ഏലീശ്വയും എന്നും മറഞ്ഞിരിക്കാന്‍ കൊതിച്ച ആളാണ്. സ്വയം വിളിച്ചിരുന്നത്
ഏഴയും പിച്ചക്കാരിയും എന്നാണ്.
‘ആഗ്രഹത്തിന്റെ ഏക വിഷയം തമ്പുരാന് എന്ന മൂന്നക്ഷരങ്ങള്‍’
ആയിരിക്കണമെന്ന് കൂടെയുള്ളവരെ നിരന്തരം പഠിപ്പിച്ചിരുന്ന ഏലീശ്വാമ്മ
ഈഗോയുടെ സ്പര്‍ശം പോലും ഇല്ലാത്ത ആളായിരുന്നു.
ഏലീശ്വാമ്മ ഈഗോയമ്മ അല്ല, ഈശോ അമ്മയായിരുന്നു. അതുകൊണ്ടുതന്നെ ‘ദൈവം
എന്നെ വിളിച്ചിട്ടില്ലെന്റെ കഴിവിനായി, അവന് വിളിച്ചത് അവന്റെ ഇഷ്ടം
പൂര്‍ത്തിയാക്കാന്‍’ എന്ന് അമ്മ ഉറച്ചുവിശ്വസിച്ചു.
‘ഞാന്‍ ദുര്‍ബലയല്ല, ക്രിസ്തുവില്‍ ഞാന്‍ ശക്തയാണ്’ എന്നു പറഞ്ഞ
ഏലീശ്വാമ്മയുടെ ഈ പ്രധാനപ്പെട്ട ദിനത്തിന്റെ ശക്തി മുഴുവന്‍
കര്‍ത്താവിന്റെ ശക്തി ആയിരുന്നു.
കര്‍ത്താവിന്റെ കരുണ കരകവിയുന്ന വിധത്തിലുള്ള കൃപപെയ്ത്തില് പുതുസ്നാനം
ഏറ്റ നാനാജാതിമതസ്ഥരായ ആളുകള്‍ വാഴ്ത്തപ്പെട്ട അവളുടെ ദിനത്തില്‍ ദൈവത്തെ
വാഴ്ത്തിപ്പാടി.
പന്തലിലെ ആള്‍ക്കൂട്ടത്തിനിടയില്‍ അല്പനേരം ഇരുന്നപ്പോള്‍ ആദ്യം
ഞാനോര്‍ത്തത് ഏലീശ്വാമ്മ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ കുറിച്ചായിരുന്നു.
ആദ്യത്തെ അദ്ഭുതം, സ്ത്രീകള്‍ ‘പൊതിഞ്ഞു സംരക്ഷിക്കപ്പെടേണ്ട അകത്തെ
വസ്തുക്കളാണ്’ എന്ന ചിന്തയുള്ള കാലഘട്ടത്തില്‍, വൈധവ്യത്തിന്റെ
സങ്കടമേലങ്കികളൊക്കെ മാറ്റി സന്ന്യാസത്തിന്റെ പരുക്കന്‍ വസ്ത്രമണിഞ്ഞ്
പുറത്തുവരാന്‍ കാട്ടിയ ധൈര്യമായിരുന്നു.
അടുത്ത അദ്ഭുതം സ്വന്തം പുരയിടവും 24 വര്‍ഷങ്ങള്‍ കൊണ്ട് മെനഞ്ഞെടുത്ത
സ്വപ്നകൂടാരങ്ങളും വെടിഞ്ഞ്, എല്ലാം ദൈവഹിതം എന്നുപറഞ്ഞ്
പിച്ചക്കാരിയെപോലെ പുറത്തേക്കിറങ്ങാന്‍ കാണിച്ച ധൈര്യമാണ്.
മനഃധൈര്യം നഷ്ടപ്പെടുത്താതെ പൂജ്യത്തില്‍ നിന്നു വീണ്ടും തുടങ്ങുവാന്‍
കാണിച്ച വിവേകം നിറഞ്ഞ ധൈര്യമാണ് അടുത്തത്.
മദര്‍ ഏലീശ്വായുടെ നാലാമത്തെ അദ്ഭുതം അമ്മ സ്ഥാപിച്ച സന്ന്യാസ
സഭാംഗങ്ങള്‍ തന്നെയാണ്. ഈ കന്യാസ്ത്രീമാര്‍ സകല ഇടങ്ങളിലും
കര്‍ത്താവിന്റെ പ്രകാശം പരത്തി സാമൂഹിക, വിദ്യാഭ്യാസ, കലാ സാംസ്കാരിക,
ആത്മീയ തലങ്ങളില്‍ കെടാവിളക്കു പോലെ പ്രശോഭിക്കുന്നുണ്ട്.
സിറ്റിസി സിസ്റ്റേഴ്സിന്റെ ഉയരങ്ങളുടെയും ആഴങ്ങളുടെയും നിപുണതകളുടെയും
ഒരു പ്രതിഫലനം പോലെയായി മാറി വല്ലാര്‍പാടത്തെ ചടങ്ങ്. എല്ലായിടത്തും ഒരു
സിറ്റിസി ടച്ച് തീര്‍ച്ചയായും ഉണ്ടായിരുന്നു. അതിസുന്ദരമായി
ഒരുക്കപ്പെട്ട അള്‍ത്താരയിലും, ലളിതമായ പുഷ്പാലങ്കാരങ്ങളിലും,
തിരുകര്‍മങ്ങളുടെ ചിട്ടവട്ടങ്ങളിലും, വേഷവിധാനങ്ങളിലും,
മാലാഖകുഞ്ഞുങ്ങളുടെ അകമ്പടിയിലും, വാക്കുകളിലും നോക്കുകളിലും എന്തിലും
എവിടെയും ദൃശ്യമായിരുന്നു.
അത്യാകര്‍ഷകമായ സംഗീതം. അതില്‍ സിറ്റിസി സന്ന്യാസിനികളും അവര്‍ക്ക്
എന്നും താങ്ങും തണലുമായി നില്ക്കുന്ന കര്‍മലീത്ത സഹോദരരും ഒന്നുചേര്‍ന്ന
നൂറുപേരുടെ ഗായകസംഘം സുന്ദരമായി പാടി. ഗാനങ്ങള്‍ക്കൊക്കെ ഒരു സാര്‍വത്രിക
സ്വഭാവം ഉണ്ടായിരുന്നു. ലത്തീന്‍, ഇംഗ്ലീഷ്, ജര്‍മന്‍, ഹിന്ദി, തമിഴ്,
തെലുങ്ക്, മലയാളം പാട്ടുകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മട്ടില്‍ അവര്‍
ഒരേസ്വരത്തില്‍, നല്ല ഈണത്തില്‍, താളത്തില്‍ പാടി. അവരുടെ ഗാനാലാപത്തിലും
തീര്‍ച്ചയായിട്ടും ഒരു സിറ്റിസി പെരുമ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും.
സിറ്റിസിക്കാര് ആതിഥേയത്വത്തിന്റെ കാര്യത്തില്‍ വളരെ മുന്നില്‍
നില്‍ക്കുന്നവരാണ്. ആഥിത്യമര്യാദ അങ്ങേയറ്റം പാലിക്കപ്പെട്ട ഒരു സംഗമം
കൂടിയായിരുന്നു അത്.
സാര്‍വത്രിക സഭയുടെ ചെറുപതിപ്പ് എന്ന മട്ടിലുള്ള ഒത്തുചേരല്‍ ആയിരുന്നു
ഇവിടെ നടന്നത്. വിവിധ ഭാഷക്കാര്‍, വിവിധ രാജ്യക്കാര്‍, വിവിധ റീത്തുകാര്‍
എല്ലാവരും ഒരുമിച്ച് ചേരുമ്പോള്‍ ഒരു ഏകസ്വരത ഉണ്ടായിട്ടുണ്ടെങ്കില്‍
അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാഹോദര്യത്തിന്റെയും
സ്നേഹത്തിന്റെയും ഒരു ചരട് ഉണ്ടാവണം. ആ സുവര്‍ണ്ണ ചരട് സിറ്റിസി
സിസ്റ്റേഴ്സ് ആയിരുന്നു. അവരോടുള്ള ആദരവും സ്നേഹവും കൊണ്ടാണ് ഇത്രയേറെ
ആളുകള്‍, കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും
വൈദികവിദ്യാര്‍ത്ഥികളും സന്ന്യസ്തരും അല്മായരും ഒരുമിച്ചുചേര്‍ന്നത്.
രാഷ്ട്രീയ, സാംസ്കാരിക തലങ്ങളിലെ മികവുറ്റ വ്യക്തിത്വങ്ങളും സദസ്സില്‍
നിറതാരങ്ങളായി തെളിഞ്ഞുനിന്നു. അല്മായ സംഘടനാ പ്രവര്‍ത്തകരും അധ്യാപകരും
വിദ്യാര്‍ത്ഥികളുമെല്ലാം അങ്ങേയറ്റം അച്ചടക്ക ഭാവത്തോടുകൂടി അമ്മവീട്ടിലെ
ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പല നാടുകളില്‍ നിന്നും വന്ന ഭക്തരുടെ
വന്‍പ്രവാഹം തന്നെ ഉണ്ടായിരുന്നു.
അവരൊക്കെ ഏലീശ്വാമ്മയുടെ വഴിയിലെ കൃപയുടെ സ്പര്‍ശം അനുഭവിച്ചറിഞ്ഞവരാകാം.
അമ്മയുടെ സന്താനങ്ങളായ സിറ്റിസി സഹോദരിമാരുടെ കരുണാര്‍ദ്ര സ്പര്‍ശം
ഏറ്റുവാങ്ങിയവരാവാം. മൊത്തത്തില്‍ ഒരു കര്‍മലീത്ത ചൈതന്യം എല്ലായിടത്തും
ഉണ്ടായിരുന്നു.
പല പള്ളികളിലും മറഞ്ഞിരിക്കുന്ന വസന്തങ്ങള്‍ പോലെ
സേവനമനുഷ്ഠിക്കുന്നവരാണ് ഈ സിസ്റ്റേഴ്സ്. ഇത്തവണയും ഇത്രയും ഭംഗിയായ
അരങ്ങ് ഒരുക്കുന്നതിന് അണിയറയില്‍ മറഞ്ഞിരുന്ന് നിന്നെരിഞ്ഞ് വെട്ടം
പരത്തിയിട്ടുണ്ടാവും അവര്‍! അമ്മയെപോലെ തന്നെ മക്കളും!
ഉച്ചതിരിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ വന്നുതുടങ്ങിയെന്നു പറഞ്ഞല്ലോ. ആളുകള്‍
തിക്കിത്തിരക്കി വന്നതിന് ഒരു കാരണം ഒരു ‘കൗതുകം’ എല്ലാവര്ക്കും
ഉണ്ടായിരുന്നു എന്നതാണ്. നേരത്തേ എത്തിയില്ലെങ്കില്‍ പന്തലില്‍ ഇടം
കിട്ടുകയില്ല എന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. ആളുകള്‍ക്കൊപ്പം
തന്നെ പല പല സെമിനാരികളിലെയും ബ്രദേഴ്സും സന്ന്യാസാര്ഥികളും
വന്നുതുടങ്ങി. പിന്നെ സ്കൂള്‍ കുട്ടികള്‍ യൂണിഫോമിലും അല്ലാതെയും
വരുവാന്‍ തുടങ്ങി.
അകത്ത് ഒച്ചയും ബഹളവും അല്ല, കൃപ നിറഞ്ഞ ഒരു മൗനം ആയിരുന്നു…
‘നമ്മുടെ കൈകളില്‍ ദൈവത്തിന്റെ കരുണ തെളിയട്ടെ, നമ്മുടെ മുഖത്ത് അവന്റെ
സമാധാനം തെളിയട്ടെ’ എന്ന് അമ്മ ഓര്‍മ്മപ്പെടുത്തിയത്
ഇവിടെ പലര്‍ക്കും ഓര്‍മ്മയായ് മാറിയതാവാം…
പന്തലിന് അകത്തും പുറത്തും സമാധനത്തിന്റെ നേര്‍ത്ത മൗനം ഉണ്ടായിരുന്നു,
ഒച്ചകള്‍ കുറവായിരുന്നു…
ഇവിടെ പരസ്പരം സൗഹൃദം പങ്കുവെക്കുന്ന ധാരാളം പേരെ കണ്ടു. അല്മായരും
മെത്രാന്മാരും വൈദികരും സിസ്റ്റേഴ്സും വിവിധ ദേശങ്ങളില്‍ നിന്ന് എത്തിയ
ആളുകളും പരസ്പരസ്നേഹത്തോടുകൂടി സൗഹൃദം പങ്കുവെക്കുന്ന കാഴ്ച
ഹൃദ്യമായിരുന്നു.
പല സിസ്റ്റേഴ്സും അവരുടെ പ്രാദേശിക സ്ഥലങ്ങളെ സൂചിപ്പിക്കുന്ന
വിധത്തിലുള്ള പ്രത്യേക ബാനറുകളും ചെറിയ പ്ലകാര്ഡുകളുമൊക്കെ കൈവശം
വച്ചിട്ടുണ്ടായിരുന്നു. എല്ലാത്തിലും മദര്‍ ഏലീശ്വ
നിറഞ്ഞുനില്‍ക്കുന്നുണ്ട്. മുന്‍കാല മദര്‍ ജനറല്‍മാര്‍ എല്ലാവരും
ഉണ്ടായിരുന്നു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്മാര് ഉണ്ടായിരുന്നു. പലരും
കുറെയേറെ വര്‍ഷങ്ങള്‍ക്കുശേഷം ആ പന്തലില്‍ കണ്ടുമുട്ടിയപ്പോള്‍
ഒച്ചയാരവങ്ങള് അല്ല, മറിച്ച് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും
ചെറുകണ്ണീര്കണങ്ങള് ആണ് നിറഞ്ഞൊഴുകിയത്. അങ്ങനെയുള്ള വിശുദ്ധമായ
കാഴ്ചകള്‍ ധാരാളം കാണാന്‍ ഉണ്ടായിരുന്നു.
വൈദിക-സന്ന്യസ്ത സംഗമത്തിന് സാക്ഷികളായ അല്മായരും ഉള്ളിന്റെയുള്ളില്‍
സന്ന്യസ്ത ജീവിതത്തിന്റെ സൗന്ദര്യത്തെകുറിച്ച് കവിത കുറിച്ചിട്ടുണ്ടാവണം.
എല്ലാവര്ക്കും അമ്മവീട്ടിലേക്ക് മടങ്ങിവന്നതിന്റെ സുഖാനുഭവം ആയിരിക്കാം
ഉണ്ടായിരുന്നത്.
കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് തന്നെ പറഞ്ഞത് എന്റെ
പൂര്വികന്മാരുടെ നാട്ടിലേക്ക് വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്
എന്നാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയിലും ഭാഷയിലും കരുണ നിറഞ്ഞുനിന്നിരുന്നു
എന്ന് കൂടെ ഉണ്ടായിരുന്ന പലരും സാക്ഷ്യപ്പെടുത്തി.
ഏലീശ്വാമ്മയുടെ ദിനത്തില്‍ അങ്ങനെയൊരു സ്നേഹത്തിന്റെ ഭാഷ തന്നെയാണല്ലോ
എല്ലാവരും സംസാരിക്കേണ്ടത്. കാരണം സ്നേഹം ദൈവത്തിന്റെ ഭാഷയാണ്. അത്
സംസാരിക്കുമ്പോള്‍ ലോകം മുഴുവന്‍ മൗനം ആകും.
ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, പന്തലിലും പന്തലിനു പുറത്തും
കൃപയാര്‍ന്ന ഒരു മൗനം ഉണ്ടായിരുന്നു. ആ മൗനം അവിടെ ഉണ്ടാകാനുള്ള കാരണം
സ്നേഹത്തിന്റെ മൗനവിരുന്നിന് അവിടെ കൂടിയിരുന്നവര്‍ എല്ലാവരും അറിയാതെ
ഉള്ച്ചേര്ന്നുകൊണ്ടിരുന്നു എന്നുള്ളതാണ്!
ആര്‍ഭാടത്തിന്റെ വെച്ചുകെട്ടലുകള്‍ കൊണ്ട് അന്യായമായി തീര്‍ന്ന ഒരു ആഘോഷം
ആയിരുന്നില്ല വല്ലാര്‍പാടത്തേത്.
ലാളിത്യം ഉണ്ടായിരുന്നു, അടുക്കും ചിട്ടയും ഉണ്ടായിരുന്നു. എല്ലാത്തിലും
ഒരു ആത്മീയ സ്പര്‍ശം ഉണ്ടായിരുന്നു.
ആവിലായിലെ അമ്മത്രേസ്യയുടെ ‘ദൈവം മതി’ എന്ന ആപ്തവാക്യം ഏലീശ്വാമ്മ
ഹൃദയപൂര്‍വ്വം സ്വീകരിച്ചിരുന്നല്ലോ. ഇവിടെ കൂടിയിരുന്നവര്ക്കൊക്കെ
‘ദൈവം മതി! ദൈവം മാത്രം മതി’ എന്ന ചിന്തയായിരിക്കും ഇനി വഴിവെട്ടം.
പല സമ്മേളനങ്ങള്‍ക്കും ശേഷം ഉള്ളില്‍ ഒരു ഒഴിവ് പലര്‍ക്കും തോന്നും.
ഇവിടെ നിറവ് എല്ലാവര്ക്കും തോന്നുവാനുള്ള പ്രധാനപ്പെട്ട കാര്യം
നിറവിന്റെ ഒഴിവ് അകത്ത് ഉണ്ടായിരുന്നില്ല എന്നതാണ്!
ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്നത് നിറഞ്ഞ ഹൃദയത്തോടെയും നിറഞ്ഞ
മനസ്സോടെയുമായിരുന്നു. വളരെ സ്നേഹത്തോടുകൂടി എല്ലാവര്‍ക്കുമായി
ഒരുക്കിയിരുന്ന സ്നേഹവിരുന്നിന്റെ ആസ്വാദ്യതയും അവരുടെ ഉള്ള്
നിറച്ചുകാണണം.
മനസ്സും ശരീരവും ആനന്ദത്താല്‍ നിറച്ച് അവര്‍ മടങ്ങിപോകുമ്പോള്‍, അമ്മയും
അമ്മവീടും അവരുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്നു കാണണം.
ഇത്രയേറെ കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും വൈദികാര്‍ഥികളും
സന്ന്യസ്തരും അല്മായരും രാഷ്ട്രീയ, സാമൂഹിക പ്രമുഖരും തിങ്ങിനിറഞ്ഞ ഒരു
കൂട്ടായ്മ അടുത്തെങ്ങും കേരളത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഞാന്‍
കരുതുന്നു. സാര്‍വത്രിക സഭയുടെ വലിയ കൂടിച്ചേരലിന്റെ ഒരു സ്വഭാവം
ഈ കൂടിച്ചേരലിന് ഉണ്ടായിരുന്നു!
അതിനു സാധ്യമാക്കിയത് ആള്‍ക്കൂട്ടത്തിന്റെ കയ്യടികളില്‍ നിന്നും എപ്പോഴും
ഒഴിഞ്ഞുമാറി നടന്ന ഒരാള്‍ ആണ് എന്നോര്‍ക്കുക.
എപ്പോഴും ചരിത്രത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് അരങ്ങില്‍
നിറഞ്ഞുകവിഞ്ഞു നില്ക്കുന്ന ആളുകളിലൂടെ അല്ല, അണിയറയില്‍
മറഞ്ഞിരിക്കുന്ന
വിശുദ്ധരിലൂടെയാണ്. ഏലീശ്വാമ്മയുടെ ജീവിതം നല്കുന്ന സാക്ഷ്യവും അതുതന്നെയാണ്.
ഒരാളെ വാഴ്ത്തപ്പെട്ട ആളായി പ്രഖ്യാപിക്കുന്ന ഒരു ചടങ്ങില്‍ ഉണ്ടാകേണ്ട
എല്ലാ ഗാംഭീര്യവും ഗരിമയും പരിപാടികളിലെല്ലാം ദൃശ്യമായിരുന്നു. നൂറുപേര്
അണിനിരന്ന ഗായകസംഘം ശ്രവ്യ അനുഭൂതി നല്‍കുന്നതോടൊപ്പം ഒരു ദൃശ്യവിരുന്നും
സമ്മാനിച്ചു…
അള്‍ത്താരയിലേക്കുള്ള അച്ചടക്കമുള്ള, ഭക്തിസ്നേഹങ്ങള് നിറഞ്ഞുനിന്ന
പ്രദക്ഷിണവും തുടര്‍ന്നുള്ള ദിവ്യബലി അര്‍പ്പണവും കൃത്യമായ
ചിട്ടവട്ടങ്ങളുടെ കാഴ്ച കൂടി സമ്മാനിച്ചു.
കേരളത്തിലെ ലത്തീന്‍ സഭയില്‍ ആദ്യമായിട്ടാണ് ഒരാള്‍ വാഴ്ത്തപ്പെട്ട
ആളായിട്ട് പ്രഖ്യാപിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ എങ്ങനെയാണ് ഒരു
വ്യക്തിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് കത്തോലിക്കാസഭ ഉയര്‍ത്തുന്നത്
എന്ന് അറിയുവാനുള്ള ത്വരയോടു കൂടി സമ്മേളനവേദിയിലേക്ക് ഓടി വന്നവരും
ഉണ്ടാകാം. അവര്‍ക്കൊക്കെ വളരെ വ്യക്തമായിട്ട് കാര്യങ്ങള്‍
മനസ്സിലാക്കുന്ന വിധത്തില്‍ ലത്തീനിലും ഇംഗ്ലീഷിലും മലയാളത്തിലും
ഒക്കെയുള്ള തര്‍ജ്ജമകള്‍ ഉണ്ടായിരുന്നു.
കര്‍ദിനാള്‍ ‘ലിത്തേരെ അപ്പോസ്തോലിക്കേ’ എന്ന അപ്പോസ്തലിക രേഖയിലൂടെ
ഏലീശ്വാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിലും, അപ്പസ്തോലിക
നുണ്സിയോയുടെ ഹ്രസ്വ പ്രബോധനത്തിലും, പേപ്പല്‍ ഡെലിഗേറ്റിന്റെ
സന്ദേശത്തിലും, വരാപ്പുഴ മെത്രാപ്പോലീത്തയുടെ ആഗ്രഹ പ്രകാശനത്തിലും, വൈസ്
പോസ്റ്റുലേറ്ററുടെ ജീവചരിത്രവായനയിലും, മദര്‍ ജനറലിന്റെ
നന്ദിരേഖപ്പെടുത്തലിലും, തിരുസ്വരൂപ അനാച്ഛാദനത്തിലും, തിരുസ്വരൂപ
പ്രദക്ഷണത്തിലും, നൊവേന, പുസ്തക പ്രകാശനങ്ങളിലുമെല്ലാം
സഭാപാരമ്പര്യത്തിന്റെ ഗരിമയും പ്രൗഢിയും സുന്ദരമായി പ്രതിഫലിച്ചിരുന്നു.
എല്ലാം കൃത്യം ആക്കാന്‍ വേണ്ടി ഓടിനടന്നിരുന്ന എല്ലാ പ്രായത്തിലുമുള്ള
എല്ലാ കമ്മിറ്റി അംഗങ്ങളുടെയും പ്രവര്‍ത്തനങ്ങളും ശ്രദ്ധയാകര്‍ഷിച്ചു.
എത്രയോ ദിവസങ്ങളുടെ തയ്യാറെടുപ്പിനു ശേഷമായിരിക്കാം അവര്‍ ഇങ്ങനെ എല്ലാം
കൃത്യമായി, വ്യക്തമായി ചെയ്യുന്നത്!
വെള്ളവും മറ്റു സൗകര്യങ്ങളുമെല്ലാം കൃത്യമായി ആളുകളിലേക്ക് എത്തുന്ന
വിധത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനുവേണ്ടി ഓടിനടന്ന
ആഘോഷ കമ്മിറ്റി അംഗങ്ങള്‍ എല്ലാവരെയും നമ്മള് സ്നേഹത്തോടെ
ഓര്‍ത്തുപോകും. മനസ്സുകൊണ്ട് നന്ദി പറയും.
ധന്യമായ ഈ പരിപാടിയില്‍ പങ്കുചേരുവാന്‍ സാധിച്ചത് ഭാഗ്യമായി മനസ്സില്‍
കരുതി മടങ്ങിപ്പോരുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു, ലോകത്തില്‍
എല്ലായിടങ്ങളിലും മലയാളി കന്യാസ്ത്രീകള്‍ ചെന്നുചേര്ന്നിട്ടുണ്ട്.
അവരുടെ സേവനങ്ങള്‍ എല്ലാവരും പ്രകീര്‍ത്തിക്കാറുണ്ട്. ഇന്നിവിടെ
ആഘോഷപൂര്‍വ്വം നടന്നത് കേരളത്തിലെ ആദ്യത്തെ സന്ന്യാസിനിയെ
വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങായിരുന്നു. ആദ്യത്തെ
കത്തോലിക്കാ കന്യാസ്ത്രീ!
ഈ ആദ്യ സന്ന്യാസിനിയില് നിന്നു തുടക്കം കുറിക്കപ്പെട്ട മഹാസേവനത്തിന്റെ
മഹായാനം ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേര്‍ന്നിരിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ എല്ലാ
കന്യാസ്ത്രീകളും ഓര്‍ക്കണം, അവരുടെ ആദ്യത്തെ ഗുരുത്തിയമ്മ
ഏലീശ്വമ്മ എന്ന ചെറിയ വലിയ വനിതയായിരുന്നു.
ഈയൊരൊറ്റ ചിന്ത തന്നെ അത്രത്തോളം അഭിമാനവും ആദരവും സന്തോഷവും നന്ദിയും
ഉള്ളില്‍ ഉണര്‍ത്തും!
ചെറിയ വലിയ അമ്മയ്ക്ക് വന്ദനം ചൊല്ലി മടങ്ങുമ്പോള്‍ അമ്മയുടെ തന്നെ
മൊഴികള്‍ ഉള്ളില്‍ മുഴങ്ങുന്നു:
”പുണ്യം സുര്യനെപോലെ ആകുന്നു. അത് ഒളിച്ചുവെച്ചാല്‍ ഇരിക്കുകയില്ല.
എങ്ങനെയെങ്കിലും അത് ശേഷംപേര് അറിയും!”

