പാട്ട് വിശേഷം / ജെയിംസ് അഗസ്റ്റിന്
ഏലീശ്വാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച തിരുക്കര്‍മങ്ങള്‍ക്ക് ചാരുതയേകി നൂറു കര്മലീത്തരാണ് ഗാനങ്ങളാലപിച്ചത്. സി.ടി.സി.സഭാംഗങ്ങളോടൊപ്പം നിഷ്പാദുക കര്‍മലീത്താ സഭയിലെ വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നാണ് വല്ലാര്‍പാടത്തെ ചടങ്ങുകള്‍ക്ക് ദിവ്യസംഗീതാലാപനം നിര്‍വഹിച്ചത്. നൂറു ഗായകര്‍ സന്ന്യാസവസ്ത്രങ്ങളില് നിരന്നു നിന്ന കാഴ്ച തന്നെ മനോഹരമായിരുന്നു.
സംഗീത സംവിധായകന് എല്‍ഡ്രിഡ്ജ് ഐസക്സ് ഗായകസംഘത്തിന് നേതൃത്വം നല്കി. പ്രശസ്ത ഗായകരായ കെസ്റ്ററും ഗാഗുല്‍ ജോസഫും അദ്ദേഹത്തെ സഹായിച്ചു. വില്‍സണ്‍ കെ.എക്സ്. നയിച്ച പ്രഗല്ഭരുടെ ഓര്ക്കസ്ട്രസംഘത്തില് ഡബിള്‍ ബാസ്, ചെല്ലോ, വിയോള തുടങ്ങി വയലിന് കുടുംബത്തിലെ എല്ലാ ഉപകരങ്ങളുമുണ്ടായിരുന്നു. കീബോര്‍ഡ് വായിച്ചുകൊണ്ടു സി.ടി.സി.സഭംഗമായ സിസ്റ്റര്‍ ഫ്രീഡയും ഓര്‍ക്കസ്ട്രയോടൊപ്പം ചേര്‍ന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടായിരുന്നതുകൊണ്ട് ഹിന്ദി, തെലുങ്ക്, തമിഴ് ഗാനങ്ങളും ലത്തീന്‍ ഭാഷയിലുള്ള കീര്‍ത്തനങ്ങളും സംഘം ആലപിച്ചു.
അഭിലാഷ് ഫ്രേസര്‍ എഴുതി ബേണി-ഇഗ്നേഷ്യസ് സംഗീതം നല്കിയ ‘ആത്മാവിലായിരം പുഷ്പവര്‍ഷം’ എന്ന പ്രവേശനഗാനത്തോടെയാണ് ദിവ്യബലി ആരംഭിച്ചത്. സി.ടി.സി.സഭ പുറത്തിറക്കിയ സ്നേഹസൂനം എന്ന ആല്‍ബത്തിലെ ഗാനമാണിത്. എല്‍ഡ്രിഡ്ജ് ഐസക്സ് സംഗീതം നല്കിയ സങ്കീര്‍ത്തനം സിസ്റ്റര്‍ ആന്‍സി തെരേസയാണ് ആലപിച്ചത്.
കാഴ്ചവയ്പ്പിനു ‘ഇദയം മലരും’ എന്ന തമിഴ് ഗാനമാണ് പാടിയത്.
ദിവ്യകാരുണ്യ സ്വീകരണസമയത്ത് മൂന്നു ഗാനങ്ങള്‍ ആലപിച്ചു.’ചുനാ ഹേ മേംനെ’ എന്ന ഹിന്ദി ഗാനം, ‘മേഘ രഥമു പൈനാ’ എന്നു തുടങ്ങുന്ന തെലുങ്കു ഗാനവും ആലപിച്ച ശേഷം ‘രാജാധിരാജനാമീശോയിതാ’ എന്ന മലയാള ഗാനവും സംഘം പാടി.
ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരി എഴുതി സിസ്റ്റര്‍ മില്‍ഡ സംഗീതം നല്കിയ ‘അമലജാതയായ നിത്യകന്യേ’എന്നു തുടങ്ങുന്ന സമാപന ഗാനവും തുടര്‍ന്ന് ആലപിച്ചു.
രൂപപ്രയാണം നടന്നപ്പോള്‍ ‘കര്‍ത്താവിനായ് സ്വയം’ എന്നു തുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. ഷെവ.ഡോ .പ്രീമൂസ് പെരിഞ്ചേരി എഴുതിയ ഈ ഗാനത്തിനും സംഗീതം നല്‍കിയത് എല്‍ഡ്രിഡ്ജ് ഐസക്സാണ്.
ക്വയര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ച സിസ്റ്റര്‍ മില്‍ഡ സി.ടി.സി. അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു. ബഹുമാനപ്പെട്ട മദര്‍ ജനറല്‍ ഷഹീല എന്നെ ഗായകസംഘത്തിന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയൊരു നിയോഗമായാണ് ഞാന്‍ അതിനെ കണ്ടത്. ഇത്ര വലിയൊരു കാര്യത്തിനായി ദൈവം എന്നെ തിരഞ്ഞെടുത്തല്ലോ എന്ന് നന്ദിയോടെ ഓര്‍ത്തു. ഓരോ പാട്ടും തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും മദര്‍ ഷഹീല കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പാട്ടുകള്‍ പഠിപ്പിക്കുന്നതിനായി സംഗീത സംവിധായകന് എല്‍ഡ്രിഡ്ജ് ഐസക്സ് ഏറെ പ്രയത്നിച്ചു. ലത്തീന്‍ പാട്ടുകള്‍ പഠിപ്പിച്ചത് ഗായകന് കെസ്റ്റര്‍ ആയിരുന്നു. എല്ലാ ദിവസങ്ങളിലും പരിശീലനത്തിന് സഹായിക്കുന്നതിനായി ഗായകന് ഗാഗുല്‍ ജോസഫും വന്നു. ഫാ.ബേസില്‍ ഒ.സി.ഡി യുടെ നേതൃത്വത്തില്‍ കര്മ്മലീത്തവൈദികരും വൈദികവിദ്യാര്‍ഥികളും ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ ദൈവാനുഗ്രഹത്തിന്റെ പുതിയൊരു അനുഭവമായി അതു മാറി. സെപ്റ്റംബര്‍ ആദ്യവാരം തന്നെ പരിശീലനം ആരംഭിച്ചിരുന്നു. ഗായകര്‍ എല്ലാവരും അര്‍പ്പണമനോഭാവത്തോടെ എല്ലാ പരിശീലനത്തിലും പങ്കെടുത്തു. പരിശീലകരുടെ സേവനത്തെ നന്ദിയോടെ ഓര്‍ക്കുന്നു.
വല്ലാര്‍പാടത്ത് ആദ്യഗാനം പാടുമ്പോള്‍ മുതല്‍ ദിവ്യമായ ഒരു കരുതല്‍ ഞങ്ങള്‍ എല്ലാവരും അനുഭവിക്കുകയായിരുന്നു. ഗായകസംഘത്തോടൊപ്പം പങ്കു ചേര്‍ന്ന എല്ലാവരും പങ്കുവച്ചത് ഇതേ ദിവ്യാനുഭവത്തെക്കുറിച്ചായിരുന്നു. ഞങ്ങളെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. സി.എ.സി.യുടെ ഡയറക്ടര്‍ ഫാ. ടൈറ്റസ് കുരിശുവീട്ടില്‍ ക്വയര്‍ കമ്മിറ്റിയുടെ ചെയര്മാന് ആയി സേവനം ചെയ്തു.
മലയാളനാടിന്റ ആദ്യസന്ന്യാസിനിയ്ക്ക് ആദരമേകി മലയാളഭാഷയില്‍ എഴുതപ്പെട്ട കുറച്ചു ഗീതങ്ങളുണ്ട്. ഇരുപതോളം ഗാനങ്ങള്‍ ഇതുവരെ പ്രകാശനം ചെയ്തിട്ടുണ്ട്. ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരി എഴുതിയ
‘കേരളനാട്ടിലെ ആദ്യസന്ന്യാസിനി കര്‍മല വീട്ടിലെ പുണ്യതപസിനി
ജീവിതം യാഗമായ് മാറ്റിയ ത്യാഗിനി
എല്ലാര്ക്കുമമ്മയായ്ത്തീര്ന്ന മനസ്വിനി’
എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഫാ. റ്റിജോ കോലോത്ത് ആണ്.
ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരി തന്നെ എഴുതിയ’എണ്ണ വറ്റിടാ ദീപമെന്നപോല്‍
ഏലീശ്വാമ്മയേ നീ വരേണമേ
അന്ധകാരമാകെ ദൂരത്തിലാക്കുവാന്
ബന്ധുരാഭമാനസം നിറയ്ക്കുവാന്‍’
എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് സി.ടിസി.സഭാംഗമായ സിസ്റ്റര്‍ മില്ഡയാണ്.
ഗാഗുല്‍ ജോസെഫും സി.ടി.സി.ഗായകസംഘവും ചേര്‍ന്നാണ് ഗാനമാലപിച്ചിട്ടുള്ളത്.
ഏലീശ്വാമ്മയോടുള്ള നൊവേനയ്ക്കായി സി.ടി.സി.സഭയുടെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ പേഴ്സി എഴുതിയ ഗാനമായ
‘പാവനചരിതേ ഏലീശ്വാമ്മേ
കര്മലവനിയിലെ വരദാനമേ
സമര്‍പ്പിത ജീവിത മാതൃകയായ
സംപൂജ്യമാതേ വരദായികേ’
എന്ന ഗാനത്തിനും സംഗീതം നല്‍കിയിട്ടുള്ളത് സിസ്റ്റര്‍ മില്‍ഡ സി.ടി.സി.യാണ്.
ബൈജു ജോസഫ് താളൂപ്പാടത്ത് എഴുതി ബേബി ജോണ്‍ കലയന്താനി സംഗീതം നല്കി മിഥില മൈക്കിള്‍ ആലപിച്ചൊരു ഗാനം ഒരാഴ്ചയ്ക്കു മുന്‍പ് പ്രകാശിതമായി. ഏലീശ്വാമ്മയെ തന്നതിന് ഈശോയ്ക്കു നന്ദി പറയുന്ന ഗാനത്തില്‍ ഏലീശ്വാമ്മയെ കാരുണ്യത്തിന്റെ സാക്ഷ്യമായി ചിത്രീകരിക്കുന്നുണ്ട്.
‘വിശന്നു വരുന്നോര്ക്കന്നം കൊടുക്കാന്‍
പീഡിതര്‍ക്കായ് സ്നേഹപ്പൂന്തെന്നലേകാന്
കാരുണ്യപ്പൂന്തണലെങ്ങും വിരിക്കാന്‍
കാരുണ്യനാഥനായ് സാക്ഷ്യം വഹിക്കാന്‍
ഏലീശ്വാമ്മയെ തന്നൊരീശോയെ
എന്റെ ഈശോമിശിഹായേ
നന്ദി ഈശോമിശിഹായേ’.
സംഗീതസംവിധായകന് എല്‍ഡ്രിഡ്ജ് ഐസക്സ് ഈണമിട്ട
‘യേശുവിന്റെ സ്നേഹം പങ്കു വച്ചുനല്കുവാന്
എല്ലാവര്ക്കുമെല്ലാമാകുവാന്’
എന്ന ഗാനമെഴുതിയത് സിസ്റ്റര്‍ പേഴ്സി സി.ടി.സി.യാണ്.
ഏലീശ്വാമ്മയുടെ ജീവിതരേഖ ഗാനരൂപത്തില്‍ സിസ്റ്റര്‍ ശാലിനി സി.ടി.സി.എഴുതിയിട്ടുണ്ട്. സിസ്റ്റര്‍ മില്‍ഡയുടെ സംഗീതത്തില്‍ ഈ ഗാനം ആലപിച്ചിട്ടുള്ളത് സി.ടി.സി.യുടെ ഗായകസംഘം തന്നെയാണ്.
‘ക്രൈസ്തവസഭയുടെ കനകമയൂഖം
സ്നേഹദീപം മദര്‍ ഏലീശ്വാ
കര്‍മലസഭയുടെ പുണ്യപ്രദീപം
കൈരളി തന് ആദ്യസന്ന്യാസിനി’
എന്നു തുടങ്ങുന്ന ഗാനത്തില്‍ ഏലീശ്വാമ്മയുടെ ജനനം മുതല്‍ വിവരിക്കുന്നു.
ഏലീശ്വാമ്മയെ ധന്യയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആലപിക്കുന്നതിനായി സിന്ധു പീറ്റര്‍ എഴുതിയ ഗാനത്തിനും സംഗീതം നല്‍കിയിട്ടുള്ളത് സിസ്റ്റര്‍ മില്ഡയായിരുന്നു.
‘ഭാരതസഭയുടെ അഭിമാനം
കര്മലവനിയിലെ നവസൂനം
ധന്യയായ മദര്‍ ഏലീശ്വാ
ക്രൈസ്തവസഭയുടെ വരദാനം’ എന്ന് തുടങ്ങുന്ന ഗാനം പ്രകാശനം ചെയ്തത് 2023 നവംബര്‍ 8 -നു ആയിരുന്നു.
‘ഒരു കനല് പോല്‍ ദൈവസ്നേഹം
ആത്മാവില്‍ കരുതിയ നല്ലൊരമ്മേ
കരുണയും സ്നേഹവും ജീവിതവീഥിയില്‍
വിതറിയൊരമ്മേ ഏലീശ്വാമ്മേ’
എന്ന ഗാനം എഴുതിയത് ഫാ.മാര്ട്ടിന് തൈപ്പറമ്പിലാണ്. ഫാ.റ്റിജോ കോലോത്ത് സംഗീതം നല്കി.
‘വിശ്വാസദീപം തെളിച്ച നായികേ
വിളിച്ചിടുന്നു മക്കളിന്നു മോദമായ്
തരൂ വരം നിരന്തരം ഇഹം പരം കൃപാവരം
കനിഞ്ഞു കാക്കണം മുദാ ഞങ്ങളാര്ത്തരായ്’
സി.ടി.സി.സഭംഗങ്ങളായ സിസ്റ്റര്‍ ശാലിനി എഴുതി സിസ്റ്റര്‍ മില്‍ഡ ഈണമിട്ട ഈ ഗാനം ഏലീശ്വാമ്മയോടുള്ള നിര്‍മലമായ പ്രാര്‍ഥനയാണ്.
സിസ്റ്റര്‍ മില്‍ഡ എഴുതി ഈണമിട്ട ഗാനമാണ്
‘ആശ്രയം തേടുവോര്ക്കെന്നുമേ
ആലംബമായോരമ്മേ
ഏലീശ്വാമ്മേ നിന് ചാരെ വന്നിടും
ഞങ്ങള്‍ക്കായ് പ്രാര്‍ഥിക്കണേ’ എന്ന ഗാനം.
ഏലീശ്വാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച തിരുക്കര്‍മങ്ങള്‍ക്കായി ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരി എഴുതിയ
‘കര്‍ത്താവിനായ് സ്വയം മെഴുതിരിയായ്
ഉരുകിത്തീര്‍ന്നവള്‍ ഏലീശ്വാമ്മ’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിട്ടുള്ളത് എല്‍ഡ്രിഡ്ജ് ഐസക്സാണ്.
സിന്ധു പീറ്റര്‍ എഴുതിയ
‘ഭാരതസഭയുടെ സുകൃതിനിയെ
കര്‍മലസഭയുടെ നറുസുമമേ
ക്രൈസ്തവസഭയുടെ കെടാവിളക്കേ
ഏലീശ്വാമ്മേ സാരഥിയേ’ എന്ന ഗാനത്തിന് സിസ്റ്റര്‍ മില്‍ഡ സംഗീതം നല്കിയിരിക്കുന്നു.
സി.ടി.സി സഭയുടെ സംഗീതവിഭാഗം ഉന്നതനിലവാരം പുലര്‍ത്തുന്ന സംഘമാണ്. സംഗീതസംവിധായികയും ഗായികയുമായ സിസ്റ്റര്‍ മില്‍ഡയുടെ നേതൃത്വത്തില്‍ മനോഹരമായ അനേകം ദിവ്യബലിഗാനങ്ങളും ഈ സംഘം കേരളസഭയ്ക്കു നല്‍കിയിട്ടുണ്ട്.
സി.ടി.സി.സഭയുടെ വിജയമാതാ പ്രോവിന്‍സ് ‘കേരളക്കരയിലെ ആദ്യ സന്ന്യാസിനി ഏലീശ്വാമ്മ എന്നൊരു നാമം’ എന്നെ പേരില്‍ നിര്‍മ്മിച്ച നൃത്തശില്‍പ്പം’ ഏതാനും നാല് മുന്‍പ് പ്രകാശനം ചെയ്തു. ഫാ.ജോയ് ജെ.കപ്പൂച്ചിന്‍ രചനയും സംഗീതവും നല്കിയ നൃത്തശില്പം യൂട്യൂബില്‍ ലഭ്യമാണ്.

