ലേഖനം / ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കെആര്‍എല്‍സിബിസി പ്രസിഡന്റ്
കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ ചരിത്രത്തില്‍, ഇന്ത്യയിലെ സഭയുടെ
ജീവിതത്തില്‍ തന്നെ, വേറിട്ടൊരു സ്ഥാനമാണ് ഏലിശ്വായ്ക്ക് ലഭിക്കുന്നത്.
ഡിസ്കാല്‍സ്ഡ് കാര്‍മലൈറ്റുകളുടെ മൂന്നാം ഓര്‍ഡറായ ടിഒസിഡി (ഇന്നത്തെ
തെരേസിയന്‍ കാര്‍മലൈറ്റ്സ് കോണ്ഗ്രിഗേഷന് – സിടിസി) സ്ഥാപികയായി,
വിശ്വാസം, വിനയം, ദൈവസ്നേഹം, മനുഷ്യസേവനം എന്നിവയാല്‍ പ്രശോഭിതമായ അവളുടെ
ജീവിതം, ദൈവകരുണയുടെ അദ്ഭുത ശക്തിയെ ലോകത്തെയറിയിച്ച ഒരു
ദൈവസാക്ഷ്യമായിരുന്നു. വരാപ്പുഴ അതിരൂപതയില്‍ വൈപ്പിന്കരയിലെ
ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ (കുരിശിങ്കല്‍ പള്ളി)
വൈപ്പിശേരി കപ്പിത്താന് കുടുംബത്തില്‍ തൊമ്മന്-താണ്ട ദമ്പതികളുടെ എട്ടു
മക്കളില്‍ ആദ്യ സന്താനമായാണ് 1831 ഒക്ടോബര്‍ 15ന് ഏലീശ്വ ജനിച്ചത്.
ലത്തീന്‍ കത്തോലിക്കാ സമൂഹത്തില്‍ ദൈവഭക്തിയിലും സത്യവിശ്വാസത്തിലും
ഉറച്ച ഒരു കുടുംബമായിരുന്നു അവരുടേത്. ചെറുപ്പത്തില്‍ തന്നെ പ്രാര്‍ഥന,
ലാളിത്യം, ദരിദ്രരോടുള്ള കരുണ തുടങ്ങിയ ഗുണങ്ങള്‍ അവളില്‍ വ്യക്തമായി
പ്രകടമായി.
ദേവസി (വത്തരു) എന്ന ഭക്തിയുള്ള യുവാവിനെയാണ് ഏലീശ്വ വിവാഹം ചെയ്തത്.
കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിധവയായ അവള്, മുഴുവന്‍ ജീവിതവും
ദൈവത്തിനു സമര്‍പ്പിച്ചു. പ്രാര്‍ഥനയിലും ഉപവാസത്തിലും ശുശ്രൂഷയിലും
മാതൃകയായി.
1866-ല്‍ ഒസിഡി പുരോഹിതനായ ഫാ. ലിയോപോള്‍ഡ് ബെക്കാറോ നല്കിയ ആത്മീയ
മാര്‍ഗനിര്‍ദേശത്തോടൊപ്പം, ഏലീശ്വ കൂനമ്മാവില്‍ കേരളത്തിലെ ആദ്യത്തെ
തദ്ദേശീയ വനിതാ സന്ന്യാസസഭ സ്ഥാപിച്ചു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക്,
പ്രത്യേകിച്ച് വിധവകള്‍ക്ക്, ആത്മീയമായോ സാമൂഹികമായോ ഒരു സ്ഥാനം പോലും
ലഭിക്കാത്ത കാലമായിരുന്നു. പ്രാര്‍ഥനയും സേവനവും ഒരുമിച്ചുള്ള
ജീവിതരീതിയായിരുന്നു ടിഒസിഡി സമൂഹത്തിന്റേത്.
കാര്‍മല്‍ പാരമ്പര്യത്തിന്റെ ധ്യാനാത്മകതയും സമൂഹസേവനത്തിന്റെ പ്രവര്ത്തനാത്മകതയും
സംയോജിപ്പിച്ച ഒരു മാതൃകയായി ഈ കോണ്ഗ്രിഗേഷന് വളര്‍ന്നു.
കൂനമ്മാവിലെ ഈ ചെറുസമൂഹം ആത്മീയ പുതുക്കലിന്റെയും സാമൂഹിക
പരിവര്‍ത്തനത്തിന്റെയും ദീപസ്തംഭമായി. പെണ്‍കുട്ടികള്‍ക്കായുള്ള
വിദ്യാഭ്യാസം, അനാഥാലയങ്ങള്‍, വേദപാഠം, സ്ത്രീകളുടെ ഉന്നമനം എന്നിവയിലൂടെ
അവര്‍ സമൂഹത്തില്‍ ദൈവസ്നേഹത്തിന്റെ സന്ദേശം പകര്‍ന്നു.
കേരളത്തിലെ വനിതാ സന്ന്യാസജീവിതത്തിന്റെ തുടക്കമായി ഈ പ്രവര്‍ത്തനം
ചരിത്രത്തില്‍ ഇടംതേടി. ഇന്ന് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന
തെരേസിയന്‍ കാര്‍മലൈറ്റ്സ് കോണ്‍ഗ്രിഗേഷന്റെ (സിടിസി) അടിത്തറ അന്ന്
ഏലിശ്വാ കൂനമ്മാവില്‍ ആരംഭിച്ചു.
ഏലീശ്വായുടെ ജീവിതം കഷ്ടാനുഭവങ്ങളാല്‍ നിറഞ്ഞതായിരുന്നു.
തെറ്റിദ്ധാരണകളും വിഭജനങ്ങളും സഭയിലെ മാറ്റങ്ങളുമെല്ലാം അവളെ
വേദനിപ്പിച്ചു. പക്ഷേ, ദൈവത്തിനോടുള്ള അവളുടെ വിശ്വാസം
അട്ടിമറിക്കപ്പെട്ടില്ല. ‘സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനുവേണ്ടി ഞാന്‍
ജ്വലിച്ചു’ എന്ന കാര്‍മല്‍ മുദ്രാവാക്യം അവളുടെ ജീവിതത്തില്‍
പൂര്‍ണ്ണമായി പ്രതിഫലിച്ചു.
1913 ജൂലൈ 18-ന് ഏലീശ്വ സ്വര്ഗനാഥന്റെ സന്നിധിയിലേക്ക് യാത്രയാകുകയും
അവളുടെ ഭൗതിക ശരീരം വരാപ്പുഴയില്‍ വിശ്രമം കൊളളുകയും ചെയ്യുന്നു. ഇന്ന്
നൂറുകണക്കിന് വിശ്വാസികള്‍ അവളുടെ സമാധിക്കരികില്‍ പ്രാര്‍ഥനയോടെ
വന്ദിക്കുന്നു.
അവളുടെ പുണ്യസുകൃതങ്ങളെ അംഗീകരിച്ച്, 2023 നവംബര്‍ 8-ന് ഫ്രാന്‍സിസ്
പാപ്പാ, മദര്‍ ഏലീശ്വയെ ‘ധന്യ’ എന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം അവളുടെ
വിശുദ്ധജീവിതത്തെയും ക്രിസ്തീയ വനിതാ സമര്പ്പിതത്വത്തിനെയും സഭ
അംഗീകരിച്ചതിന്റെ മുദ്രയായിരുന്നു.
ഏലീശ്വായുടെ ജീവിതം ഇന്നും അനേകര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്,
പ്രചോദനമാണ്. പ്രാര്‍ഥന, ത്യാഗം, സേവനം എന്നിവയാല്‍ നിറഞ്ഞ ജീവിതം
സ്വീകരിക്കാന്‍ മദര്‍ ഏലീശ്വ ക്ഷണിക്കുന്നു. മദര്‍ സ്ഥാപിച്ച
കോണ്ഗ്രിഗേഷന് ഇന്ന് ഇന്ത്യയിലും ആഫ്രിക്കയിലും യൂറോപ്പിലും
അമേരിക്കയിലും വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹ്യസേവനം എന്നീ
മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഏറെ സന്തോഷിപ്പിക്കുന്നു.
ഈ സന്തോഷ നിമിഷത്തില്‍ സിടിസി സഭയ്ക്കും എല്ലാ വിശ്വാസികള്‍ക്കും
ആശംസകളും പ്രാര്‍ഥനകളും നേരുന്നു.

