ആലപ്പുഴ: ആലപ്പുഴ രൂപത ജൂബിലി 2025 അല്മായ നേതൃസംഗമം നടത്തി.രാഷ്ട്രീയ, സാമുഹിക, മേഖലകളിൽ രൂപതയിലെ നേതാക്കൾ പ്രശംസനീയമായ സാന്നിധ്യമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സമുദായത്തിലെ യുവാക്കൾക്കും വനിതകൾക്കും മറ്റ് നേതാക്കൾക്കും അർഹമായ സ്ഥാനം ലഭിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സാമൂഹിക, സമുദായ സംഘടനകളിലെ രൂപതാ നേതൃത്വത്തിന്റെ രൂപതാതല സംഗമമാണ് നടത്തപ്പെട്ടത്. രാവിലെ നടന്ന ഉദ്ഘാടനസമ്മേളനം രൂപതാ വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. റവ. ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, ലിജു ജേക്കബ്, എലിസബത്ത് അസ്സീസി എന്നിവർ നേതൃത്വപരമായ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു.
സമാപനസമ്മേളനം അഭിവന്ദ്യ രൂപതാ മെത്രാൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആത്മാവിന്റെയും പ്രകൃതിയുടെയും സംരക്ഷകരാകാൻ പ്രതിജ്ഞാബദ്ധരാകാൻ ബിഷപ്പ് ആഹ്വാനം ചെയ്തു. രൂപതയുടെയും പൊതുസമൂഹത്തിന്റെയും നിസ്തുലമായ വളർച്ചയ്ക്ക് നിലകൊള്ളുന്ന അല്മായ സംഘടനകളേയും പ്രതിനിധികളേയും അഭിനന്ദിക്കുകയും അർഹമായ പ്രാതിനിധ്യം ലഭിക്കട്ടെയെന്നു ആശംസിച്ചു. ഫാ. ജോർജ്ജ് ഇരട്ടപുളിക്കൽ, അനിൽ ആന്റണി, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ജോസ് ആന്റണി, പുഷ്പരാജ്, സോഫി രാജു, സന്തോഷ് കൊടിയനാട്, സൈറസ് സി. റോസ് ദലീമ, ബോബൻ അറക്കൽ, അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

