മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം ലോകജേതാക്കളായി. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 246 റണ്‍സിന് പുറത്താകുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള് റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഷഫാലി ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യയെ ആദ്യത്തെ ലോകകിരീടം സമ്മാനിക്കുകയാണ്.
കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. വനിതാ ട്വന്റി ട്വന്റി ലോകകപ്പിന് പിന്നാലെ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്ക പടിക്കല്‍ കലമുടയ്ക്കുന്ന കാഴ്ചയാണ് കാണാനായത്.
ഷെഫാലിയുടെ 87 റണ്‍സുകളും ദീപ്തി ശര്‍മയുടെ 58 റണ്‍സും സ്മൃതി മന്ദാനയുടെ 45 റണ്‍സും റിച്ചാ ഘോഷിന്റെ 34 റണ്‍സുമാണ് ഇന്ത്യയെ തുണച്ചത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ച്വറി നേട്ടത്തിനും ദക്ഷിണാഫ്രിക്കയുടെ തോല്‍വിയെ തടയാനായില്ല.
ഇനി വരുന്ന ഒരുപാട് തലമുറകൾക്ക് പ്രചോദനമാവാൻ പോകുന്ന ജയം. 1983ൽ കപിലിന്റെ ചെകുത്താന്മാർ നേടി എടുത്തത് പോലൊരു ജയം. ചരിത്രത്തിലേക്ക് സുവർണ ലിപികളാൽ എഴുതിചേർക്കപ്പെട്ട ജയമാണ് രാജ്യത്തെ ത്രിസിപ്പിച്ചുകൊണ്ട് ഇന്ത്യൻ വനിത ടീം നേടിയെടുത്തിരിക്കുന്നത്. സന്തോഷം കൊണ്ട് ആർത്ത് വിളിച്ച് കണ്ണീരടക്കാനാവാതെ മതിമറന്ന് ആഘോഷിക്കുകയാണ് ഹർമൻപ്രീത് സംഘത്തിനൊപ്പം രാജ്യവും.
ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ. മഴയെ തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് ലഭിച്ചിരുന്നു എങ്കിൽ ഞങ്ങളും ബോളിങ് ആയിരുന്നേനെ തിരഞ്ഞെടുക്കുക എന്ന് ഹർമൻപ്രീത് പറഞ്ഞിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിട്ടും അതിന്റെ വെല്ലുവിളികളെ അതിജീവിച്ച് നിശ്ചിത ഓവറിൽ ഇന്ത്യ കണ്ടെത്തിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ്. ചെയ്സ് ചെയ്ത് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 52 റൺസിന് ഓൾ ഔട്ട്.
അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 58 റൺസ് സ്കോർ ചെയ്യുകയും ചെയ്ത ദീപ്തി ശർമയാണ് കലാശപ്പോരിലെ താരം. പകരക്കാരിയായി ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിലേക്ക് എത്തി ഏറെ സമ്മർദം നിറഞ്ഞ ഘട്ടത്തിൽ ഷഫാലി വർമയിൽ നിന്ന് വന്ന ഇന്നിങ്സ് ക്രിക്കറ്റ് ലോകത്തിന് മറക്കാനാവില്ല.
ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ താളം തെറ്റിച്ച് ഷഫാലി വീഴ്ത്തിയ രണ്ട് വിക്കറ്റ് കളിയുടെ ഗതി തിരിക്കുകയും ചെയ്തു. 78 പന്തിൽ നിന്ന് 87 റൺസ് ആണ് ഷഫാലി അടിച്ചെടുത്തത്. സെമി ഫൈനലിലെ ഇന്ത്യയുടെ ഹീറോ ആയ ജെമിമയ്ക്ക് ഫൈനലിൽ ബാറ്റിങ്ങിൽ തിളങ്ങാനായില്ല.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സെഞ്ചുറിയുമായി ടീമിനെ തങ്ങളുടെ കന്നി ലോക കിരീടത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റൊരു ദക്ഷിണാഫ്രിക്കൻ ബാറ്റർക്കും ക്യാപ്റ്റന്‍ വേണ്ട പിന്തുണ നൽകാനായില്ല. ഓപ്പണർ തസ്മിൻ ബ്രിട്സിനെ അമൻജോത് റൺഔട്ട് ആക്കിയതും ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമായിരുന്നു. ഇന്ത്യൻ വനിതകളുടെ കഠിനാധ്വാനത്തിനൊപ്പം ഭാഗ്യവും നിന്ന ദിവസമായി ഇത് മാറി.


