മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ റെക്കോർഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺവേട്ടയും പുരുഷ, വനിതാ ടൂർണമെന്റുകളിലായി ലോകകപ്പ് നോക്കൗട്ടിൽ ആദ്യമായി 300-ലധികം റൺസ് വേട്ടയും നടന്ന മത്സരത്തില്‍ ചുക്കാന്‍ പിടിച്ച ജെമിമ റോഡ്രിഗസ് കളിയ്ക്കു പിന്നാലേ തന്റെ ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുകയായിരിന്നു.
ചരിത്ര വിജയത്തോടുള്ള അവളുടെ പ്രതികരണത്തിനായി ലോകം കാത്തിരുന്നപ്പോൾ, റോഡ്രിഗസ് അവളുടെ നന്ദി സ്വർഗത്തിലേക്ക് തിരിയ്ക്കുകയായിരിന്നു.“ആദ്യമായി ഞാന്‍ യേശുവിന് നന്ദി പറയുന്നു, കാരണം എനിക്ക് ഇത് സ്വന്തമായി ചെയ്യാൻ കഴിയില്ലായിരിന്നു. ഇന്ന് അവിടുന്ന് എന്നെ നയിച്ചുവെന്ന് എനിക്കറിയാം”- ഗാലറിയിലും ടെലിവിഷന്‍ ചാനലുകളിലും കാഴ്ചക്കാരായിട്ടുള്ള കോടിക്കണകണക്കിന് ആളുകളെ സാക്ഷിയാക്കി ജെമിമ പറഞ്ഞ ആദ്യ വാചകം ഇതായിരിന്നു.
ഇന്നിംഗ്സിലുടനീളം നടത്തിയ പ്രകടനത്തെ ഐസിസി പ്രതിനിധി അഭിനന്ദിക്കുകയും ചോദ്യങ്ങള്‍ ആരായുകയും ചെയ്തപ്പോഴും കണ്ണീരോടെ ജെമിമ തന്റെ വിശ്വാസം ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുകയായിരിന്നു.
“തുടക്കത്തിൽ കളിക്കുമ്പോൾ ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു, പക്ഷേ അവസാനം എനിക്ക് ഊർജ്ജം നഷ്ടപ്പെട്ടു ക്ഷീണിതനായിരുന്നതിനാൽ ഞാൻ ബൈബിളിൽ നിന്നുള്ള ഒരു വചനം ഉദ്ധരിക്കുകയായിരുന്നു. വചനം പറയുന്നു, “കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി” (പുറപ്പാട് 14:14), അതാണ് ഞാൻ ചെയ്തത് – ഞാൻ അവിടെ നിന്നു, അവിടുന്ന് എനിക്കുവേണ്ടി പോരാടി.” – നിറകണ്ണൂകളോടെ താരം പറഞ്ഞു.
മംഗലാപുരത്തു കത്തോലിക്കാ മാതാപിതാക്കളുടെ മകളായി ജനിച്ച റോഡ്രിഗസ് മുംബൈയിലെ ഭാണ്ഡൂപ്പിലാണ് നിലവില്‍ താമസിക്കുന്നത്. പിതാവ് ഇവാൻ റോഡ്രിഗസിന്റെ മാർഗനിർദേശപ്രകാരമാണ് ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. പിതാവിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിശീലനം ആരംഭിച്ചതും.
മുംബൈയിലെ ആദ്യകാല പരിശീലനം മുതൽ ലോകകപ്പ് വേദിയിൽ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതുവരെയുള്ള റോഡ്രിഗസിന്റെ കരിയറില്‍ ക്രിസ്തീയ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്.

 

