കവർ സ്റ്റോറി / സിബി ജോയ്
അപ്രതീക്ഷിത അംഗീകാരലബ്ദിയില് ദൈവത്തിന് നന്ദി പറയുകയാണ് ബോബന് ക്ലീറ്റസ്. ഈ അംഗീകാരം ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. സഭയുടെ വലിയൊരു ദൗത്യത്തില്‍ തുടര്‍ പങ്കാളിയാവുകയാണ്. ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വരുമ്പോള്‍ സഭ പ്രതീക്ഷിക്കുന്ന രീതിയില്‍ അത് പൂര്‍ത്തിയാക്കാനും തുടരാനുമുള്ള അനുഗ്രഹം നല്കണമേ എന്നാണ്
പ്രാര്‍ഥന. തികച്ചും സന്തോഷകരവും ആകസ്മികവുമായ ഒരു അവസരമായാണ് ബോബന് ഇതിനെ കാണുന്നത്.
ആലപ്പുഴ തുമ്പോളി സെന്റ് തോമസ് ഇടവകയുടെ കീഴിലുള്ള മംഗലം പള്ളിയിലെ കുട്ടികളെയാണ് ബോബന് തുടക്കത്തില്‍ പഠിപ്പിച്ചു തുടങ്ങിയത്. പത്താം ക്ലാസ് വരെ പഠിച്ചതും ദിവ്യബലിയില്‍ പങ്കുചേര്‍ന്നതുമെല്ലാം തുമ്പോളി പള്ളിയിലായിരുന്നു.
പ്രീഡിഗ്രി പഠനകാലം മുതല്‍ മതബോധന അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നു.
1999 ലാണ് സലേഷ്യന്സഭ മംഗലം പള്ളി ഏറ്റെടുക്കുന്നതും ഇടവകയാകുന്നതും. ചെറിയ ക്ലാസിലെ കുട്ടികളെയാണ് ആദ്യകാലത്ത് പഠിപ്പിച്ചിരുന്നത്.
പിന്നീട് പ്രധാന അധ്യാപകന്റെ സഹായിയും സെക്രട്ടറിയുമായി സേവനം ചെയ്തു. കുരിശു വരക്കുന്നത് മുതല്‍ ദിവ്യബലിയിലെ പങ്കാളിത്തം വരെയുള്ള കാര്യങ്ങള്‍ കുട്ടികളെ എല്ലാ ആഴ്ചയിലും പഠിപ്പിക്കും. മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്ന കാലയളവിലാണ് വിശ്വാസ പരിശീലനത്തില്‍ നിന്ന് അല്പം മാറി നിന്നത്. പിന്നീട് വീണ്ടും അധ്യാപനം ആരംഭിച്ചു. ആലപ്പുഴ രൂപതയുടെ ഇപ്പോഴത്തെ വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടിലിന്റെ കൂടെ പ്രവര്‍ത്തിച്ചത് വലിയൊരു അനുഭവമായിരുന്നു.

ബോബന് ക്ലീറ്റസ്
വിശ്വാസപരിശീലനരംഗത്ത് രൂപതാ തലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ് ബോബന് കരുതുന്നത്. എത്ര തിരക്കുണ്ടെങ്കിലും മക്കളുടെ വിശ്വാസ പരിശീലന ക്ലാസുകള്‍ മുടക്കാറില്ല. ജോലിയുടെ ഭാഗമായി എറണാകുളം കളമശ്ശേരിയിലാണ് ഇപ്പോള്‍ താമസിക്കുന്നതെ ങ്കിലും
രൂപതലയിലും ഇടവകയിലും വിശ്വാസ പരിശീലനത്തിന്റെ എല്ലാകാര്യത്തിലും സാധിക്കുന്നപോലെ സഹായിക്കുന്നു.
കെആര്‍എല്‍സിബിസി വിശ്വാസ പരിശീലന കമ്മീഷനില്‍ ബഹുമാനപ്പെട്ട മാത്യു പുതിയാത്തച്ചന്റെ ടീമിനൊപ്പം പ്രവര്‍ത്തിക്കുകയാണ് ബോബനിപ്പോള്‍.വിശ്വാസ പരിശീലനത്തിന്റെ ടെക്സ്റ്റ് ബുക്ക് നവീകരണ കമ്മിറ്റി അംഗവും വിഎഫ്എഫ് കോഡിനേറ്ററുമാണ്. കൂടാതെ സംസ്ഥാനതലത്തില്‍ വിശ്വാസ പരിശീലന വിഭാഗത്തിന്റെ 12 രൂപതകളുടെയും ഡാറ്റ കളക്ഷന്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. ദേശീയതലത്തില്‍ സിസിബിഐ വിശ്വാസ പരിശീലനത്തില്‍ ഏക ആത്മായ പ്രതിനിധിയായി ഉത്തരവാദിത്വത്തങ്ങള്‍ വഹിക്കുമ്പോഴാണ് ആഗോള സഭയുടെ അംഗീകാരം വരുന്നത്.
സൂപ്പര്‍ എക്സൈറ്റഡ് മീറ്റിംഗ്
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ആഗോള കത്തോലിക്കാ സഭയുടെ തലവനെ നേരിട്ട് കാണുക എന്നത് അവിശ്വസനീയമായ ഒരു കാര്യമാണ്. കാണുക മാത്രമല്ല പരിശുദ്ധ പാപ്പയുടെ കൈകളില്‍ സ്പര്‍ശിച്ചുകൊണ്ട് സംസാരിക്കാനും ദൈവം ബോബന് അവസരം നല്കി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സൂപ്പര്‍ എക്സൈറ്റഡ് ആണ്. പാപ്പ എന്റെ കൈകളില്‍ പിടിച്ചു സംസാരിച്ചു. രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ സംസാരിക്കാനായി സാധിച്ചുള്ളൂ എങ്കിലും അതൊരു വലിയ നിമിഷങ്ങള്‍ തന്നെയായിരുന്നു.
ആഗോള കത്തോലിക്കാ സഭയുടെ തലവനുമായിട്ടുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ബോബന് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്, ഇത് ദൈവത്തിന്റെ വലിയ ഇടപെടല്‍ തന്നെയാണ്. ദൈവം നല്കിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള ദൈവം തന്ന സമ്മാനം. ബോബന് പറയുന്നു. ഈ അംഗീകാരത്തിന്റെ ഉത്തരവാദിത്വവും വലുപ്പവുമെല്ലാം നന്നായി അറിയാമെന്നും അതിനുള്ള വിവേകവും വിചാരവും തരണമേ എന്നാണ് ഇപ്പോള്‍ പ്രാര്‍ഥനയെന്നും ബോബന് കൂട്ടിച്ചേര്‍ക്കുകയാണ്.
ദൈവത്തിന്റെ കരുണയും പ്രിയപ്പെട്ടവരുടെ സമയോചിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു എന്നാണ് ബോബന് പറയുന്നത്. ജൂലൈ 13നാണ് ഇതിനെ സംബന്ധിച്ച് അറിയിപ്പ് ബോബന് ലഭിക്കുന്നത്. ഏകദേശം 45 ദിവസം വേണം ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍. കൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരും അവരുടെ നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കിയെങ്കിലും ബോബന്റെയും കുടുംബത്തിന്റെയും നീണ്ടുപോയി.

ബോബന് ക്ലീറ്റസും കുടുംബവും വത്തിക്കാനില്‍
ആകെ വിഷമിച്ചിരുന്ന സമയത്ത് ഇറ്റലിയില്‍ സേവനം ചെയ്യുന്ന ഫാ. പോള്‍ സണ്ണിയും ഫാ. ഡാനിയേല്‍ അഗസ്റ്റിന് താന്നിക്കലും വത്തിക്കാന്റെ വിദേശകാര്യ ഓഫീസില്‍ നേരിട്ട് പോയി കാര്യങ്ങള്‍ അവതരിപ്പിക്കുകയും അവര്‍ നല്കിയ വിവരങ്ങളനുസരിച്ച് ഇറ്റലിയില്‍ സേവനം ചെയുന്ന മോണ്‍. യൂജിന്‍ ബ്രൂണോ ഇറ്റാലിയിയന്‍ മിനിസ്ട്രിയുമായി ബന്ധപ്പെടുകയും യാത്രയ്ക്കുള്ള അനുമതി അതിവേഗം നേടിയെടുക്കുകയും ചെയ്യുകയായിരുന്നു. അങ്ങനെ പരിചിതരും അപരിചിതരുമായ നിരവധി മനുഷ്യരുടെ ഇടപെടലുകള്‍ കൊണ്ട് വെറും മൂന്ന് ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ വിസയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍.
ചില കാര്യങ്ങള്‍ നമ്മള് വിചാരിക്കാതെ ആകസ്മികമായി തന്നെ സംഭവിക്കും. ബോബന് ചിരിയോടെ പറയുന്നു.
മറ്റൊരു സംഭവം പറയാം,ബോബന് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധനാണ് വിശ്വാസ പരിശീലകരുടെ മധ്യസ്ഥനായ വിശുദ്ധ ചാള്‍സ് ബൊറോമിയോ. റോമില്‍ ചെന്നിറങ്ങിയ ഉടനെ പദ്ധതിയിട്ടിരുന്നത് ബോബന്റെ ബന്ധുവായ ഒരു ആന്റി (സി. ഫിലോമിന സോളമന് ചാരങ്കാട്ട് – സിസ്റ്റേഴ്സ് ഓഫ് ദി മൈഡ്സ് ഓഫ് ദി പുവര്‍ സന്യാസ സഭാ അംഗം ) അവിടെ താമസിക്കുന്നുണ്ട്, ആ വീട്ടിലേക്ക് പോകാനാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളാല്‍ റോമില്‍ സേവനം ചെയ്യുന്ന മറ്റൊരു ബന്ധുവായ ഫാ. ഡാനിയേല്‍ അഗസ്റ്റിന് താന്നിക്കലിന്റെ കൂടെ അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിലേക്കാണ് പോകാന്‍ സാധിച്ചത്.
അവിടെ ചെന്നപ്പോഴാണ് മനസ്സിലാകുന്നത്, വിശുദ്ധ ചാള്‍സ് ബൊറോമിയോയുടെ ഹൃദയത്തിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ഒരു ദേവാലയമാണതെന്ന്. പെട്ടെന്ന് കണ്ണു നിറഞ്ഞുപോയി. മുന്‍കൂട്ടി നിശ്ചയിക്കാതെ ദൈവം പല കാര്യങ്ങളും പല അനുഗ്രഹങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു തരുന്നതിന് നന്ദി പറയാനേ ആ സമയം സാധിച്ചുള്ളൂ. ജൂബിലി സംഗമത്തിന് ശേഷം വത്തിക്കാന്‍ ബസിലിക്കയും മറ്റ് പ്രധാനപ്പെട്ട നാല് ബസിലിക്കയും സന്ദര്‍ശിക്കാനും പ്രാര്‍ഥിക്കാനും സാധിച്ചു.
മരണം വരെ കാറ്റിക്കിറ്റിക്സ്
സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാപ്പ അല്മായരെ കാറ്റിക്കിറ്റിക്സ് ആയി അവരോധിക്കുന്നത്. ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പയാണ് വിശ്വാസ പരിശീലകര്‍ക്കായി ഇത്തരമൊരുകൂടി വരവ് സംഘടിപ്പിക്കണമെന്ന് തീരുമാനിച്ചത്. ലെയോ പതിനാലാമന്‍ പാപ്പ അത് പ്രാവര്‍ത്തികമാക്കി.
ഇത്തരമൊരു അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് പലയിടങ്ങളിലും ചെറുതും വലുതുമായ അഭിനന്ദനങ്ങളും സ്വീകരണങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു സിസ്റ്റര്‍ തന്നെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു ഫോണ്‍ ചെയ്തു. ജോലിക്കിടയില്‍ നിന്ന് ലീവെടുത്തായിരുന്നു വത്തിക്കാനില്‍ പോയത്.
അതിനാല്‍ നാട്ടിലെ ജോലിയില്‍ നല്ല തിരക്കുണ്ടായിരുന്നു. അതിനാല്‍ ഉടന്‍ പോകാന്‍ സാധിച്ചില്ല. തിരക്കൊഴിഞ്ഞ ഒരു ദിവസം ആ സിസ്റ്ററെ ചെന്നു കണ്ടു. കണ്ടപ്പോള്‍ തന്നെ സിസ്റ്റര്‍ ബോബന്റെ കൈ പിടിച്ചു ചുംബിച്ചു. പരിശുദ്ധ പിതാവിനെ സ്പര്‍ശിച്ച കൈകള്‍ അത്രമാത്രം വിലമതിക്കാനാവാത്തതാണെന്ന് തിരിച്ചറിവ് അന്നാണ് മനസ്സിലായത്.
ഇനി മരണംവരെ കാറ്റിക്കിറ്റിക്സ് ആണ്. ഇനി പിന്നോട്ടില്ല. ഇതൊരു സ്ഥായിയായ സ്ഥാനമാണ്. മതബോധന രംഗത്ത് ഇനി ചെയ്യേണ്ട കാര്യങ്ങള്‍ക്ക് പിന്നോട്ട് പോകാനാവില്ല. എതിര്‍പ്പുകള്‍ മറികടന്നു പോകണം. ക്രിസ്തുവിനെ പകര്‍ന്നു കൊടുക്കാന്‍ ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കുന്നവരാണ് കാറ്റിക്കിറ്റ്സുകള്. ഭാരതകത്തോലിക്ക മെത്രാന് സമിതിയുടെ വിശ്വാസ പരിശീലന കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തിരിച്ചറിഞ്ഞ ഒരു കാര്യം, ഇതൊരു ജോലിയല്ല വിളിയാണ്.
ദൈവതിരുമനസ്സ് നിറവേറാനായി ആ ഉത്തരവാദിത്വങ്ങള്‍ ചെയ്തേ തീരൂ.
വെല്ലുവിളികള്‍ നിറയുന്ന വിശ്വാസ പരിശീലനം
യഥാര്‍ത്ഥത്തില്‍ വിശ്വാസമില്ലായ്മയാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെ ആഴം അളക്കുന്നത് ബാഹ്യമായ പ്രകടനങ്ങളിലൂടെയല്ല. ചിലരെ കാണുമ്പോള്‍ നമുക്ക് തോന്നും
ഇത്ര വലിയ വിശ്വാസിയെ കണ്ടിട്ടില്ല എന്ന്. സമൂഹത്തെയും കുടുംബത്തെയും ബോധിപ്പിക്കാന്‍ എല്ലാ ദിവസവും പള്ളിയില്‍ വരും. അതിനേക്കാള്‍ എത്രയോ ഭേദമാണ് ജീവിതത്തില്‍ കൂദാശകള്‍ സ്വീകരിക്കാനായി മാത്രം പള്ളിയില്‍ വരുന്നവര്‍.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് നിരവധി മാറ്റങ്ങള്‍ വിശ്വാസ ജീവിതത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്. അന്ന് വീട്ടിലിരുന്ന് ടിവിയിലൂടെ കുര്‍ബാന കാണാന്‍ പറഞ്ഞില്ലേ, പിന്നെയെന്തിനാ ഇപ്പോള്‍ പള്ളിയില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നത് എന്നൊക്കെ നിരന്തരം നാം നേരിടുന്ന ചോദ്യങ്ങളാണ്.
ഇതിനൊക്കെ ഉത്തരം പറയേണ്ടവര്‍ വിശ്വാസ പരിശീലകര്‍ തന്നെയാണ്. വിശ്വാസ പരിശീലന പാഠ്യപദ്ധതിയില്‍ കാലികവും സമഗ്രവുമായ മാറ്റങ്ങള്‍ വരണം. ഇന്നത്തെ കാലഘട്ടത്തിന്റെ പുതിയ രീതികള്‍ മനസ്സിലാക്കി വേണം ക്ലാസുകളില്‍ വരാന്‍. കുട്ടികളോട് തര്‍ക്കിക്കാനല്ല ടീച്ചേഴ്സ് ശ്രമിക്കേണ്ടത്, അവരെ ചേര്‍ത്തുനിര്‍ത്താനാണ്. പഠിപ്പിക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് മനസിലേക്ക് കിട്ടുന്നുണ്ടോ എന്നറിയണം. വിശ്വാസ പ്രഘോഷണത്തിന്റെ ഭാഗമായി തിരുനാളുകളും ആഘോഷങ്ങളും നിരവധിയുള്ള കൊച്ചു കേരളത്തിലെ അവസ്ഥയാണിത്. മൂല്യച്യുതി നേരിടുന്ന വിദേശരാജ്യങ്ങളിലെ കാര്യങ്ങള്‍ അപ്പോള്‍ പറയാനുണ്ടോ.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഒറ്റപ്പെടുത്തലുകളുടെ ഈ കാലത്ത് കുട്ടികള്‍ സന്മാര്ഗ ബോധ്യത്തോടെ ജീവിക്കണമെങ്കില്‍ വിശ്വാസ പരിശീലനം അനിവാര്യം ആയ ഒരു കാര്യം തന്നെയാണ്. ഈയൊരു സാഹചര്യത്തിലാണ് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഒരു പ്രത്യേക നിയോഗത്തിനായി അല്മായരെ നിയോഗിക്കുന്നത്.
ഈ ദൈവിക നിയോഗം ഏറ്റെടുത്തുകൊണ്ട് ദൈവം ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാനാണ് ബോബന് ശ്രമിക്കുന്നത്.
കുടുംബവും സഭയും ഒരു തണലായ് ഒപ്പം
വത്തിക്കാനില്‍ നിന്നുള്ള ആദരവിന്റെ കാര്യം സിസിബിഐ വിശ്വാസ പരിശീലന സെക്രട്ടറി ഫാ. വിജയകുമാര്‍ മച്ചാഡോ സൂചിപ്പിച്ചപ്പോള്‍ തന്നെ മനസില്‍ വന്ന വലിയ ആഗ്രഹമായിരുന്നു കുടുംബവുമായി പോകണമെന്ന്. അതിനായി വത്തിക്കാനില്‍ നിന്നും നിന്നും പ്രത്യേക അനുമതി വാങ്ങിക്കേണ്ടി വന്നു. എല്ലാക്കാര്യത്തിലും ഒപ്പം നില്‍ക്കുന്നവരാണ് അവര്‍.
അവരെയും കൂടെ കൊണ്ടുപോകാന്‍ പറ്റി എന്നത് ഒരു വലിയ സന്തോഷം തരുന്ന കാര്യമാണ്. ഭാര്യ അഞ്ജു ജോസഫ് ഇന്‍ഫോപാര്‍ക്കില്‍ ഐടി പ്രൊഫഷണല്‍ ആയി ജോലി ചെയ്യുന്നു. കേരള ലത്തീന്‍ സഭയിലെ ബിസിസി ഭാരവാഹികളെ പരസ്പരം ബന്ധപ്പെടുത്തുന്ന ഒരു കമ്മ്യൂണിക്കേഷന്‍ ആപ്പ് ഡെവലപ്പ് ചെയ്തപ്പോള്‍ അഞ്ജുവായിരുന്നു അത് പൂര്‍ണമായും ഡിസൈന്‍ ചെയ്തത്.
കൂടാതെ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പുസ്തക പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി രണ്ടാം ക്ലാസിലെപാഠപുസ്തകം പൂര്‍ണമായും അഞ്ജു തന്നെയാണ് ഡിസൈന്‍ ചെയ്യുന്നത്. ഒരു സാമ്പത്തിക നേട്ടവും ആഗ്രഹിക്കാതെതങ്ങള്ക്ക് കിട്ടിയ കഴിവുകള്‍ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് തികച്ചും സൗജന്യമായാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്.
മൂത്തമകള്‍ അയാന പന്ത്രണ്ടാം ക്ലാസിലും ഇളയ മകള്‍ അമന്ന ഒമ്പതാം ക്ലാസിലും പഠിക്കുന്നു. ആലപ്പുഴ രൂപത ബിഷപ് ജെയിംസ് ആനാപറമ്പലിന്റെ പിന്തുണയും പ്രാര്‍ഥനയും ഒരിക്കലും മറക്കാനാവില്ല. ആലപ്പുഴ രൂപതാ ദിനത്തില്‍ അഭിവന്ദ്യ പിതാവ് അനുമോദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
സിസിബിഐ പ്രസിഡന്റ് അഭിവന്ദ്യ കര്‍ദിനാള്‍ ഫിലിപ്പ് നേരിയുടെ പിന്തുണ എടുത്തുപറയേണ്ടത് തന്നെയാണ്. അതുപോലെതന്നെ സിസിബിഐ വിശ്വാസ പരിശീലന കമ്മീഷന് ചെയര്മാന് ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍, കെ ആര് എല്‍ സി ബി സി വിശ്വാസ പരിശീലന കമ്മീഷന് ചെയര്മാന് ബിഷപ്പ് ഡോ. ജസ്റ്റിന് മഠത്തില്‍ പറമ്പില്‍, സിസിബിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ആല്‍ത്തറ, കെആര്‍എല്‍സിബിസി വിശ്വാസ പരിശീലന കമ്മീഷന് സെക്രട്ടറി ഫാ.മാത്യു പുതിയാത്ത്, ആലപ്പുഴ രൂപത വിശ്വാസ പരിശീലന കമ്മീഷന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ശാസ്താപറമ്പില്‍, എന്നിവരുടെ പിന്തുണയും സ്നേഹവും ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്.