നിരീക്ഷണം / ബിഎസ്
സ്വതന്ത്ര ഇന്ത്യയില്‍ എഴുത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ എഡിറ്ററായിരുന്നു ടി.ജെ.എസ്. ജോര്‍ജ്
ചില പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ എഴുതുന്നു, ചരിത്രവും സാഹിത്യവും എഴുതുന്നവരുമുണ്ട്. ടി.ജെ.എസ്. ജോര്‍ജ് സാര്‍ അപൂര്‍വമായ വിഭാഗത്തില്‍ പെട്ടയാളായിരുന്നു – സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, നമ്മള് അവ എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ സൂക്ഷ്മമായി വിശകലനം ചെയ്ത മാധ്യമപ്രവര്ത്തകന്. വാര്‍ത്തകളും ചരിത്രവും സാഹിത്യവുമെല്ലാം അദ്ദേഹത്തിന്റെ തൂലികാഗ്രത്തില് ഭദ്രമായിരുന്നു. 97-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍, ഇന്ത്യയ്ക്ക് നേരിന്റെ ഒരു ചരിത്രകാരനെ മാത്രമല്ല, പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മിക ദിശാസൂചികയേയും നഷ്ടപ്പെട്ടു.
1928 മെയ് 7-ന് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമത്തില്‍ തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ.എസ്. ജോര്‍ജ് ജനിച്ചു. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും ആദരണീയനായ എഡിറ്റര്‍മാരില്‍ ഒരാളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.
മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ച ശേഷം ബോംബെയിലെ ദി ഫ്രീ പ്രസ് ജേണലില്‍ പത്തൊന്‍പതാം വയസ്സില്‍ അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ആദര്‍ശത്തിന്റെ പ്രതിഫലനവും അഴിമതിരഹിത നേതാക്കളുടെ ധാരാളിത്വവും ഉണ്ടാകണമെന്നാഗ്രഹിച്ച് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച പ്രസിദ്ധീകരണങ്ങളിലൊന്നായിരുന്നു ദി ഫ്രീ പ്രസ് ജേണല്‍. അവിടെ വച്ചാണ് പത്രപ്രവര്‍ത്തനം അധികാരത്തെ പ്രീതിപ്പെടുത്തലല്ല, മറിച്ച് അതിനെ ചോദ്യം ചെയ്യുന്നതാണെന്ന് ജോര്‍ജ് സാര്‍ മനസ്സിലാക്കിയത്. അത് അദ്ദേഹത്തിന്റെ ഭാവി ജീവിതത്തെ നിര്‍വചിക്കുന്ന ഒരു ബോധ്യമായിരുന്നു. 1965-ല്‍ ആ നിലപാട് അദ്ദേഹത്തെ ജയിലിലടച്ചു.
പറ്റ്നയിലെ ദി സെര്‍ച്ച്ലൈറ്റിന്റെ എഡിറ്റര്‍ എന്ന നിലയില്‍, ബീഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിയുടെ കീഴില്‍ നടന്ന അഴിമതികള്‍ ജോര്‍ജ് തുറന്നുകാട്ടി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് സര്‍ക്കാര്‍ തിരിച്ചടിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ എഴുത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ എഡിറ്ററായി അദ്ദേഹം മാറി. പത്രസ്വാതന്ത്ര്യത്തെയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയെയും പരീക്ഷിച്ച നിര്‍ണായക നിമിഷമായിരുന്നു അത്.
പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണ മേനോന് തല്‍ക്കാലത്തേക്ക് വക്കീല്കുപ്പായത്തിലേക്ക് മടങ്ങി, കോടതിയില്‍ ജോര്‍ജ് സാറിനു വേണ്ടി ഹാജരായി വാദിച്ചു. സത്യത്തിന് എല്ലാക്കാലത്തും, അപൂര്‍വമെങ്കിലും സഖ്യകക്ഷികളുണ്ടെന്ന് അടിവരയിടുന്ന ഒരു സൂചനയായിരുന്നു അത്.
ജയിലില്‍ അടച്ചെങ്കിലും ജോര്‍ജ് സാറിന്റെ ആത്മസത്ത തകര്‍ക്കാന്‍ ഇരുമ്പഴികള്ക്കായില്ല. ഒരു ദശാബ്ദത്തിനുശേഷം, ഏഷ്യയുടെ ഭൂരിഭാഗവും പാശ്ചാത്യ കാഴ്ചപ്പാടുകളിലൂടെ വീക്ഷിക്കപ്പെട്ടപ്പോള്‍, അദ്ദേഹം മൈക്കല്‍ ഒ’നീലുമായി ചേര്‍ന്ന് ഹോങ്കോങ്ങില്‍ ഏഷ്യാവീക്ക് സ്ഥാപിച്ചു. അതൊരു വിപ്ലവകരമായ നീക്കമായിരുന്നു – ‘ഏഷ്യക്കാര്‍ കാണുന്ന ഏഷ്യ’യായിരുന്നു ഏഷ്യാവീക്ക്. നേരത്തെയുള്ള പ്രസിദ്ധീകരണങ്ങള്‍ യൂറോപ്യന്‍ കാഴ്ചപ്പാടുള്ളതായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍, അത് ലാഭകരവും സ്വാധീനമുള്ളതുമായി മാറി. ടൈമിനും ന്യൂസ് വീക്കിനും എതിരാളിയായ ഒരു ധീരമായ പാന്‍-ഏഷ്യന്‍ ശബ്ദം. ഒടുവില്‍ ടൈം അത് വാങ്ങി അടച്ചുപൂട്ടിയപ്പോള്‍, ജോര്‍ജ് സാര്‍ എഴുതി – അധികാരം സ്വാതന്ത്ര്യത്തെ എങ്ങനെ നിശബ്ദമാക്കുന്നു എന്ന്. 1981-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ദി ഇന്ത്യന്‍ എക്സ്പ്രസില്‍ ചേര്‍ന്നു, അവിടെ 25 വര്‍ഷം തുടര്‍ന്നു. രാഷ്ട്രീയം, സാഹിത്യം, സിനിമ, സംസ്കാരം എന്നിവയിലുടനീളമുള്ള അദ്ദേഹത്തിന്റെ കോളങ്ങള്‍ വ്യക്തതയിലും ചാരുതയിലും മാസ്റ്റര്ക്ലാസുകളായിരുന്നു. മതിപ്പുളവാക്കാനല്ല, മറിച്ച് എഴുതുന്നതിന്റെ മതിപ്പ് പ്രകാശിപ്പിക്കാനാണ് അദ്ദേഹം അതെല്ലാം എഴുതിയത്. അദ്ദേഹത്തിന്റെ ഗദ്യം ലളിതവും കൃത്യതയും ഉണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും പറയുമായിരുന്നു, ‘പത്രപ്രവര്‍ത്തനം,’ ‘ഒരു തൊഴിലല്ല, അതൊരു പൊതുവിശ്വാസമാണ്.’ കാലക്രമേണ, ജോര്‍ജ് സാര്‍ പത്രപ്രവര്‍ത്തനത്തിനു മാത്രമല്ല, പുസ്തകമെഴുത്തിനും പേരുകേട്ടവനായി.

വി.കെ. കൃഷ്ണമേനോന്, നര്‍ഗീസ്, ലീ കുവാന്‍ യൂ എന്നിവരുടെ ജീവചരിത്രങ്ങള്‍ സാഹിത്യ റിപ്പോര്‍ട്ടിംഗിന്റെ മാനദണ്ഡങ്ങളായി ഇപ്പോഴും തുടരുന്നു. 2008-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയായ ഘോഷയാത്ര (ദി പ്രൊസെഷന്‍), അരനൂറ്റാണ്ടു കാലത്തെ ഇന്ത്യന്‍ മാധ്യമങ്ങളെ നര്‍മ്മത്തോടെയും ആത്മാര്‍ത്ഥതയോടെയും നോക്കിക്കാണുന്നു. പല ചരിത്രങ്ങളും അദ്ദേഹത്തിന്റെ ശൈലിയുടെ കാലാതീതമായ പ്രതിഫലനമായി മാറി: മൂര്‍ച്ചയുള്ള, നര്‍മ്മം നിറഞ്ഞ, മനുഷ്യത്വമുള്ള ശൈലി. 2011-ല്‍ അദ്ദേഹത്തിന് പത്മഭൂഷണും 2019-ല്‍ കേരളത്തിന്റെ പരമോന്നത പത്രപ്രവര്‍ത്തന ബഹുമതിയായ സ്വദേശാഭിമാനികേസരി അവാര്‍ഡും ലഭിച്ചു. പക്ഷേ, അംഗീകാരങ്ങളെ അദ്ദേഹം കാര്യമായി എടുത്തിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, സത്യസന്ധത കരഘോഷത്തേക്കാള് കാതലുള്ളതായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ കടമയെന്നത് ശക്തരെ ഉയര്‍ത്തിക്കാട്ടുകയല്ല, മറിച്ച് പൊതുജനങ്ങളെ പ്രബുദ്ധരാക്കുക എന്നതാണെന്ന് തന്റെ രചനകളിലൂടെ ടി.ജെ.എസ്. ജോര്‍ജ് തലമുറകളെ പഠിപ്പിച്ചു.
തൊണ്ണൂറുകളിലും അദ്ദേഹത്തിന്റെ തൂലിക നിര്‍ഭയവും കൃത്യവും ആഴത്തില്‍ ധാര്‍മ്മികവുമായി നിലനിന്നു. സത്യം പൊതുവിടത്തെ ബഹളമല്ലെന്നും അത് ശാശ്വതമാണെന്നും അദ്ദേഹം വിശ്വസിച്ചു. ബ്രേക്കിംഗ് ന്യൂസുകളെക്കുറിച്ചല്ല, മറിച്ച് മനുഷ്യമനസ്സില്‍ സത്യത്തിന്റെ ധാരണ വളര്ത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനം. അദ്ദേഹം വിടവാങ്ങുമ്പോള്‍, വാക്കുകളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. സത്യം പ്രാധാന്യമുള്ളിടത്തോളം കാലം, ടി.ജെ.എസ്. ജോര്‍ജ് ഓര്‍മ്മിക്കപ്പെടും – ഒരു എഡിറ്റര്‍ അല്ലെങ്കില്‍ എഴുത്തുകാരന് എന്ന നിലയില്‍ മാത്രമല്ല, ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ മനഃസാക്ഷി എന്ന നിലയിലും.