പുരാണം / ജെയിംസ് അഗസ്റ്റിന്
‘ചില്ലിട്ട വാതിലില്‍ വന്നു നില്‍ക്കാമോ
മെല്ലെ തുറന്നു തരാമോ
ഏകാന്ത സന്ധ്യകള്‍ ഒന്നിച്ചു പങ്കിടാന്‍
മൗനാനുവാദം തരാമോ’
ഡോ.കെ.ജെ. യേശുദാസ് ആലപിച്ച ഈ ഗാനം ആര്‍ദ്രഗീതങ്ങള്‍ എന്ന സിനിമേതര ഗാനസമാഹാരത്തിലേതാണ്.
കോഴിക്കോട് നടന്ന കേരളഗവണ്മെന്റിന്റെ പരിപാടിയില്‍ ഒരു ഗാനമൊരുക്കാനെത്തിയ സംഗീതസംവിധായകന് ജെറി അമല്‍ദേവിനോട് അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. ‘ജെറി ഗസ്റ്റ് ഹൗസിലൊന്നും താമസിക്കേണ്ട. എന്റെ വീട്ടില്‍ തങ്ങിയാല്‍ മതി. സമയം കിട്ടുമ്പോള്‍ നമുക്കല്പ്പം സംഗീതചര്ച്ചയും ആകാമല്ലോ’. സാഹിത്യവും സംഗീതവും ഇഷ്ടപ്പെടുന്ന കളക്ടര്‍ തന്നെ മുന്‍കൈ എടുത്താണ് ജെറി അമല്‍ദേവിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.
ഒരു സ്പോര്‍ട്സ് കോംപ്ലെക്സിന്റെ ഉദ്ഘാടനം നടക്കുകയാണ്. 1988-ല്‍ നടന്ന ഈ ചടങ്ങിനു നല്ലൊരു അവതരണഗാനം വേണമെന്ന കളക്ടറുടെ ആഗ്രഹമാണ് ജെറി അമല്‍ദേവിനെ കോഴിക്കോട് എത്തിക്കുന്നത്. പ്രൊഫ. ഒ.എന്‍.വി.കുറുപ്പ് എഴുതിയ ഗാനത്തിന് ജെറി അമല്‍ദേവ് സംഗീതം നല്കി വലിയൊരു ഗായകസംഘം ആലപിച്ചു.

മലയാളത്തിനു പൂക്കളുടെ നൈര്‍മല്യമുള്ള ഗാനങ്ങള്‍ എഴുതി നല്കിയ ഡോ.കെ.ജയകുമാര്‍ ആയിരുന്നു ആ കളക്ടര്‍. അങ്ങനെ ഒഴിവു സമയത്തു ലഭിച്ച ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തീകരിച്ചതാണ് ആര്‍ദ്രഗീതങ്ങള്‍ എന്ന പ്രണയഗാന സമാഹാരം.
ഡോ.കെ.ജയകുമാര്‍ ഐ.എ.എസ്. സിനിമാരംഗത്ത് ഗാനരചനയില്‍ സജീവമാകുന്നതിനു മുന്‍പ് എഴുതിയ ഗാനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. പതിനൊന്നു ഗാനങ്ങളുമായി 1988-ല്‍ പുറത്തിറങ്ങിയ ആര്‍ദ്രഗീതങ്ങള്‍ എന്ന കസെറ്റിലെ ഗാനങ്ങള്‍ എല്ലാം പ്രണയാര്ദ്രഗാനങ്ങളായിരുന്നു.
പ്രണയവും പ്രണയനഷ്ടവും നൊമ്പരവും വിരഹവും സമന്വയിപ്പിച്ചു കെ.ജയകുമാര്‍ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ആര്‍ദ്രവും മൃദുലവും ശാന്തതയും ചേര്‍ന്ന ഈണങ്ങള്‍ ചേര്‍ത്ത് ജെറി അമല്‍ദേവ് ഈ സമാഹാരത്തെ അതീവഹൃദ്യതയുള്ളതാക്കിത്തീര്ത്തു.
‘അന്നു സന്ധ്യയ്ക്കു നമ്മള് ഒന്നായ് മഞ്ഞണിഞ്ഞില്ലേ
മഞ്ഞു പെയ്യുന്ന രാവില്‍ എന്തോ കാത്തുനിന്നില്ലേ
ഓര്‍മയില്ലേ ഓര്‍മയില്ലേ’
എന്ന ഗാനം അന്നും ഇന്നും പ്രണയിക്കുന്നവരുടെ പ്രിയഗാനമാണ്. യേശുദാസും സുജാതയുമാണ് ഗായകര്‍.
ആര്‍ദ്രഗീതങ്ങള്‍ എന്ന ആല്‍ബം യാഥാര്ഥ്യമായതിനെക്കുറിച്ചു ഗാനരചയിതാവ് ഡോ. കെ.ജയകുമാര്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
‘എന്റെ വീട്ടില്‍ അതിഥിയായി താമസിക്കുന്ന ഒരു സായാഹ്നത്തില്‍ ജെറി അമല്‍ദേവിന്റെ താത്പര്യപ്രകാരമാണ് ഇതിലെ ഒരു ഗാനത്തിന്റെ ആദ്യ നാലു വരികള്‍ ഞാന്‍ എഴുതുന്നത്. ‘ചില്ലിട്ട വാതിലില്‍ വന്നു നില്‍ക്കാമോ’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യം എഴുതിയത്. യേശുദാസിനെ ഈ പാട്ടിന്റെ ആദ്യ നാല് വരികള്‍ കേള്‍പ്പിച്ചപ്പോള്‍ തന്നെ ഇത് ഒരു കസ്സെറ്റ് ആയി പുറത്തിറക്കാമെന്നു അദ്ദേഹം ജെറി അമല്‍ദേവിനോട് പറഞ്ഞു. മൂന്നു പാട്ടുകള്‍ക്ക് മാത്രം ഈണത്തിനനുസരിച്ചു വരികള്‍ എഴുതി. ബാക്കി എട്ടെണ്ണം വരികള്‍ എഴുതിയ ശേഷം സംഗീതം നല്കിയവയാണ്. എല്ലാ ഗാനങ്ങളും തന്നെ ആത്മകഥാസ്പര്ശമുള്ളവയാണെന്നു പറയാം. വീടിനടുത്തു ഞങ്ങള്‍ക്കെല്ലാം അടുപ്പമുണ്ടായിരുന്ന പന്ത്രണ്ടുവയസ്സുകാരിയുടെ വിയോഗമോര്ത്താണ് ‘പൂക്കളെ സ്നേഹിച്ച പെണ്കിടാവേ പൂവുകള്‍ക്കുള്ളില്‍ നീ മാഞ്ഞതെന്തേ’ എന്ന ഗാനമെഴുതുന്നത്.
ജെറി അമല്‍ദേവിന്റെ സുന്ദരസംഗീതവും ഡോ. യേശുദാസിന്റെയും സുജാതയുടെയും ആലാപനവും ഈ ഗാനങ്ങള്‍ക്ക് ജീവന് നല്കി എന്നു ഞാന്‍ കരുതുന്നു.’
ഡോ.കെ.ജയകുമാര്‍ ഐ.എ.എസിന്റെ വീട്ടില്‍ താമസിച്ച ദിനങ്ങളും ആര്ദ്രഗീതങ്ങളുടെ പിറവിയും ഇന്നും മനോഹരമായ ഓര്മകളാണെന്നു ജെറി അമല്‍ദേവ് പറയുന്നു.
‘കെ.ജയകുമാര്‍ അതിരാവിലെ ആറു മണിക്ക് ഔദ്യോഗികജോലികള്‍ ആരംഭിക്കും. തിരികെ വരുന്നത് രാത്രി ഒന്‍പതര മണിയാകുമ്പോഴാണ്. വീട്ടിലെത്തുമ്പോള്‍ മേശപ്പുറത്തു നിറയെ ഫയലുകള്‍ ഉണ്ടാകും. അതെല്ലാം നോക്കിക്കഴിഞ്ഞു സംസാരിക്കാന്‍ ലഭിച്ച ചുരുങ്ങിയ സമയം കൊണ്ടാണ് ഇങ്ങനെയൊരു ഗാനസമാഹാരത്തിന്റെ ചര്‍ച്ചകള്‍ നടന്നത്. നമുക്ക് കുറച്ചു പ്രണയഗാനങ്ങള്‍ ഒരുക്കാം എന്ന നിര്‍ദേശം വച്ചത് ജയകുമാറാണ്. ആര്‍ദ്രഗീതങ്ങള്‍ എന്ന പേരും അദ്ദേഹം മുന്നോട്ടുവച്ചു. പേരും പാട്ടുകളും ഇഷ്ടപ്പെട്ട യേശുദാസ് റെക്കോര്‍ഡിങ്ങിനു സമ്മതം അറിയിച്ചു.

തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ് നടന്നത്. പ്രഗത്ഭനായ സൗണ്ട് എന്‍ജിനീയര്‍ യൂജിന്‍ പെരേരയായിരുന്നു റെക്കോര്‍ഡിസ്റ്റ്. ഗായകരുടെ ശബ്ദത്തിനു അനാവശ്യമായ ‘എക്കോ’ പോലുള്ളതൊന്നും ചേര്‍ക്കാതെ യൂജിന്‍ പെരേര സ്വാഭാവിക ശബ്ദത്തിലാണ് ശബ്ദലേഖനം നടത്തിയത്. റെക്കോര്‍ഡിങ്ങും മിക്സിങ്ങും ഏറ്റവും നന്നായി നിര്‍വഹിച്ചതില്‍ യൂജിന്‍ പെരേരയുടെ സേവനം മഹത്തരമാണെന്ന് നന്ദിയോടെ ഓര്‍ക്കുന്നു. ജപ്പാനില്‍ നിന്നും കൊണ്ടുവന്ന ഒറ്റാരി എന്ന പുതിയ സ്പൂള്‍ റെക്കോര്‍ഡറിലായിരുന്നു ഞങ്ങള്‍ അന്ന് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത്. തിരുവനന്തപുരത്തെയും എറണാകുളത്തേയും കലാകാരന്മാരാണ് സംഗീതോപകരണങ്ങള്‍ വായിച്ചത്. എന്റെ പാട്ടുകള്‍ കൂടുതലും ഹിന്ദുസ്ഥാനി ശൈലിയിലുള്ളതാണെന്നറിയാവുന്ന യേശുദാസ് അദ്ദേഹത്തിന്റെ കര്‍ണാടിക് ശൈലി മാറ്റിവച്ചു ഈണത്തോടു പൂര്‍ണമായും നീതി പുലര്‍ത്തിയാണ് ആലപിച്ചത്. ഞാന്‍ പറഞ്ഞുകൊടുത്തതു പോലെ അദ്ദേഹം പാടിത്തന്നു. ഓരോ പാട്ടുകളും അതിയായ സന്തോഷത്തോടെയാണ് സ്റ്റുഡിയോയിലുണ്ടായിരുന്ന എല്ലാവരും സ്വീകരിച്ചത്. കസ്സെറ്റ് പുറത്തിറങ്ങിയപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചതും സന്തോഷമുള്ള ഓര്‍മ്മയാണ്.’
പ്രണയവും വിരഹവും വിഷയമാകുന്ന പാട്ടുകള്‍ കാലാതീതങ്ങളാണ്. അവയ്ക്ക് പ്രായമാകുകയില്ല, മരണവുമില്ല. ആര്‍ദ്രമായ ആ ഗാനങ്ങള്‍ ഇന്നും കേട്ടുകൊണ്ടേയിരിക്കുകയാണ് മലയാളികള്‍.