പത്തൊന്‍പതാം നൂറ്റാണ്ടില്‍, പുരുഷമേധാവിത്വത്തിലും ജന്മഭേദ ജാതിവ്യവസ്ഥയിലെ വര്‍ഗീകരണത്തിലും ഉന്നത ജാതിക്കാരായ കുലീന സ്ത്രീകളെ പുറംലോകം കാണിക്കാതെ അടച്ചിടുകയും, ഭൃത്യ, പതിത, നീച വിഭാഗക്കാരായ സ്ത്രീകളെ എല്ലാതരത്തിലും ചവിട്ടിത്താഴ്ത്തുകയും ചെയ്തിരുന്ന സാചര്യത്തില്‍ കേരളത്തില്‍ സ്ത്രീജീവിതത്തിന് പുതിയ സാധ്യത തുറന്നിട്ട മദര്‍ ഏലീശ്വയുടെ ചരിത്രം അനന്യമായ സ്ത്രീനിര്വാഹകത്വത്തിന്റെയും മിസ്റ്റിക്കല്‍ അനുഭവത്തിന്റെയും കഥയാണെന്ന്, ‘സ്ത്രീ, പത്തൊന്‍പതാം നൂറ്റാണ്ടിലെ സാംസ്കാരിക സാമൂഹ്യ രാഷ് ട്രീയ പശ്ചാത്തലത്തില്‍’ എന്ന പ്രബന്ധം അവതരിപ്പിച്ച തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് പ്രഫ. ഡോ. ജെ. ദേവിക പറഞ്ഞു.
സ്ത്രീകള്‍ക്ക് വിമോചന മാര്‍ഗം തുറന്നു കൊടുത്തു
ഡോ. വിനില്‍ പോള്‍

രാജ്യത്ത് ഏറ്റവും ഇടുങ്ങിയതും മനുഷ്യത്വരഹിതവുമായ ജാതിവ്യവസ്ഥ നിലനിന്ന കേരളത്തില്‍ ക്രൈസ്തവ മിഷണറിമാര്‍ തങ്ങളുടെ സാംസ്കാരിക ദൗത്യത്തിന്റെ ഭാഗമായി പെണ്പള്ളിക്കൂടങ്ങള് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നപ്പോഴും, ജാതിയുടെ അടിച്ചമര്‍ത്തലിനും പുരുഷാധിപത്യത്തിനുമെതിരെ സമൂഹത്തിന്റെ അരികുവല്‍കരിക്കപ്പെട്ട ദലിതരും താഴ്ന്ന ജാതിക്കാരുമായ സ്ത്രീകള്‍ക്ക് വിമോചന മാര്‍ഗം തുറന്നുകിട്ടാന്‍ വലിയ പോരാട്ടങ്ങള്‍ അനിവാര്യമായിരുന്ന സാഹചര്യത്തിലാണ് മദര്‍ ഏലീശ്വ കോണ്‍വെന്റ് സ്കൂളും ബോര്‍ഡിങ്ങും അഗതിമന്ദിരവും പെണ്‍കുട്ടികള്‍ക്കായി ഹോംസയന്‍സ്, കരവിരുത് പരിശീലനകേന്ദ്രവും ആരംഭിക്കുന്നതെന്ന് ‘സ്ത്രീവിദ്യാഭ്യാസം പത്തൊമ്പതാം നൂറ്റാണ്ടില്‍’ എന്ന പ്രബന്ധം അവതരിപ്പിച്ച കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വിനില്‍ പോള്‍ ചൂണ്ടിക്കാട്ടി.
സ്ത്രീസന്ന്യാസ ചരിത്രത്തില്‍ നിര്‍ണായകമായ
വഴിത്തിരിവുണ്ടാക്കി: ഡോ. ബെന്നി ചിറമേല്‍ എസ്.ജെ

‘ഭാരതീയ സ്ത്രീസന്ന്യാസ പാരമ്പര്യധാരകളുടെ അന്തഃസത്തയും ഇന്ത്യയുടെ മതേതര ആത്മാവിന്റെ ദൈവശാസ്ത്രപരവും രാഷ് ട്രീയവുമായ പ്രതിരോധമെന്ന നിലയിലുള്ള ഭരണഘടനാപരമായ സന്ന്യാസവും’ എന്ന പ്രബന്ധം കോട്ടപ്പുറം രൂപതാ വിദ്യാഭ്യാസ കമ്മിഷന് ഡയറക്ടര്‍ ഡോ. ബെന്നി ചിറമേല്‍ എസ്.ജെ അവതരിപ്പിച്ചു. ഹൈന്ദവപാരമ്പര്യത്തില്‍ സ്ത്രീസന്ന്യാസം സ്ത്രീധര്മത്തിന് എതിരായിരുന്നുവെന്നും ബ്രാഹ്മണ സാമൂഹികക്രമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജൈന, ബൗദ്ധ മതങ്ങള്‍ സ്ത്രീകള്‍ക്ക് സന്ന്യാസജീവിതത്തിനായുള്ള വ്യവസ്ഥാപിത ഇടങ്ങള്‍ ഒരുക്കിയതെന്നും, സ്ത്രീകള്‍ക്ക് ആത്മീയവും സാമൂഹികവുമായ സ്വാതന്ത്ര്യം നല്കുന്ന, വിവാഹത്തിനും മാതൃത്വത്തിനുമപ്പുറം വിദ്യാഭ്യാസം നേടാനും സാമൂഹ്യസേവനം ചെയ്യാനും സാധിക്കുന്ന, സാമൂഹികമായി അംഗീകരിക്കപ്പെട്ട ഒരു പുതിയ ആത്മീയ പാത വെട്ടിതുറന്ന മദര്‍ ഏലീശ്വ, ഭാരതത്തിലെ സ്ത്രീസന്ന്യാസ ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് സൃഷ്ടിച്ചതെന്നും ഡോ. ചിറമേല്‍ സമര്‍ത്ഥിച്ചു.
മദര്‍ ഏലീശ്വായുടെ നാമകരണത്തിനായുള്ള പോസ്റ്റുലേറ്ററും അഡ്മിനിസ്ട്രേറ്ററും സിടിസി സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലറുമായ സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍, ‘ധന്യ മദര്‍ ഏലീശ്വ: ചരിത്രം രചിച്ച സന്ന്യാസിനി’ എന്ന പ്രബന്ധം അവതരിപ്പിച്ചു.
ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി നാലു പ്രബന്ധങ്ങളെയും ആധാരമാക്കി സമീകരണം നിര്‍വഹിച്ചു.
സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഡോ. ജിയോ മേരി സിടിസി സ്വാഗതവും സിസ്റ്റര്‍ ഡോ. ശാലിനി നന്ദിയും പറഞ്ഞു.
സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രമുഖരും ഇടവകകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സിടിസി സമൂഹത്തിന്റെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ളവരും സിമ്പോസിയത്തില്‍ പങ്കെടുത്തു. നവംബര്‍ എട്ടാം തീയതിയാണ് വല്ലാര്‍പാടത്തെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കാരുണ്യമാതാവിന്റെ ബസിലിക്കയില്‍ ലെയോ പാപ്പായുടെ പ്രതിനിധിയായി എത്തുന്ന മലേഷ്യയിലെ പെനാങ് രൂപതയിലെ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്.