ദുബായ്: ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിന് ഇന്ത്യ പാകിസ്താനെ വീഴ്ത്തി. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 146 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും പാകിസ്താൻ 19.1 ഓവറിൽ ഓൾഔട്ടായി.
നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാകിസ്താനെ എറിഞ്ഞിട്ടത്. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ജസ്പ്രിത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. പാകിസ്താന് വേണ്ടി ഓപ്പണർ സാഹിബ്സാദ ഫർഹാൻ അർധ സെഞ്ച്വറി നേടി. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാനാണ് പാകിസ്ഥാന്റെ ടോപ്സ് സ്കോറർ. ഫഖർ സമാൻ 35 പന്തിൽ 46 റൺസെടുത്തു. മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല.
147 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റൺസെടുക്കുന്നതിനിടെ മൂന്ന് ടോപ് ഓർഡർ ബാറ്റർമാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറിൽ അഭിഷേക് ശർമയും മൂന്നാം ഓവറിൽ സൂര്യകുമാർ യാദവും നാലാം ഓവറിൽ ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യ പതറി.
ആറ് പന്തിൽ അഞ്ച് റൺസെടുത്ത അഭിഷേകിനെയും, 10 പന്തിൽ 12 റൺസെടുത്ത ഗില്ലിനെയും ഫഹീം അഷ്റഫാണ് പുറത്താക്കി. അഞ്ച് പന്തിൽ ഒരു റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷഹീൻ അഫ്രീദിയും മടക്കി.