കൃപയിലേക്ക് ഒരു തിരിച്ചുവരവ് / ഡോ. സോളമന് എ. ജോസഫ്
ഒരു ആതുരശുശ്രൂഷകന്റെ ആത്മനിമന്ത്രണങ്ങള്‍
നാളുകളായി വിട്ടുമാറാത്ത കാലുവേദനയുമായിട്ടാണ് ക്രൈം ബ്രാഞ്ച് എസ്ഐ ആയിരുന്ന അദ്ദേഹം ഒപിയില്‍ വന്നത്. ഉറക്കം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള അസഹ്യമായ വേദന. കുറെനേരം കാലു തിരുമ്മിയാല്‍ മാത്രമേ ആശ്വാസം കിട്ടിയിരുന്നുള്ളൂ. കാലിലെ രക്തയോട്ടത്തിന് ബ്ലോക്ക് ഉണ്ടെന്ന് സംശയം തോന്നും വിധത്തിലുള്ള വിവരണം. സിഗററ്റ് വലിക്കാറുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞു. ഉണ്ടെന്ന് മറുപടിയും കിട്ടി.
”ഒരു ദിവസം എത്രയാണ് വലിക്കുക?” ബ്ലോക്ക് ആകുമെന്ന നിഗമനം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ചോദ്യം. ”കുറഞ്ഞത് ഒരു പാക്കറ്റെങ്കിലും” എന്നായിരുന്നു മടിച്ചുകൊണ്ടുള്ള മറുപടി. രക്തയോട്ടത്തിന്റെ സ്കാന്‍ ചെയ്യാനായി നിര്‍ദേശിച്ചു. തൊട്ടടുത്ത ആഴ്ച സ്കാനുമായി അയാള്‍ ഒപിയില്‍ തിരിച്ചുവന്നു.
മുട്ടിനു താഴെയുള്ള രക്തകുഴലുകളില്‍ നന്നായി രക്തം കട്ടപിടിച്ചിരുന്നു. സാമാന്യം വലിപ്പമുള്ള ബ്ലോക്കുകളായിരുന്നു. ”ആന്‍ജിയോപ്ലാസ്റ്റി കൊണ്ട് മാറ്റാന്‍ കഴിയുകയില്ല. ബൈപാസ് ശസ്ത്രക്രിയ കൊണ്ട് അല്പം ആശ്വാസം കിട്ടിയേക്കാം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ കൂടിയൊന്ന് കാണിക്കണം,” ഞാന്‍ നിര്‍ദേശിച്ചു. ”സിഗററ്റ് ഉപേക്ഷിച്ചാല്‍ മാത്രമേ വേദന കുറയുകയുള്ളൂ. അല്ലാത്തപക്ഷം ചിലപ്പോള്‍ കാലുതന്നെ നഷ്ടപ്പെട്ടേക്കാം” എന്ന ഉപദേശവും നല്കി. ”നോക്കാം സാറേ” എന്ന് ചിരിച്ചുകൊണ്ട് അയാള്‍ മറുപടി നല്കി. കുറച്ചുനേരം വിശേഷങ്ങള്‍ ഒക്കെ പങ്കുവെച്ചിട്ടാണ് അയാള്‍ പോയത്.
ഈ വേദന സഹിച്ചുകൊണ്ട് നടക്കാനും ചിരിക്കാനും സാധിക്കുക നിസാര കാര്യമല്ല. ചങ്കൂറ്റമുള്ള പൊലീസുകാരന് തന്നെ! കുറച്ച് ആഴ്ചകള്‍ക്കു ശേഷം അദ്ദേഹം തിരിച്ചുവന്നു. ബൈപാസ് ചെയ്യാന്‍ കഴിയാത്ത വിധമുള്ള ബ്ലോക്കുകളായിരുന്നു ആന്‍ജിയോഗ്രാമില്‍. അതിനാല്‍ അവരും മരുന്നുകൊടുത്തു വിട്ടു. പിന്നീട് പലതവണ അദ്ദേഹം വന്നിരുന്നു. സിഗററ്റ് നിര്ത്തിയത്തിനു ശേഷം നല്ല മാറ്റമുണ്ടായിരുന്നു. സ്ഥിരം ഗുളികകള്‍ കഴിക്കാനും തുടങ്ങിയതോടെ വേദനയ്ക്ക് നല്ല ശമനം വന്നിരുന്നു.
ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യ എന്റെയടുക്കല്‍ വന്നു. വര്‍ഷങ്ങളായുള്ള ദുശ്ശീലം ഭര്‍ത്താവ് പൂര്‍ണമായി ഉപേക്ഷിച്ച വിവരം അറിയിക്കാന്‍ വന്നതായിരുന്നു. നന്ദി പറഞ്ഞുകൊണ്ടാണ് അവര്‍ ഇറങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ നന്നായി പ്രാര്‍ഥിക്കുന്ന വ്യക്തിയായിരുന്നു. ഈ നിയോഗത്തിനു വേണ്ടി ഒത്തിരി പ്രാര്ഥിച്ചിരുന്നതായും പറഞ്ഞു.
ജോലിഭാരം നിമിത്തം തുടങ്ങിയ ശീലമായിരുന്നു. പൊലീസ് ഉദ്യോഗത്തിലെ ആകുലതകളും പ്രയാസങ്ങളും താത്കാലികമായി മറക്കാനായിട്ടാണ് സിഗററ്റിനെ കൂട്ടുപിടിച്ചത്.
”കൂടിപ്പോയാല്‍ മരിക്കും. അതിലൊന്നും എനിക്ക് ഭയമില്ല. കാലില്ലാതെ ജീവിക്കുന്നത് ഓര്‍ക്കുമ്പോഴാണ് പ്രയാസം. അവള്‍ക്കും ബുദ്ധിമുട്ടായിരിക്കില്ലേ! പലതവണ പറഞ്ഞിരുന്നു, ഇത് നിര്‍ത്താന്‍. കുടുംബത്തെ ഓര്‍ത്ത് ഞാന്‍ ഇനി നിര്‍ത്തുന്നു.” ഇതിനു മുന്‍പ് വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം ഇറങ്ങിയത്. ആ വാക്കുകള്‍ അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. വര്‍ഷങ്ങളായുള്ള ഭാര്യയുടെ ആഗ്രഹവും പ്രാര്‍ഥനയും ഒടുവില്‍ ഫലം കണ്ടു. ഒരു ദുശ്ശീലവും പാടേ ഉപേക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കാല് നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ മാത്രമാണ് സിഗററ്റ് ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായത്.
ഈ തീരുമാനം കുറച്ച് മുന്‍പ് എടുത്തിരുന്നുവെങ്കില്‍ ഇത്രയും വേദന സഹിക്കേണ്ടതായി വരില്ലായിരുന്നു. പലപ്പോഴും കുറവുകളെ തിരുത്താന്‍ മറ്റുള്ളവര്‍ നമ്മെ ഉപദേശിക്കുമ്പോള്‍, അതെല്ലാം അരോചകമായി തോന്നിയേക്കാം. എന്നാല്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ ആ കുറവുകളും ശീലങ്ങളും പതിയെ നമ്മെ നാശത്തിലേക്ക് എത്തിച്ചേക്കാം. അപ്പോഴും പ്രിയപ്പെട്ടവര്‍ നമുക്കായി പ്രാര്ഥിക്കുന്നുണ്ടാകും.
ആ സ്നേഹമല്ലേ നമ്മെ മുന്നോട്ട് നയിക്കുന്നതും.
പിന്കുറിപ്പ്
ഒന്നിനെ കുറിച്ചും ആകുലരാകാതിരിക്കാന് വിശുദ്ധഗ്രന്ഥം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആകുലതകള്‍ ഏറുമ്പോള്‍ പ്രാര്‍ഥനയുടെ കവചം എടുക്കാന്‍ നാം ഓര്‍മിക്കുക. അപ്പോള്‍ നിരാശയിലേക്ക് നാം പതിക്കുകയില്ല. ”നിദ്രാവിഹീനതയാലുള്ള ഉത്കണ്ഠ മയക്കം ഇല്ലാതാക്കും; കഠിനരോഗം നിദ്രാഭംഗംവരുത്തും” – പ്രഭാഷകന്‍ 31: 2. ഉറക്കം നഷ്ടപ്പെടുമ്പോള്‍ നമ്മിലെ കാര്യപ്രാപ്തിയും കുറഞ്ഞുപോയേക്കാം. തന്മൂലം അലസതയിലേക്ക് വഴുതിവീഴുകയും ചെയ്യാം. കൂടുതല്‍ പാപകരമായ അവസ്ഥയിലേക്ക് നാം നടന്ന് അടുത്തേക്കാം. പ്രതിസന്ധികളില്‍ പ്രാര്‍ഥിക്കാന്‍ സാധിക്കുന്നത് നമ്മിലെ ബോധ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഹൃദയം എപ്പോഴും ദൈവത്തില്‍ കേന്ദ്രീകരിക്കുന്നവര്‍ക്ക് ഒന്നും പ്രയാസമായിരിക്കുകയില്ല. അതിനായി നമ്മുടെ സമയം ദൈവത്തിന് കൊടുക്കേണ്ടത് ആവശ്യമാണുതാനും. നമ്മുടെ നിക്ഷേപം ഈ ലോകജീവിതത്തെ ലക്ഷ്യം വച്ച് കൊണ്ടാണോ? എങ്കില്‍ നമുക്ക് തെറ്റു പറ്റിയിരിക്കുന്നതായി വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നു. ” നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” – ലൂക്കാ 12: 34. ഈ വചനം ആത്മീയജീവിതത്തിന്റെ അടിത്തറയാകുമ്പോള്‍ തിന്മനിറഞ്ഞ ചിന്തകളും ലൗകിക സുഖത്തിനായി വെമ്പല്‍കൊള്ളുന്ന ഹൃദയവും നമ്മെ വിട്ടകലുന്നു. ഏത് ദുശ്ശീലവും മാറ്റാന്‍ അവിടെ നമുക്ക് സാധിക്കുകയും ചെയ്യുന്നു.