വെളളറട: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. തിരുന്നാൾ ദിനത്തിൽ രാവിലെ മുതൽ തന്നെ വിശ്വാസികൾ മല കയറി തുടങ്ങി.
സംഗമ വേദിയിൽ നിന്നും കുരിശിന്റെ വഴി പ്രാർത്ഥനയും ചൊല്ലി നൂറ് കണക്കിന് തീർത്ഥാടകരാണ് കുരിശുമല കയറിയത്. നാടിന്റെ നാനാഭാഗത്ത് നിന്നും പല ഗ്രൂപ്പുകളായിട്ടാണ് തീർത്ഥാടകർ എത്തിയത്. നെറുകയിൽ രാവിലെ 9 മണി മുതൽ ജപമാല, ലിറ്റി നി, നൊവേന, കുരിശിന്റെ വഴി, കുരിശിന്റെ നവ നാൾ പ്രാർത്ഥന എന്നിവ നടന്നു.
വൈകുന്നേരം 5 മണിക്ക് സംഗമ വേദിയിൽ നടന്ന ആഘോഷമായ വിശുദ്ധ കുരിശിന്റെ നവ നാൾ ദിവ്യബലിയ്ക്ക് കുരിശുമല സ്പിരിച്ച്വൽ ആനിമേറ്റർ ഫാ. ജെറാൾഡ് മത്യാസ് മുഖ്യകാർമികത്വം വഹിച്ചു. കുരിശുമല ഡിവൈൻ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി.തെക്കൻ കുരിശുമല തീർത്ഥാന കമ്മിറ്റി തിരുന്നാളിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി.