സംവിധായകന്, സംഗീത സംവിധായകന്, ഗാനരചയിതാവ്, നാടകകൃത്ത്, ചിത്രകാരന്, നാടന്‍ പാട്ടുകാരന്, ശില്പ കലാകാരന്, കരകൗശല പരിശീലകന്, ആയിരത്തിലധികം പാട്ടുകളുടെ സ്രഷ്ടാവ് എന്നിങ്ങനെ സിബി പീറ്ററെന്ന സിബി ഇറക്കത്തിലിനെ സകലകലാവല്ലഭന് എന്നു തന്നെ വിശേഷിപ്പിക്കാം.
കോട്ടയം-കീഴ്ക്കുന്നില്‍ ഓണഘോഷപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞ് വീണതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഈ അതുല്യ കലാകാരന്റെ അന്ത്യം.
ഒരു ഡസനിലേറെ വ്യത്യസ്ത അഭിരുചികളും കലാപ്രവര്‍ത്തനങ്ങളും സിബി ഒരുമിച്ചുകൊണ്ടുപോയിരുന്നു. താന്‍ എന്തും ആത്മാര്‍ഥമായി മാത്രമേ ചെയ്യൂവെന്ന് സിബി ഒരിക്കല്‍ ജീവനാദത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വീട്ടില്‍ ആരും അറിയപ്പെടുന്ന കലാകാരന്മാര് അല്ല. അമ്മാവന്മാരില് ഒരാള്‍ ചിത്രകാരന് ആയിരുന്നു.
ചേച്ചിയും ചേട്ടനും ഇടവക പള്ളിയായ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചിലെ ആദ്യകാല ക്വയര്‍ ടീമില്‍ പാട്ടുകാര്‍ ആയിരുന്നു. മാതാപിതാക്കള്‍ കലയില്‍ തല്പരര് ആയിരുന്നു. തന്റെ അയല്‍വീടായിരുന്നു തന്റെ കലയുടെ കളരി. അവിടെ പ്രാര്‍ഥനാ കൂട്ടായ്മയുടെ ലീഡര്‍ ആയിരുന്ന ജോസ് ചേട്ടന് ആണ് സിബിയിലെ കലാകാരനെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്.
മേരിക്കുട്ടി ടീച്ചര്‍, ജോസ് ചേട്ടന്റെ മക്കളായ ബിനുവും അനുവും പ്രോത്സാഹനത്തിന് ഒരു കുറവും വരുത്തിയില്ല.തന്റെ തുടക്കം എല്ലാ അര്‍ത്ഥത്തിലും പരാജയമായിരുന്നുവെന്നണ് സിബി പറഞ്ഞത്.
സംഘഗാന സംഘത്തില്‍ ഇടം കിട്ടിയില്ല. പള്ളി ക്വയറിലും കൂട്ടിയില്ല. അതിനു കാരണവുമുണ്ട്. പാടാന്‍ അറിഞ്ഞാല്‍ പോര, നല്ല ശബ്ദം കൂടി വേണ്ടേ! അത് അത്രയ്ക്ക് നല്ലതായിരുന്നില്ല. അതാവും കൂട്ടുകാര്‍ മാറ്റിനിര്‍ത്തിയത്.
എന്നിട്ടും പിന്മാറിയില്ല, സ്റ്റേറ്റ് മിഷന് ലീഗ് കലോത്സവത്തില്‍ പാടി ഒന്നാമതെത്തി. നാടകകമ്പം തുടങ്ങുന്നത് ആയിടക്കാണ്. നാടകമാണ് തന്നിലെ പ്രതിഭയെ പുറത്തുകൊണ്ടുവന്നതെന്നു സിബി കരുതി. നാടകം എഴുതുകയും പഠിപ്പിക്കുകയും ചെയ്യും എന്നു വന്നതോടെ താനും കലാകാരന്മാരായ കൂട്ടുകാരില്‍ ഒരാള്‍ ആയി.
ഈ സമയത്ത് സംഗീത പഠനവും ഉണ്ടായിരുന്നു.ഒരു സംഗീത സംവിധായകന് ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. കോട്ടയം അമല നിലയത്തിലെ സിസ്റ്റര്‍ ഏലിയാമ്മ, മ്യൂസിക് പഠിക്കാന്‍ പ്രശസ്ത സംഗീത സംവിധായകന് ജോബ് മാഷിനെ ഏര്‍പ്പാടാക്കി തന്നതാണ് വഴിത്തിരിവ്.
ജോബ് മാസ്റ്റര്‍ ആണ് തന്നില്‍ സംഗീത സംവിധായകന് ഉണ്ട് എന്ന് ആദ്യം പറഞ്ഞത്. പിന്നീട് സിടിസി സഭയിലെ സിസ്റ്റര്‍ ഐറോസ് സിബിയെക്കൊണ്ട് ഗാനങ്ങള്‍ ചെയ്യിച്ചു. അവയാണ് ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഗാനങ്ങള്‍. പ്രൊഫഷണല്‍ രംഗത്തേയ്ക്ക് കൊണ്ടുവന്നത് ഗാനരചയിതാവായ ദേവലോകം ബേബിയാണ്. അദ്ദേഹത്തിന്റെ ‘ശാന്തം സുന്ദരം’ എന്ന ഗാനമാണ് എന്റെ ആദ്യ പ്രൊഫഷണല്‍ ഗാനം.
പിന്നീട് വേള്‍ഡ് വിഷനു വേണ്ടി 60 ഗാനങ്ങള്‍ ചെയ്തു. ജോസ് ക്രിയേഷന്‍സിനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ചെയ്തിട്ടുള്ളത്. ‘ഈ ദിവ്യബലിയില്‍ പങ്കുചേരാന്‍,’ ‘ദൈവമേ നീ തന്ന ദാനങ്ങള്‍’ തുടങ്ങി ഒട്ടേറെ പാട്ടുകള്‍.പ്രതിഫലേച്ഛ ഒരിക്കലും ഉണ്ടായിട്ടില്ല എന്നതായിരുന്നു സിബിയുടെ ഏറ്റവും വലിയ ഗുണം. ആരോടും കണക്കു പറയാറില്ല. സിബിക്കതു ശീലമില്ല. തന്നോട് എന്തു സഹായം ആര് ആവശ്യപ്പെട്ടാലും ആത്മാര്‍ത്ഥമായി ചെയ്തുകൊടുക്കും.
എന്തെങ്കിലും കഴിവുകളുണ്ടെങ്കില്‍ അത് ദൈവം തന്നതാകയാല്‍ അതിനു വിലയിടാന്‍ താന്‍ യോഗ്യനല്ല എന്നുള്ള ചിന്തയാണ് സിബിയെ നയിച്ചത്. ആര്‍ക്കെങ്കിലും ഒരു പാട്ട് വേണമെങ്കില്‍, ഒരു ചിത്രം, ഒരു കഥ, ഒരു നാടകം, ഒരു കഥാപ്രസംഗം എന്തും ആവട്ടെ സാമ്പത്തിക പ്രശ്നം മൂലം സാധിക്കാതെ വന്നാല്‍, അവര്‍ക്ക് തന്റെ കഴിവുകള്‍ നല്കാന് സിബി സന്തോഷത്തോടെ മുന്നോട്ടു വന്നിരുന്നു.
എസ്ജെപിഎസ് സംസ്ഥാന കലാരത്ന പുരസ്കാരം, ഡോ. കെ.ആര്. നാരായണന് ഫൗണ്ടേഷന് സംസ്ഥാന കലാപ്രതിഭ പുരസ്കാരം, കേരളോത്സവം കോട്ടയം ജില്ലാ കലാപ്രതിഭ, രണ്ടു തവണ കെസിവൈഎം കലോത്സവ കലാപ്രതിഭ, കെസിവൈഎം ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്കാരം തുടങ്ങിയവ സിബിക്ക് ലഭിച്ചിട്ടുള്ള ചില പുരസ്കാരങ്ങള്‍.
20 വര്‍ഷത്തോളം വിജയപുരം രൂപത ബൈബിള്‍ കലോത്സവത്തില്‍ തെരുവ് നാടകം ജയിച്ചിട്ടുള്ളത് സിബി സംവിധാനം ചെയ്തവയാണ്. തിരുവല്ലയില്‍ നടന്ന സര്യാ സംസ്ഥാന കലോത്സവമായ ഉത്സവില്‍ പത്തു മത്സരത്തില്‍ പങ്കെടുത്തു പത്തിലും ജയിച്ചു സ്റ്റേറ്റ് കലാ പ്രതിഭയായി. തൊട്ടടുത്ത വര്‍ഷവും അതു നിലനിര്‍ത്തി.
പോസ്റ്റര്‍ ഡിസൈനിങ്ങില്‍ ദേശീയ വിജയവും കാര്‍ട്ടൂണ്‍, പെയിന്റിംഗ് തുടങ്ങിയവയില്‍ സംസ്ഥാന തലത്തിലും വിജയിച്ചു. 50ല്‍ പരം ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ബിഗ് സ്ട്രീറ്റ് പ്ലേ പലവട്ടം നടത്തി. കോട്ടയം പുതുപ്പള്ളി വെളുക്കൂട്ട എല്‍പി സ്കൂളിന്റെ ചുമരില്‍ 182 അടി നീളവും 20 പൊക്കവും ഉള്ള ചിത്രം തനിച്ചാണ് വരച്ചുതീര്‍ത്തത്. വയലാര്‍ അനുസ്മരണത്തില്‍ വയലാറിന്റ ഗാനം ആലപിച്ചുകൊണ്ട് വയലാറിന്റെ കളര്‍ ചിത്രം വരച്ചു.
ഒരു ദിവസം കൊണ്ട് പത്തിലധികം പാട്ട് എഴുതുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുണ്ട്. അഴീക്കല്‍ പള്ളിക്കു വേണ്ടി പള്ളിയുടെ 500 വര്‍ഷത്തെ ചരിതം ഉള്‍പ്പെടുത്തി ചെയ്ത ഫാസ്റ്റ് സോംഗ് എറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ്. സംസ്ഥാന കേരളോത്സവത്തില്‍ രണ്ടു തവണ പെയിന്റിംഗ്-കാര്‍ട്ടൂണ്‍ വിജയി.
ദീപിക-ശങ്കേഴ്സ് സംസ്ഥാന കാര്‍ട്ടൂണ്‍ മത്സരവിജയി, സംസ്ഥാന-ദേശീയ പോസ്റ്റര്‍ ഡിസൈനിംഗില്‍ വിജയി, കെസിബിസി സംസ്ഥാന ബൈബിള്‍ കലോത്സവം, നാടകം, തെരുവുനാടകം മത്സരങ്ങളില്‍ നിരവധി തവണ ജേതാവ്, കെസിവൈഎം സംസ്ഥാന കലോത്സവത്തില്‍ കാര്‍ട്ടൂണ്‍, ചെരുകഥ, ലേഖനം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കൊളാഷ്, മോണോ ആക്ട്, മുദരാവാക്യരചന, പ്രസംഗം, തെരുവുനാടകം എന്നിവയില്‍ ജേതാവ്.
വിജയപുരം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, തിരുവനന്തപുരം, വരാപ്പുഴ അതിരൂപത ബൈബിള്‍ കലോത്സവങ്ങളില്‍ നാടക തെരുവ് നാടകങ്ങളില്‍ വിജയം.മുന്നൂറില്‍പ്പരം തെരുവുനാടകങ്ങള്‍ സിബി തയ്യാറാക്കിയിട്ടുണ്ട്. ലളിതഗാനം. നാടന്‍പാട്ട്, ദേശഭക്തിഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, വിപ്ലവഗാനങ്ങള്‍, ഗ്രാമീണഗാനങ്ങള്‍, അനുസ്മരണ ഗാനങ്ങള്‍ തുടങ്ങി ആയിരത്തില്‍ അധികം പാട്ടുകള്‍ സൃഷ്ടിച്ചു.
അമ്പതോളം ആല്‍ബങ്ങളും ഇരുപത്തിയഞ്ച് ഷോര്‍ട്ട്ഫിലിമുകളും സംവിധാനം ചെയ്തു. രണ്ടു പുസ്തകങ്ങളെഴുതി. സ്കൂള്‍ കലോത്സവങ്ങളില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്കൂളുകള്‍ക്ക് ദേശഭക്തിഗാനം, നാടകം, കഥാപ്രസംഗം, ലളിതസംഗീതം, സമൂഹഗാനം എന്നിവയില്‍ വിജയം നേടിക്കൊടുക്കാന്‍ സിബിക്കു കഴിഞ്ഞു.തനിക്കു ലഭിച്ചിട്ടുള്ള ഒരു ഭാഗ്യമായി സിബി കരുതിയിരുന്നത് കുറെയേറെ വിശുദ്ധരുടെയും ദൈവദാസന്മാരുടെയും ഒക്കെ പാട്ടുകള്‍ എഴുതാനും സംഗീതം ചെയ്യാനും കഴിഞ്ഞിട്ടുണ്ട് എന്നതാണ്.
വിശുദ്ധ അമ്മത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ മദര്‍ തെരേസ, വിശുദ്ധ ചാവറയച്ചന്, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ ജോണ്‍ ഓഫ് ദ് ക്രൂസ്, ധന്യ മദര്‍ ഏലിശ്വ, ധന്യന്‍ മാക്കീല്‍ പിതാവ് അങ്ങനെ ഒട്ടേറെ പുണ്യാത്മാക്കള്‍. ഇവരുടെയൊക്കെ നാടകങ്ങളും കഥാപ്രസംഗങ്ങളും രചിക്കാനും അവസരം ലഭിച്ചു.മൂന്നു സിനിമകള്‍ക്കു വേണ്ടി സംഗീതം ചെയ്തു.
നാം പദ്ധതികള്‍ കാലേകൂട്ടി വിഭാവനം ചെയ്യുന്നു, എന്നാല്‍ നമ്മുടെ കാലടികളെ ദൈവം നിയന്ത്രിക്കുന്നു എന്നായിരുന്നു സിബിയുടെ കാഴ്ചപ്പാട്. സിബിയുടെ ഭാര്യ സനിത. മക്കള്‍: സിംഫണി അഡ്ലേയ്ഡ് ഏലിശ്വ, സിബിസണ്‍ ഗോഡ്സെന്ഡ്, സീ അന്ന ഹാര്‍മണി.