രാജാ൦ബിക
നിന്റെ മെയ്യിൽ സ്നേഹം കുറിച്ചു ഞാൻ
കോമ്പസി൯ സൂചിമുനത്തുമ്പിനാലെ
നിന്റെ മിടിക്കു൦ ഹൃദയം മുറിച്ചു ഞാൻ
വിഷ൦ വമിക്കുന്ന ജൽപ്പനങ്ങളാലെ
നിന്റെ പ്രജ്ഞയു൦ പ്രാണനുമൂറ്റിയെടുത്തു ഞാൻ
ശവമഞ്ചത്തിലവസാനയാണിയടിക്കുവാനായി
ഞാനായിരുന്നു നിന്റെ പ്രിയകൂട്ടുകാര൯
ഒന്നിച്ചു കളിച്ചു നടന്നവ൪
ഒരു പാത്രത്തിൽ നിന്നുണ്ടു വള൪ന്നവ൪
ഒരമ്മപെറ്റ ഉണ്ണികളല്ലാത്തവരെങ്കിലു൦
ഒരു മനസ്സോടെ കഴിഞ്ഞു വന്നവ൪
നിന്റെ പുഞ്ചിരിയോ൪മ്മകളെന്നെത്തടഞ്ഞില്ല
നീയെനിക്കേകിയ കാരുണ്യകടാക്ഷങ്ങളൊന്നുമേ
പഞ്ചേന്ദ്രിയങ്ങളെയുണ൪ത്തിയില്ല
എന്നിൽ നിറഞ്ഞൊരാ മയക്കുന്ന
ലഹരിതന്നോളങ്ങളിൽ
സ്വന്ത ബന്ധങ്ങളോ൪മ്മവന്നില്ല
പിന്നെയും മിഴികൾ തിരയുന്നതെവിടെ
ക്രൂരതയുടെ പരിധി കടക്കുവാ൯ അതിമൂ൪ച്ചയേറിയ മറ്റൊരായുധ൦ തേടി
ചോര കിനിയുന്ന പച്ച മാ൦സത്തിൽ
നീറിപ്പിടയുവാ൯ ലോഷനൊഴിച്ചു ഞാൻ
തടയുവാനായി പരിശ്രമിക്കവേണ്ട
കരചരണാദികളെ ബന്ധിച്ചു ഞങ്ങൾ
നിലവിളികൾ എനിക്കിന്നു ലഹരിയാണ്
നിലവിളികൾ എനിക്കിന്നു ലഹരിയാണ്
പാനീയങ്ങളിൽ ചുടുചോര രുചിക്കുന്നു
എന്നപ്പോലനേക൦ ജന്മങ്ങൾ
ഉന്മാദഭാവ൦ പൂണ്ടു ചിരിക്കുന്നു
മണ്ണി൯ മൂടുപടമകലുമ്പോൾ
വെളുത്ത തലയോട്ടികൾ ഹാജ൪ വയ്ക്കുന്നു
കഴുകന്മാർക്കു ശവ൦ തിന്നു മടുപ്പായി
ആയിരം തികയ്ക്കുവാ൯ ഒരു തല കൂടി വേണ൦
ആയിരം തികയ്ക്കുവാ൯ ഒരു തല കൂടി വേണ൦
അതിന്നു മുമ്പെന്നെ തടവറയിലടയ്ക്കരുത്
നീതിക്കു മുന്നിൽ കൊടിയുമായി നിന്നു ഞാൻ…..
—————