കവർ സ്റ്റോറി / രാജാംബിക
(കേരള പീഡിയ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ അസോസിയേറ്റ് എഡിറ്ററാണ് ലേഖിക)
എനിക്ക് തലസ്ഥാനത്ത് നടത്തേണ്ട ഒരു ഓണപ്പരിപാടിയിലേക്ക് മുതലപ്പൊഴിയ്ക്ക് സമീപമുള്ള പൂത്തറയിലെ വികാരിയച്ചനെയും അവിടത്തെ തിരുവാതിര ടീമിനെയും ക്ഷണിക്കേണ്ട ആവശ്യമുണ്ടായിരുന്നു. മുന്‍പ് ഫോണില്‍ സംസാരിച്ച് കൂടിക്കാഴ്ച ഉറപ്പിച്ചിരുന്നതാണ്. പൂത്തറ പളളിയില്‍ അവരുടെ മെഗാ തിരുവാതിര നടക്കുന്നു. അത് കാണുകയും ചെയ്യാം.
കമ്മിറ്റിയുടെ തീരുമാനപ്രകാരം ഞാനും ‘തീരദേശത്തിന്റെ ശബ്ദ’മായ ജോണ്‍ ബോസ്കോ ചേട്ടനും കൂടി പൂത്തറ പോകാന്‍ തയ്യാറായി. ജോണ്‍ ബോസ്കോ ചേട്ടനെ കൂട്ടാനായി പിറ്റേന്ന് ഞാന്‍ ശംഖുമുഖത്ത് എത്തി.

രാജാംബിക
മുമ്പ് ഡ്രൈവിംഗ് പഠിച്ചപ്പോള്‍ എച്ച് എടുത്ത് പഠിച്ച ഗ്രൗണ്ടിന് വെളിയില്‍ കാര്‍ ഒതുക്കി. മെല്ലെ അന്നത്തെ ഓര്‍മ്മകളിലേയ്ക്ക് ഒരു നിമിഷം അലിഞ്ഞിറങ്ങി.
ഡ്രൈവിങ്ങിന് മാത്രമല്ല, സര്‍വ്വെ സ്കൂളില്‍ പഠിച്ചപ്പോഴും റെക്കോര്‍ഡ്സില്‍ വയ്ക്കാനായി ശംഖുമുഖത്ത് നാല്പതോളം ഏക്കര്‍ അളന്നു വരച്ചു കൊടുക്കണമായിരുന്നു. ഞങ്ങള്‍ പലപല സംഘങ്ങളായി തിരിഞ്ഞ് സര്‍വ്വേ ചെയ്തിരുന്നു. അങ്ങനെ അവിടുത്തെ മുക്കും മൂലയും ഞങ്ങള്‍ക്ക് പരിചിതമാണ്. ഞാന്‍ മെല്ലെ ബീച്ചിലേക്ക് നടന്നു. ബീച്ച് എന്ന് പറയാന്‍ ഒന്നുമില്ല. മുമ്പ് കണ്ട ബീച്ച് ആയിരുന്നില്ല.
നടപ്പാതകള്‍ പോലും തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന ശംഖുമുഖം. പാദങ്ങളെ, കയര്‍ കെട്ടിയിരിക്കുന്നതിന്റെ ഇടയിലൂടെ കൈപ്പിടിയിലൊതുക്കാന്‍ വെമ്പല്കൊണ്ടുയര്ന്നു വരുന്ന വെളുത്തു നുരയുന്ന തിര.
ഒരു വശം തകര്‍ന്ന വീടിന്റെ പൊളിഞ്ഞ ജനാലയുടെയും വാതിലിന്റെ ഇടയിലൂടെ കാണുന്ന കടലിന്റെ രൂക്ഷഭാവം…
നക്ഷത്രത്തിന്റെ ആകൃതിയിലുള്ള കെട്ടിടത്തില്‍ ഹോട്ടലില്‍ അത്യാവശ്യം നല്ല തിരക്ക്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുട്ടികള്‍ തീര്‍ത്ത തിരക്കിന്റെ വിസ്മയം കണ്ടു നടന്നപ്പോള്‍ ജോണ്‍ ബോസ്കോ ചേട്ടന്റെ വിളി വന്നു. ‘ഞാനിവിടെ കാറിനടുത്തുണ്ട്. മാഡം…എവിടെ ? ‘. കാഴ്ചകളുടെ നൊമ്പരവും ശീവേലിയും അവിടെയുപേക്ഷിച്ച് മനസ്സിനെ തട്ടിയുണര്‍ത്തി ഞാന്‍ വേഗം തിരിച്ചു നടന്നു.
അലങ്കാരങ്ങളില്ലാത്ത തിളങ്ങുന്ന തലയില്‍ തലോടി ജോണ്‍ ബോസ്കോ ചേട്ടന് നിഷ്കളങ്കമായി ചിരിച്ചു. ചക്രങ്ങള്‍ ടാറിട്ട റോഡില്‍ വരകള്‍ തീര്‍ത്തു. വഴിനീളെ ചേട്ടന് കടല്‍ കെടുതികളെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അശാസ്ത്രീയ നിര്‍മ്മിതികള്‍ കാരണം ആഴക്കടല്ഭാഗത്തെ ആവാസ വ്യവസ്ഥയും ജനവാസ മേഖലകളും തകര്‍ന്നു കൊണ്ടിരിക്കുന്ന അവസ്ഥ.
ബ്ലൂ ഇക്കോണമിയുടെ മറവില്‍, വികസനത്തിന്റെ പ്രതീക്ഷയില്‍ നടക്കുന്ന വൈരുദ്ധ്യങ്ങള്‍… പാരിസ്ഥിതിക ആഘാതങ്ങള്‍…
പുറത്തു മഴ മുന്‍വശത്തെ കണ്ണാടിയില്‍ ചിത്രങ്ങള്‍ തീര്‍ത്തു. നീണ്ട മഴയല്ല. ഇടയ്ക്കിടെ പെയ്യുന്ന, എന്നാല്‍ കിടപ്പാടമില്ലാത്തവരെ അസ്വസ്ഥരാക്കുന്ന മഴ. മണ്‍സൂണ്‍ എന്നാല്‍ മഴയല്ല, കാറ്റാണ് എന്ന് തിരിച്ചറിഞ്ഞത് ബോസ്ക്കോ ചേട്ടനില്‍ നിന്നാണ്. മണ്‍സൂണില്‍ കാര്‍മേഘങ്ങള്‍ തെക്ക് പടിഞ്ഞാറെത്തുന്നു…മഴ…ശക്തിയേറിയ കാറ്റില്‍ തിരകള്‍ ഉയരും… കടലമ്മ രതിവിഭ്രാന്തിയോടെ ഇളകിയാടും…ഒഴുക്ക് …ജൈവവൈവിധ്യങ്ങള്‍ മുട്ടയിട്ടു പെരുകുന്നു…കടലൊഴുക്കിനെ തടയുന്ന നിര്‍മ്മിതികള്‍ കടലിനെ കലിതുള്ളിക്കുന്നു… മണ്ണൊലിപ്പില്‍ കരയെ കാര്‍ന്നെടുക്കുന്നു…
കാറിന്റെ ചില്ലില്‍ പതിക്കുന്ന ജലകണങ്ങളുടെ ഒഴുക്ക് നിന്നു.
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രശ്നങ്ങള്‍… തിരമാല പോലെ. പൂത്തറ എത്തിയത് അറിഞ്ഞതേയില്ല.
ഞങ്ങള്‍ മേടയിലേക്ക് പോയി ഒരു പള്ളിയും അത്യാവശ്യം നല്ല പാര്‍ക്കിംഗ് ഏരിയയും. പുതിയതെന്നു തോന്നുന്ന ഒരു കെട്ടിടം…അതാണ് ഫാദറിന്റെ വിശ്രമ സ്ഥലം. മറ്റ് അതിഥികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു കെട്ടിടം. മുറ്റത്തവിടവിടെയായി തിരുവാതിരയില്‍ പങ്കെടുക്കേണ്ട സഹോദരിമാര്‍ ഭംഗിയായി പൂവ് വച്ച് കാശുമാലയും ധരിച്ച് യൂണിഫോമില്‍ വിശേഷങ്ങള്‍ പറഞ്ഞു നില്ക്കുന്നു. ആകാശത്തിന്റെ കാളിമ പ്രതിഫലിച്ച മുഖങ്ങള്‍. ഞങ്ങള്‍ എത്തുമ്പോള്‍ ഫാദര്‍ അവിടെ ഉണ്ടായിരുന്നില്ല. ഒരു സഹായി മാത്രം. മഴക്കോളുളളതുകൊണ്ട് കളി ഒരു മണിക്കൂര്‍ നീട്ടിവച്ചെന്ന്. അച്ചനെ അവിടെനിന്ന് ഫോണ്‍ ചെയ്തു നോക്കി. അകത്തു ബെല്‍ മുഴങ്ങി. എടുക്കുന്നില്ല. ഫോണ്‍ അവിടെ വച്ചിട്ടായിരുന്നു പോയതെന്ന് സഹായി പറഞ്ഞു. അടുത്തെവിടെയെങ്കിലുമുണ്ടാകും.
കടലിലേക്ക് ചായുന്ന വീടുകള്‍
റോഡിന്റെ എതിര്‍വശം കടലിന്റെ ഹുങ്കാരം മുഴങ്ങുന്നു. ഒരുവരി വീട് മറഞ്ഞിട്ട് നേരില്‍ കാണാന്‍ കഴിയുന്നില്ല. ഞങ്ങള്‍ റോഡിനോരം ചേര്‍ന്ന് നടന്നപ്പോള്‍ കുറച്ചു മുമ്പ് അവിടെ ഒരു വീട്ടില്‍ സുഖമില്ലാത്ത ആളിനെ നോക്കി ഫാദര്‍ പോയതായി ഒരു അറിവ് കിട്ടി. ഫാദറിനെ അവിടെ തിരക്കാം എന്ന് കരുതി നടന്നു.
കുറച്ചപ്പുറത്ത് ഒരു വീട് കണ്ടപ്പോള്‍ സുഹൃത്തായ ഒരാളിന്റെ വീടെന്നു പറഞ്ഞ് ജോണ്‍ ബോസ്കോ ചേട്ടന് തിരിഞ്ഞു. അവിടത്തെ ഗൃഹസ്ഥ, സുഹൃത്ത് വന്ന വിവരം അറിയിക്കാന്‍ അകത്തേയ്ക്കു പോയി. അപ്പോള്‍ ‘കയറി വാ’.. എന്ന് അകത്തുനിന്നൊരു വിളി. ‘ഒരു മിനിറ്റ് . ഇപ്പോള്‍ വരാം’ എന്ന് പറഞ്ഞ് ചേട്ടന് ആ വീട്ടിലേക്ക് കയറിപ്പോയി.
രണ്ടു വീടുകള്‍ക്കിടയിലൂടെ കടലിനെ കാണാന്‍ നീങ്ങിയ ഞാന്‍ ഞെട്ടിത്തരിച്ചു പോയി. ഏതു കഠിന ഹൃദയനേയും വേദനിപ്പിക്കുന്ന കാഴ്ച. റോഡിന് ഇരുവശത്തും കാണപ്പെട്ട ചെറിയ വീടുകള്ക്കിപ്പുറത്തെ കാഴ്ച…കടലിനോട് ചേര്‍ന്നുള്ള രണ്ടാമത്തെ വരി വീടുകള്‍ എല്ലാം കളിപ്പാട്ടം കണക്കെ കടലിലേക്ക് മറിഞ്ഞു കിടക്കുന്നു…വെട്ടി കീറി വച്ച പോലെ ചുവരുകള്‍ സണ്‍ഷെയ്ഡും ടെറസും എല്ലാം കുത്തനെ നില്ക്കുന്നു… അതിന്നിടയിലൂടെ അലറിക്കുതിച്ച് എത്തുന്ന കുപിതയായ കടല്‍. റോഡില്‍ നിന്ന് ഒരു അഞ്ചു മീറ്റര്‍ വ്യത്യാസമേയുളളു.
ഉപ്പുവെളളത്തില്‍ ദ്രവിച്ച തുണിയുടെ അവശിഷ്ടങ്ങളും ചുടുകല്ലിന്റെ കഷണങ്ങളും കോണ്‍ക്രീറ്റിന്റെ പൊളിഞ്ഞ അവശിഷ്ടങ്ങളും കൊണ്ട് അങ്ങോട്ട് കാലുകുത്താന്‍ വയ്യാത്ത അവസ്ഥ.
ഞാന്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു. ആദ്യം കുറച്ചു ഫോട്ടോകള്‍ എടുത്തു. വീഡിയോ എടുത്ത സമയം ആരോ ദേഷ്യപ്പെടുന്നത് കേട്ട് തിടുക്കത്തില്‍ ക്യാമറ ഓഫ് ചെയ്തു. ഇടതു വശത്തെ വീടിന് അകത്തെ പൊളിഞ്ഞ ചുവരിന് ഇടയിലൂടെ ഒരു പ്രായം ചെന്ന സ്ത്രീ എന്നെ നോക്കി ഉച്ചത്തില്‍ ആക്രോശിക്കുന്നു. വേറെ സ്ത്രീകള്‍ അങ്ങോട്ടേക്ക് വന്നു എനിക്കു ചുറ്റും പൊതിഞ്ഞു. ഞാന്‍ അവരുടെ കൈകളിലേക്ക് നോക്കി. ഭാഗ്യം ആയുധം ഒന്നുമില്ല. ഞാന്‍ ഫോട്ടോ എടുക്കുന്നതു കണ്ടിട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആരോ ആണെന്ന് അവര്‍ എന്നെപ്പറ്റി ചിന്തിച്ചതാണ്.
‘ കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണ്ടാ? നിങ്ങള്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്തു?. കുറെ റേഷന്‍ അരിയും കുറച്ച് നക്കാപ്പിച്ചയും തന്നാ ഞങ്ങള്‍ എത്രടം പിടിച്ചുനില്ക്കും? എന്നാ ഉദ്യോഗസ്ഥര്‍ സുഖമായിട്ട് കിടന്നുറങ്ങുന്നുണ്ടല്ലോ. മന്ത്രിമാര്‍ വിലസി നടക്കുന്നല്ലോ. അവര്‍ക്ക് ഞങ്ങളുടെ ബുദ്ധിമുട്ട് അറിയണോ. ഈ സ്ഥലത്ത് അവര്‍ ആകെ വരുന്നത് വോട്ടിന് വേണ്ടി മാത്രമാണ്. ഇന്ന് ഞങ്ങളുടെ ശവത്തിന്റെ ഫോട്ടോ ആണോ നിങ്ങള്‍ക്ക് വേണ്ടത്? ‘. അവര്‍ കടലിനൊപ്പം കലിതുള്ളി.
ബഹളം കേട്ട് അപ്പുറത്തെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരുന്ന ജോണ്‍ ബോസ്കോ ചേട്ടന് ഇറങ്ങിവന്നു. ആക്രോശം എന്നോടാണെന്ന് മനസ്സിലായപ്പോള്‍ വേഗം അടുത്തേക്ക് വന്നു. ‘എന്തുപറ്റി.. മാഡം, എന്താ ഇവിടെ നടക്കുന്നത് ? ‘
എന്തെങ്കിലും സംസാരിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. വിലപ്പെട്ട ജീവിതം, ഇഷ്ടമില്ലാത്ത നരകത്തില്‍ ജീവിച്ചു തീര്‍ക്കുന്നവരെ കുറിച്ച് എന്ത് പരാതി പറയാനാണ് ?
ആകാശത്ത് കറുത്ത മേഘങ്ങള്‍ നിറഞ്ഞു താഴേയ്ക്ക് വരാറായിട്ടുണ്ട്. ഉപ്പുവെള്ളത്തില്‍ അരയ്ക്കു താഴെയുള്ള വേരുകള്‍ പുറത്തു കാണിച്ച് ഇപ്പോള്‍ വീഴും എന്ന് പറഞ്ഞു നില്ക്കുന്ന മണ്ട ഇല്ലാത്ത തെങ്ങുകള്‍. മറിഞ്ഞു കിടക്കുന്ന വീടിന്റെ അടിത്തറ വൃദ്ധന്റെ കൊഴിയാറായ ദന്തങ്ങള്‍ പോലെ തോന്നിച്ചു. അതിന്നിടയില്‍ കൂടി ഞണ്ടുകള്‍ ഓടി വന്ന് തല പൊന്തിച്ചു നോക്കി. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കരിങ്കല്‍ അട്ടിയിട്ട അതിരിന് മുകളില്‍ കൂടി പാഞ്ഞു വന്ന് തലതല്ലി ചിതറുന്ന വന്‍തിരകള്‍.
‘ നിങ്ങള്‍ മേഡത്തിനെ ഒന്നും പറയരുത്. അവര്‍ എന്തു ചെയ്തു ? ‘- ജോണ്‍ ബോസ്കോ ചേട്ടന് അവരുടെ സ്വന്തം ആളെന്ന നിലയില്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഒരു സ്ത്രീ എന്റെ കഴുത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് വായിച്ചെടുത്തു. ‘ നിങ്ങള്‍ ചാനലിന്റെ ആളാണോ ? രണ്ടുവര്‍ഷംകൊണ്ട് പലരും വരുന്നു. വീഡിയോ എടുക്കുന്നു. സീരിയല്‍ നിര്‍മ്മിക്കുന്നു. സിനിമ നിര്‍മ്മിക്കുന്നു. കോടികള്‍ ഉണ്ടാക്കുന്നു. പക്ഷേ ഞങ്ങള്‍ക്കൊന്നും തരുന്നില്ല. വരുമ്പോള്‍ എല്ലാവരും പറയും നിങ്ങളുടെ പ്രശ്നങ്ങളെ പുറത്തറിയിക്കാനാണെന്ന്. എന്നിട്ട് ഇതുവരെയും സഹായിക്കാന്‍ ആരും വന്നില്ലല്ലോ? ഞങ്ങള്‍ക്ക് മാറിയുടുക്കാന്‍ ഒരു തുണിയെങ്കിലും തരുന്നുണ്ടോ ? സുനാമി വന്നു. ഓഖി വന്നു…വിദേശത്ത് നിന്ന് മലയാളികള്‍ കോടികള്‍ അയച്ചു. കേന്ദ്രത്തില്‍ നിന്നും കിട്ടി കോടികള്‍…പക്ഷേ ഒരു തരത്തിലും ഞങ്ങളെ സഹായിച്ചില്ല.’
ഗവണ്മെന്റിനോടുള്ള പരാതിയുടെ അണക്കെട്ടുകള്‍ എന്റെ നേരെ പ്രവഹിപ്പിക്കുകയാണ് അവര്‍. ഈ പ്രവാഹം തിരകളെക്കാള്‍ ശക്തമാണ്. ഞാന്‍ മൂകയായി കേട്ടുനിന്നു.
ജോണ്‍ ബോസ്കോ ചേട്ടന് അത് വിഷമം തന്നെയായിരുന്നു. തീരസംരക്ഷണത്തിനു വേണ്ടിയാണല്ലോ The Emerging Coast (TEC) എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി ജോണ്‍ ബോസ്ക്കോ ചേട്ടനും ഞങ്ങളുമൊക്കെ അതില്‍ പ്രവര്‍ത്തിക്കുന്നത്. കടപ്പുറത്തെ വനിതകളുടെ നാവ് ഒന്നാംതരമായി ആള്‍ക്കാരെ അരിഞ്ഞിടും, സൂക്ഷിച്ച് ഇടപെട്ടില്ലെങ്കില്‍. ആളുകളെ വകഞ്ഞുമാറ്റിയ ചേട്ടന്റെ പിന്നാലെ ഞാന്‍ ആരുടെയും മുഖത്ത് നോക്കാതെ നടന്നു.
‘ഓ… നിങ്ങള്‍ക്ക് ഇവര്‍ പൈസ തന്നിട്ടുണ്ടായിരിക്കും അല്ലേ… ? ഇവിടെ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്നും പൈസ വാങ്ങിച്ച് ജനങ്ങളെ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി ഓരോരുത്തരു നടക്കുന്നുണ്ട് ‘. തന്നെ ചതിയന്‍ ആക്കിയത് കേട്ട ഭാവം നടിക്കാതെ ചേട്ടന് മുന്നോട്ടു നടന്നു.
അപ്പോഴാണ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു വീണ്ടും രണ്ടുപേര്‍ മരിച്ച കാര്യം ജോണ്‍ ബോസ്കോ ചേട്ടന് പറയുന്നത്. തുടര്‍ മരണങ്ങളാണ് ആള്ക്കാര് ഇത്രയും രോഷാകുലരാകാന്‍ കാരണം. മണല്‍ക്കൂനയില്‍ തട്ടി വള്ളം മറിയുന്നത് ആദ്യത്തെ സംഭവമല്ല. എത്രയോ പേരുടെ ജീവന് അവിടെ പൊലിഞ്ഞിരിക്കുന്നു. തുറയിലെ ജനങ്ങള്‍ ആകെ പ്രക്ഷുബ്ധരായി മാറിയിരിക്കുകയാണ്. എങ്ങും സമരം, പ്രകടനങ്ങള്‍.. കൊടികളുടെ നിറമാല…
തര്ക്കിച്ചിട്ടൊരു കാര്യവുമില്ല. റോഡ് സൈഡിലെ ചെറിയ വീടിന്റെ ഉമ്മറത്ത് വീല്‍ചെയറില്‍ കൂട്ടുകാരന് ഇരിപ്പുണ്ടായിരുന്നു. സഹായവുമായി ആരെങ്കിലും വരുന്നുണ്ടോ എന്ന് കാത്തിരിക്കുന്നവരല്ലേ അവര്‍? മണ്‍സൂണില്‍ വള്ളമിറക്കാനും പറ്റില്ലല്ലോ. ആ മനുഷ്യന്റെ മുഖത്ത്, മുമ്പ് ജീവിച്ച ആഢംബരത്തിന്റെ ശവം നാറിപ്പൂക്കള്‍.
‘ഞങ്ങള്‍, ഫാദറിവിടെ ഉണ്ടെന്ന് പറഞ്ഞതുകേട്ടു വന്നതാണ്. ഇനി പൊയ്ക്കോട്ടെ ? ‘ . ജോണ്‍ ബോസ്കോ ചേട്ടന് യാത്ര പറഞ്ഞപ്പോള്‍ ആ നരച്ച താടികളിലൂടെ വിരലോടിച്ച് ആ മനുഷ്യന് പറഞ്ഞു.
‘എന്റെ ആയുസ്സിന്റെ വളരെ വലിയ ഒരു അളവ് ഗള്‍ഫില്‍ ആയിരുന്നു. അതെല്ലാം കൂടി സ്വരുക്കൂട്ടിയാ വീട് വച്ചത്. വലിയ സ്വപ്നമായിരുന്നു ഒരു ഇരുനില വീട്. ഞങ്ങള്‍ അതില്‍ ജീവിച്ചു കൊതി തീര്‍ന്നില്ല. ഒരു ദിവസം രാത്രി ഉറങ്ങിക്കിടന്നപ്പോള്‍ കടല്‍ കയറിയാണ് വീട് തകര്‍ന്നത് ചുവരിടിഞ്ഞ് പുറത്തു കൂടി വീണു ഒരു മകന് മരിച്ചുപോയി. എന്റെ കാലിന്റെ എല്ല് ഞെരിഞ്ഞു തകര്‍ന്നു. ഇന്ന് ജോലി ചെയ്യാന്‍ ആരോഗ്യമില്ല. ഞങ്ങള്‍ എങ്ങനെ ജീവിക്കും സാറേ…? ‘ ആ മനുഷ്യന് ഇരുകൈകളാലും മുഖം പൊത്തി തേങ്ങി.
ആശ്വസിപ്പിക്കാന്‍ പോലും ആകാതെ ഞങ്ങള്‍ തിരിഞ്ഞു നടന്നു. പളളിമുറ്റത്ത് എത്തിയപ്പോള്‍ ഫാദര്‍ ഒരാളിന്റെ ബൈക്കില്‍ അവിടെ വന്നിറങ്ങി. ‘അടുത്ത് ഒരാവശ്യമായി പോയതാ. വരൂ.’ സ്നേഹപൂര്‍വ്വം ഫാദര്‍ ക്ഷണിച്ചു. തിരുവാതിര ആസ്വദിക്കാനുളള മാനസികാവസ്ഥ ഇല്ലായിരുന്നു എങ്കിലും എന്തും നേരിടാന്‍ മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നു ഞങ്ങള്‍ മീഡിയക്കാര്. പക്ഷേ കളി തുടങ്ങാന്‍ താമസിക്കുമായതുകൊണ്ട് ക്ഷണം നന്ദിപൂര്‍വ്വം നിരസിച്ച് ആഗമനോദ്ദേശ്യം വെളിപ്പെടുത്തി സമ്മതവും വാങ്ങി ഞങ്ങള്‍ കാറില്‍ കയറി.
ഒരു വിഭാഗം ജനതയുടെ സ്വപ്നവും ജീവിതരീതിയും പാടെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി. കടല്ത്താളം, കളിസ്ഥലങ്ങള്‍, വല കേടുതീര്‍ക്കുന്ന സ്ഥലങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ല. അന്യമാകുന്ന കിടപ്പാടം. ഗോഡൗണുകളില്‍ അഭയം ഒരുക്കുന്ന അധികാരികള്‍. മുന്‍കാലങ്ങളില്‍ ആ സ്ഥലത്ത് വന്ന വിദേശികള്‍ എറിഞ്ഞു കൊടുത്ത നാണയത്തുട്ടുകള്‍ പെറുക്കിയ ആള്ക്കാര് ഇപ്പോള്‍ കുറച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ചവരെ കാണുമ്പോള്‍ വീണ്ടും കൈ നീട്ടുന്നു… ‘എനിക്ക് ക്യാന്‍സര്‍ ആണ്… ‘ . ‘എന്റെ ഭര്‍ത്താവ് കിടപ്പിലാണ്…’ . ‘ ഞങ്ങള്‍ക്ക് ജീവിക്കാന്‍ നിവര്‍ത്തിയില്ല…’ . പ്രതീക്ഷയോടെ നീളുന്ന കൈകള്‍… ആ മുഖങ്ങളിലേക്ക് നോക്കി എന്ത് മറുപടിയാണ് പറയേണ്ടത് ? .
മനസ്സിലെ സംഘര്‍ഷം ഭാരം കൂട്ടി. നിസ്സഹായതയോടെ തിരിയുമ്പോള്‍, ‘ പിന്നെ എന്ത് കാണാനാണ് ഇങ്ങോട്ട് വന്ന’തെന്ന ഭാവം… ദൈന്യത മാറി അവിടെ രോഷത്തിന്റെ അഗ്നി ജ്വലിക്കുന്നു.
മനുഷ്യരെന്ന പരിഗണനപോലും ലഭിക്കാത്ത ആഘോഷങ്ങളില്ലാത്ത കുറെ പച്ച മനുഷ്യരുടെ പ്രശ്നങ്ങളും രോദനങ്ങളും യാത്രയിലുടനീളം അലട്ടി. ചിലര്‍ ഓണപ്പായസം പോലെ മധുരമുള്ള കാണാന്‍ ഭംഗിയുളള, ആകര്‍ഷകമായ കാര്യങ്ങള്‍ ഇഷ്ടപ്പെടും. പാവയ്ക്ക പോലെ കാഞ്ഞിരം പോലെ കയ്പേറിയ സത്യങ്ങള്‍ അല്ല. സത്യം എപ്പോഴും വേദനിപ്പിക്കുന്നതാണ്. ഈ സ്ഥലം ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരു ഓര്‍മ്മയായി മാറും. അന്തവും കുന്തവും ഇല്ലാത്ത തിരകള്‍ മനസ്സിനെ മഥിച്ചുകൊണ്ടേയിരുന്നു.
ഇനി എത്ര ഓണം കഴിഞ്ഞാലും ഈ അനുഭവം മനസ്സില്‍ മായാതെ നില്ക്കും. അനുഭവത്തിരകളിലെ മണ്‍സൂണ്‍…. ഓണത്തിന്നിടയിലും വീണ്ടും വീശീയടിച്ചുകൊണ്ടേയിരിക്കുന്നു.