പുരാണം / ജെയിംസ് അഗസ്റ്റിന്
‘മന്നാഡേയെപ്പോലെ കൃത്യതയോടെ പാടുന്ന പാട്ടുകാരനാണ് രമേശ് മുരളി’. സംഗീതസംവിധായകൻ ജെറി അമൽദേവിൻ്റെ വാക്കുകളാണിത്.ചെമ്മീൻ എന്ന സിനിമയിലെ ‘മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ’ഗാനത്തിലൂടെ മലയാളികൾക്കു പരിചിതനായ ഇന്ത്യയിലെ പ്രശസ്ത ഗായകനായ മന്നാഡേയുടെ സവിശേഷതകൾ രമേശ് മുരളിയെന്ന ഗായകനുണ്ടെന്ന് ജെറി അമൽദേവ് പറഞ്ഞപ്പോൾ, ‘ദേശീയ അവാർഡിനു തുല്യം’ ഈ വാക്കുകൾ എന്നായിരുന്നു രമേശിന്റെ മറുപടി.
നമ്മുടെ ദേവാലയങ്ങളിൽ പതിവായി പാടുന്ന ‘പാടുവിൻ മഹിത സുന്ദരഗാനം ജയഗാനം സമയമായ് ഹൃദയവീണകൾ മീട്ടൂ അതിമോദം’ എന്ന ഗാനം ആലപിച്ചത് രമേശ് മുരളിയും ദലീമയും ചേർന്നാണ്.ഫാ. മൈക്കിൾ പനക്കൽ എഴുതിയ ഈ ഗാനത്തിനു സംഗീതം നൽകിയത് പി. ജെ. ലിപ്സനായിരുന്നു. മൂന്നു പതിറ്റാണ്ടുകളായി മലയാള സംഗീതമേഖലയിലെ ശ്രദ്ധേയസാന്നിധ്യമാണ് രമേശ്. അന്തർദേശീയ തലത്തിൽ പ്രകീർത്തിതമായ സിനിമയാണ് ഷാജി എൻ.കരുൺ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്. സിനിമയിൽ ചവിട്ടുനാടകപരിശീലനവും അവതരണവും അതിഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളി എന്ന സംഗീതസംവിധായകന്റെ ശിക്ഷണത്തിൽചവിട്ടുനാടകഗാനങ്ങളെല്ലാം ആലപിച്ചിട്ടുള്ളത് രമേശ് മുരളിയും രാജലക്ഷ്മിയും ചേർന്നാണ്. അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലെല്ലാം കുട്ടിസ്രാങ്ക് എന്ന സിനിമയിലെ സംഗീതവിഭാഗത്തിന്റെ മേന്മയെക്കുറിച്ചു പരാമർശങ്ങളുണ്ടായിരുന്നു.
ജെയിംസ് എടേഴത്ത്,ഫാ. ജോസഫ് മുളവന,ജെറി അമൽദേവ് എന്നിവർ ചേർന്ന് സങ്കീർത്തനങ്ങൾക്ക് ഹിന്ദിയിലും മലയാളത്തിലും ഗാനരൂപം തയ്യാറാക്കുന്നുണ്ട്. ഇതുവരെ റെക്കോർഡിങ് പൂർത്തിയായ 45 സങ്കീർത്തനങ്ങളിൽ കൂടുതലെണ്ണം ആലപിച്ചിട്ടുള്ളത് രമേശാണ്.
ഇതുവരെയുള്ള തന്റെ സംഗീതയാത്രയെക്കുറിച്ചു രമേശ് മുരളി മനസ്സു തുറക്കുന്നു.
‘സംഗീതജ്ഞനായ എന്റെ അച്ഛനായിരുന്നു ആദ്യ പരിശീലകൻ. ലളിതഗാനങ്ങളും സിനിമാഗാനങ്ങളും ഞാൻ പാടുമ്പോൾ എന്നെ തിരുത്തിയതും പാട്ടുകളുടെ സവിശേഷതകൾ വർണിച്ചുതന്നതും അച്ഛനാണ്.ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങിയത് എന്റെ മാതൃസഹോദരികളായ സീലിയ,സുലേഖ എന്നിവരുടെ കീഴിലാണ്. പല മത്സരങ്ങൾക്കും അച്ഛൻ എന്നെയും സഹോദരിയേയും കൊണ്ടുപോകുമായിരുന്നു. 1971 -ൽ സ്മാക്ക് എന്ന സംഘടന എറണാകുളത്ത് ടി.ഡി.എം.ഹാളിൽ സഘടിപ്പിച്ച ലളിതഗാനമത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അന്നെനിക്ക് യേശുദാസ് എന്ന അതുല്യ ഗായകനിൽ നിന്നും സമ്മാനം സ്വീകരിക്കാൻ ഭാഗ്യമുണ്ടായി.
സ്കൂളിൽ പഠിക്കുന്ന കാലത്തു മത്സരങ്ങളിലെല്ലാം പങ്കെടുത്തിരുന്നെങ്കിലും കുറച്ചുനാൾ സംഗീതവുമായി വലിയ അടുപ്പമില്ലാതെ കടന്നുപോയി. കോളേജ് പഠനത്തിനു ശേഷമാണു പാടണമെന്ന ആഗ്രഹം വീണ്ടും വരുന്നത്.സുഹൃത്തുക്കളുമൊത്തു ചെറിയ ഗാനമേളകൾ നടത്തിത്തുടങ്ങി.അതോടൊപ്പം ആർ.എൽ.വി.കോളേജിലെ പ്രൊഫസ്സറായിരുന്ന കല്യാണസുന്ദരം സാറിന്റെ കീഴിൽ കുറച്ചുകാലം സംഗീതം പഠിച്ചു. തുടർന്ന് പള്ളുരുത്തി രാമൻകുട്ടി മേനോൻ സാറിന്റെ ശിഷ്യനുമായി. ആ ദിനങ്ങളിലാണ് ഇടപ്പള്ളിയിലെ കൊച്ചിൻ സംഗീത അക്കാദമിയുടെ പ്രൊഫഷണൽ ഗാനമേളസംഘത്തിലേക്ക് എനിക്ക് ക്ഷണം ലഭിക്കുന്നത്.
എന്റെ അമ്മ എറണാകുളം സി.എ.സി.യിലെ ഡാൻസ് ടീച്ചറായിരുന്നു. സി.എ.സി.അന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗാനമേള ട്രൂപ്പാണ്. അമ്മയാണ് എന്നെ അന്നത്തെ സി.എ.സി.ഡയറക്ടർ മൈക്കിൾ പനക്കലച്ചന്റെ മുന്നിലെത്തിക്കുന്നത്.സി.എ.സി.യുടെ ഓഫീസിൽ സെക്രട്ടറി ജോസഫ് ചേട്ടൻ,മാനേജർ ടോണി പള്ളൻ,സംഗീതസംവിധായകൻ പി.ജെ.ലിപ്സൺ എന്നിവരുടെ മുന്നിൽ പാടി. പാട്ടു കേട്ട ശേഷം അവർ എന്നെ സി.എ.സി.ഗാനമേള സംഘത്തിൽ ചേർത്തു. 1992 ഡിസംബർ 12 നു സി.എ.സി.യുടെ കൂടെ യാത്ര തുടങ്ങി.എട്ടു വർഷക്കാലം സി.എ.സി.യിലെ പാട്ടുകാരനായി തുടർന്നു.കൊച്ചിൻ ഹരിശ്രീ,മെലഡീസ്,വൈക്കം ഉപാസന,ബീറ്റേഴ്സ് തുടങ്ങിയ സംഘങ്ങളിൽ അതിഥി ഗായകനായും പങ്കെടുത്തിട്ടുണ്ട്.
എന്റെ പാട്ടുകൾ കേട്ട ജെറി അമൽദേവ് മാസ്റ്റർ 1994 -ൽ അദ്ദേഹത്തിന്റെ ഒരു സ്റ്റേജ് പരിപാടിക്കായി സി.എ.സി.യുടെ അധികാരികൾ വഴി ക്ഷണിച്ചു. നെന്മാറയിൽ വച്ചായിരുന്നു പരിപാടി നടന്നത്. അന്നത്തെ എന്റെ ആലാപനവും പെരുമാറ്റവും ഇഷ്ടപ്പട്ടതു കൊണ്ടായിരിക്കാം അന്നു മുതൽ ഇപ്പോഴും ഞാൻ മാസ്റ്ററുടെ കൂടെയുണ്ട്. ജെറി മാസ്റ്റർ സംഗീതം നൽകിയ നിരവധി ഗാനങ്ങൾ പാടാൻ ഭാഗ്യമുണ്ടായി. ജെറി മാസ്റ്റർ ഏതു ഗാനം സംഗീതം ചെയ്താലും എന്നെയാണ് ആദ്യം പഠിപ്പിക്കുന്നത്.
ജെറി മാസ്റ്റർക്ക് തൃപ്തി തോന്നുന്ന തലത്തിൽ പാടുകയെന്നത് അത്ര എളുപ്പമല്ല.സംഗീതത്തിൽ അഗാധജ്ഞാനമുള്ള അദ്ദേഹം ഏറ്റവുമധികം പെർഫെക്ഷൻ ആഗ്രഹിക്കുന്ന സംഗീതസംവിധായകനാണ്.അദ്ദേഹത്തിൽ നിന്നും ‘വെരി ഗുഡ്’ എന്നു കേൾക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമായി കാണുന്നു.ഇപ്പോൾ ജെറി അമൽദേവ് സാറിന്റെ സംഗീത സംവിധാന സഹായിയായി പ്രവർത്തിക്കാനും കഴിയുന്നു. ജെറി മാസ്റ്ററുടെ സ്നേഹപൂർണമായ ക്ഷണം സ്വീകരിച്ച 2018-ൽ സിങ് ഇന്ത്യ വിത്ത് ജെറി അമൽദേവ് എന്ന സംഘത്തിൽ ചേർന്നു.മാസ്റ്ററുടെ ശിക്ഷണത്തിൽ പുതിയ പാട്ടുകൾ പഠിക്കാനും വലിയൊരു സുഹൃദ്വലയം ലഭിക്കാനും സിങ് ഇന്ത്യ സഹായിച്ചു.
സി.എ.സി.യിൽ എല്ലാവരിൽ നിന്നും സ്നേഹവും സൗഹൃദവും ലഭിച്ചിട്ടുണ്ട്.എന്നെ ഏറ്റവുമധികം പിന്തുണച്ചിട്ടുള്ളത് പി.ജെ.ലിപ്സൺ ചേട്ടനാണ്.എന്നെ ആദ്യമായി സ്റ്റുഡിയോയിൽ പാടിക്കുന്നത് അദ്ദേഹമാണ്.പിന്നീട് ടി.എസ്.രാധാകൃഷ്ണൻ സാറിന്റെ റെക്കോർഡിങ്ങുകളിൽ ഞാൻ പാടിത്തുടങ്ങി.പി.ജയചന്ദ്രൻ പാടുന്ന പത്തു പാട്ടുകൾക്ക് ട്രാക്ക് പാടിത്തുടങ്ങിയ ആ ബന്ധം മുപ്പത്തിമൂന്നു വർഷമായി തുടരുകയാണ്.ടി.എസ്.രാധാകൃഷ്ണൻ സാർ സംഗീതം നൽകിയ ഒരു ഹിന്ദു ഭക്തിഗാനമാണ് എന്റെ പേരിൽ ഒരു കസ്സെറ്റിൽ ചേർക്കപ്പെട്ട ആദ്യഗാനം.
കൊടകര മാധവൻ, ജെറി അമൽദേവ്,റെക്സ് ഐസക്സ്,ടി.എസ്.രാധാകൃഷ്ണൻ,സാംജി ആറാട്ടുപുഴ,പി.ആർ.മുരളി,എൽഡ്രിഡ്ജ് ഐസക്സ്,ലിപ്സൺ,ജെർസൺ ആന്റണി കെ.എൻ.രാജേന്ദ്രൻ,സിദ്ധാർഥ് വിജയൻ, സെബി നായരമ്പലം, ഫാ.ജോഷി ഇല്ലത്ത്,ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ,ഫാ.ഷാജി തുമ്പേച്ചിറയിൽ, ജോൺസൺ മങ്ങഴ, എം.ജി.അനിൽ ,പ്രിൻസ് ജോസഫ്,മരിയദാസ്,സിബിച്ചൻ ഇരിട്ടി എന്നിവർ സംഗീതം നൽകിയ ഗാനങ്ങൾ പാടാൻ കഴിഞ്ഞു.
അനുഭവസമ്പന്നരായ സംഗീതസംവിധായകരിൽ നിന്നും വലിയ പാഠങ്ങൾ എനിക്കു ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ട്. കൃത്യനിഷ്ഠയും അച്ചടക്കവും വേണമെന്ന് എനിക്കു തന്നെ നിർബന്ധമുണ്ടായിരുന്നെങ്കിലും ജെറി അമൽദേവ് മാസ്റ്ററും ടി.എസ്.രാധാകൃഷ്ണൻ മാസ്റ്ററും എന്നെ കൂടുതൽ പഠിപ്പിച്ചു.സ്ഥാപനവും ഉപകരണങ്ങളും വൃത്തിയായി എങ്ങനെ സൂക്ഷിക്കണമെന്നും പ്രൊഫഷണൽ എത്തിക്ക്സ് എന്താണെന്നും സാംജി ആറാട്ടുപുഴ സാറിൽ നിന്നും ഞാൻ കൂടുതലായി പഠിച്ചു. ഗാനങ്ങൾ നൊട്ടേഷൻ എഴുതി പാടാൻ എന്നെ പഠിപ്പിച്ചത് പി.ആർ.മുരളിച്ചേട്ടനാണ്.ഇന്നും ഓരോ പാട്ടു പാടുമ്പോഴും നന്ദിയോടെ ഞാൻ മുരളിച്ചേട്ടനെ ഓർക്കും.
മൂന്നു സിനിമകളിൽ പാടാനും ഭാഗ്യമുണ്ടായി.റെക്സ് ഐസക്സ് മാസ്റ്റർ സംഗീതം നൽകിയ ഇന്നലെകളില്ലാതെ സിനിമയിലാണ് ചിത്രയോടൊപ്പം ആദ്യമായി പാടുന്നത്.കുട്ടിസ്രാങ്കിനു ശേഷം എനിക്ക് ഒരു സിനിമാഗാനം പാടാൻ അവസരം നൽകുന്നത് ജോബ് മാസ്റ്ററുടെ മകനായ അജയ് ജോസെഫാണ്. ‘ഡ്രമാറ്റിക്ക് ഡെത്ത്’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്.
ഗാനരചയിതാവും സംഗീതസംവിധായകനും ഉദ്ദേശിക്കുന്ന ഭാവതീവ്രതയോടെ ഗായകന്റെ ‘ഇൻപുട്ട്’ കൂടി ചേർത്ത് പുറത്തേക്കു എത്തിക്കുകയാണ് ഗായകന്റെ കടമ.അത് അതിഭാവുകത്വമാകാതെ ആവശ്യമായി ചേർക്കുന്നതാണ് ഒരാളെ മികച്ച ഗായനാകുന്നതെന്നു ഞാൻ കരുതുന്നു.അങ്ങനെ പാടാനാണ് എന്നും ശ്രമിക്കുന്നത്.’ രമേശ് പറഞ്ഞു നിർത്തി.
ആൾ ഇന്ത്യ റേഡിയോയിലെ ബി ഹൈഗ്രേഡ് ആർട്ടിസ്റ്റ് ആർ.മുരളീധരന്റേയും നൃത്താധ്യാപികയായ സുയന്തി മുരളിയുടെയും മകനാണ് രമേശ്.
ആലാപനത്തോടൊപ്പം രചനയിലും പ്രഗത്ഭനാണ് രമേശ് മുരളി. മലയാളത്തിലെ സിനിമ പിന്നണിഗായകരുടെ സംഘടനായ ‘സമം’ മുതിർന്ന കലാകാരന്മാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങുകളിൽ രമേശ് എഴുതിയ ആദരഗീതങ്ങൾ പാടിയത് മലയാളത്തിലെ എല്ലാ പിന്നണിഗായകരും ചേർന്നാണ്.
ജെറി മാസ്റ്റർക്ക് ആദരമേകി എഴുതിയ ആദരഗീതത്തിന്റെ ആദ്യവരികൾ.
‘അറിവുറയുമാത്മീയ മനനപഥമിടറി
ജെറി, അമലദേവസംഗീത രഥമേറി
അരിയ ചെറുഗാത്രമതിനകമലരിലൂറി
ഗരിമയെഴുമതുല ലയലസിത മധുമാരി’.
ടി.എസ് .രാധാകൃഷ്ണൻ മാസ്റ്റർക്കു കൊച്ചിയിൽ സമം എന്ന സംഘടന നൽകിയ സ്വീകരണത്തിൽ പാടിയ ഗാനത്തിന്റെ ആദ്യവരികൾ താഴെ ചേർക്കുന്നു.
‘സുമധുരഗാനമയം സ്വരസാഗരവിഹരിത രാധാകൃഷ്ണമനം ശ്രുതിലയ മിഥുനലയം വൃന്ദാവനവിലസിത രാധാകൃഷ്ണസമം’.
ജെറി അമൽദേവ് മാസ്റ്റർ പറയുന്നതു പോലെ ‘പുതു തലമുറയും കലാകാരന്മാരും അച്ചടക്കവും ആത്മസമർപ്പണവും രമേശിൽ നിന്നും പഠിക്കട്ടെ’.രമേശിന്റെ സംഗീതയാത്ര അനുസ്യൂതം തുടരട്ടെ.