കൃപയിലേക്കൊരു തിരിച്ചുവരവ് / ഡോ. സോളമന് എ. ജോസഫ്
ഇടതുകവിളിലെ മുഴ കാണിക്കാനായി 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ഒരു കൊല്ലം മുന്‍പ് ഒപിയില്‍ വന്നിരുന്നു. പരോറ്റിഡ് എന്ന ഉമിനീര് ഗ്രന്ഥിയില്‍ നിന്നുള്ള മുഴയായിരുന്നു അത്. മുഷിഞ്ഞ വസ്ത്രധാരണവും ആരെയും കൂസാത്ത തരത്തിലുള്ള സംസാരശൈലിയും. പരിശോധനയില്‍ മുഴ അല്പം ഗൗരവസ്വഭാവമുള്ളതായി തോന്നി. അത് മനസിലാക്കാന്‍ കഴിയുന്ന മാനസികസ്ഥിതി അയാള്‍ക്ക് ഉണ്ടായിരുന്നില്ല. വായുവില്‍ മദ്യത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞിരുന്നു.
‘കൂടെ ആരും ഇല്ലേ?’ എന്ന് ഞാന്‍ തിരക്കി. ‘ഇല്ല’ എന്ന് ഒറ്റവാക്കില്‍ മറുപടി.
”സ്കാന്‍ എടുക്കണം; രക്തവും പരിശോധിക്കണം. ചിലപ്പോള്‍ ഓപ്പറേഷന് വേണ്ടിവന്നേക്കാം,” എന്നു പറഞ്ഞപ്പോള്‍ ഒരു ഭാവവ്യത്യാസവും കൂടാതെ ഒപി ചീട്ടുമായി അയാള്‍ പോയി. ഇനി ഇങ്ങോട്ടേക്ക് വരില്ല എന്ന മട്ടിലായിരുന്നു പോക്ക്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ആ ഒപി ചീട്ടുമായി അയാളുടെ അമ്മ എന്റെ അടുക്കല്‍ വന്ന് ഇരുന്നു. ”ഡോക്ടറേ, ഈ ടെസ്റ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വഴക്ക് പറയരുത്. അതിനുള്ള സാമ്പത്തികം കയ്യിലില്ല.” വിങ്ങല്‍ കാരണം തുടര്‍ന്ന് സംസാരിക്കാന്‍ ആ അമ്മയ്ക്ക് കഴിഞ്ഞില്ല.
”അവന് മുഴുവന്‍ സമയവും കൂട്ടുകാരോടൊപ്പമാണ്. രാത്രി വൈകി വരുമ്പോള്‍ പാതി ബോധമേ കാണൂ. എന്തു ചെയ്യാനാ സാറേ, ചോദിച്ചാല്‍ ചീത്ത പറയും. പേടിയാ എനിക്ക് അവനെ.” ആ നിസ്സഹായാവസ്ഥയില്‍ വിഷമം തോന്നി. അവശത നിറഞ്ഞ കണ്ണുകള്‍. തല്ലുകൊണ്ടിരുന്നില്ല എന്ന ആശ്വാസം മാത്രമാണ് ആ അമ്മയ്ക്ക് ഉണ്ടായിരുന്നത്.
മുഴയെ കുറിച്ചുള്ള ആശങ്ക നിമിത്തം വന്നതായിരുന്നു അവര്‍. എല്ലാം ചോദിച്ചറിഞ്ഞപ്പോള്‍ ആ മുഖത്തെ ആശങ്ക നീങ്ങിപ്പോയി, ഒരല്പം തെളിച്ചം വന്നതു പോലെ. സ്കാനുമായി വരാമെന്നു പറഞ്ഞുകൊണ്ട് യാത്രയായി.
പിന്നീട് സ്കാനുമായി വരുമ്പോള്‍ കൂടെ മകനും ഉണ്ടായിരുന്നു. സ്കാനില്‍ ചെറിയ പ്രശ്നമുള്ളതിനാല്‍ ശസ്ത്രക്രിയക്കായി അവരെ പറഞ്ഞയച്ചു. എന്നാല്‍ പിറ്റേമാസം ദേഹമാസകലം ചൊറിച്ചിലും നീരുമായി അയാള്‍ വീണ്ടും വന്നു. ഷുഗര്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് അഡ്മിറ്റ് ആക്കി. അടുത്ത ദിവസംതന്നെ മറ്റു രോഗികള്‍ പരാതിയുമായെത്തി. കുളിമുറിയില്‍ നിന്നുള്ള സിഗററ്റിന്റെ ഗന്ധമായിരുന്നു അതിന്റെ പിന്നില്‍. അയാളും മറ്റു രോഗികളും തമ്മില്‍ ഇതേചൊല്ലി വാക്കുതര്‍ക്കവും ഉണ്ടായി. എല്ലാവരോടും ചൂടാകുന്ന പ്രകൃതം. നഴ്സുമാരോടും അങ്ങനെതന്നെ. ആ അമ്മയോടുള്ള സഹതാപം നിമിത്തം ആരും കേസിനായി മുതിര്‍ന്നില്ല.
റൗണ്ട്സിന് പോകുമ്പോള്‍ അയാളുടെ അടുത്തുനിന്ന് അമ്മ ആംഗ്യം കാണിക്കുമായിരുന്നു. വലിയും കുടിയും തുടര്‍ന്നാലുള്ള അപകടം കാണിച്ചുകൊണ്ട് ഉപദേശിക്കാനുള്ള ശുപാര്‍ശയായിരുന്നു അത്.
കുറച്ചുനാള്‍ കൊണ്ട് ആ ദുശ്ശീലം നന്നേ കുറയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞു. പരുക്കന്‍ സ്വഭാവത്തിനും മാറ്റം കണ്ടു. അസുഖം ഭേദമായി വന്നപ്പോള്‍ അവരെ ഡിസ്ചാര്‍ജ് ചെയ്തു. അടുത്ത മാസംതന്നെ ശസ്ത്രക്രിയക്ക് അയാള്‍ വിധേയനായി. സ്റ്റിച്ച് എടുക്കുന്നതിനായി മടങ്ങിവന്നു. പിന്നീട് പലപ്പോഴും ഒപിയില്‍ അമ്മയുമായി അയാള്‍ വന്നിരുന്നു.
ദുശ്ശീലങ്ങള്‍ പാടെ ഉപേക്ഷിച്ചിരുന്നു. ഒരു ജോലിക്കായി താന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നും പറഞ്ഞു. അമ്മയുടെ മുഖത്തും സന്തോഷം വിളങ്ങിനിന്നിരുന്നു. ഈ മാറ്റത്തിന്റെ പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ആ അമ്മയോട് കൗതുകത്തോടെ ഞാന്‍ തിരക്കി. ”ഷുഗര്‍ ഉണ്ടെന്ന് അറിഞ്ഞതോടെ അവന് തകര്‍ന്നുപോയി, സാറേ. ഷുഗര്‍ കൂടിയിട്ടാണ് അപ്പന്റെ കാല് മുറിച്ചത്. കുറേ സഹിച്ചതിനു ശേഷം അദ്ദേഹം ഞങ്ങളെ വിട്ടുപോയി.”
ആ വിയോഗം കുടുംബത്തിന്റെ അടിത്തറ തന്നെ കുലുക്കി. കടബാധ്യതയിലേക്കും കുത്തഴിഞ്ഞ ജീവിതത്തിലേക്കും ദിശ തെറ്റി അയാള്‍ പതിച്ചു. ബന്ധുക്കള്‍ ശത്രുക്കളായി മാറി.
അടിക്കടി ഉള്ള അസുഖങ്ങളും ഷുഗറും ഉമിനീര് ഗ്രന്ഥിയില്‍ നിന്നുള്ള മുഴയും സര്‍ജറിയും അയാളെ മാനസികമായി തളര്‍ത്തിയിരുന്നു. വയ്യാതിരുന്ന നാളുകളില്‍ തുടക്കത്തില്‍ വന്നതല്ലാതെ കൂട്ടുകാരോ ബന്ധുക്കളോ മറ്റാരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. അടുത്തുള്ള രോഗികളും കൂട്ടിരുപ്പുകാരും അയാളോട് അകല്‍ച്ച കാണിച്ചിരുന്നു. കൂലിപ്പണിക്കു പോയും കടം മേടിച്ചുമാണ് മകന്റെ ആശുപത്രി ചെലവുകള്‍ അമ്മ കണ്ടെത്തിയത്. ഒരു കുഞ്ഞിനെ എന്ന പോലെയാണ് ആ അമ്മ ഈ നാളുകളില്‍ അയാളെ പരിചരിച്ചിരുന്നത്. ആ ശുശ്രൂഷയുടെ സ്നേഹവും കരുതലും ഏത് കഠിനഹൃദയവും ഭേദിക്കുന്നതായിരുന്നു.
വര്‍ഷങ്ങളുടെ കണ്ണുനീരും പ്രാര്‍ഥനയും ഒടുവില്‍ ഫലം കണ്ടു. ആ മാറ്റം അത്രയ്ക്ക് അതിശയകരമായിരുന്നു.
ഇറങ്ങുന്ന നേരം അയാള്‍ പറഞ്ഞു: ”ഡോക്ടറിനെ ഞാന്‍ ഒരിക്കലും മറക്കില്ലാട്ടോ. ആദ്യം എനിക്ക് നിങ്ങളോടൊക്കെ ദേഷ്യമായിരുന്നു. എന്നാല്‍ ആ സ്നേഹവും പരിചരണവും ഉപദേശങ്ങളും കരുത്തേകി. ഒരു മാറ്റത്തിന് ഞാനും ആഗ്രഹിച്ചു. അമ്മയെ സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സ്നേഹത്തിന്റെയും മുന്നില്‍ ഞാന്‍ തോറ്റുപോയി ഡോക്ടറേ! ഒത്തിരി നന്ദി!”
പിന്കുറിപ്പ്
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാനായി മാനസാന്തരം സംഭവിക്കേണ്ടത് ആവശ്യമാണ്. മാനസാന്തരം എന്നത് നിരന്തരമായ പ്രക്രിയയാണ്. ഒഴുകുന്ന ജലാശയത്തില്‍ മാലിന്യം തങ്ങിനില്ക്കാത്തതു പോലെ നിരന്തരമായ ശോധന നൈര്‍മല്യം കാത്തുസൂക്ഷിക്കാന്‍ നമ്മെ സഹായിക്കുന്നു. രൂപാന്തരീകരണത്തിന് നമ്മുടെ അവസ്ഥ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും യഥാര്‍ത്ഥമായ സ്ഥിതി തിരിച്ചറിയാന്‍ നാം വൈകിപോകുന്നതു നിമിത്തം മാനസാന്തരം സംഭവിക്കാനും താമസം വരുന്നു. ശിശുക്കളെപ്പോലെ നാം മാറുമ്പോള്‍ മാത്രമാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്ന് വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നു.
”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനസ്സുതിരിഞ്ഞ് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” – മത്തായി 18 : 3. ചുറ്റുമുള്ളവരെ തിരിച്ചറിയാനായി ഒരു പരിശ്രമം നടത്താം. മറ്റുള്ളവരുടെ ജീവിതങ്ങളെ നാം മനസ്സിലാക്കുമ്പോള്‍ തെറ്റായ വീക്ഷണങ്ങളും നീങ്ങിപ്പോകുന്നതായി അനുഭവപ്പെടുന്നു. ചെറിയ മാറ്റങ്ങള്‍പോലും അവിടെ വലിയ ഓളങ്ങള്‍ സൃഷിടിക്കുന്നു.