പുസ്തകം / ബിജോ സില്‍വേരി
കാലം എപ്പോഴും ഒരുപോലിരിക്കില്ല. ഒരാളെ കണ്ടുമുട്ടുമ്പോള്‍ അയാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കാലം കൊണ്ടുവരുമെന്നു പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. കാലമെന്ന പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെങ്കിലും അതിനെ മെരുക്കാന്‍ കഴിയുന്ന ചിലരുണ്ട്. അത് അവരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും ചേര്‍ന്ന് നേടിക്കൊടുക്കുന്ന അസാധാരണ കഴിവാണ്.
അമ്മയും മക്കളും തമ്മിലുള്ള ബന്ധമല്ല അച്ഛനും മക്കളും തമ്മില്‍ സാധാരണ ഉണ്ടാകാറുള്ളത്. ആദ്യത്തേതിന്റെ ഊഷ്മളത പലപ്പോഴും രണ്ടാമത്തേതില്‍ ഉണ്ടാകാറില്ല, ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ കുറവായിരിക്കും. പക്ഷേ ഓരോ കാലഘട്ടം കഴിയുമ്പോഴും ഇത്തരം വിചാരവികാരങ്ങള്‍ക്കൊക്കെ മാറ്റം സംഭവിക്കുന്നുമുണ്ട്.
മുരളീധരന് എന്നു പേരായ ഒരു സഹപാഠി എനിക്കുണ്ടായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഞങ്ങളൊരുമിച്ചാണ് പഠിച്ചത്. മുരളീധരന് ആരോ, എപ്പോഴോ മുരന് എന്നു പേരിട്ടു. മുരന് ഒരു അസുരന്റെ പേരാണ്. മുരനെ വധിച്ചതിനാലാണല്ലോ മഹാവിഷ്ണുവിന് മുരാരി എന്ന പേര് സിദ്ധിച്ചത്. അതുകൊണ്ടു തന്നെ മുരളിക്ക് ഈ പേരു വിളിയില്‍ വലിയ ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. മുരളിയുടെ അച്ഛന് കണിശക്കാരനായിരുന്നു. വീട്ടില്‍ അച്ചടക്കം നിര്‍ബന്ധം. തെറ്റിച്ചാല്‍ തൂണില്‍ കെട്ടിയിട്ട് ഒന്നാന്തരം ചൂരലിനടി കിട്ടും, മുരളി മുതിര്‍ന്നെങ്കിലും അടിക്ക് പ്രായപരിഗണനയൊന്നും കിട്ടിയിരുന്നില്ല. കൂട്ടത്തിലിരിക്കുമ്പോഴും മുരളിയുടെ ശ്രദ്ധ സൂര്യന് പടിഞ്ഞാറോട്ട് ചായുന്നതിലായിരുന്നു. വീട്ടിലെത്താനുള്ള സമയം കൂടി കണക്കാക്കി കൃത്യസമയത്ത് കൂട്ടം വിടും.
എന്‍സിസി കാഡറ്റ് കൂടിയായപ്പോള്‍ അച്ചടക്കം അങ്ങേത്തലക്കെലെത്തി. അക്കാലത്തെ പല വീടുകളിലുമെന്നപോലെ മുരളിയുടെ വീട്ടിലും നെല്‍കൃഷി ഉണ്ടായിരുന്നു. മറ്റുള്ളവര്‍ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ പാടത്തെ പണിക്ക് മുരളിക്ക് നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്നു. ഇതെല്ലാം ചേര്‍ന്നായിരിക്കണം മുരളിയെ ഒരു മുരടനും അതുവഴി മുരനുമായി പരുവപ്പെടുത്തിയത്.
ചിരി കുറവ്, എപ്പോഴും ഗൗരവം, ചിട്ടയായ ജീവിതം. മുരളിയുടെ വീട്ടിലന്ന് സാമ്പത്തികനില അത്ര ഭദ്രമായിരുന്നില്ല. അതുകൊണ്ടുതന്നെ പണം ചെലവാക്കുന്നതില്‍ നല്ല പിടുത്തം. ചെറുപ്പക്കാരുടെ അക്കാലത്തെ വിനോദങ്ങളിലൊന്നും മുരളി പങ്കാളിയായിരുന്നില്ല. വല്ലപ്പോഴും സിനിമ കാണുന്നത് ഒറ്റയ്ക്ക്. സൈക്കിള്‍ ചവിട്ടും ദീര്‍ഘദൂര ഓട്ടവുമായിരുന്നു പ്രധാന വിനോദം. ആരോടും മത്സരമൊന്നുമില്ല, ഒറ്റയ്ക്കു തന്നെ കീലോമീറ്ററുകള്‍ ഓടിത്തീര്‍ക്കും, ഒറ്റയാനായി നീന്തിത്തുടിക്കും. ജീവിതത്തിലെ കയ്പുകളില്‍ നിന്നുള്ള ഒളിച്ചോട്ടമായി ഞങ്ങളെല്ലാം അതിനെ വിലയിരുത്തി.
എന്‍സിസിയില്‍ ചേര്‍ന്ന മുരളി ഉയരങ്ങള്‍ കീഴടക്കി. മുരടന്‍ ജീവിതത്തിന് കാക്കിച്ചട്ട നന്നായി ഇണങ്ങി. ഞങ്ങളെല്ലാവരും പ്രതീക്ഷിച്ചത് മുരളി ഒരു പട്ടാളക്കാരനാകുമെന്നായിരുന്നു. നോക്കിലും വാക്കിലും ആ പട്ടാളച്ചിട്ട അലിഞ്ഞുചേര്‍ന്നിരുന്നു. പക്ഷേ പട്ടാളത്തിലേക്ക് തിരിഞ്ഞുനോക്കാതെ, ഉന്നത പഠനത്തിന് നില്‍ക്കാതെ മുരളി തൊഴിലന്വേഷിച്ച് മുംബൈയ്ക്ക് പോയി. വീടിന്റെ ഭാരമെല്ലാം മുരളിയുടെ ചുമലിലായതായിരിക്കാം കാരണം.
മുംബൈയിലെ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിനു ശേഷം മുരളി സൗദിഅറേബ്യയിലെത്തി. അക്കൗണ്ടന്റായും പിന്നെ കമ്പനിയിലെ പ്രധാനിയായും മാറി.
അയാളുടെ നാട്ടിലെ എണ്ണപ്പെട്ട ധനികരില്‍ ഒരാളാണിന്ന് മുരളി. കാലത്തിന്റെ ഒരു വഴിത്തിരിവ് അതാണ്. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിയത് കാവല്ലൂര്‍ മുരളീധരന് എഴുതിയ പുസ്തകമാണ്. ‘തുന്നിച്ചേര്‍ക്കാത്ത വിരല്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. മുരളിയുടെ ആത്മകഥയെന്നു തന്നെ അതിനെ വിശേഷിപ്പിക്കാം. മുരളി ഒരു പുസ്തകമെഴുതി എന്നതായിരുന്നു ആദ്യത്തെ സവിശേഷതയെങ്കില്‍ ഉള്ളടക്കവും രചനാരീതിയും അതിലേറെ വിസ്മയിപ്പിച്ചു.
പുസ്തകത്തിലേക്കു വന്നാല്‍, അച്ഛനും മകനും തമ്മിലുള്ള അദൃശ്യമായ ബന്ധം കാണാം.
അവര്‍ തമ്മില്‍ അധരം കൊണ്ട് അധികം സംസാരിച്ചിട്ടില്ല. പക്ഷേ രണ്ടു പേര്‍ക്കും പരസ്പരം എല്ലാമറിയാം. കഠിനഹൃദയനെന്നു ഞാന്‍ കരുതിയിരുന്ന മുരളിയുടെ അച്ഛനെക്കുറിച്ച് മുരളി വരച്ചുവയ്ക്കുന്ന ചിത്രം മറ്റൊന്നാണ്. അച്ഛനായിരുന്നു മുരളിയുടെ പ്രപഞ്ചത്തിന്റെ നക്ഷത്രശോഭ. ആ പ്രകാശം ഇപ്പോഴിതാ മുരളിയുടെ മക്കളിലേക്കും പ്രവഹിക്കുന്നു. മുരളി അച്ഛനെ തിരിച്ചറിഞ്ഞപോലെ അയാളുടെ മക്കള്‍ മുത്തച്ഛനേയും അറിഞ്ഞിരിക്കുന്നു. മുരളി തന്റെ അച്ഛന് വേലായുധനില്‍ നിന്ന് വ്യത്യസ്തനാണോ ഇപ്പോഴെന്ന് അറിയില്ല. പക്ഷേ മക്കളുമായുള്ള മുരളിയുടെ ബന്ധം, അച്ഛനും മുരളിയും തമ്മിലുണ്ടായിരുന്നതുപോലെയല്ല.
മക്കള്‍ക്ക് മുരളി ഒരു സുഹൃത്താണെന്ന് പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യപ്പെടും. മറ്റുള്ളവരെല്ലാം, അമ്മയും ഭാര്യയും പോലും ആ വീട്ടില്‍ അതിഥികളാണ്. ഒരുപക്ഷേ കാലത്തിന്റെ മാറ്റങ്ങളില്‍ പെടുന്നതായിരിക്കാം ഈ വ്യതിയാനങ്ങളും.
ഹൃദയം പകുത്തുനീട്ടിയ പെണ്‍കുട്ടിയെ മരവിച്ച മുഖത്തോടെ നോക്കി നിന്ന മുരനെ പുസ്തകത്തില്‍ കാണാം. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം അവളവനെഴുതിയ കുറിപ്പില്‍ എത്രമനോഹരമായി മുരളിയെ ചിത്രീകരിച്ചിരിക്കുന്നു.
‘അവസാനവിജയങ്ങള് മാത്രമാണ് നിന്റെ ലക്ഷ്യങ്ങള്‍. അപ്പോഴും ഒരു വികാരവുമില്ലാതെ ഒരു മരം പോലെ നീ നിന്നു. വിജയങ്ങള്‍ എന്നും ഉളളില്‍ മാത്രം ആഘോഷിക്കുന്നവന്. പുറത്തേക്ക് ഒന്നുംതന്നെ കാണിക്കാതെ എങ്ങനെയാണ് നീ മുന്നോട്ടു പോകുന്നത്. എന്നാണ് നിന്നെ ഒന്നു ചിരിച്ചു കാണുക? നീ പട്ടാളത്തില്ത്തന്നെയായിരുന്നു ചേരേണ്ടിയിരുന്നത്…..’
പ്രളയത്തെക്കുറിച്ചും കൊവിഡിനെക്കുറിച്ചും പ്രവാസജീവിതത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന പുസ്തകത്തില്‍ മുരളിയുടെ ഹൃദയം പ്രണയംകൊണ്ട് പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച കണ്ട് ഞാനമ്പരന്നു.
വാക്കുകള്‍ വര്‍ണശലഭങ്ങളായി പറന്നുനടക്കുന്നു. എനിക്കോ എന്‍സിസി ക്യാമ്പില്‍ വച്ച് മുരളിയുമായി ഏകപക്ഷീയ പ്രണയത്തില്‍ വീണ പെണ്കുട്ടിക്കോ പരിചയമുണ്ടായിരുന്ന മുരനായിരുന്നില്ല അത്. എപ്പോഴോ മുരന് മുരാരിയായി മാറി, അല്ലെങ്കില്‍ നേരത്തെ തന്നെ അങ്ങനെ ആയിരുന്നോ? മുരന്റെ ഉള്ളില്‍ ആരേയും കാണിക്കാതെ മറ്റൊരാളെ ഒളിപ്പിച്ചു വച്ചിരുന്നോ? ഒരുപാടു മുറിവുകള്‍ വീണ ഹൃദയം ഈ എഴുത്തിലൂടെ തുന്നിച്ചേര്ത്തിരിക്കുകയാണയാള്.
മഹാത്മാക്കള്‍ക്കു മാത്രമേ ആത്മകഥ ചേരൂ എന്ന പ്രമാണം സാധാരണക്കാരനായ മുരളി തിരുത്തിക്കുറിച്ചു. ആദ്യ അധ്യായം മുതല്‍ ഒരു നോവല്‍ പോലെ വായിച്ചുപോകാവുന്ന പുസ്തകമാണ് ‘തുന്നിച്ചേര്‍ക്കാത്ത വിരല്‍’. ആനന്ദിന്റെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംസാരം പോലെ, ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകള്‍ ഓരോ അധ്യായത്തിലുമുണ്ട്.
തുന്നിച്ചേര്‍ക്കാത്ത വിരല്‍ മുരളിയുടെ അച്ഛന് വേലായുധന്റേതായിരുന്നു. വീട്ടിലെ നന്ദിനിപ്പശു ചവിട്ടി അച്ഛന്റെ ഇടതുകാലിലെ ചെറുവിരലൊടിഞ്ഞ് അറ്റുവീണു. അതെടുത്ത് ഷര്‍ട്ടിന്റെ കീശയിലിട്ട് മുറിവ് സ്വയം വച്ചുകെട്ടി. തെങ്ങിന്റെ തടത്തില്‍ ഒരു കുഴി കുഴിച്ച് വിരലവിടെ സംസ്കരിച്ചു….
വായിക്കുമ്പോള്‍ വല്ലാത്ത കുളിരു കോരും. അറ്റുപോയ വിരല്‍ എന്നല്ല, തുന്നിച്ചേര്‍ക്കാത്ത വിരലെന്നാണ് മുരളി പുസ്തകത്തിന് പേരിട്ടത്. ചോര ചോരയെ തിരിച്ചറിയുമ്പോള്‍ മറ്റൊരു പേരെങ്ങനെയിടും മേരീ ജാന്‍ ?